Monday, November 3, 2008

യെമനിലെ ഒരു തല്ല്


എന്റെ പോസ്റ്റായ “യെമന്‍ വിശേഷങ്ങള്‍” ഇവിടെ തുടരുന്നു. ഒറ്റപ്പെട്ടുപോയ ജീവിതത്തിനു ബലമേകാന്‍ പിന്നെ മുമ്പെങ്ങും പരിചയമില്ലാത്ത മലയാളികള്‍. പുതിയ സുഹൃത്ബന്ധങ്ങള്‍ വന്നു. പലരുടേയും പ്രവാസജീവിതകഥള്‍ക്കും, പരാധീനതകള്‍ക്കും മുന്നില്‍ എന്റെ അനുഭവങ്ങള്‍ വെറുമൊരു ശിശുവായിരുന്നു. വര്‍ഷങ്ങളായി ജീവിതം കരപറ്റാന്‍ നെട്ടോട്ടം ഓടുന്നവര്‍. ഞാനാണെങ്കില്‍ പ്രവാസിയില്‍ പറഞ്ഞത് പോലെ, അത്തറും, റേയ്ബാനും, ബൈക്കും കാറുമൊക്കെയായി നാട്ടില്‍ അടിച്ചുപൊളിക്കാന്‍ വേണ്ടി പ്രവാസം ആസ്വദിക്കാന്‍ വന്നവന്‍. ഫ്ലൈറ്റ് കയറുന്നത് വരെ വീട്ടിലെ ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല. അതിനേ പറ്റി ചോദിച്ചിട്ടുമില്ല. ഞാനൊരു ഗള്‍ഫ്കാരനായതില്‍ പിന്നെ, പണത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞു. പിന്നെ ജീവിതചക്രത്തില്‍ വെസ്റ്റേണ്‍ യൂണിയനും ഒരു ഭാഗമായി.

സന്തോഷം പങ്കുവെച്ചാല്‍ ഇരട്ടിക്കും, സങ്കടം പങ്കുവെച്ചാല്‍ പകുതിയാകും എന്ന പഴഞ്ചൊല്ലില്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം കഴമ്പില്ലെന്ന് മനസ്സിലായി. കാരണം ആര്‍ക്കും പങ്കുവെക്കാന്‍ സന്തോഷമില്ല, എല്ലാവരൂം തുല്യ ദുഃഖിതര്‍. പിന്നെ പങ്കുവെക്കാന്‍ സ്നേഹം മാത്രം. അതിനുവേണ്ടി കണ്ടെത്തിയത് പല കൂട്ടുകാരേയും‍, പിന്നെ, അവിടെ ആകെയുള്ള കേരളാ ക്ലബ്, പ്രവാസി ക്ലബ്, എന്നിവയുമൊക്കെയായുള്ള സഹകരണവും. അവിടെയും മലയാളികള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചേരിതിരിഞ്ഞുള്ള പലകളികളും ആരോപണങ്ങളും കാണാനിടയായി. ഇവിടെ നഷ്ടപ്പെട്ടുപോയ ബന്ധങ്ങള്‍ മറ്റു പലരുമായി സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് അത് കാര്‍ന്ന് തിന്നുന്നു. എങ്കിലും ഈ രണ്ട് ക്ലബുകളും നടത്തുന്ന സേവനം സ്തുത്യര്‍ഹം തന്നെ. അതില്‍ നിന്നൊക്കെ വിത്യസ്തമായി കള്‍ചറല്‍ പരിപാടികള്‍ക്ക് മുന്‍ഗണന കൊടുത്ത് മിസ്റ്റ് മീഡിയയും. യെമനിലെ മലയാളികള്‍ക്ക് ഒരു പുതുമയെന്നോണം ആദ്യമായി ഒരു ആല്‍ബവും സംഭാവന ചെയ്തു.

പ്രദേശത്തെ ഏകദേശം യെമനികളെ കയ്യിലെടുത്തതിന്റെ അഹങ്കാരമെന്നോണം ഞാനും അവരുടെ കൂടെ ഗാ‍ത്ത് കഴിക്കാന്‍ നിര്‍ബന്ധിതമായി. അങ്ങിനെ അതിന്റെ രുചിയും അറിഞ്ഞു. പിന്നെ യെമനിന്റെ പരമ്പരാഗത ഭക്ഷണത്തോട് ഏറെ പ്രിയം തോന്നി. ചൂട് മണ്‍ചട്ടിയില്‍, അല്പം ചോറ്, കോഴിമുട്ട ഉടച്ചത്, ഇറച്ചി, പല തരത്തിലുള്ള ഇല, പിന്നെ മറ്റെന്തൊക്കെയോ ചേര്‍ത്ത് ചൂടാക്കി ഒരു കറിയുടെ രൂപത്തിലാക്കുന്ന ഇതിനെ ഞങ്ങള്‍ വിളിച്ചിരുന്നത് “സലത്ത” എന്നാണ്. ഇംഗ്ലീഷ് വാക്കായ സാലഡ്-നും സലത്ത എന്നു തന്നെ പറയും. മിക്കവാറും പച്ചക്കറികള്‍ക്ക് മുന്‍ഗണന കൊടുക്കുന്നത് കൊണ്ടായിരിക്കണം ഈ പ്രാചീന-പരമ്പരാഗത ഭക്ഷണത്തിനും, ഇതേ പേര് നല്‍കിയത്. തീന്മേശയില്‍ എത്തി, റൊട്ടിയുടെ കൂടീ കഴിച്ച് തീര്‍ന്നാല്‍ പോലും അതിന്റെ ചൂട് പോകില്ല എന്നത് ഒരു വിസ്മയം തന്നെ.


ഇന്ത്യന്‍ വംശചര്‍ യെമനികളിലുമുണ്ടെന്നത് ഞാന്‍ കേട്ടു. ഏദന്‍, ഹദറമൌത്ത് പോലുള്ള പഴയ സൌത്ത് യെമനികളുടെ സംസ്കാരങ്ങളോ അല്ലെങ്കില്‍ പെരുമാറ്റ രീതികളോ ഇന്ത്യക്കാരുടേത് പോലെയായിരുന്നു. ആദ്യമായി ഏദനില്‍ പോയ സമയത്ത് പെങ്ങളെ വിളിച്ച് ഒരു ആശ്ചര്യമെന്നോണം ഞാന്‍ ഏദനില്‍ എത്തി എന്നറിയിച്ചു. ആദം ജനിച്ച ഏദന്‍ തോട്ടമാണോ എന്നന്വേശിക്കും മുമ്പ് ഞാന്‍ അവളോട് സംശയം പ്രകടിപ്പിച്ചു. ചരിത്രം പഠിച്ച അവള്‍ ഉടന്‍ തന്നെ പറഞ്ഞു: അത് യെമനികളുടെ പൂന്തോട്ടമായിരിക്കാം. പക്ഷേ യഥാര്‍ത്ഥ പൂന്തോട്ടം ഗ്രീസിലേതാണെന്നും പറഞ്ഞു. പൊതുവേ വിദ്യാസമ്പന്നരായ ഇവര്‍ പൊതുവേ അരയില്‍ കത്തി(ജമ്പിയ)യോ, മറ്റ് ആയുധങ്ങളോ ഉപയോഗിക്കാറില്ല. അത്കൊണ്ട് തന്നെ ധൈര്യമായി അവരുമായി ഇടപെടാന്‍ സാധിച്ചു. ആരെ പരിചയപ്പെട്ടാലും, ഇന്ത്യയിലെ ഹൈദരാബാദിലുണ്ടെന്ന് പറയപ്പെടുന്ന യെമന്‍ സ്ട്രീറ്റിലെ വിശേഷങ്ങള്‍ അന്വേശിക്കും. നേരിട്ട് കണ്ട്ട്ടില്ലാത്ത ഞാന്‍ അവരോട് എല്ലാവര്‍ക്കും സുഖം തന്നെ എന്ന വാക്കല്ലാതെ എന്ത് പറയും?

ദഹബാഷികള്‍ എന്ന ചൊല്ലപ്പേരില്‍ അറിയപ്പെടുന്ന വടക്കന്‍ യെമനികളുടെ ചില പെരുമാറ്റങ്ങള്‍ ദേഷ്യമോ, ഭയമോ തോന്നും. കാരണം മുമ്പ് പറഞ്ഞത് പോലെ എപ്പോള്‍ സ്വഭാവം മാറുമെന്നറിയില്ല. ഒരിക്കല്‍, ഇന്ത്യക്കാരെ കണ്ടാല്‍ കൊഞ്ഞനം കുത്തുന്ന ഒരു വിദ്വാന്‍ കമ്പനിയിലേക്ക് വന്നു. (ടിയാന്‍ സ്വന്തമായി ഞങ്ങളുടെകമ്പനിക്ക് എതിര്‍വശം വീഡിയോ- ഓഡിയോ ലൈബ്രറി നടത്തുന്നു. ജ്യേഷ്ഠന്‍ യെമന്‍ ദേശീയ ഫുട്ബോള്‍ ടീമിലെ അംഗം. കഴിഞ്ഞ വേള്‍ഡ് കപ്പ് യോഗ്യതാ റൌണ്ടില്‍ സൌദി, ജപ്പാന്(ആണെന്ന് തോന്നുന്നു)‍, യെമന്‍, ഇന്ത്യ എന്നീ രാജ്യങ്ങളടങ്ങുന്ന ഗ്രൂപ്പില്‍ യെമനില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇന്ത്യ യെമനിനോട് 6-1 എന്ന സ്കോറിന് അതിദയനീയമായി പരാചയപ്പെട്ടു. ആ അഹങ്കാരം കൊണ്ടായിരിക്കണം ടിയാന്റെ പെരുമാറ്റം ഇങ്ങനെയായത്.) എന്നെ സ്ഥിരമായി ശല്യം ചെയ്യുന്ന ടിയാന്‍ എന്റെ മുഖത്തൊരടി. അറിയാതെ എന്റെ കയ്യും ഉയര്‍ന്ന് അവനേയും ഇടിച്ചു. പക്ഷേ എന്തോ എന്റെ കണ്ണ് ഇരുട്ടില്‍ തന്നെയായിരുന്നു. ചിത്രകഥയിലേത് പോലെ, കാണുന്നത് കറുപ്പ് ബാക്ക്ഗ്രൌണ്ടില്‍ വെള്ള നിറത്തില്‍ വെറും *, #, &, @, എന്ന ചിന്നങ്ങള്‍ മാത്രം. (ചിത്രകഥ എഴുതുന്നവര്‍ക്കും ഇങ്ങനെ അടി കിട്ടിയിട്ടാണോ അവര്‍ അത് വളരെ ഭംഗിയായി അവതരിപ്പിക്കുന്നത് എന്ന് ഒരു വേള ചിന്തിച്ചു.) പിന്നെ ആകെ ബഹളമായി. എല്ലാം കണ്ട് നിന്ന് സഹപ്രവര്‍ത്തകരും അവനോട് പിരിഞ്ഞ് പോകാന്‍ വേണ്ടി പറഞ്ഞു. പിന്നെ ഇവന്റേയും, കൂട്ട്റ്റുകാരുടേയും ഭീഷണി മൂലം നാല്-അഞ്ച് ദിവസത്തോളം രണ്ട് നേരവും ഇടതും വലതുമായി സെക്യൂരിറ്റിയില്‍ ആയിരുന്നു എന്റെ യാത്ര. അങ്ങനെ ആദ്യമായി ഒരു വിദേശിയെ തല്ലിയ ദുശ്പേരും സ്വന്തമാക്കി.


അത് കഴിഞ്ഞ് യെമന്‍ ചരിത്രം പഠിക്കാന്‍ വളരെ താല്പര്യം വന്നു. പഴയ തെക്കന്‍ യെമന്‍, വടക്കന്‍ യെമന്‍, അവര്‍ തമ്മിലുള്ള യുദ്ധങ്ങള്‍, അധികാരം പിടിച്ചെടുക്കല്‍, ഗാത്തിന്റെ വരവ്, ലോകപ്രശസ്തമായ യെമന്‍ കോഫി, അതിന്റെ മരണം, ഇന്ത്യക്കാരുമായുള്ള ബന്ധം, അതില്‍ പ്രത്യേകിച്ച് മലയാളികള്‍ക്കുള്ള സ്ഥാനം, ഇന്നത്തെ ഒമാന്‍ ഭാഗമായ സലാലയും സ്ത്രീധനവും, അങ്ങനെ പോകുന്നു അവരുടെ ചരിത്രം...


2006-ലെ അവസാന മാസം. പുതുവര്‍ഷത്തിലെങ്കിലും അവിടെനിന്നും വിടാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ അതൊരു വേദനിപ്പിക്കുന്ന യാത്ര തന്നെയായിരുന്നു. യെമനില്‍ എനിക്ക് അവസാനമായി അഘോഷിക്കാനുള്ള ഈദ്. സുഹൃത്തുക്കളുമായി ഒരുപാട് പരിപാടികള്‍ പ്ലാന്‍ ചെയ്തു. ബിരിയാണിയൊക്കെ വെച്ച്, ഭക്ഷണത്തിനു ശേഷം ഒരു യാത്രയൊക്കെയായിരുന്നു പരിപാടി... പക്ഷേ... അതേ ഈദില്‍ സാമ്രാജ്യത്തശക്തികള്‍ ലോകമുസ്ലിംകള്‍ക്ക് ഒരു സമ്മാനമായി സദ്ദാം ഹുസ്സൈനിനെ തൂക്കിലേറ്റി. ഖുര്‍ആനും പിടിച്ച് ലാ ഇലാഹ ഇല്ലള്ളാ.. എന്ന് തുടങ്ങുന്ന വാക്യങ്ങള്‍ എല്ലാ ടിവികളിലും റേഡിയോകളിലും... ഉടനടി പോസ്റ്ററുകളും, ബാനറുകളും ഉയരാന്‍ തുടങ്ങി. എല്ലായിടത്തും ആര്‍പ്പ് വിളികള്‍ മാത്രം.. പിന്നെ പ്രധിശേധ പരിപാടികള്‍ മാത്രം... വാഹനങ്ങളുന്നും നിരത്തിലില്ല. എല്ലാ കടകളും അടച്ചിട്ടിരിക്കൂന്നു. സ്ഥിരമായി കാണുന്ന അല്‍ജസീറ ഈയൊരു രംഗം തന്നെ ആവര്‍ത്തിക്കുന്നു... ആരും ആര്‍ക്കും തന്നെ ഈദ് ആശംസകള്‍ അയക്കുന്നില്ല. ആരും തന്നെ പ്രതീക്ഷിക്കുന്നുമില്ല. ഒരു ലൈവ്ടെലികാസ്റ്റിങ് കണ്ട് കണ്ണ് നിറഞ്ഞിരിക്കുന്നു. ദുഃഖങ്ങള്‍ മാത്രം പേറുന്ന പ്രവാസിക്ക് ഇനിയൊരു പ്രവാസജീവതത്തില്‍ ഒരുവേര്‍പ്പാടിന്റേയും കഥ കേള്‍ക്കരുതേ എന്ന് പ്രാര്‍ത്ഥിച്ച് യാത്രയായി.

Thursday, October 30, 2008

യെമന്‍ വിശേഷങ്ങള്‍

എന്റെ ബ്ലോഗായ പ്രവാസിയില്‍ പറഞ്ഞതിന്റെ ഒരു തുടര്‍ച്ച തന്നെയാണ് ഈ യെമന്‍ വിശേഷങ്ങളും. അതല്ലെങ്കില്‍ ആ രാജ്യവുമായുള്ള എന്റെ ബന്ധം. ഒരുപാ‍ട് ഗള്‍ഫ് സ്വപ്നങ്ങള്‍... അല്ലെങ്കില്‍ ഒരു തെറ്റിദ്ധാരണ എന്നു തന്നെ വേണമെങ്കില്‍ പറയാം. ഇതു തിരുത്താന്‍ വേണ്ടി ഞാനും ഒരു പ്രവാസിയാവാന്‍ തീരുമാനിച്ച ആദ്യത്തെ അനുഭവം.

തലേദിവസം രാത്രി ജ്യേഷ്ടനോട് യെമന്‍ വിശേഷങ്ങള്‍ ചോദിച്ചു. നാട്ടില്‍ നിന്നും ഒരാളും ഈയൊരു രാജ്യത്തെപറ്റി കേട്ടിട്ടേയില്ല. എന്നിട്ടും കൂസലില്ലാതെ പ്രിയ സഹോദരന്‍ പറഞ്ഞു: നീ ചന്ദ്രനില്‍ പോയാലും മലയാളികളെ കാണാന്‍ കഴിയും, ഒട്ടും പേടിക്കേണ്ട. എന്നിട്ടും എന്തോ എന്റെ മനസ് ചോദിക്കുന്നുണ്ടായിരുന്നു. വല്ലവനേയും കാണുമോ? അങ്ങനെ തനിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുംബൈയിലേക്ക് യാത്രയായി. പിറ്റേദിവസം എത്തിയ അന്നു തന്നെ രാത്രി “യെമനിയ”യിലും കേറി.

വരവേല്‍ക്കാന്‍ പ്ലേകാര്‍ഡുമായി കമ്പനിയുടെ മാനേജര്‍ മുഹമ്മദ് ബാറഷീദ് നില്പുണ്ടായിരുന്നു. തലസ്ഥാനമായ സനായിലെ കൊടുംതണുപ്പിനെ പ്രധിരോധിക്കാനുള്ള കഴിവ് എന്റെ മനസ്സിനും ശരീരത്തിനും ഇല്ലായിരുന്നു. മരം കോച്ചുന്ന വൃശ്ചിക തണുപ്പിനേപോലും വെല്ലുന്ന ഈയൊരു തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ആകെ ഒരു ഷര്‍ട്ടും പാന്റ്സും ധരിച്ച എനിക്ക് കഴിവില്ലാ എന്നത് മുന്‍കൂട്ടി അറിഞ്ഞത് കൊണ്ടായിരിക്കണം, മാനേജര്‍ ഒരു‍ ജാക്കറ്റ് കയ്യില്‍ കരുതിയത്. അതും ധരിച്ച് കാറിന് നേരെ നടന്നു. അരയില്‍ ഒരു കത്തിയും ധരിച്ച ഡ്രൈവര്‍ അതിരാവിലെ തന്നെ വായ നിറച്ച് പുല്ല് ചവക്കുന്നുണ്ടായിരുന്നു. എനിക്കും, മനേജര്‍ക്കും അല്പാല്പം ഇംഗ്ലീഷ് അറിയുന്നതിനാല്‍ ഞാന്‍ ചോദിച്ചു: വാട്ട് ഈസ് ഹി ച്യൂയിങ്? ഉടന്‍ മറുപടി പറഞ്ഞു: ദി ഈസ് ഗാത്ത്. മോസ്റ്റ് ഓഫ് ദി യെമനീസ് ച്യൂവ് ഡയലി. പിന്നെ ഈ ഗാത്ത് എന്ന സംഭവത്തെ പറ്റി ഞാന്‍ പഠിക്കാന്‍ തീരുമാനിച്ചു. കത്തി കണ്ട ഞാനൊന്ന് വിരണ്ടു. ഒരുപക്ഷേ എന്നെ കൊല്ലാനാകുമോ ഇവനേയും കൂട്ടി മാനേജര്‍ വന്നത്. അപ്പോഴേക്കും എന്റെ മനസ്സ് പെട്ടന്ന് വേര്‍പ്പാടിന്റെ നൊമ്പരവുമായി ധമനിയിലേക്ക് കടന്ന് വന്നു. കണ്ണ് നിറഞ്ഞൊഴുകി. ആദ്യമായി അന്യദേശത്ത്, ആരോരുമില്ലാതെ, തനിച്ച് എത്ര നാളെന്നറിയില്ല അതും ഈ 20-ആം വയസ്സില്‍....

നേരെ കമ്പനിയിലേക്ക് കൊണ്ട്പോയി അവിടെയുണ്ടായിരുന്ന വൃത്തിയാക്കിയിട്ട റൂമിലേക്ക് ആനയിച്ചു. ഉറക്കവും-യാത്രാക്ഷീണവും കാരണം കണ്ണിന് ശ്ക്തിയും പോയിരുന്നു. നേരെ ബെഡിലേക്ക് വീണു. അതിനിടയില്‍ കമ്പനിയിലെ ആരൊക്കെയോ കൂട്ടിലിട്ട മൃഗത്തെ കാണാന്‍ വരുന്നത് പോലെ ആദ്യമായി വന്ന എന്നെയും കാണാന്‍ വന്നിരുന്നു. വാതില്‍ തുറക്കുന്നതും അടക്കുന്നതും മാത്രം കേള്‍ക്കാം. പിന്നെ പരിചയമില്ലാത്ത അറബിഭാഷയില്‍ എന്തൊക്കെയോ പറയുന്നതും. ഉറങ്ങുമ്പോള്‍ തന്നെ ഒരു പുഞ്ചിരി മുഖത്ത് ഉറപ്പിച്ചാണ് കിടന്നത്. അത്കൊണ്ട് അവരും അതേറ്റുവാങ്ങി പോയിരിക്കണം.

രണ്ട് മാസക്കാലം മലയാളമോ, ഹിന്ദിയോ അതുമല്ലങ്കില്‍ ഇംഗ്ലീഷോ സംസാരിക്കുന്ന ഒരു ഇന്ത്യക്കാരനേയും കാണാന്‍ കഴിഞ്ഞില്ല. കൂട്ടിനു അറബികള്‍ മാത്രം. അതുകാരണം 2മാസം കൊണ്ട് ഏകദേശം അറബിയൊക്കെ ഞാന്‍ വശത്താക്കി. പിന്നെ ഒരു ഹിന്ദിക്കാരനെ പരിചയപ്പെട്ട ഉടന്‍ ഞാന്‍ താമസ സൌകര്യത്തിനു അപേക്ഷിച്ചു. മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു. അങ്ങനെ പിന്നെ മലയാളികലേയും പരിചയപ്പെട്ടു, അവരോടും അഭ്യര്‍ത്ഥന നടത്തി. അങ്ങനെ അവരുടെ തലയിലും ഞാനെന്ന മാറാപ്പ് വെച്ചു കെട്ടി. ഒരുപാടു മണിക്കൂറുകള്‍ കടന്ന് പോയി, പിന്നെ എണ്ണിയത് ദിവസങ്ങളായിരുന്നു. അതും കഴിഞ്ഞപ്പോള്‍ മാസങ്ങള്‍... പിന്നെ പലരും ചോദിക്കാന്‍ തുടങ്ങി, എന്നാ നാട്ടീല്‍ പോണേ...?

മലയാളികളേക്കാള്‍ കൂടുതല്‍ ഞാന്‍ ഇടപഴകിയത് യെമനികളുമായിട്ടായിരുന്നു. അത്കൊണ്ട് അവരുടെ ഏകദേശ സ്വഭാവഗുണങ്ങളൊക്കെ പഠിക്കാന്‍ പറ്റി. “അടുത്താല്‍ സ്നേഹിച്ച് കൊല്ലും, ഇടഞ്ഞാല്‍ കുത്തികൊല്ലും” എന്ന പ്രകൃതം. കമ്പനിയുടെ തൊട്ടപ്പുറത്ത് അല്‍ മുസ് വരി എന്ന ശൈഖിന്റെ സെക്യൂരിറ്റി ജീവനക്കാര്‍. എ.കെ. 47-ഉം, പിസ്റ്റളുകളും ധാരാളം കിടപ്പുണ്ട്. ഇത്രയും നാള്‍ ഞാന്‍ കണ്ടിരുന്നത് കളിത്തോക്കുകളായിരുന്നു. അത്ഭുതത്തോടെ, ഇരു കണ്ണും ക്യാമറയില്‍ പകര്‍ത്തും വിധം തുറിച്ചുനോക്കി. ഒന്ന് തൊടാന്‍ വല്ലാത്ത മോഹം. തൊട്ടു... കയ്യിലേക്ക് വെച്ചപ്പോള്‍ ഭയങ്കര ഭാരം. അതിന്റെ ഭാരം ഇരട്ടിപ്പിക്കാനായി ബുള്ളറ്റുകളുടെ ഒരു വലിയ മാല. ബിന്‍ ലാദന്റെ ചിത്രത്തില്‍ ഉള്ളത് പോലെ തന്നെ. ഞാന്‍ അറബിയില്‍ ചോദിച്ചു: ഇത് ബിന്‍ ലാദന്‍ തന്നതാണോ...? തമാശ തോന്നിയ അവര്‍ ചിരി നിര്‍ത്തുന്നില്ല. ഞാന്‍ തോളിനോട് ചേര്‍ത്ത് വെച്ചപ്പോള്‍ മുഹമ്മദ് പെട്ടെന്നെണീറ്റു വന്നു. എന്നിട്ട് ബുള്ളറ്റുകളൊക്കെ മാറ്റിയെടുത്തു. ഇനി വേണ്ടപോലെ നീ ഉന്നം വെച്ചോ എന്നും പറഞ്ഞു. അല്പം ഭാരം കുറഞ്ഞ ഞാന്‍ പുറത്തേക്ക് ചൂണ്ടി കാഞ്ചി വലിച്ചു. പണ്ട് ബാലരമയില്‍ എവിടെയോ വായിച്ച ഒരോര്‍മ്മപോലെ, “ടക്-ടക്” എന്ന ശബ്ദം മാത്രമേ ഉള്ളൂ. ഞാന്‍ ബുള്ളറ്റ് സഹിതം ഉപയോഗിക്കാന്‍ തരണമെന്ന് ആവശ്യപ്പെട്ടു. ഗാത്ത് കഴിച്ച് കൊണ്ടിരിക്കുകയായിരുന്ന അവര്‍ നല്ല ഇതളുകളെടുത്ത് എനിക്ക് വേണ്ടി വെച്ചിട്ടുണ്ടായിരുന്നു. ഞാനത് നിരസിച്ചു.

ഒട്ടുമിക്ക യെമനികളും ഉപയോഗിക്കുന്ന ഒരു ലഹരിയാണ് ഈ ഗാത്ത്. ഏകദേശം തേയില പോലെ, കുറ്റിച്ചെടിയില്‍ നിന്നും പറിച്ചെടുക്കുന്ന ഇളം കതിരുകള്‍. മാര്‍ക്കറ്റില്‍ വിവിധയിനം ലഭിക്കും. 100 യെമന്‍ രിയാല്‍ മുതല്‍ (100 യെ.രിയാല്‍=2 ദിര്‍ഹം/ 20 ഇന്ത്യന്‍ രൂപ) 200 ഡോളര്‍ വരെ വിലയില്‍ കിട്ടും. ഗാത്ത്പ്രേമികളായ ഇവര്‍ പറയുന്നത് ചിരി, കരയല്‍, രതി, തുടങ്ങിയ മിക്ക വികാരങ്ങള്‍ക്കുള്ള ഗാത്തുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും എന്നാണ്. മിക്കവരും ഉച്ചഭക്ഷണത്തിനു ശേഷമായിരുക്കും, ഇത് ചവക്കാന്‍ തുടങ്ങുക. ഗാത്തിനു ഹരമേകാന്‍ ഒരു പാക്ക് സിഗരറ്റ്, 500 മില്ലിയുടെ ഒരു ബോട്ടില്‍ പെപ്സി അല്ലെങ്കില്‍ കോള. അതുമല്ലെങ്കില്‍ മധുരമുള്ള മറ്റേതെങ്കിലും ലഘുപാനീയം. മിക്കവരും കറുപ്പ് നിറം കലര്‍ന്ന പാനീയം തന്നെ കുടിക്കുന്നത്. കൂടാതെ ചാരി ഇരുക്കുന്നതിനു വേണ്ടി ഒരു സിറ്റിങ് കുഷ്യന്‍... കഴുകിയ ഗാത്തിലെ ഇളം കതിരുകള്‍ ആദ്യമാദ്യം ചവക്കും. ഇതെല്ലാം വായയുടെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് മാറ്റി വെക്കും. അങ്ങിനെ ആ ഭാഗം മുഴച്ചിരിക്കുന്നത് പോലെയാകും. ഒഴിഞ്ഞ് കിടക്കുന്ന മറ്റേ ഭാഗത്തുകൂടി ലഘുപാനീയം അല്പാല്പം കുടിക്കും. ഇവരുടെ ഭാഷ്യമനുസരിച്ച് ശരീരത്തിലെ പഞ്ചസാരയെ ഗാത്ത് മുഴുവനായും വലിച്ചെടുക്കും എന്നാണ്. അതുകൊണ്ടാണ് മധുരമുള്ള പാനീയങ്ങള്‍ കൂടെ കുടിക്കുന്നത്. ഇത് പ്രമേഹരോഗികള്‍ക്ക് നല്ലതത്രേ. അത് രാത്രി വരെ തുടരും. പിറ്റേന്ന് ഒഴിവുദിവസമാണെങ്കില്‍ പുലര്‍ച്ചെ 4-5 മണിവരെ ഇരിക്കും. പിന്നെ ഒരു കടുപ്പത്തിലൊരു ചായ. അതിനു ശേഷം സുബഹി നമസ്കാരത്തിനു ശേഷം ഒറ്റയുറക്കം. ഇതു കഴിച്ചു കഴിഞ്ഞാല്‍ രക്ത സമ്മര്‍ദ്ദം കൂടുന്നത് കൊണ്ട് ഉറക്കം വരാന്‍ ബുദ്ധിമുട്ടായിരിക്കും. വല്ലവനും കഴിക്കാതെ അടുത്ത് നില്‍ക്കുകയാണെങ്കില്‍ അവര്‍ നിര്‍ബന്ധിക്കും.

പൊതുവേ അറബികള്‍ അങ്ങിനെയാണ്. ഭക്ഷണം കഴിക്കുമ്പോഴോ മറ്റോ നിര്‍ബന്ധിക്കും. അതും ഭക്ഷണം കഴിക്കുകയാണെങ്കില്‍ ഒരു തളികയില്‍ നിന്നു തന്നെ കഴിച്ചിരിക്കണം. പോതുവേ വൃത്തി കാത്തു സൂക്ഷിക്കുന്നവരില്‍ മുന്‍പന്തിയിലായ മലയാളികള്‍ക്ക് പെട്ടന്ന് ഉള്‍കൊള്ളാന്‍ കഴിയില്ല. ആദ്യമൊക്കെ എനിക്കും എന്തോ ഒരു അറപ്പ് തോന്നിയിരുന്നു. പിന്നെ അത് ശീലമായി. ഇപ്പോള്‍ അതില്ലാതെയും വയ്യ.

പാരമ്പര്യമായി അരയില്‍ പ്രത്യേകതരം അറയുള്ള ബെല്‍റ്റില്‍ കത്തി കൊണ്ട് നടക്കുന്നവരാണ് ഇവര്‍. ഗാത്ത് കഴിച്ച ഇവരോട് ദേഷ്യപ്പെട്ട് സംസാരിച്ചാല്‍ അവരത് ഉറയില്‍ നിന്നെടുക്കും. പിന്നെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടും. ഡിജിറ്റല്‍ റിസീവര്‍ ഡീലറായ ഞങ്ങളുടെ കമ്പനിയില്‍ നിന്ന് ഒരിക്കല്‍ മാരിബ് എന്ന സംസ്ഥാനത്ത് നിന്നും (പെട്ടന്ന് ദേഷ്യം വരുന്ന ഇവര്‍ക്ക് വിദ്യാഭ്യാസം ഒട്ടും ഇല്ലാത്തതിനാല്‍ എന്തിനും എടുത്ത്ചാടുന്നവരാണിവര്‍. ഗോത്രയുദ്ധം എപ്പോഴും നടക്കുന്ന ഇവിടെയുള്ളവര്‍ക്ക് കത്തിയും തോക്കുമൊക്കെ ആവാസവ്യവസ്ഥയുടെ ഭാഗാമാക്കിയിരിക്കുന്നു. കൊച്ചു കുട്ടികള്‍ പോലും എ.കെ 47 പോലുള്ള തോക്കുകളൊക്കെ സര്‍വീസ് ചെയ്യുമെന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ ഇവര്‍ക്ക് വലിയൊരു സ്ഥാനം കൊടുത്തിരുന്നു-അതായത് കണ്ടാല്‍ ഒളിച്ചോടണമെന്നത്) ഒരു ശൈഖിനു വേണ്ടി റിസീവര്‍ വാങ്ങുന്നതിനു വേണ്ടി വന്നിരുന്നു. വിലയുടെ പ്രശനത്തിലോ മറ്റോ ഉണ്ടായ ഒരു വാക്ക്തര്‍ക്കം. രണ്ട് പിസ്റ്റളും അരയില്‍നിന്നെടുത്ത് ലോഡ് ചെയത് മാനേജറുടെ അനിയനും, സെയില്‍ മാനേജറായിരുന്ന അഹമ്മദിനു നേരെ ചൂണ്ടി. അക്കൌണ്ടന്റായിരുന്ന വഫ ആര്‍ത്ത് വിളിച്ച് മുകളിലേക്ക് ഓടിക്കയറി സെര്‍വീസിങ് സെക്ഷനിലേക്ക് ഓടിവന്നു എന്നോട് താഴെ നടക്കുന്ന സംഭവത്തെകുറിച്ച് പറഞ്ഞു. പിന്നാലെ അഹമ്മദും. സ്റ്റോര്‍ റൂമില്‍ നിന്നും തോക്കെടുത്ത് താഴോട്ട് ഓടുന്ന രംഗം... ഞാന്‍ എന്റെ ഉമ്മയേയും, ദൈവത്തേയും ഇത്രയും ഉച്ചത്തില്‍ വിളിച്ച ഒരു ദിനം ഉണ്ടായിട്ടില്ല എന്ന് ഉറപ്പ്... ഈ തോക്കിന് ഇത്രയും വലിയ ഒരു കഴുവുണ്ടെന്നറിഞ്ഞ ദിവസം... പുറത്ത് നിന്ന് ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. പോലീസ് സൈറന്‍ അപ്പോഴേക്കും കേട്ടു. അന്തിക്കാട് സ്വദേശിയായ അടുത്ത സുഹൃത്ത് സൈനേഷിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അപ്പോഴേക്കും അവന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ ട്രൈ ചെയ്തപ്പോള്‍ “അല്‍ ഹാതിഫ് അല്‍ മുതഹര്‍ക്ക് അല്ലദീ ത്വലബ്തഹു മുഗ് ലക്” എന്നു തുടങ്ങുന്ന കമ്പ്യൂട്ടര്‍ സംസാരം... അരമണിക്കൂറായപ്പോഴേക്കും, താഴെയുള്ള ബഹളങ്ങളൊക്കെ നിലച്ചു. വണ്ടികള്‍ പോകുന്ന ശബ്ദം... പ്രശ്നങ്ങളൊക്കെ തീര്‍ന്നെന്ന് മനസ്സിലായി. പക്ഷേ എന്റെ മനസ്സിന്റെ ധൈര്യം എവിടെയോ വീണുപോയിരുന്നു. റ്റേബിളില്‍ തലവെച്ച് കരയുന്ന വഫയെ കാണുമ്പോള്‍ അതിലേറെ ഭയം. ഉള്ള ധൈര്യവും പോയ പോലെ. ഇടക്കൊക്കെ ഉന്മേഷത്തിനു വേണ്ടി താഴെയിറങ്ങുന്ന ഞാന്‍ അന്ന് കമ്പനി അടച്ച് പോകുമ്പോഴാണ് താഴെയിറങ്ങുന്നത്.

അതിനു ശേഷം ഇവരോട് എങ്ങനെ പെരുമാറണമെന്ന് പലരും പറഞ്ഞു തന്നു. എനിക്ക് ഏറ്റവും തമാശ അല്ലെങ്കില്‍ യെമനികളോട് കൂടുതല്‍ ആദരവ് തോന്നിയ കാര്യം പോലീസുകാരുടെ പെരുമാറ്റമായിരുന്നു. പ്രത്യേക വാത്സല്യവും, പരിഗണനയും തരുന്ന ആ പ്രദേശത്തുകാര്‍ എന്നെയും അവരിലൊരംഗമാക്കി. കഫറ്റേരിയയില്‍ വരുന്ന പോലീസുകാരായ ഉമര്‍ ബാമെഹദിയും, അഹമ്മദ് അല്‍സുമൈനിയും ഞാനും മിക്കദിവസങ്ങളിലൊന്നിച്ചായിരിക്കും പ്രാതല്‍ കഴിക്കുക. പിന്നെ ട്രാഫിക്കില്‍ നിന്ന് കണ്ടാല്‍ പോലും സല്യൂട്ട് തരുന്ന പോലീസിനെ ആദ്യമായി ഞാന്‍ കണ്ടു. പണ്ടൊരിക്കല്‍ ചെത്തുതൊഴിലാളി സമരത്തിനിടെ, തൃശ്ശൂരിലും, കോഴിക്കോടും പൊതുവാഹങ്ങള്‍ കത്തിച്ചെന്നും പറഞ്ഞ് പെരിന്തല്‍മണ്ണയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. അവിചാരിതമായി പെരിന്തല്‍മണ്ണയില്‍ പോയ സമയം ഏകദേശം 4 മണി. പൂവലനാണെന്നും പറഞ്ഞ് കുറച്ച് പോലീസുകാര്‍ ജീപ്പിലെ നായയെ സീറ്റില്‍ ഇരുത്തി എന്നെ താഴെയും ഇരുത്തിയ സംഭവം ഓര്‍ക്കുമ്പോള്‍ കേരളാ പോലീസിനോട് ലജ്ജ തോന്നുന്നു.
അങ്ങനെ നാല് വര്‍ഷത്തെ അതിമനോഹരമായ ജീവിതത്തിനു വിരാമമിട്ട് ഇപ്പോള്‍ ദുബൈയിലേക്ക് ചേക്കേറിയതാണ്. തിരക്കിനിടയിലും പല സംഭവങ്ങളൊക്കെ ഓര്‍മ്മിക്കാനും ഓര്‍മ്മിപ്പിക്കാനും പഴയ സുഹൃത്തുക്കളെയൊക്കെ ടെലിഫോണില്‍ ബന്ധപ്പെടുകയല്ലാതെ വേറെന്ത് മാര്‍ഗ്ഗം?

Monday, October 20, 2008

ഇന്ന് കേരളം ഹര്‍ത്താല്‍ ആഘോഷിക്കുന്നു

ഇന്ന്, ഒക്ടോബര്‍ 21. സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുന്നു. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ജ് സ്ഥാപിക്കുക എന്ന ആവശ്യവുമായി 240-ല്‍ കൂടുതല്‍ ദിവസങ്ങളോളം തുടര്‍ന്ന് വരുന്ന സമര മാര്‍ഗ്ഗങ്ങള്‍ വിജയിക്കാത്തതിനെ തുടര്‍ന്നാണ് ഈയൊരു തീരുമാനം. ഭരണപക്ഷത്തിനു മിക്ക രാഷ്ട്രീയ സംഘടനകളും പിന്തുണ ഉണ്ടെന്ന് അറിയുന്നു. ഈ ആവശ്യകതയുമായി നടത്തുന്ന സമരത്തിന്റെ ആവാശ്യകത പൊതു ജനങ്ങളില്‍ സ്വീകര്യത നേടിയിട്ടുണ്ടെങ്കിലും, പ്രബുദ്ധ മലയാളി സമൂഹം ഇടത്-വലത്-ബി.ജെ.പി-മറ്റു പാര്‍ട്ടികള്‍‍ക്കെതിരേ ഹര്‍ത്താലുകളും, ബന്ദുകളും എന്തിനെന്ന് ഒറ്റകെട്ടായി ചോദിക്കുന്നു.



പണ്ടെങ്ങോ ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കെതിരെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും, വേണ്ടി നടത്തിയ സമര മുറകള്‍ക്ക് ഗുജറാത്ത് ഭാഷയില്‍ നിന്നും കടമെടുത്ത “ഹര്‍”‍ അഥവാ എല്ലാം എന്നും, “ഥാല്‍” അല്ലെങ്കില്‍ “ഥാലാ” എന്നാല്‍ അടക്കുക എന്നും അര്‍ഥം വരുന്ന വാക്കാണ് ഇന്ന് കേരളത്തിന്റെ ഉറക്കം കെടുത്തുന്നത്. പക്ഷേ, ഗാന്ധിജിയുടെ കാലത്തെ ഹര്‍ത്താലുകള്‍ അണികളുമായി ചേര്‍ന്ന് ജോലികളും, കച്ചവടങ്ങളും എല്ലാം സമാധാനപരമായി ഉപരോധിക്കലായിരുന്നെങ്കില്‍, ഇന്ന് അതൊരു രക്ത രൂക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച്, ആഘോഷിക്കുകയാണ് ചെയ്യുന്നത്. അതിനു മാറ്റു കൂട്ടാനായി മദ്യവും, മറ്റു ലഹരികളും വിതരണം ചെയ്യുന്നത് നേതാക്കന്മാരുടെ അറിവോട് കൂടെയും. കൂടാതെ ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കാന്‍ പടക്കങ്ങള്‍ക്കും, അമിട്ടുകള്‍ക്കും പകരമായി നാടന്‍-സ്റ്റീല്‍ ബോംബുകളും.


ഇന്നേവരെയുള്ള ഹര്‍ത്താലുകളുടെ കണക്ക്
നോക്കിയാല്‍ ഇന്നത്തേതടക്കം 82 ഹര്‍ത്താലുകളോളം ആഘോഷിച്ചു. 2008ല്‍ ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ രേഖപ്പെടുത്തിയ മാസം കഴിഞ്ഞ ജൂലായ് മാസത്തിലും(21 എണ്ണം), ജില്ല പാര്‍ട്ടി ജില്ലയായ കണ്ണൂരിലും. ഏറ്റവും കുറവ് രേഖപ്പെടുത്തിയ മാസം ജനുവരിയില്‍ 4 എണ്ണവുമാണ്.


പാല്‍, പത്രം, അത്യാഹിതം എന്നിവയൊക്കെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെന്ന് പറയുന്നുണ്ടെങ്കിലും, ഇന്നേ വരെ നടന്ന ഹര്‍ത്താലുകള്‍ ഇത്തരം സര്‍വീസുകളെയും തടസ്സപ്പെടുത്തി എന്നതാണ്. മാത്രമല്ല, അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കുന്നന്തിനു പകരം കൂടുതല്‍ ആശുപത്രി ഉപഭോക്താക്കളെ സൃഷ്ടിച്ചിട്ടേ ഉള്ളൂ. പവര്‍ക്കട്ടിലും കഷ്ടപ്പെട്ട് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷ, ജോലി, ടൂറിസം തുടങ്ങി പൊതു ജനങ്ങളുടെ എല്ലാ മേഖലകളേയും ബാധിക്കുന്ന ഹര്‍ത്താലിനെ എങ്ങനെ പൊതു ജനങ്ങള്‍ പിന്തുണ നല്‍കും. കൂടാതെ, മരുഭൂമിയില്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് സ്വന്തം നാ‍ടിനേയും കുടുംബത്തേയും ഒരു നോക്കു കാണാന്‍ വരുന്ന പ്രവാസിയുടെ അവസ്ഥക്ക് അവന്‍ ആരെയാണ് പഴിക്കേണ്ടത്?
എന്തൊക്കെയാണെങ്കിലും, വായനക്കാര്‍ക്ക് എന്റെ ഹര്‍ത്താല്‍ ദിനാശംസകള്‍

Thursday, October 16, 2008

പാര്‍ലമെന്റില്‍ കേരളാ മന്ത്രിമാര്‍ സമരം ചെയ്യുന്നു

ചരിത്രത്തിലാദ്യമായി കേരളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി കോടിക്കണക്കിനു രൂപ മുടക്കി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സിരാകേന്ദ്രമായ ന്യൂഡല്‍ഹിയിലെ നമ്മുടെ സ്വന്തം പാര്‍ലമെന്റില്‍ നാളെ, ഒക്ടോബര്‍ 17-ന് മാര്‍ച്ച് നടത്തുന്നു. വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കരയണോ അതോ ചിരിക്കണോ എന്നാണ് സംശയം. കാരണം, ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി മുഴുവന്‍ മന്തിമാരും ന്യൂഡല്‍ഹിയില്‍ തമ്പടിക്കുകയാണ്. അതേസമയം, സര്‍ക്കാരിന്റെ ഗതികേട് ആലോചിച്ച് സങ്കടവും...

ബഹുമാനപ്പെട്ട മുഖ്യന്‍ ശ്രീ വി.എസ് നയിക്കുന്ന ഈ മാര്‍ച്ചിനെ കൂടാതെ മറ്റു ഭരണപക്ഷ എം.എല്‍.എ. മാരുടെ നേതൃത്വത്തില്‍ കേരളാ സംസ്ഥാനമാകെ കേന്ദ്രഗവണ്മെന്റിനെതിരെ രോഷം അലയടിക്കുമെന്നും വാര്‍ത്ത. സമരങ്ങള്‍ക്കും, സത്യാഗ്രങ്ങള്‍ക്കും കേളികേട്ട കേരളത്തിന് നല്‍കാവുന്ന മറ്റൊരു ഉത്സവംകൂടി. വൈദ്യുതി, ഭക്ഷണം പ്രകൃതിക്ഷോഭ സഹായം പോലുള്ള പ്രാഥമികാവശ്യങ്ങള്‍ പരിഹരിക്കുന്നില്ല എന്ന കാരണത്താല്‍ നടത്തുന്ന ഈ പ്രക്ഷോഭ സമയത്ത് യു.പി.എ. സഖ്യത്തില്‍ നിന്ന് ഇടത് പക്ഷം മാറി നിന്നത് ഇവിടെ ശ്രദ്ധേയമാണ്. അല്ലെങ്കില്‍ എങ്ങനെ പ്രക്ഷോഭം നടത്തും? മുന്‍ വര്‍ഷക്കാലങ്ങളില്‍ ലഭിച്ചിരുന്ന അരി വിഹിതം ഘട്ടം ഘട്ടമായി 1,13,420 ടണ്ണില്‍ നിന്നും, 2007 ഏപ്രില്‍ ആയപ്പോഴേക്കും 17,050 ടണ്ണായി കുറച്ചും, 2008-ല്‍ ഈ എ.പി.എല്‍ വിഹിതം പൂര്‍ണ്ണമായും നിര്‍ത്തലാക്കി എന്നതാണ് ഇടതുപക്ഷത്തിന്റെ ഭാഷ്യം. അതുപോലെ തന്നെ, ബി.പി.എല്‍ വിഹിതത്തില്‍ നിന്നും നാലായിരത്തോളം ടണ്‍ വെട്ടിക്കുറച്ചു എന്നതും അവരെ ചൊടിപ്പിച്ചു.

അതുപോലെ തന്നെ കാലവര്‍ഷക്കെടുതിയില്‍ വൈദ്യുതിക്ക് തിരിച്ചടി നേടിയ സമയത്താണ് കേന്ദത്തിന്റെ വൈദ്യുത വിഹിതം വെട്ടിക്കുറച്ചതും. വേനല്‍ മഴയില്‍ ആയിരത്തി അഞ്ഞൂറ് കോടിയോളം നഷ്ടമുണ്ടായെന്ന് കണക്ക്കൂട്ടി അതും പ്രതീക്ഷിച്ച് നിന്ന് സര്‍ക്കാറിന്‍ ലഭിച്ചത് ആകെ 45 കോടി രൂപ. അതും കിട്ടാപണമായി കിടക്കുന്നു. അങ്ങിനെ സംസ്ഥാനത്തിന്റെ പരാതികള്‍...

എന്നാല്‍, ഇക്കാര്യങ്ങളൊന്നും പറയാന്‍ ഇടുതുപക്ഷ സര്‍ക്കാറിനു യാതൊരു പ്രതിബദ്ധതയുമില്ലെന്ന വാദത്തിലാണ് ശ്രീ വയലാര്‍ രവി അടങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം. 20 പാര്‍ലെമന്റ് സീറ്റില്‍ 19 എണ്ണവും, സംസ്ഥാന ഭരണവും ലഭിച്ചിട്ടും ഭരണ ന്യൂനതയും, മന്ത്രിമാരുടെ ഏകോപനമില്ലായ്മയും മറച്ച് വെക്കാന്‍ വേണ്ടി മാത്രമാണ് ഈ സമരമെന്ന വാദത്തിലാണ് അവര്‍. കിട്ടിയ വിഹിതങ്ങളൊക്കെ തന്നെ തത്സമയത്ത് ഏറ്റെടുക്കാനാളില്ലാതെ ലാപ്സായി പോയതും പ്രതിപക്ഷമടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നു.
ഇന്ത്യയില്‍ ഒരു ഫെഡറല്‍ സംവിധാനം ഉണ്ടായിരിക്കേ, പ്രധാനമന്തിക്ക് നേരിട്ട് പരാതി നല്‍കി ആ‍വശ്യങ്ങള്‍ നേടിയെടുക്കാതെ സമരമുറയുമായി പോകുന്നത് തീര്‍ത്തും നിയമവിരുദ്ധമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുമല്ലെങ്കില്‍ സംസ്ഥാനത്തില്‍ നിന്നുമുള്ള മുഴുവന്‍ പാര്‍ലമെന്റ് സീറ്റും നിലനില്‍ക്കേ അവിടൊന്നും ശബ്ദമുയര്‍ത്താതെ വിത്യസ്തമായ ഇത്തരമൊരു സമരമുറയുടെ ലക്ഷ്യം എന്തെന്ന ചോദ്യം അവശേഷിക്കുന്നു. പാകമായ നെല്‍കൃഷി കൊയ്യാനിറങ്ങിയ നെല്‍കര്‍ഷകരെ ആട്ടിയോടിച്ച ഡി.വൈ.എഫ്. ഐ. പ്രവര്‍ത്തകരുടെ മാതൃ സംഘടന വേനല്‍ മഴയുടെ ചതിയെകുറിച്ച് പറയാ‍ന്‍ എന്ത് അവകാശം എന്നതും ഇടതുപക്ഷം കേരള സമൂഹത്തോട് ഉത്തരം പറയേണ്ടിയിരിക്കുന്നു.

Saturday, October 11, 2008

പ്രവാസി

പ്രവാസം- പുറമെ നിന്ന് കാണുന്നവര്‍ക്ക് എന്തോ ഒരു വല്ലാത്ത അനുഭൂതി തരുന്ന ഒരു ജീവിതം. കുഞ്ഞുനാളുകളില്‍ വീട്ടുകാരനോ ബന്ധക്കാരോ ഗല്‍ഫില്‍ നിന്നും വന്നാല്‍ ആ അത്തറിന്റെ സുഗന്ധം കാറ്റില്‍ എന്നിലേക്കും പകരുമെന്ന് വിശ്വസിച്ച് കുറേകാലം കൂടെനടക്കും. പിന്നെ വിവിധതരം പെന്‍, പെന്‍സില്‍, കളിക്കോപ്പുകള്‍, മറ്റു പലവകകളും കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. പിറ്റേ ദിവസം കൂട്ടുകാരെ ഇതെല്ലാം കാണിക്കാന്‍വേണ്ടി സിനിമയിലെ വില്ലന്റെ റോളില്‍ സ്ലോ മോഷനില്‍ ഒന്ന് നടക്കും. പിന്നില്‍ അനുകരിക്കാന്‍ കുറച്ച് പേരുമുണ്ടാകും. ഒരു ദിവസം, സ്കൂളിലെ ക്രീം കളര്‍ യൂണിഫോമിനു പകരം ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന മഞ്ഞ നിറമുള്ള ടീ-ഷര്‍ട്ട് ധരിച്ച് വന്നതിന് ക്ലാസ് ടീച്ചര്‍ രായീന്‍ മാഷ് എന്നെ പുറത്താക്കിയത് ആ അഹങ്കാരത്തിന്റെ ഒരു ഫലമായിരുന്നു.

ചെത്തിനടക്കുന്ന പ്രായത്തില്‍ വീട്ടില്‍ ഒരു ഗള്‍ഫ്കാരനുണ്ടല്ലോ എന്ന വിശ്വാസത്തി(ലോ അഹങ്കാരത്തിലോ)ല്‍ ബൈക്കിനോടായിരുന്നു പ്രിയം. പിന്നെ ഒരു റേയ്ബാന്‍ കൂളിങ് ഗ്ലാസ്, അങ്ങനെ പല മോഹങ്ങള്‍. ഇതേ മോഹങ്ങളുമായി ഗള്‍ഫിലേക്ക് വിളിച്ചു. അവിടെനിന്നും കിട്ടിയ മറുപടി കേട്ട് ആശ്ചര്യപ്പെട്ട് പോയി. ഇത്രയും വേഗം മറുപടി തരുമെന്ന് പ്രതീക്ഷിച്ചില്ല: “ഇതെല്ലാം വേണമെങ്കില്‍ സ്വന്തമായി അധ്വാനിച്ചോ”. ക്യാമ്പസില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ എന്റെ നാവിലൂടെ വീട്ടിനുള്ളില്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങി. “ഇന്‍ഗുലാബ് സിന്ദാബാദ്.... ഉമ്മയും ജ്യേഷഠനും നീതി പാലിക്കുക.... വീട്ടിനുള്ളില്‍ സമാധാനം നിലനിര്‍ത്തുക....” അങ്ങനെ തുടങ്ങുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഞാന്‍ തന്നെ ഏറ്റ്വിളിച്ചു. മുദ്രാവാക്യം വിളിക്കുന്ന സമയത്ത് ഉമ്മ മീന്‍ വൃത്തിയാക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അരിശം കൂടി. നിരാഹാരം കിടക്കുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി. അതിലും നീതി തരാതിരുന്ന ഉമ്മയെ ഘൊരാവോ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് വടി എടുത്ത് ഓടിച്ചത്. അപ്പോഴും എന്റെ മുദ്രാവാക്യങ്ങള്‍ക്ക് ശക്തി കൂടിക്കൊണ്ടേ ഇരുന്നു. ലാത്തി വീശി ഭയപ്പേടുത്താന്‍ നോക്കേണ്ട.... എന്നതും കൂട്ടിവിളിച്ചു.

കുരുത്തക്കേട് കൂടിയപ്പോള്‍ വീട്ടുകാര്‍ എന്നെ ഒരു പ്രവാസിയാക്കാന്‍ തീരുമാനിച്ചു. അതും യെമന്‍ എന്ന യമലോകത്തേക്ക്. കാരണം നാട്ടുകാര്‍ ആരും തന്നെ അവിടെ ഉള്ളതായി കേട്ടിട്ടില്ല. പിന്നെ കേട്ടത് അവിടെ ഖബീലികളും, ജബീലികളുമൊക്കെയാണെന്നാണ്, കൂടാതെ ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഉപയോഗിക്കുന്നവര്‍ ഈ നാട്ടുകാരാണ്, പട്ടിണി രാജ്യം... അങ്ങനെ ഒരു ഒറ്റപ്പെടലിന്റെ എന്തോ ഒരു വികാരം നെഞ്ജില്‍ ആളിക്കത്താന്‍ തുടങ്ങി. രണ്ട് മാസത്തോളം അറബികള്‍ മാത്രമായി കൂട്ട്. (അത്കൊണ്ട് അറബി ഭാഷ നന്നായി പഠിക്കാന്‍ പറ്റി.) അതിനു ശേഷമാണ് ഒരു ഹിന്ദിക്കാരനെ പരിചയപ്പെടുന്നതും അതിനു ശേഷം മല്ലു ലോകത്തേക്ക് വരുന്നതും. ഇവരെയൊക്കെ പരിചയപ്പെടുന്നത് വരെ എന്റെ കണ്ണുകളില്‍ കണ്ണുനീരുണ്ടായിരുന്നില്ല. ടെലിഫോണ്‍ കാര്‍ഡുകളുടെ മാല തന്നെ ഉണ്ടാക്കി. എന്നിട്ടും തികയാതെ തൊട്ടടുത്തുള്ള ടെലിഫോണ്‍ ബൂത്തില്‍ പറ്റ് വരെ തുടങ്ങിയിരുന്നു. പഴയ ദുബായ്ക്കാരന്‍ (ജ്യേഷഠന്‍) ഇടക്കൊക്കെ വിളിക്കുമ്പോള്‍ പറയും, നിന്റെ ബുദ്ധിമുട്ടുകളൊന്നും തന്നെ വീട്ടുകാരറിയരുത്. നാം ഗള്‍ഫുകാരാണ്. അതിന്റെ ഗമയില്‍ തന്നെ വേണം വിളിക്കാന്‍. എപ്പോഴും ആവശ്യങ്ങള്‍ അങ്ങോട്ട് ചോദിക്കണം. നാം എല്ലാം ക്ഷമിക്കാനും സഹിക്കാനും വിധിക്കപ്പെട്ടവരാണ്...... എന്റെ കണ്ണുകള്‍ക്ക് ബലമേകാന്‍ ഇടക്കൊക്കെ മുഖം കഴുകും. പിന്നെയും ഒരു പ്രേതാത്മാവ് ചെവിയില്‍ മന്ത്രിക്കുന്നത് പോലെ ഈ വാക്കുകള്‍ കേള്‍ക്കും. പിന്നെയും കരയും....

പിന്നീട് ധൈര്യം സംഭരിച്ച് ചിരിച്ചും കളിച്ചും വീട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അവര്‍ക്ക്. കാപട്യത്തിന്റെ മുഖമാണ് സംസാരിക്കുന്നത് എന്ന് അവര്‍ക്കറിയില്ലായിരുന്നു. ഇതേപറ്റി കൂട്ടുകാരോട് പറയുമ്പോള്‍ അവരുടെ അനുഭവവും ഏകദേശം ഇതുതന്നെയെന്ന് അവരും വിശദീകരിച്ചു. അങ്ങനെ പ്രവാസം ഒരു കാപട്യലോകമാണെന്നും, അവിടെ മനുഷ്യരില്ല, എല്ലാവരും ജീവന്റെ തുടിപ്പ് കൊണ്ട് നാടകം കളിക്കുകയാണെന്നും പഠിച്ചു. കുട്ടിക്കാലത്തെ സംഭവങ്ങളുടെ താളിയോലകള്‍ മറിക്കുമ്പോള്‍ പുച്ചത്തോടെയുള്ള ചിരിയും സങ്കടവും, ദേഷ്യവൌം ഒക്കെ വരും. പിന്നെ അത് പ്രായത്തിന്റെ ചാപല്യം എന്നോണം ചിരിച്ച് തള്ളും.
പിന്നെ എന്റെ അവാസവ്യവസ്ഥ ദുബായിയാക്കി. കുറച്ച്കൂടി പ്രവാസ പാഠങ്ങള്‍ പഠിച്ചു. അതിവേഗത്തില്‍ ചലിച്ച്കൊണ്ടേ ഇരിക്കുന്നതും എന്നാല്‍ ട്രാഫിക്കില്‍ താളം തെറ്റുന്നതുമായ ജീവിതം. രാ-പകല്‍ ഭേദമന്യേ കഠിനാധ്വാനം ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളികള്‍- അതും നന്നൂറു മുതല്‍ തൊള്ളായിരം വരെ വേദനം ലഭിക്കുന്നവര്‍. എങ്ങനെയാണ് ഗള്‍ഫുകാര്‍ പണമുണ്ടാക്കുന്നതെന്ന് ശരിക്കും പഠിച്ചു. എന്റെ പഴയ താളിയോലകള്‍ ഒന്നുകൂടി തുറന്നു. ശപിക്കപ്പെട്ട മുദ്രാവാക്യങ്ങള്‍, ദുരാഗ്രങ്ങള്‍, അഹങ്കാരം, അതിമോഹം, ഫാഷന്‍ ജീവിതരീതികള്‍, മറ്റു തോന്നിവാസങ്ങള്‍.... ശപിച്ചുകൊണ്ടേ ഇരുന്നു. ഒന്നും വേണ്ടായിരുന്നു. തലചായ്ക്കാന്‍ ഒരിടവും, വല്ലപ്പോഴും അവധിക്ക് നാട്ടില്‍ ചെന്നാല്‍ വെച്ചുവിളമ്പാന്‍ സ്നേഹനിധിയായ ഉമ്മയും പെങ്ങന്മാരും.... അതു മതി എനിക്ക് , കണ്ണുകള്‍ ഈറനണയാന്‍ തുടങ്ങി.

Tuesday, September 30, 2008

ഈദ് മുബാറക്ക്

എന്റെ ഓര്‍മ്മയില്‍, ആദ്യമായാണ് ഇംഗ്ലീഷ് മാസം ഒന്നാം തിയ്യതി തന്നെ നോമ്പ് തുടങ്ങുന്നത്. അതു പോലെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ദിനങ്ങളിലൊന്നായ 27-ആം രാവ് വെള്ളിയാഴ്ച വന്നതും വിശ്വാസികളില്‍ കൂടുതല്‍ ശക്തിയേകി. അങ്ങനെ ഒരു മാസക്കാലം നീണ്ട (29ദിവസം) പരിശുദ്ധമാക്കപ്പെട്ട റംസാന്റെ പരിസമാപ്തി എന്ന നിലയില്‍, ശവ്വാല്‍ ഒന്നിന് ലോകമുസ്ലീംകള്‍ ഈദുല്‍ ഫിത്തര്‍ അഘോഷിക്കുന്നു. ദൈവ പാത അതേപടി പിന്‍പറ്റി, മനസ്സും, ശരീരവും, ധനവും എല്ലാം ശുദ്ധീകരിച്ച്, തൊട്ടടുത്ത ദിവസം തന്നെ പെരുന്നാള്‍ ആഘോഷം എന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വണ്ണം സന്തോഷമേകുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പലരും നമ്മെ വിട്ടു പോയി, പലരും നമ്മുടെ ബന്ധങ്ങളില്‍ അണി ചേര്‍ന്നു, അങ്ങനെ പല ഇഷ്ഠ-അനിഷഠ സംഭവങ്ങളൊക്കെ നടക്കുമ്പോഴും, ഓരോ വിശ്വാസിയും, അടുത്ത റംസാന്‍ വരെ ആയുസ്സ് നീട്ടിതരേണമേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ഈദാശംസകള്‍...
എന്ന്, സ്വന്തം ഫത്താഹ്

Thursday, August 28, 2008

റംസാനിന്റെ സന്ദേശം

റംസാന്‍- മുസ്ലിം സമൂഹത്തിന് ഏറ്റവും പുണ്യമാക്കപ്പെട്ട മാസം. പുണ്യങ്ങളുടെ പൂക്കാലം. ഹിജറ കലണ്ടര്‍ അഥവാ അറബി മാസങ്ങളിലെ ഒമ്പതാമത്തെ മാസമായ റംസാന്‍ മാസം മറ്റുള്ള മാസങ്ങളില്‍ നിന്നും ഏറെ വിത്യാസപ്പെട്ടിരിക്കുന്നു. മനസ്സും ശരീരവും, സമ്പത്തും, ശുദ്ധീകരിക്കുന്ന ഈ പുണ്യമാസത്തില്‍ വ്രതാനുഷ്ഠാനം തന്നെ മുഖ്യം. ദൈവത്തിലും, അന്ത്യപ്രവാചകന്‍ മുഹമ്മദിലും വിശ്വസിക്കുക, അഞ്ച് നേരമുള്ള നിസ്കാരം നിലനിര്‍ത്തുക, അര്‍ഹതപ്പെട്ടവര്‍ക്കുള്ള ദാന ധര്‍മ്മം (സക്കാത്ത്) കൊടുക്കുക, എന്നിവ കഴിഞ്ഞാല്‍ വരുന്ന ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ റംസാനിലെ മുഴുവന്‍ വ്രതവും അനുഷ്ഠിച്ചവര്‍ക്ക് മാത്രമേ ഒരു പരിപൂര്‍ണ്ണ വിശ്വാസിയാവാന്‍ കഴിയുകയുള്ളൂ.

നിസ്കാരം, സകാത്ത്, ഹജ്ജ് പോലുള്ള അനുഷ്ഠാനങ്ങള്‍ ബാഹ്യാവയവങ്ങള്‍ കൊണ്ടുള്ള അനുഷ്ഠാനമാണെങ്കില്‍, നോമ്പ് എന്നത് ആന്തരികമായി ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ്. അതായത്, വിശ്വാസം പോലെ, നോമ്പും, മാനസികമായുള്ള പ്രവര്‍ത്തി ആയതിനാല്‍, ഒരു പട്ടിണി കിടക്കുന്ന വ്യക്തിക്ക് നോമ്പ് ഉണ്ട് എന്ന് പറയാന്‍ കഴിയില്ല. അന്ന-പാനീയങ്ങള്‍ ഒഴിവാക്കിയുള്ള ഈ ഒരു കര്‍മ്മം നോമ്പായിട്ട് തന്നെ ദൈവം സ്വീകരിക്കണമെങ്കില്‍, തന്റെ മനസ്സും, കര്‍മ്മവും ശുദ്ധിയുള്ളതായിരിക്കണം. ഐഹീകമായ വികാര വിചാരങ്ങളെ പരിപൂര്‍ണ്ണമായും ഒഴിവാക്കി, തന്റെ മനസ്സിനേയും ശരീരത്തേയും, ദൈവം കല്പിച്ച പാഥയിലൂടെ മുന്നോട്ട് കൊണ്ട്പോകുന്നവര്‍ക്ക് മാത്രമേ പരിപൂര്‍ണ്ണ വിശ്വാസികളാകാന്‍ കഴിയുകയുള്ളൂ.

അത്കൊണ്ട് തന്നെയാണ്, ഖുര്‍ആനില്‍ അദ്ധ്യായം 2 (അല്‍-ബഖറ), വചനം 183 നമ്മോട് ഇങ്ങനെ പറഞ്ഞത്: “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെതന്നെ, നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത്”.

വര്‍ഷത്തിലെ മറ്റെല്ലാ മാസങ്ങളും രാചകീയ ഭക്ഷണത്തിനും, മറ്റു സുഖ-സൌകര്യങ്ങളിലും ഏര്‍പ്പെടുമ്പോള്‍, രക്തത്തിന് ചുവപ്പു നിറമുള്ള വേറൊരു വിഭാഗം ജനങ്ങള്‍ ഇന്ന് ഭക്ഷണപ്പൊതികള്‍ തലയില്‍ വീണ് മരിക്കുമ്പോള്‍ വിശപ്പിന്റേയും, സഹനത്തിന്റേയും വിലയറിയാത്ത നമുക്ക് ഒരു പാഠവും തന്നെയാണീ റംസാന്‍. “അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല” എന്ന മുഹമ്മദ് നബിയുടെ മാതൃകക്ക് വേണ്ടിയും ഈ റംസാനിനെ വിലയിരുത്താം. തന്നെയുമല്ല, പണക്കാരന്റെ ധന-ഭക്ഷണ സമ്പത്ത് ദരിദ്രര്‍ക്ക് ദാനം ചെയ്യുകയും അതുവഴി അവര്‍ക്ക് ഭക്ഷണം സ്വരൂപിക്കാനുള്ള മാസവും തന്നെയാണ് ഈ റംസാന്‍.

റംസാന്‍ മാസത്തെ വരവേല്‍ക്കാന്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി രണ്ട് മാസം മുമ്പ് മുതലേ തയ്യാറെടുത്തിരുന്നു എന്ന് നബിചര്യ പഠിപ്പിക്കുന്നു. ഖുര്‍ആന്‍ ഇറക്കപ്പെട്ട ഈ മാസത്തില്‍ മുഴുവന്‍ മുസ്ലീം സമൂഹം പള്ളികളില്‍ തന്നെ നമസ്കരിച്ചും, ഖുര്‍ആന്‍ പാരായണം ചെയ്തും, മറ്റു ദൈവീക മാര്‍ഗ്ഗങ്ങളില്‍ സമയം കണ്ടെത്തുകയും ചെയ്യുന്നു. ഓരോ പുണ്യകര്‍മ്മങ്ങള്‍ക്കും, അതിന്റെ ഒരു വലിയ മടങ്ങ് പ്രതിഫലം ലഭിക്കുന്ന ഈ മാസത്തില്‍ തന്നെയാണ് ആയിരം മാസങ്ങളേക്കാള്‍ ശ്രേഷഠമായ ഒരു രാത്രി. “ലൈലത്തുല്‍ ഖദര്‍” അഥവാ നിര്‍ണ്ണയത്തിന്റെ രാത്രി എന്ന് വിശേഷിപ്പിക്കുന്ന ഈ രാത്രി ഏത് രാത്രിയിലാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സമാധാനത്തിന്റെ മാലാഖമാരും, ആത്മാക്കളും ഇറങ്ങിവരുന്ന ഈ ദിനത്തില്‍ പങ്കു ചേരാന്‍ വേണ്ടി എല്ലാ മതവിശ്വാസികളും രാത്രികാലങ്ങളില്‍ ഉറക്കമൊഴിച്ച് പ്രാര്‍ത്ഥനകളില്‍ മുഴുകുന്നു. സ്വര്‍ഗ്ഗത്തിലെ റയ്യാന്‍ എന്ന ഏറ്റവും ശ്രേഷ്ഠമായ സ്വര്‍ഗ്ഗവാതില്‍ നോമ്പുകാര്‍ക്കുള്ളതാണെന്നിരിക്കേ, ഒരു മതവിശ്വാസിയും തന്നെ ആ മാസത്തില്‍ അനാവശ്യമായ കാര്യങ്ങളില്‍ ഇടപെട്ട് സമയം കളയാതെ അതിന്റെ പരിപൂര്‍ണ്ണഫലവും നേടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരുമായിരിക്കും.

Thursday, August 7, 2008

ആദംസ് ആപ്പിള്‍ അഥവാ അനുസരണക്കേട്

“ആദം സ്വര്‍ഗ്ഗത്തില്‍ ഒറ്റക്ക് ഉലാത്തിയിരുന്ന കാലം, പാവം തോന്നിയ ദൈവം കൂട്ടിനു ഹവ്വയേയും പടച്ചു. അങ്ങനെ അവരിരുപേരും സന്തുഷ്ടമായി കഴിയുന്ന കാലം. അന്നു മുതലേ പിന്തിരിപ്പനായ സാത്താന് ഒരു ബുദ്ധി: ഇവരേയും ഒന്ന് കളിപ്പിച്ചാലോ എന്ന്. ഹവ്വയോട് ഒരു മരത്തിലെ കനി തിന്നാന്‍ മന്ത്രിച്ചു. ആദമിന്റെ അടുത്ത് വിഷയം അവതരിപ്പിച്ചു. കഴിക്കാന്‍ പോയ ആദമിനോട് ആ കനി വിലക്കപ്പെട്ടതാണെന്നും, അത് കഴിക്കരുതെന്നും കല്പിച്ചു. പക്ഷേ, സാത്താന്റെ പ്രേരണ മൂലം, ഹവ്വയുടെ ശാഠ്യം കൂടി. അങ്ങനെ കനി പറിച്ച് ആദം കഴിക്കുന്നതിനിടെ ദൈവം തൊണ്ടയില്‍ പിടിച്ച് വലിച്ചെടുത്തു. അങ്ങനെ ആദമിന്റെ തൊണ്ടയിലെ മുഴക്ക് ആദംസ് ആപ്പിള്‍ എന്ന പേരും വന്നു, തന്നെയുമല്ല, മനുഷ്യ കുലത്തെ നേരെ ഭൂമിയിലേക്ക് ആട്ടിയോടിക്കുകയും ചെയ്തു.” -ഇത്രയും അന്നത്തെ കഥ.

ഇനി ഇന്നത്തെ കഥ: പൊതുവെ ഞാനുള്‍കൊള്ളുന്ന സമൂഹത്തിന് പ്രത്യേകിച്ച് മലയാളികള്‍ക്ക് ഒരു ഗുണമുണ്ട്. താന്‍ എന്ത് ഉദ്ധേശിക്കുന്നുവോ അത് നേടിയിരിക്കണം എന്ന്. നല്ല കാര്യം തന്നെ; പക്ഷേ അത് നിയമങ്ങള്‍ കയ്യിലെടുത്തിട്ടാണെങ്കില്‍ അതിനെ അഹങ്കാരമെന്നോ താന്തോന്നിത്തരമെന്നോ അല്ലേ വിളിക്കേണ്ടത്. ഉദാഹരണമായി, നമ്മുടെ നാട്ടില്‍ കൊണ്ട് വരുന്ന പല നിയമങ്ങള്‍: പുകവലി നിരോധനം, ഇരു ചക്ര യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കല്‍, സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കല്‍, അങ്ങനെ തുടരുന്നു ചെറുതും വലുതുമായ നിയമങ്ങളും, നിയമ ലംഘനങ്ങളും. (നിയമ പാലകര്‍ തന്നെ നിയമം കയ്യിലെടുത്ത് കഴിഞ്ഞാല്‍ എങ്ങനെ നാട്ടുകാര്‍ ജീവിക്കും.) ഏത് സര്‍ക്കാറായിക്കൊള്ളട്ടെ, പൊതുജന സേവക്ക് കൊണ്ട് വരുന്ന നിയമങ്ങള്‍ നാം പാലിക്കപ്പെടേണ്ടതുണ്ട്. അതുമല്ലങ്കില്‍, ലംഘിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ, കയ്യൂക്കുള്ള വ്യക്തി(യോ)കളോ, അല്ലെങ്കില്‍ സംഘടനകളോ, തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടില്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നു.

എന്നാല്‍ ഇത് പ്രവാസികളില്‍ നോക്കുക, ഇത് ഒരു വിചിത്രം തന്നെ. താനൊരു മലയാളി തന്നെയോ എന്ന് സ്വയം സശയിച്ച് പോകും. അതായത് ആ നാട്ടിലെ നിയമങ്ങള്‍ അക്ഷരം പ്രതി നാം അനുസരിക്കുന്നു. മേല്‍പറഞ്ഞ ഉദാഹരണങ്ങള്‍ തന്നെ ശ്രദ്ധിക്കുക, അത്തരം നിയമങ്ങളോ അല്ലെങ്കില്‍ സാമ്യത പുലര്‍ത്തുന്നതോ ആയ നിയമങ്ങള്‍ എന്തൊരു വിനയത്വത്തോട് കൂടി നാം പാലിക്കുന്നു. അതല്ലെങ്കില്‍, തനിക്ക് നന്നായിഅറിയാം, ജീവിതം പിഴയടച്ച് തീര്‍ക്കേണ്ടി വരുമെന്ന്. ഈ രണ്ട് മുഖങ്ങള്‍ നമുക്കെങ്ങിനെ സാധിക്കുന്നു? അല്ലെങ്കില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്ത് കൊണ്ട് നിയമങ്ങളെ ചോദ്യം ചെയ്യുകയോ കയ്യിലെടുക്കുകയോ ചെയ്യുന്നു? നിയമ ലംഘനത്തിന് ഗള്‍ഫ് രാജ്യങ്ങളിലെ പോലെ പിഴ ഈടാക്കാത്തതിനാലാണോ ഇത്?

ദൈവത്തിന്റെ കല്പന പോലും നിശേധിച്ച് അപ്പിള്‍ കഴിച്ച ആദമിന്റെ കഥ പോലെ, കല്‍പനകള്‍ കാറ്റില്‍ പറത്തി നമ്മുടെ തന്നിഷ്ടങ്ങള്‍ നടപ്പിലാക്കുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ ഭാവിയോ, ഭാവി തലമുറയോ അതുമല്ലെങ്കില്‍ മറ്റുള്ളവന്റെ മനുഷ്യാവകാശങ്ങളോ ആണ്.

Wednesday, July 30, 2008

ശാസ്ത്രവും കിണറും

ഹൈസ്കൂളൊക്കെ തലനാരിഴക്ക് രക്ഷപ്പെട്ടതാണെങ്കിലും, സയന്‍സ് തലക്ക് പിടിച്ചിരുന്നു. വീട്ടിലെ കിണറ്റില്‍ ഇറങ്ങുക, നെഞ്ചില്‍ നിന്ന് ചോര കിനിയുമെങ്കിലും, എങ്ങനെയെങ്കിലും വരിഞ്ഞ് പിടിച്ച് തെങ്ങില്‍ കയറുക, തുടങ്ങിയവയൊക്കെയായിരുന്നു അന്നത്തെ ഹോബി. ക്യാംപസ്സില്‍ പഠിക്കുന്ന സമയം‍, ഒരു ദിവസം കിണറ്റില്‍ ഇറങ്ങിയല്‍പ്പോഴാണ് ശ്വാസം കിട്ടാതെ വന്നത്. കിണറ്റില്‍ വായു സഞ്ചാരമില്ലാത്തത് കൊണ്ട് പെട്ടന്ന് തന്നെ കയറി രക്ഷപ്പെട്ടു. അയല്‍വാസിയായ “പറ്റിക്കല്‍ സിദ്ധീക്ക്” (ആള്‍ക്കാരെ പറഞ്ഞ് പറ്റിക്കാന്‍ ബഹു മിടുക്കന്‍) അപ്പോഴാണ് വീട്ടിലേക്ക് വന്നത്.

“എന്താടാ... കുരുത്തക്കേട് ഇത് വരെ മാറീല്ലേ...”
“അത് സിദ്ധീക്കേ... കിണറൊന്ന് നന്നാക്കണന്ന് ണ്ടായ്ര്‍ന്നു... പിന്നെ ഒരു ബക്കറ്റും എട്ക്കണം...”
“ന്ന്.ട്ട് ന്താ കേറ്യേ...? കിട്ട്യോ...?”
“ഇല്ല... ശ്വാസം കിട്ട് ണ് ല്ല...”
“ഓഹോ... അതാണോ... നീയൊരു കാര്യം ചെയ്യ്, ഒരു ചൂട്ട് കത്തിച്ചിട്ട് ങ്ങട്ട് വാ... ഞാന്‍ പറഞ്ഞ് തരാം എന്താ ചെയ്യേണ്ടേന്ന്...” (കാര്യമായിട്ട് തന്നെ പറഞ്ഞു)
“...ന്തിനാ..?”
“നീയിങ്ങട്ട് കൊണ്ട്ര്... ന്ന് ട്ട്, ഞാന്‍ പറയാം...”

ഞാന്‍ ഓടിപ്പോയി ചൂട്ട് കത്തിച്ച് കൊണ്ട് വന്നു ചോദിച്ചു:
“ഇനി പറ... എന്തിനാ ഇത്...?”
“നീ ഇതും പിടിച്ച് കിണറ്റിലോട്ട് ഇറങ്ങ്...”

ഞാനൊന്നു ശങ്കിച്ചു, ഒരു കയ്യില്‍ ചൂട്ടുമേന്തി, മറു കൈ വഴുതുന്ന പ്ലാസ്റ്റിക് കയറില്‍ പിടിച്ച് ഇറങ്ങണം
“ഇത് കൊണ്ട് എന്താടാ പ്രയോചനം...?”
“അപ്പോ അന്ക്ക് അറീല്ലേ... എയര്‍ സര്‍ക്കുലേഷന്‍ ഉണ്ടാകും... ഇല്ലെങ്കി നോക്കിക്കോ...”

എന്റെ മനസ്സ് ഹൈസ്കൂളില്‍‍ പടിച്ച ഓക്സിജനും, ഹൈഡ്രജനും പിന്നെ തീയും ഓര്‍മ്മ വന്നു. തീ കത്തണമെങ്കില്‍ ഓക്സിജന്‍ വേണം, കത്താന്‍ പ്രേരിപ്പിക്കുന്നത് ഹൈഡ്രജനും, ഗുഡ് ഐഡിയ...
ഞാന്‍ ചോദിച്ചു: “സ്കൂളീ പോവാത്ത അനക്കെങ്ങനേടോ ഇതൊക്കെ നിശ്ച്യം...?”
“അനുഭവാടാ ഗുരു...” ഒറ്റ വാക്കില്‍ മറുപടി പറഞ്ഞു.
ഞാന്‍ പിന്നെ ഒന്നും ഓര്‍ത്തില്ല. കത്തുന്ന ചൂട്ടും പിടിച്ച് ബുദ്ധിമുട്ടി ഇറങ്ങി. ഏകദേശം മധ്യഭാഗം കഴിഞ്ഞിരുന്നു. ചൂട്ട് കെട്ടു. പിന്നെ പറയണോ... കിണറ്റിലാകെ പുക. താഴേം, മേളൂം കാണുന്നില്ല. പിന്നെ, ശ്വാസവും കിട്ടുന്നില്ല. പെട്ടന്ന് ഓടിക്കയറി. ഒരുത്തനേം കൂടി പറ്റിച്ച അഹങ്കാരത്തോടെ അവന്‍ അട്ടഹസിക്കുന്നു. അതു കൂടി കണ്ട എനിക്ക് കലിപ്പ് കൂടി. അവന്റെ നേര്‍ക്ക് ചെന്നപ്പോഴേക്കും ഗൌരവത്തോടെ എന്നോടൊരു ചോദ്യം: “നീയെന്തിനാ ചൂട്ട് കെട്ത്ത്യേ...”

പുക നിറഞ്ഞ കിണര്‍ കണ്ടപ്പോഴേക്കും അടുക്കളയില്‍ നിന്ന് ഉമ്മ ഓടി വന്ന് ആട്ടിയോടിച്ചു. നിന്റെ ശാസ്ത്രമൊന്നും എന്റെ കെണറ്റില്‍ വേണ്ടാന്നും ഒരു ഡയലോഗ്.

ഇപ്പോഴും കെടാത്ത ചൂട്ടുമായി കിണറ്റില്‍ ഇറങ്ങാനൊരു മോഹം. ഓക്സിജന്റെ ചുഴലിയൊന്നുമില്ലെങ്കിലും, ഒരു കൊടുങ്കാറ്റെങ്കിലും പ്രതീക്ഷിക്കുന്നു. പക്ഷേ വീട്ടിലെ കിണറ്റിലായാല്‍ എന്റെ ബുദ്ധിയിലെ കൊച്ചു ശാസ്ത്രത്തെ വളരാന്‍ ഉമ്മ സമ്മതിക്കില്ല...

Saturday, July 26, 2008

സെസ് - അഥവാ കുത്തക സാമ്രാജ്യം

ഏതൊരു രാജ്യത്തിന്റെയും, പുരോഗതി എന്നത് പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു. അതില്‍ മുഖ്യമായും, വിദ്യാഭ്യാസവും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലിലൂടെ യുവതീ-യുവാക്കള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാക്കിയെടുക്കലുമാണ്. കൂടാതെ കൂടുതല്‍ സ്വദേശ- വിദേശ നിക്ഷേപങ്ങളിലൂടെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളര്‍ത്തിയെടുക്കലുമാണ്. പക്ഷേ, ഇങ്ങനെയൊക്കെ, ഒരു രാജ്യത്തിന്റെ സ്വപ്നങ്ങള്‍ നിറവേറ്റണമെങ്കില്‍, വിദ്യാഭ്യാസത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ വര്‍ഷാ വര്‍ഷം പുറത്തിറങ്ങുന്ന പതിനായിരങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ കമ്പനികള്‍ക്ക് ഇവിടെ അവസരം കൊടുത്തേ മതിയാകൂ, തന്നെയുമല്ല, അവര്‍ക്ക് വേണ്ട വൈദ്യുതിയും, വെള്ളവും, മറ്റു സൌകര്യങ്ങള്‍ കൊടുക്കേണ്ടി വരും. നിര്‍ഭാഗ്യ വശാല്‍, ഇവിടെയുള്ള വിദ്യാഭ്യാസം വരെ പൊതുജനങ്ങളോ അല്ലെങ്കില്‍ ബഹുഭൂരിഭാഗമോ ചോദ്യം ചെയ്യപ്പെടുന്നു എന്നത് വേറൊരു വിഷയം.എമിറേറ്റ്സ് പോലുള്ള ഗള്‍ഫ് നാടുകളില്‍, ഇതുപോലുള്ള പ്രത്യേക (ഫ്രീ ട്രേഡ് സോണ്‍) മേഖലയില്‍ കമ്പനികളുടെ പ്രവര്‍ത്തനം നടക്കുന്നത് കൊണ്ടായിരിക്കണം അത്തരം രാജ്യങ്ങള്‍ സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇത്തരമൊരു മേഖല 1965 എക്സ്പോര്‍ട്ട് പ്രോസസ്സിങ് സോണ്‍ (EPZ) എന്ന പേരില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചു. കൂടുതല്‍ കയറ്റുമതികള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കൊണ്ട് വന്ന ഗുജറാത്തിലെ കണ്ടല എന്ന ഈ മേഖല ഏഷ്യയില്‍ തന്നെ ആദ്യത്തെ തന്നെ ഒരു സംരംഭമായി മാറി. പിന്നീട്, കൂടുതല്‍ നിക്ഷേപം, ബഹു രാഷ്ട്ര കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക, പോലുള്ള (ഭരണ-ഉദ്ധ്യോഗസ്ഥ വൃന്ദങ്ങള്‍ക്ക് തോന്നുന്ന) അതിന്റെ പരിമിതികള്‍ പരിഹരിക്കാന്‍ വേണ്ടി “പ്രത്യേക സാമ്പത്തിക മേഖല“, അഥവാ സെസ് (SEZ- Special Economics Zone) ഏപ്രില്‍ 2000-ന്ഔദ്യോഗികമായി പ്രഖാപിച്ചു.

സെസിന്റെ ദോശങ്ങള്‍:
ആത്മാര്‍ത്ഥമായി സടപ്പിലാക്കേണ്ട ഒരു സംവിധാനമായ സെസിനെ നിര്‍ഭാഗ്യവശാല്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ വേണ്ടിയാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല എന്ന് പറയാതിരിക്കാന്‍ വയ്യ. കാരണം, ഇന്ന് സെസിന് വേണ്ടി ഏറ്റെടുക്കുന്ന മിക്ക ഭൂമിയും ഫലഭൂയിഷ്ഠമായ, കൃഷിയോഗ്യമായ മണ്ണ് തന്നെ. തരിശ് ഭൂമികളോ അല്ലെങ്കില്‍, വിജനമായ മറ്റ് സ്ഥലങ്ങളോ നില നില്‍ക്കെ തന്നെ, ഇത്തരം കൃഷി ഭൂമികള്‍ ഏറ്റെടുക്കുന്നതില്‍ പല ഗൂഢാലോചനകള്‍ തന്നെയുണ്ടെന്ന് തന്നെ പറയാം. രാജ്യത്തിന്റെ ബഹുഭൂരിഭാഗം പേരും തൊഴില്‍ ചെയ്ത് കൊണ്ടിരിക്കുന്ന കൃഷിയിലും, കൃഷിഭൂമിയിലും കൈ കടത്തുക എന്നത് ആ ഒരു രാജ്യത്തിലെ ജനങ്ങളോട് ചെയ്യുന്ന കൊടും ചതി തന്നെയാണ്. തന്‍നിമിത്തം, കൃഷിക്ക് വേണ്ടി പണം വായ്പ വാങ്ങി, വിത്തും, വളവും വാങ്ങി അതില്‍ പല സ്വപ്നങ്ങളും കാണുന്ന കര്‍ഷകര്‍, നഷ്ടപ്പെട്ട ഭൂമിയും പണവും തിരികെ കിട്ടാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.

പ്രത്യേകമായ നിയമങ്ങളിലൂടെ, ഒരു ബദല്‍ ഗവണ്‍മെന്റിനെ സൃഷ്ടിക്കുക തന്നെയാണ് ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സെസിലൂടെ കാണാന്‍ കഴിയുന്നത്. അതായത്, ഭൂമിയുടെ ന്യായ വില കൊടുക്കാതെയോ, ബലപ്രയോഗത്തിലൂടെയോ ഹെക്ടര്‍ കണക്കിന് സ്വന്തമാക്കുന്ന ഭൂമിക്കും, സ്താപനങ്ങള്‍ക്കും, നികുതികളും, മറ്റു സര്‍ക്കാറിലേക്ക് എത്തേണ്ട സമ്പത്തിന്റെ വലിയൊരു ഭാഗം ഇല്ലാതെ പോകുന്നു. ഉള്ള നികുതികളും മറ്റും തന്നെ അടക്കാതെ കിട്ടാകടങ്ങളായി നിലനില്‍ക്കുന്നത് നമ്മുടെ വൈദ്യുത് ബോര്‍ഡിന്റേയും, ടെലികോം അതോരിറ്റിയുടേയും, കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. കൂടാ‍തെ, അന്താരാഷ്ട്ര തൊഴില്‍ നിയമത്തെ കാറ്റില്‍ പറത്തി അവരൂടേതായ പുതിയ തൊഴില്‍ നിയമങ്ങള്‍ക്ക് നാം തല വെക്കേണ്ടി വരുന്നു. പോലീസിന് പോലും കടന്ന് ചെല്ലാന്‍ കഴിയാത്ത വിധം പുതിയ ഒരു സ്വതന്ത്ര രാജ്യത്തിലെ ക്രമസമാധാനം ഏതെങ്കിലും കുത്തക സെക്യൂരിറ്റി കമ്പനികളുടെ നിയന്ത്രണത്തിലാകുന്നു എന്നതും ഇവിടെ ശ്രദ്ധേയം. അങ്ങനെ കോടതികള്‍ക്ക് പോലും ഇടപെടാന്‍ കഴിയാത്ത വിധം ഒരു കുത്തക രാഷ്ട്രം രൂപപ്പെടുത്തുന്നു.

എന്നാല്‍ ഇത് വായിച്ച് കൊണ്ടിരിക്കുന്ന ഏതൊരുവനും, പൊതുവെ താരതമ്യം ചെയ്യുന്നത് ഗള്‍ഫ് നാടുകളിലെ ഫ്രീ സോണ്‍ മേഖലളെയാണ്. ഇവിടെയുള്ള പോലീസും കോടതികളും, വൈധ്യത- ടെലികോം അതോരിറ്റികളുടെ മുഖം നോക്കാതെയുള്ള നടപടികള്‍ ഒരു കുത്തക കോര്‍പറേറ്റിന്റെ വഞ്ചനകളില്‍ സര്‍ക്കാര്‍ പെടുന്നില്ല. എന്നാല്‍ ഇന്ന് കേരളവും മറ്റു സംസ്ഥാനങ്ങളും വര്‍ഷാ വര്‍ഷമോ അല്ലെങ്കില്‍ സര്‍ക്കാറുകള്‍ മാറുമ്പോഴോ ധവള പത്രങ്ങള്‍ ഇറക്കുന്നത് ഇങ്ങനെയൊരു വഞ്ചനയുടെ ഫലമായാണ്.


ഇന്നത്തെ സെസിന്റെ അവസ്ഥ:
മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഈ സെസ് എന്ന സംവിധാനത്തെ അത്യാഗ്രഹത്തോടെ പ്രോത്സാഹിപ്പിക്കുന്നു. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, സിംഗൂര്‍ എന്നീ മേഖലകള്‍ ഇതിന് വലിയൊരു ഉദാഹരണമാണ്. മന്ത്രിമാര്‍ക്കും, ഉദ്ധ്യോഗസ്ഥ വൃന്ദങ്ങള്‍ക്കും ലഭിക്കുന്ന കിമ്പളത്തിന്റെ തോതനുസരിച്ച് വങ്കിട കോര്‍പറേറ്റ് കമ്പനികള്‍ ചൂണ്ടികാണിക്കുന്ന കൃഷിയിടങ്ങളും, മറ്റും ഒരു ഉപാധികളും കൂടാതെ ഭൂമികള്‍ തുച്ഛ വിലക്കോ അല്ലെങ്കില്‍ പിടിച്ച് പറിച്ചോ കയ്യേറുന്നു. പിന്നെ മുന്നില്‍ ശൂന്യത മാത്രമുള്ള ഏതൊരു സമൂഹവും സമരവും, വിപ്ലവങ്ങളും നടത്തുകയല്ലാതെ വേറെന്ത് മാര്‍ഗ്ഗം?

സെസ് എങ്ങനെ പ്രാവര്‍ത്തികമാക്കാം:
പുനരധിവാസത്തെ പോലും ചിന്തിക്കാത്ത സര്‍ക്കാര്‍, സെസ് നടപ്പിലാക്കാന്‍ വേണ്ടി ആത്മാര്‍ത്ഥമായി എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്ന ചര്‍ച്ച ഇവിടെ നടക്കട്ടെ...

Sunday, July 13, 2008

മൊബൈല്‍ ഫോണും, വിദ്യാര്‍ത്ഥികളും

ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയുടെ വളര്‍ച്ച, ജനിച്ച് വീഴുന്ന കുഞ്ഞുങ്ങള്‍ പോലും അനുഭവിക്കുന്നത് അതിന്റെ വിജയത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞിനെ താരാട്ട് പാട്ട് കേള്‍പ്പിച്ച് ഊഞ്ഞാലാട്ടി ഉറക്കാനും, കരയുന്ന കുഞ്ഞിന്റെ മനസ്സില്‍ സന്തോഷം പകരാന്‍ വേണ്ടി, ചിരിക്കുകയും കരയുകയും, ആടുകയും പാടുകയും മറ്റും ചെയ്യുന്ന പാവകളും, മറ്റും മാര്‍ക്കറ്റില്‍ വ്ലരെ സുലഭമാണ്. അങ്ങനെ തുടങ്ങുന്നു അതിന്റെ സമൂഹത്തിനോടുള്ള സേവനങ്ങള്‍. കമ്പ്യൂട്ടറും, മൊബൈലും, ഇന്റര്‍നെറ്റും, എന്തിന് നാം എഴുതികൊണ്ടിരിക്കുന്ന ഈ ബ്ലോഗ് വരെ അതിന്റെ അത്യുന്നത സേവനങ്ങളിലൊന്നാണ്. ഈ ലോകത്തിന്റെ ഓരോ ചലനങ്ങളും, വാര്‍ത്തകളും, മറ്റു എല്ലാം തന്നെ നമുക്ക്, മള്‍ട്ടീ മീഡിയകളിലൂടെ തൊട്ടാസ്വദിക്കാന്‍ കഴിയുന്നത് വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സേവനങ്ങളിലൊന്നാണ്. ആരോഗ്യമേഖല ഈ ഐ. റ്റി. യാണ് ഭരിക്കുന്നത് എന്ന് തന്നെ വേണമെങ്കില്‍ പറയാം.

പക്ഷേ, “അധികമായാല്‍ അമൃതവും വിഷം” എന്ന യാതാര്‍ത്ഥ്യത്തിന് നാം ഇവിടെ സാക്ഷികളാകുന്നു. ഇന്ന് കമ്പ്യൂട്ടറില്‍, മോര്‍ഫിങും, അശ്ലീലവും, തുടങ്ങുന്ന എല്ലാ ദുരുപയോഗങ്ങളും, ഒരു വൈറസ് പോലെ സമൂഹത്തില്‍ പടര്‍ന്നിരിക്കുകയാണ്. മനുഷ്യന്റെ മസ്തിഷ്കത്തില്‍ വരെ എത്തിയ ഈയൊരു സമൂഹ വിപത്ത് മൊബൈല്‍ ഫോണിന്റെ (ദുരു)ഉപയോഗത്തിലും എത്തി. പക്ഷേ അതൊരു വിവേകമുള്ളവര്‍ക്കിടയിലാണെങ്കില്‍ അതിന്റെ നന്മ-തിന്മകള്‍ പറഞ്ഞാല്‍ മനസ്സിലാക്കിയേക്കാം. പക്ഷേ, ഈ പ്രതിഭാസം കൊച്ചു കുട്ടികളില്‍ കണ്ട് വരുന്നു എന്നതാണ് ഇന്ന് സര്‍ക്കാരും, രക്ഷിതാക്കളും, മൊത്തം സമൂഹവും നേരിടുന്നത്. കാരണം സ്വന്തം സഹപാഠികളുടെ നീലച്ചിത്രങ്ങളും, അശ്ലീല ഫോട്ടോകളും, സംസാരങ്ങളും, ദിനം പ്രതി കൂടി വരുന്നു.

സ്വന്തം രക്ഷിതാക്കളില്‍ നിന്നാണല്ലോ ഏതൊരു കുട്ടിയും ബാല പാഠങ്ങള്‍ പഠിക്കുന്നത് എന്ന വാസ്തവം ഇക്കാര്യങ്ങളിലും യാദാര്‍ത്ഥ്യമാകുന്നുണ്ടോ എന്ന സംശയം ചില കുട്ടികളുടെ സംസാരങ്ങളില്‍ നിന്നും മനസ്സിലാകുന്നു. അതു പോലെ തന്നെ മക്കളുടെ വഴി വിട്ട പോക്കും, ശാഠ്യവും, ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതുവഴി സാധിക്കാതെ പോകുന്ന മക്കളുടെ ശാഠ്യങ്ങള്‍ക്ക് ഫലമായി രക്ഷിതാക്കള്‍ കേള്‍ക്കേണ്ടി വരുന്നത് അവരുടെ ആത്മഹത്യാ ഭീഷണികളും, വീട് വിട്ടിറങ്ങലും ഒക്കെയാണ്. ക്ലാസുകളില്‍ നിന്ന് ക്യാമറ മൊബൈലുകളില്‍ പകര്‍ത്തിയ സഹപാഠിയുടെ അശ്ലീല ചിത്രങ്ങള്‍ ബ്ലൂടൂത്ത് വഴിയും, മള്‍ട്ടിമീഡിയാ മെസ്സേജിങ് വഴിയുമുള്ള വ്യാപനം, ആ കുട്ടിയുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്നു. അങ്ങനെ മനക്കരുത്ത് ഇല്ലായ്മയുടെ 18-ാം അടവായ ആത്മഹത്യ തന്നെ അവര്‍ക്ക് മാര്‍ഗ്ഗം. ഇങ്ങനെ മുന്‍കാലങ്ങളില്ലാത്ത പോലെ, മനക്കരുത്തില്ലാത്ത ഒരു സമൂഹത്തിന് മൊബൈലും ഒരു “കൂനിന്‍ മേല്‍ കുരുവാണ്”. അത് പോലെ തന്നെ, വോയ്സ് റെക്കോഡിങ് സംവിധാനമുള്ള മൊബൈലുകള്‍ അശ്ലീല സംസാരങ്ങളേയും മറ്റും പകര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു.
ഇതിനൊക്കെ രക്ഷിതാക്കള്‍ക്ക് പല കാരണമുണ്ട്. വിദൂരത്തോ അല്ലെങ്കില്‍ ഹോസ്റ്റലിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സാമീപ്യം എന്ന ഒഴിച്ചുകൂടാന്‍ പറ്റാത്ത കാരണങ്ങള്‍ക്ക് എന്ത് നാം മറുപടി പറയണം? എന്ന് തുടങ്ങുന്ന പല ചോദ്യങ്ങള്‍ ഞാനിവിടെ ഉന്നയിക്കുന്നു?
1) ഇതിന്റെ കാരണക്കാര്‍ ആരാണ്?
2) രക്ഷിതാക്കള്‍ക്ക് മക്കളുടെ മേല്‍ ഇത് എത്ര കണ്ട് നിയന്ത്രിക്കാന്‍ കഴിയും
3) മൊബൈല്‍ ഫോണ്‍ വിദ്യാര്‍ത്ഥികളില്‍ നിരോധിക്കണോ വേണ്ടയോ?
4) അങ്ങനെയെങ്കില്‍, നിരോധനം ശരിയായി ഉപയോഗിക്കുന്നവരേയും ബാധിക്കില്ലേ?
5) സമൂഹത്തിന് ഇതില്‍ എത്ര കണ്ട് ഉത്തരവാദിത്തം ഉണ്ട്?
6) അദ്ധ്യാപകര്‍ എന്ത് ചെയ്യണം? (സ്കൂളുകളില്‍ അവരുടെ മൊബൈല്‍ ഉപയോഗം ചോദ്യം ചെയ്യുന്നതില്‍ കുട്ടികളുടെ മേലുള്ള അവകാശത്തെ ചോദ്യം ചെയ്യപ്പെടുന്നു എന്ന് ഓര്‍ക്കുക)
7) സര്‍ക്കാര്‍ എന്ത് നിലപാടെടുക്കണം (ഒരു സര്‍ക്കാറിനേയും പഴിക്കാനല്ല ഈ ചോദ്യം, ലീഗലായി എന്ത് ചെയ്യാന്‍ കഴിയും)?
8) പ്രവാസികളുടെ നിലപാടെന്താണ്, അല്ലെങ്കില്‍ അവര്‍ക്ക് എന്ത് നിലപാടെടുക്കാന്‍ പറ്റും? (കാരണം പ്രവാസികളുടെ മക്കളില്‍ ഇത്തരമൊരു ഹീനത കൂടി വരുന്നു എന്ന വാസതവത്തിന്റെ അടിസ്ഥാനത്തില്‍ ഈ ചോദ്യം ഉന്നയിക്കുന്നു.)

Friday, July 11, 2008

മാനസിക രോഗങ്ങളും, പ്രതിവിധികളും

മനസ്സ് എന്ന മാന്ത്രീകത ദൈവ സൃഷ്ടിയിലെ അത്ഭുതങ്ങളില്‍ ഒന്നാണ്. സ്വന്തമായി ഒരു ശാരീരിക ഘടനയോ, പരിധികളോ ഇല്ലാത്ത ഒരു സൃഷ്ടി. ഇത് ഒരു മനുഷ്യന്റെ ജനനം തൊട്ട്, മരണം വരെയുള്ള എല്ലാ കാര്യങ്ങളിലും സുപ്രധാന പങ്ക് വഹിക്കുന്നു. അല്ലെങ്കില്‍, ഇതിന്റെ ചലനമാണ് മനുഷ്യന്റെ ജീവിത രീതി എന്ന് തന്നെ വേണമെങ്കില്‍ പറയാം. ഒരു മനുഷ്യനില്‍, സ്നേഹം, ദയ, കാരുണ്യം, സന്തോഷം, ക്ഷമ, എന്നു തുടങ്ങുന്ന എല്ലാ നല്ല വികാരങ്ങളും മനസ്സിന്റെ സൃഷിയാണ്. എന്നാല്‍ അതെ മനസ്സിന് തന്നെ എല്ലാ അക്രമവാസനയും, സങ്കടങ്ങളും, ദുഃഖങ്ങളും സൃഷ്ടിക്കാനും കഴിയും. അത് പോലെ തന്നെ പല രോഗങ്ങള്‍ക്കും ഈ മനസ്സ് തന്നെ കാരണക്കാരന്‍ എന്നതും സത്യം.


ശരീരത്തിലെ മുറിവോ ചതവോ, മറ്റു ബാഹ്യ-ആന്തരാവയവങ്ങളില്‍ ഉണ്ടാകുന്ന പല രോഗങ്ങളും, ശാരീരിക രോഗങ്ങള്‍ തന്നെയെന്ന് പറയാം. എന്നാല്‍ ഇതിന്റെ വേദനയോ അല്ലെങ്കില്‍ വികാരമോ മുഴുവന്‍ അനുഭവിക്കുന്നത് മനസ്സ് എന്ന അദൃശ്യ ശക്തി തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ശരീരത്തിലെ ഒരു ചെറിയ മുറിവിന് വേണ്ടി നമ്മുടെ ശരീരവും, മനസ്സും മുഴുവനായി അതിന്റെ വേദന, ഉറക്കമൊഴുവാക്കി പോലും അനുഭവിക്കുകയും ചെയ്യുന്നത്. ഇത് ശരീരവും മനസ്സും തമ്മിലുള്ള ഒരു ബന്ധത്തിന് വലിയൊരു ഉദാഹരണമാണ്.


എന്നാല്‍ ചിലരില്‍ കണ്ട് വരുന്ന ശാരീരിക രോഗങ്ങള്‍ക്ക് വലിയൊരു കാരണക്കാരന്‍ ഈ മനസ്സ് തന്നെയാണ്. ഭീതി കൊണ്ടും മറ്റും ഉണ്ടാകുന്ന പനി തുടങ്ങി ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇത്തരം രോഗങ്ങളെ ചികിത്സിക്കുക എന്നത് ആധുനിക മരുന്നുകള്‍ കൊണ്ട് സാധ്യമല്ല. പിന്നെ അതിനുള്ള പ്രതിവിധിയാണ് മാനസികാരോഗ്യ കേന്ദ്രങ്ങള്‍. മനസ്സിന്റെ ഇത്തരമൊരു ദുര്‍ബലത്തെ ചൂഷണം ചെയ്യാന്‍ നാട്ടില്‍ പല ദൈവങ്ങളും, സന്യാസിമാരും, സിദ്ധന്മാരും, ദര്‍ഗ്ഗഗളും ഒക്കെ പൊങ്ങി വന്നു. ആരോഗ്യമില്ലാത്ത മനസ്സുമായി, അതിവേഗ ചികിത്സക്ക് വേണ്ടി നാട്ടുകാര്‍ അവരെ സമീപിച്ചു. എന്നാല്‍ ഇതിന്റെ പിന്നിലുള്ള ഉദ്ദേശം ആത്മീയമീയത കലര്‍ത്തിയ സെക്സും, മറ്റു ശക്തികളില്‍ ഭരമേല്പിക്കലും (ഇസ്ലാമില്‍, ഇതിനെ ശിര്‍ക്കെന്ന് വിളിക്കും) അവര്‍ നമുക്ക് പഠിപ്പിച്ചു തന്നു. ലഹരി തരുന്ന പദാര്‍ത്ഥങ്ങളും, “ജീവികളും” അതിന് മാറ്റ് കൂട്ടി എന്നത് ശ്രദ്ധേയം. അങ്ങനെ പൊതുവെ സുഖങ്ങള്‍ മാത്രം അനുഭവിക്കാനറിയുന്ന മനുഷ്യന്‍ അതിന് പിറകേ പോവുകയും, എന്നാല്‍ ബുദ്ധിമുട്ടുകളും, പരാജയങ്ങളും വന്നാല്‍ പതറി നില്‍ക്കുന്ന ഇത്തരമൊരു സമൂഹത്തിന് ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ലാതെയായി.

എന്നാല്‍ ഈ രീതിയിലല്ലാതെ, രോഗ ശാന്തിക്ക് വേണ്ടി ജോലി ചെയ്യുന്നവരേയും ഈ അടച്ചാക്ഷേപിച്ച ഗണത്തില്‍ ഉള്‍പെടുത്തിയതും നിര്‍ഭാഗ്യകരം. ഇവരുടെ ചികിത്സാ രീതികള്‍ പലതാണെങ്കിലും, ദൈവ വിശ്വാസവും, മനോധൈര്യവും ഇല്ലാത്ത ഒരു സമൂഹത്തിന് വേറൊരു മാര്‍ഗ്ഗവുമില്ല. അതായത്, ചില രോഗികള്‍ക്ക്, ബിരുധമില്ലാത്തവനാണെങ്കില്‍ പോലും “പാരമ്പര്യ വൈദ്യനാ”യി ഒരാളുണ്ടാകുന്നത് പലപ്പോഴും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചികിത്സ കൊണ്ടല്ലാതെ എന്റെ രോഗം മാറുകയില്ല എന്ന് പറയുന്ന പഴമക്കാരായ പല രോഗികളേയും പല സ്ഥലങ്ങളിലും കാണാന്‍ സാധിക്കും. (ഇതിനെ മാനസിക രോഗമെന്നല്ലാതെ മറ്റെന്ത് വിളിക്കാന്‍ പറ്റും?) ഇത്തരക്കാര്‍ക്ക് ചികിത്സ നിഷേധിക്കുവാനും പാടില്ലാത്ത സാഹചര്യം പല മക്കളേയോ, ബന്ധു-മിത്രാതികളേയോ വേട്ടയാടിയിട്ടുണ്ട്. പിന്നെയുള്ള ഏക പോംവഴി ഈ “വൈദ്യന്‍” തന്നെ. അങ്ങനെ ചിലര്‍ ഏലസ്സിലോ, മന്ത്രങ്ങളെഴുതി(യെന്ന് വിശ്വസിപ്പിച്ച്)യ കടലാസ് തുണ്ടുകളിലോ അഭയം പ്രാപിക്കുന്നു. (തുറന്ന് നോക്കിയാലല്ലേ ഇതില്‍ വൈദ്യന്‍ മന്ത്രമല്ല, പലതും കുത്തിവരച്ചുള്ള വെറും തന്ത്രമാണ് എഴുറ്റിയിരിക്കുന്നതെന്ന് മനസ്സിലാവൂ). (മന്ത്രിച്ച് ഊതാനായി കൊണ്ട് വന്ന വെള്ളം മാന്ത്രികന്റെ അടുത്തെത്തും മുമ്പേ പരിചാരകന്‍ തിരിച്ച് കൊണ്ട് പോയി കൊടുത്ത് കുടിച്ച രോഗിയുടെ അസുഖം ഭേദമായത് മന്ത്ര ശക്തിയുള്ള വെള്ളമാണ് താന്‍ കുടിക്കുന്നത് എന്ന വിശ്വാസമുള്ള രോഗി കണ്മുന്നില്‍ കണ്ട വികൃതിയാണ്). ഇതേ അവസ്ഥയാണ് നമ്മിലുള്ള ദൈവ വിശ്വാസത്തിലും. ഏക ദൈവമായ ബ്രഹ്മാവിനെ (അറബിയില്‍ അല്‍-ഇലാഹ്)ആരാധിക്കുന്നതിന് പകരം, മനുഷ്യന്‍ പല ബിംഭങ്ങളിലും അഭയം തേടിയതും മനസ്സിന്റെ ദുര്‍ബലത കൊണ്ട് തന്നെയാണ്.

ഇതില്‍ നിന്നും മുക്തി നേടുക എന്നത് ആധുനിക മനുഷ്യന്റെ ധര്‍മ്മമാണ്. അങ്ങനെ ആ ധര്‍മ്മത്തെ മറ്റുള്ളവരിലേക്ക് എത്തിച്ച് കൊടുക്കലും, അവന്റെ തന്നെ ബാധ്യതയാണ്. മെഡിറ്റേഷന്‍ നല്‍കുന്ന പാഠം ഇത് തന്നെ. പക്ഷേ, “മെഡിറ്റേഷന്‍ മുതലാളിമാര്‍” സത്യത്തില്‍ നമ്മെ കബളിപ്പിക്കുന്നു എന്ന വാസ്തവം നാം അറിയാതെ പോകുന്നു. മെഡിറ്റേഷന്റെ നിര്‍വചനങ്ങളില്‍ ഒന്നായ “ഏകാഗ്രത” എന്നത് ശാസ്ത്രീയമായി നിര്‍വചിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അതായത് ശാസ്ത്രീയ വിശദീകരണമായ ഒരു ബിന്ധുവില്‍ ശ്രദ്ധ പതിപ്പിക്കുക എന്നതില്‍ ബിന്ധു എന്നത് ഏകാഗ്രമാകുമ്പോഴേ ശരിയാകൂ. അതിനെ കോടാനക്കോടി ഭാഗങ്ങളാക്കാന്‍ പറ്റുമെന്നത് ശാസ്ത്രം അംഗീകരിച്ചേ മതിയാകൂ. ഒന്നു കൂടി വിശദീകരിക്കുകയാണെങ്കില്‍ വിഭജിക്കാന്‍ കഴിയാത്തതിന്റെ പൂര്‍ണ്ണ രൂപമായ അദൃശ്യമായ ഒരു ദൈവിക ശക്തി തന്നെയാവണം ഈ കേന്ദ്ര ബിന്ധു എന്നു പറയുന്നത്. ഇതിലുള്ള വിശ്വാസവും അതില്‍ ഭരമേല്പിക്കലുമാണ് ഇന്നുള്ള മാനസിക രോഗങ്ങള്‍ക്ക് പ്രതിവിധി.

എന്നാല്‍ ദുര്‍ബല മനസ്സുകാര്‍ക്ക് നല്‍കുന്ന ചികിത്സ ഒരര്‍ത്ഥത്തില്‍ ശിര്‍ക്കും, മറ്റേ അര്‍ത്ഥത്തില്‍ ശരിയുമാണെന്ന് പലരും അവകാശപ്പെടുമ്പോല്‍ എന്ത് വഴിയാണ് പൂര്‍ണ്ണമായും ദൈവത്തെ ഉള്‍കൊള്ളാന്‍ കഴിയാത്ത ദുര്‍ബല മനസ്സുകാര്‍ ചെയ്യേണ്ടത് എന്നത് പണ്ഡിത സമൂഹം നിര്‍വചിക്കപ്പെടേണ്ടതുണ്ട്, അതല്ലങ്കില്‍ അതിന് പ്രതിവിധി കാണേണ്ടതുണ്ട്.

Wednesday, July 9, 2008

ഉറക്കത്തിന് കിട്ടിയ വില

പതിവു പോലെ ഇന്നും ജോലിക്കെത്തി. വണ്ടിയില്‍ കയറുമ്പോള്‍ തന്നെ വലത്തേ കവിള്‍ നല്ല വേദന ഉണ്ടായിരുന്നു. റൂമിലെ ഹമീദ് ഇക്കാക്ക് വിളിച്ച് പറഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത്.

എന്റെ “ഞെളിയലും പിരിയലും” പോലെ, ഉറക്കത്തിലും ഉണ്ട് സംസാരവും ഇടിയും തൊഴിയുമൊക്കെ. അങ്ങനെ ഇന്നലെ രാത്രി ഉറക്കത്തില്‍ ഓഫീസിലെ കോവണികളാണെന്ന് കരുതി ആദ്യ പടി ചവിട്ടിയത് ഹമീദ്കായുടെ കൈയില്‍, രണ്ടാം പടി കഴുത്തിലും, മൂന്നാം പടി കയറുന്നതിന് മുമ്പ് എന്നെ അയാള്‍ കൈ വെച്ചിരുന്നു. എന്നിട്ട് ലൈറ്റിട്ടു. തല്ലിയ ഭാവമൊന്നും കാണിക്കാതെ പറഞ്ഞു: "മിണ്ടാണ്ട് പോയി കെടന്നൊറ്ങ്ങെടാ‍..., കോണി ഞമ്മക്ക് നാളേം കേറാം അത്വുല്ലങ്കി, ഇജ്ജ് അന്റെ ഓഫീസീന്ന് കേറിക്കോ..."
അടികിട്ടിയ ഓര്‍മ്മ ഇല്ലാതെ വീണ്ടും കിടന്നു. പക്ഷേ കണ്ണ് നിറഞ്ഞത് ദുഃസ്വപനമാണ് കണ്ടെതെന്ന് കരുതിയിട്ടായിരുന്നു. പിന്നെയല്ലേ അറിഞ്ഞത് ദുഃസ്വപ്നം ചിലപ്പോള്‍ ഫലിക്കുമെന്ന് പഴമക്കാര്‍ പറയുന്നത് ശരിയാണെന്ന്.

ഇന്ത്യയും, ആണവ കരാറും

ജൂലായ് 8, 2008, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട ഒരു ദിവസം. യു. പി. എ. ഗവണ്‍്മെന്റില്‍ നിന്നും, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു. കാരണം മറ്റൊന്നുമല്ല, യു. പി. എ ഗവണ്‍മെന്റ് മുന്നണി മര്യാദകള്‍ ലംഘിച്ചു അമേരിക്കന്‍ ആണവ കരാറുമായി മുന്നോട്ട് പോയ സാഹചര്യത്തില്‍ വിശ്വസിച്ച് കൂടെ നില്‍ക്കുന്നവനെ ചദിച്ചാല്‍, ഏതൊരുവനും, ചെയ്യുന്ന പണി- കൂട്ട്കെട്ട് അവസാനിപ്പിക്കല്‍ എന്നത്. പിന്നീട് എസ്. പി കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്നു, എന്നും, അതില്‍ ബി. എസ്. പി. അതിന് തടയിടാനായി ഒമ്പത് എസ്. പി. അംഗങ്ങളെ വിലക്കെടുത്തു എന്നതുമൊക്കെ സാധാരണ രാഷ്ട്രീയത്തിലെ പതിവു നാടകങ്ങള്‍. അതെന്തുമായിക്കൊള്ളട്ടെ...

ഗുണവും, അതുപോലെ തന്നെ ദോഷവും ചെയ്യുന്ന ഈ വണ്‍-റ്റു-ത്രീ ആണവ കരാര്‍, അമേരിക്കയില്‍ നിന്നും, ആണവോര്‍ജ്ജം ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കും, സൈനികാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണെന്നല്ലാതെ, ഏത് ഗവണ്‍മെന്റ് വേണമെന്ന് നിശ്ചയിക്കുന്ന സാധാരണക്കാര്‍ക്ക് ഇതിന്റെ ഉള്‍കളികളോ, അല്ലെങ്കില്‍ അതിന്റെ രാഷ്ട്രീയ മുഖമോ അറിയില്ല എന്നത് വാസ്തവം. അല്ലെങ്കില്‍, ആ ഗവ്ണ്‍മെന്റിന്റെ ബാധ്യതയായ അതിനെ, ജനങ്ങളില്‍ എത്തിച്ച് കൊടുക്കുന്നതിന് പകരം അങ്ങ് ഡല്‍ഹിയിലും, ജപ്പാനിലുമൊക്കെയായി(ഇന്ന് മന്‍മോഹന്‍ സിങ് ജി8 ഉച്ചകോടിക്ക് ജപ്പാനില്‍ എത്തിയിരിക്കുന്നു) പല കോപ്രായത്തരങ്ങള്‍ കാണീക്കുന്നു. ഇത് കണ്ട് കൊണ്ടിരിക്കുന്ന ഏതൊരുവനും, പൊതുവെ ആ ഗവണ്മെന്റിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യും, അങ്ങനെ സംശയിക്കുകയും ചെയ്യും.

വര്‍ഷങ്ങളായി, ഇന്ത്യയുടെ കൂട്ടാളി ആരെന്ന് ചോദിച്ചാല്‍ ലോകം ഒരേ സ്വരത്തില്‍ പറയുമായിരുന്ന് -(പഴയ)സോവിയറ്റ് യൂണിയനെന്ന്. അങ്ങനെ ഇന്ത്യയുടെ വളരെ തന്ത്രപ്രധാനമായ പല നേട്ടങ്ങള്‍ക്കും, ഈ ബന്ധം വഴി വെച്ചു. പക്ഷേ, സോവിയറ്റ് യൂണിയന് വേറൊരു മുഖം കൂടിയുണ്ടായിരുന്നു. അമേരിക്കയുമായുള്ള ശത്രുത എന്നത്. അങ്ങനെ സി. ഐ. യുടെ വളരെ വ്യക്തമായ ഇടപെടലുകള്‍ കൊണ്ട് സോവിയറ്റ് യൂണിയനെ ഇല്ലാതാക്കി. പിന്നീട് റഷ്യ അങ്ങനെ വളര്‍ന്ന് വരാന്‍ തുടങ്ങി. കൂട്ടിന് കമ്മ്യൂണിസം എന്ന ഒരേ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ചൈനയും. പക്ഷേ ചൈനയുടെ അസൂയാവഹമായ നേട്ടങ്ങള്‍ ലോക വിപണിയേയും, വാന നിരീക്ഷണങ്ങള്‍ നടത്തുന്ന സാറ്റലൈറ്റ് ഭരണകൂടത്തില്‍ വരെയും മേല്‍കൈ വന്നു. (സാറ്റലൈറ്റിന്റേയും അതിന്റെ ഭ്രമണത്തേയും നഷിപ്പിക്കാന്‍ കഴിവിള്ള, ചൈന നിര്‍മിച്ച “കില്‍ വെഹികിള്‍” എന്ന് അമേരിക്ക നാമകരണം ചെയ്ത മിസൈല്‍ 2007, ജനുവരി 19 നു വളരെ വിജയകരമായി പരീക്ഷിച്ചു എന്നത് ശ്രദ്ധേയം). കൂടാതെ, 2008 ബീജിങ് ഒളിമ്പിക്സ് ചൈനയുടെ വളര്‍ച്ചയെ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് സര്‍വേകള്‍ ആണയിട്ട് പറയുന്നു. അങ്ങനെ ഈ രണ്ട് രാജ്യങ്ങള്‍ കൂടി അമേരിക്ക കൊണ്ട് വരുന്ന പല യു. എന്‍. പ്രമേയങ്ങള്‍ക്കും തടസ്സങ്ങള്‍ തെന്നെ ഉണ്ടാകുന്നു എന്നത് വേറൊരു സത്യം. അങ്ങനെ വളര്‍ന്ന് വരുന്ന ശക്തിയെ ഇല്ലായ്മ ചെയ്യുക എന്നത് പണ്ട് മുതലേ ഉള്ള യു. എസ് തന്ത്രം. പക്ഷേ എങ്ങനെ സാധിക്കും?

മുന്‍ ബി. ജെ. പി. സര്‍ക്കാര്‍ ഇതിന് ഒരു വഴിയൊരുക്കി. സോവിയറ്റിന്റെ പതനത്തിന് ശേഷവും, ഇന്ത്യ ആഗ്രഹിച്ചിരുന്നത് റഷ്യയുമായുള്ള ഒരു നല്ല ബന്ധമായിരുന്നു. അത് അതുപോലെ തന്നെ തുടര്‍ന്നു പോരുകയും ചെയ്തിരുന്നു. എന്നാല്‍ ഫാഷിസ സിദ്ധാന്തങ്ങളില്‍, ഇസ്ലാമും, കമ്മ്യൂണിസവുമൊക്കെ ശത്രുക്കളായതിനാല്‍, ബി. ജെ. പിയുടെ ഇസ്രായേല്‍ ബന്ധം വഴി ഇന്ത്യയെ അമേരിക്കയുടെ വാലാട്ടികളാക്കാന്‍ ശ്രമിച്ചു. എന്നിട്ടും, അമേരിക്കയില്‍ നിന്ന് പല തിരിച്ചടികള്‍ നേരിടേണ്ടി വന്നു. എന്തിന്, ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയെ, ധരിച്ചിരുന്ന കോണകം വരെ അഴിപ്പിച്ച് വിമാനത്താവള സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധന നടത്തിയിട്ടും, നമ്മുടെ രാജ്യത്തിന്റെ അഭിമാനം പണയം വെക്കുകയാണ് ചെയ്തത്.

സാമ്പത്തികമായും, സാങ്കേതികമായും മറ്റും ഇന്ത്യ വളര്‍ന്ന് കൊണ്ടിരിക്കുകയാണെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണേന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, രാഷ്ട്രീയമായി ഏറ്റ്വും പുറകെ നില്‍ക്കുന്ന, വിഡ്ഡികളുടെ കലവറയാണെന്ന് അന്ന് മുതല്‍ അമേരിക്കക്ക് മനസ്സിലായിട്ടുണ്ടാവണം. അങ്ങനെ ഉറങ്ങുന്നവരെ, ഉപ്പു രസം ചുണ്ടില്‍ നുണപ്പിച്ച് എഴുനേല്‍പ്പിക്കുന്നത് പോലെ, പിന്നീട് വന്ന മന്‍മോഹന്‍ ഗവ്ണ്‍മെന്റിനും പല പ്രഖ്യാപനങ്ങളും, വാഗ്ദാനങ്ങളും, നല്‍കി. അത് സ്വപ്നം കണ്ട മന്‍മോഹന്‍ജി യു. എന്‍ സ്ഥിരാംഗത്തം മുതല്‍ തുടങ്ങുന്ന വാഗ്ദാങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി ഓരോ രാജ്യങ്ങളിലും സ്ന്ദര്‍ശനം നടത്തി അവരുടെ കാലുകള്‍ പിടിച്ചിരുന്നപ്പോള്‍ ലോകം പുച്ഛത്തോടെ ചിരിക്കുകയായിരുന്നു. ഇത് ഇങ്ങനെ എഴുതാന്‍ കാരണം, നിങ്ങളോര്‍ക്കുക, യു. എന്‍ സ്തിരാംഗത്വത്തിന്റെ വലിയൊരു തടസ്സം അമേരിക്ക തന്നെ ആയിരുന്നില്ലേ എന്ന്, അതുപോലെ തന്നെ, ലോക ഭക്ഷ്യ ക്ഷാമം നേരിടുമ്പോള്‍ ഭക്ഷണത്തില്‍ ധൂര്‍ത്ത് കാണിക്കുന്ന അമേഏരിക്ക എന്തിനു ഇന്ത്യ്യെ പഴിക്കണം, അല്ലെങ്കില്‍ എന്തിന് അമേരിക്ക ഇന്ത്യയുടെ മറ്റു കാര്യങ്ങളില്‍ ഇങ്ങനെ ഇടപെടണം, അല്ലെങ്കില്‍ സ്വപ്നങ്ങള്‍ കാണിക്കണം?

അതെ, ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ എന്ന് രാഷ്ട്രീയമായി ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ പറ്റും. വളര്‍ന്ന് വരുന്ന ചൈന, റഷ്യ എന്നീ‍ ചേരികള്‍ ഉള്‍പ്പെട്ട മേഖലയില്‍ പുതിയൊരു ബിന്‍ ലാദനെ കൊണ്ട് വരിക എന്നത്. അങ്ങനെ, പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ തീവ്രവാദം, നേപ്പാളിലെ മാവോയിസം, ശ്രീലങ്കയിലെ പുലികള്‍ എന്നീ ഓലപ്പാമ്പുകളുടെ പേരും പറഞ്ഞ് അമേരിക്ക ഇന്ന് ഇന്ത്യയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്നു. ഇന്നേ വരെ, ഈ പ്രശ്നങ്ങളൊക്കെ, സധൈര്യവും, പക്വതയോടെയും ഇടപെട്ട ഇന്ത്യക്ക് ഒരു സുപ്രഭാതത്തില്‍ എന്തിന് സൈനികാവശ്യങ്ങള്‍ക്ക് അണ്വായുധം വാങ്ങിക്കൂട്ടണം? ഇങ്ങനെ ഒരു നാള്‍ പാകിസ്ഥാന്റെയോ, നേപ്പാളിന്റെയോ പേര് പറഞ്ഞ് തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ ഒരു സൈനിക താവളം തുറക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന നിമിഷം ഒരു കൊട്ടാരം തന്നെ ഇതിന് വേണ്ടി പണിഞ്ഞ് കൊടുക്കേണ്ട ഗതികേട് ഇന്ത്യക്ക് വരുന്ന ദിനം നമ്മുടെ ഭാവിയിലോ അല്ലെങ്കില്‍ നമ്മുടെ വരുന്ന തലമുറയോ അനുഭവിക്കുന്ന ഒരു അവസ്ഥക്ക് ആരാണ് ഉത്തരവാദി? അങ്ങനെ അടുത്തൊരു മഹായുദ്ധവും കാണുകയും അനുഭവിക്കുകയും ചെയ്യുന്നതുനു മുമ്പ് മരിക്കുകയാണെങ്കില്‍, ഞാനിതാ ആത്മാര്‍ത്ഥമായി വരും തലമുറയോട് ഒരു കാര്യം ചോദിച്ച് നിര്‍ത്തുന്നു : “ഇന്ന് വോട്ട് ചെയ്ത 100 കോടി ജനങ്ങളില്‍ ഒരുവനാണ് ഞാന്‍. ഈ അപരാധത്തിന്‍ പരോക്ഷമായിട്ടാണെങ്കിലും കൂട്ട് നിന്ന എന്നോട് പൊറുത്തു തരില്ലേ നിങ്ങള്‍?”

Monday, July 7, 2008

കമ്പ്യൂട്ടറും പ്രേമവും

പെരിന്തല്‍മണ്ണ പോളി ടെക്നിക്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കഴിഞ്ഞ് ചുറ്റിക്കറങ്ങുന്ന കാലം. അതിനിടയില്‍ ഫൈനല്‍ ഇയര്‍ കഴിഞ്ഞവര്‍ക്ക് ഒരു ജോബ് കൌണ്‍സിലിങ് നടത്തി. അതില്‍ ഒരു കമ്പ്യൂട്ടര്‍ അക്കാദമിയുടെ സ്റ്റാളിനോട് ഒരു പ്രത്യേക ആകര്‍ഷണീയത തോന്നി. കൌണ്‍സിലിങ് നടത്തിയിരുന്നത് രണ്ട് സുന്ദരിമാര്‍. അങ്ങനെ അവരുടെ മനം മയക്കുന്ന സംസാരത്തില്‍, ഞാനും, ഒന്ന്-രണ്ട് കൂട്ടുകാരും വീണു. ആറ് മാസത്തെ കോഴ്സിന് എന്നെ സംബന്ധിച്ച് നോക്കുമ്പോള്‍ എനിക്കൊരു വലിയ തുക തന്നെ അടക്കേണ്ടി വന്നു. വീട്ടുകാരുടെ സ്വപ്നങ്ങള്‍ പലതുമായിരുന്നു. പക്ഷേ, എനിക്കല്ലേ അറിയൂ, എന്റെ തലയില്‍ ഒന്നുമില്ല എന്നതും, പരീക്ഷകളില്‍ പലതും ജയിച്ചത് കോപ്പി അടിച്ചിട്ടായിരുന്നു എന്നതും.

അങ്ങനെ ഒരു വെല്ലുവിളിയാട്ട് തന്നെ (സുന്ദരിമാര്‍ ഇടക്കിടക്ക് കോഴിസിന്റെ അഡ്മിഷനെ പറ്റി ചോദിക്കാന്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഒരു വെല്ലുവിളി സ്വയം ഉണ്ടാകുകയായിരുന്നു) ഏറ്റെടുത്ത്, കോഴ്സിന് പോകാന്‍ തുടങ്ങി. വെല്ലുവിളി ആയത് കൊണ്ട് വീട്ടില്‍ നിന്നും പൈസയും തന്നില്ല. അങ്ങനെ ഒരു ഹോട്ടലില്‍ കാഷ്യറായി പണിയെടുത്ത് പഠനം തുടര്‍ന്നു.

ക്ലാസ്സിലെന്നും അദ്ധ്യാപകര്‍ക്ക് ഞാനൊരു തലവേദനായിരുന്നു. സിലബസിലില്ലാത്തോരോ ചോദ്യങ്ങളും, “ഞെളിയലും, പിരിയലുമൊക്കെ” എന്റെ ഒരു സ്വഭാവമായിരുന്നു. (ഈ ഞെളിയലും പിരിയലും കാരണം സ്ക്കൂളില്‍ എനിക്ക് സുനില്‍ മാഷ് ഐസോട്ടോപ്പ് എന്ന് ചെല്ലപ്പേര് ഇട്ടു തന്നു). പക്ഷേ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അറിയാത്ത സാറിന് (ഇയാള്‍ പ്ലയ്സ്മെന്റ് വഴി അവിടെ ജോലികുട്ടി പുതുതായി വാദ്യാര്‍ പണി തുടങ്ങിയതായിരുന്നു) എന്നും ഞാനൊരു കരടായിരുന്നു. എന്നാല്‍ റിസപ്ഷനിലെ ഒരു അച്ചായത്തി പെണ്‍കുട്ടി എന്നെ പ്രേമിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അവളുടെ വാക്കിലും പ്രവര്‍ത്തിയിലും എന്നെ കാണിച്ചു. ഇതിനിടയില്‍ അവളുടെ വീട്ടിലേക്ക് എന്നെ ക്ഷണിച്ച് മമ്മിയേയും, അച്ചാച്ചനേയുമൊക്കെ പരിചയപ്പെടുത്തി, സല്‍കരിച്ചു. അപ്പോള്‍ തന്നെ എനിക്ക് പന്തികേടല്ലാം തോന്നിയിരുന്നു. പക്ഷേ തിരിച്ച് എനിക്ക് പ്രേമം ഇല്ലെങ്കിലും അവളുടെ സ്നേഹത്തെ അറിയുന്നതിന് മുമ്പ് തന്നെ അക്കാദമിയില്‍ നിന്നും എന്നെ പുറത്താക്കി, കാരണം എന്റെ കോഴ്സ് അപ്പോഴേക്കും കഴിഞ്ഞിരുന്നു. അങ്ങനെ അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ടെന്ന് പറയാല്ലോ.

Sunday, July 6, 2008

കേരളീയരില്‍ ഒരു പാശ്ചാത്യ വല്‍കരണം

“മലയാളികളില്‍ പാശ്ചാത്യ വല്‍കരണം” എന്ന പ്രക്രിയ വേണോ വേണ്ടയോ എന്ന് ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സംഭവമാണ്. നാം ഇന്നു നില കൊള്ളുന്ന യുഗത്തിന്റെ സാങ്കേതിക വിദ്യയിലും, മറ്റിലുമുള്ള അസൂയാവഹമായ വളര്‍ച്ച ആരേയും അമ്പരപ്പിക്കും. ഏതൊരു മേഖല പരിശോധിച്ച് നോക്കിയാലും സാങ്കേതിക വിദ്യ ആ മേഖലയില്‍ കൊണ്ട് വന്ന മാറ്റങ്ങള്‍ നമുക്ക് തള്ളിപ്പറയാനാവില്ല. കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ അടുത്ത് പോലും അതിന്റെ ഉദാഹരണങ്ങള്‍ പറയേണ്ട കാര്യമില്ല.

പൊതുവെ ഇങ്ങനെയൊരു ആവാസ വ്യവസ്ഥിതിയുടെ മാറ്റത്തിന് വലിയൊരു കാരണക്കാര്‍ ജീവിതത്തെ മൊത്തം തിരക്കിലേര്‍പ്പെടുത്തിയ പാശ്ചാത്യര്‍ തന്നെ. എന്നാല്‍ അതിന്റെ അണിയറയില്‍ വലിയൊരു ഇന്ത്യന്‍ കരങ്ങളുണ്ടെന്നത് വേറൊരു നഗ്ന സത്യം.

ഇത്തരം രീതിയില്‍ പാശ്ചാത്യ വല്‍കരണത്തിന്റെ നേട്ടങ്ങല്‍ മാത്രം നമ്മുടെ ബാലപാഠങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച് അതിന്റെ തിന്മ ഭാഗത്തെ കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെ, മനഃപൂര്‍വ്വം ഒഴിവാക്കാനാണ് നാം പൊതുവെ ശ്രമിക്കാറുള്ളത്. കാരണം അതിന്റെ ദൂഷ്യവശങ്ങളെ പറ്റി അറിഞ്ഞ് കഴിഞ്ഞാല്‍ പാശ്ചാത്യ പൊതുതാല്പര്യങ്ങള്‍ ഇന്ന് ലോകത്ത് നടപ്പിലാക്കാന്‍ കഴിയില്ല എന്നത് ഒരു രാഷ്ട്രീയ മുഖം, തന്നെയുമല്ല, ഓരോ മനുഷ്യനും, സ്വന്തം അസ്ഥിത്വത്തെ പോലും മതിമറന്ന് ആസ്വദിച്ച് ജീവിക്കുന്നതിന്റെ ഒരു സുഖം ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെട്ടേക്കാം എന്ന (നഷ്ട)ബോധവും നിലനില്‍ക്കുന്നു.

പാശ്ചാത്യരിലെ ബഹുഭൂരിഭാഗവും സ്വന്തം അച്ഛനമ്മമാരുടെ കൂടെ നില്‍കുന്നതിനേക്കാളും മുന്‍ഃതൂക്കം നല്‍കുന്നത് ‍ഇണയോടൊത്ത് ജീവിക്കാനാണ്. അതായത്, സ്കൂള്‍ ജീവതത്തില്‍ തന്നെ അവര്‍ ലൈഗികതകളില്‍ ഏര്‍പ്പെടുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അത്കൊണ്ട് തന്നെയായിരിക്കും, കുടുംബ ബന്ധങ്ങള്‍ പലപ്പോഴും തകരുന്നത്. അതിലേറെ വലിയ പ്രശ്നം, പൈശാചികതയുടെ ഏറ്റവും ക്രൂരമുഖമായ അച്ഛനേയും അമ്മയേയും ധിക്കരിക്കുകയും, അവരെ പീഠിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ കണ്ണുകളില്‍ ഇന്ന് നിസ്സാരമായി തോന്നുന്നു. ഒന്നുകൂടി വിശദമാക്കുകയാണെങ്കില്‍, ഇന്നു നമ്മുടെ നാട്ടില്‍, അമ്മയെ തല്ലിയാല്‍ (മുന്‍പ് തെറ്റായിരുന്നു എന്ന ഏകാഭിപ്രായം ഉണ്ടായിരുന്നതിനു പകരം) ഭിന്നാഭിപ്രായം വന്നു കഴിഞ്ഞ ഒരു സമൂഹമായി നാം മാറി. -സംസ്കാര ശൂന്യതയുടെ ഒരു മുഖം തന്നെ ഇത്.

അത് പോലെ തന്നെ സ്തീയുടെ ശരീര പ്രദര്‍ശനം. ഞാനിവിടെ അതിനെ പറ്റി കൂടുതലായി ഒന്നും പറയുന്നില്ല. കൂടതല്‍ പേരും മത്സരിച്ച് കൂടുതല്‍ ശരീരഭാഗങ്ങള്‍ മറ്റുള്ളവരെ കാണിക്കാന്‍ അണിഞ്ഞൊരുങ്ങുന്നു. ഇതിന്റെ വേറൊരു മുഖം എന്തെന്നാല്‍ നാം നമ്മോട് തന്നെ ചെയ്യുന്ന ചതി എന്നതാണ്. അതായത്, ഏതൊരു പുരുഷനും സ്ത്രഈയും സ്വന്തം ഇണയുടെ പവിത്രതയും, സൌന്ദര്യവും കാണാന്‍ ആഗ്രഹിക്കുന്നത് അവരുടെ മണിയറകളില്‍ വെച്ചാണ്. എന്നാല്‍ അതിനു മുമ്പു തന്നെ, കണ്ണു കൊണ്ടെങ്കിലും വ്യഭിചാരം നടത്താത്തവര്‍ ഉണ്ടോ എന്നത് പ്രസക്തിയില്ലാത്ത ചോദ്യമാണ്. എന്നാല്‍ കേരളീയ തനിമയിലോ, ഹിജാബ് ധരിച്ചോ അതുമല്ലെങ്കില്‍, സ്വന്തം ശരീരം ഏതെങ്കില്ലും രീതിയില്‍ പരിപൂര്‍ണ്ണമായി മറച്ച് വളര്‍ന്ന സ്ത്രീക്ക് ഇവിടെ കൊടുക്കേണ്ട സ്ഥാനം വളരെ വലുതാണ്. ഇതെഴുതുമ്പോള്‍ നമ്മുടെ മുന്‍ മുഖ്യന്‍ ശ്രീ. നായനാര്‍ പറഞ്ഞതോര്‍ക്കുന്നുഃ “പെണ്ണുള്ളിടത്തല്ലേ പെണ്‍വാണിഭവും ഉണ്ടാവുകയൊള്ളൂ.”
അങ്ങനെ ആധുനിക വല്‍കരണം നടക്കേണ്ടത് നമ്മുടെ വേഷ-വിധാനങ്ങളില്ല, മറിച്ച് ബുദ്ധിക്കും, മനസ്സിനും, സമ്പാദിച്ചെടുത്ത അറിവിലും മറ്റുമാണ്.

അത് പോലെ തന്നെയാണ് മലയാള ഭാഷ നേരിടുന്ന വധശ്രമങ്ങള്‍. ഏതൊരു ഭാഷക്കും, അതിന്റേതായ ഭംഗിയും, അന്തസ്സും ഉണ്ട്. എന്നാല്‍ എന്റെ പരിമിതമായ അറിവ് വെച്ച് നോക്കുമ്പോള്‍ മലയാളം ഒരുപടി മുന്‍പിലാണ്. കാരണം അമ്പിളിയമ്മാവനേയോ, ഇളം തെന്നലുകളില്‍ നൃത്തമാടുന്ന പച്ചപ്പനയോലകളേയോ, അരുവികളേയോ, ഇനി എന്തുമായിക്കൊള്ളട്ടെ, മലയാളത്തിന് അതിന്റെ ഏറ്റവും മാധുര്യമായ സാഹിത്യത്തില്‍ വിവര്‍ണിക്കാന്‍ കഴിയും. പക്ഷേ, നമുക്ക് അന്യഭാഷയുടെ വിവരണം അത്ര കണ്ട് ഉള്‍കൊള്ളണമെന്നില്ല. ഇതര സംസ്ഥാനങ്ങളിലും, രാജ്യങ്ങളിലും, മലയാളി സംഘടനകള്‍ നടത്തുന്ന മത്സരയിനങ്ങളില്‍ ഇപ്പോഴും അവര്‍ പ്രാധാന്യം കൊടുക്കുന്നത് മലയാളത്തിന്റെ തിരുച്ച് വരവിന് വേണ്ടിയുള്ള പരിപാടികള്‍ക്കാണ്. അതായത് അവര്‍ക്ക് തന്നെ അറിയാം മലയാളം നമ്മില്‍ നിന്ന് നഷ്ടപ്പെട്ട് പോയിരിക്കുന്നു അല്ലെങ്കില്‍ പോയി കൊണ്ടിരിക്കുന്നു എന്ന്. എങ്കിലല്ലേ തിരിച്ച് വരവ് എന്ന വാക്കിന് പ്രസക്തിയൊള്ളൂ. എന്നാല്‍ മലയാളത്തിന് സാഹിത്യകാരന്മാരും, നിരൂപകരും, പത്ര പ്രവര്‍ത്തകരും, അതിലുപരി മലയാളിയെന്ന മൊത്തം സമൂഹവും പുതു ജീവന്‍ നല്‍കേണ്ടതുണ്ട്. അതായത് ഇംഗ്ലീഷ് പോലുള്ള അന്യഭാഷകള്‍ വളര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. മുമ്പ് ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്ന ഫ്രഞ്ച് ഭാഷയില്‍ മെച്ചപ്പെടുത്തലുകള്‍ ഇല്ലാത്ത് കൊണ്ടായിരിക്കണം ഇന്ന് അത് വളരെ പിന്നിലായി പോയതും.
യുവാക്കള്‍ സംഭാവന ചെയ്ത “അടിപൊളി” എന്ന വാക്ക് ഇതിന് ചെറിയൊരുദാഹരണം. ഇന്ന് മലയാളത്തിന് ഈ വാക്ക് ഒഴിച്ച് കൂടാന്‍ പറ്റാതെ ആയിരിക്കുന്നു. ഇത് പോലെ സ്വിച്ച് എന്ന ഇംഗ്ലീഷ് വാക്കിന് പകരം “വൈദ്യുത ആഗമന നിര്‍ഗമന നിയന്ത്രണ യന്ത്രം എന്ന വാക്കിന് പകരം മേല്‍ പറഞ്ഞവരുടെ ഒരു കൂട്ടായ്മ ഉണ്ടെങ്കില്‍ പുതിയ ഒറ്റവാക്ക് കണ്ട് പിടിക്കാന്‍ പറ്റും. അങ്ങനെ പല വാക്കുകളും... അല്ലാതെ പല ഭാഷകളും “കൂറ്റി കുയഷ്ഷ്” പറഞ്ഞ് അതിനെ വധിക്കാതിരിക്കുന്നതാകും അതിന്റെ ശരി.

എന്നാല്‍ ഇന്ന് മലയാളി അന്യരാജ്യങ്ങളില്‍ നേരിടുന്ന വലിയ ബുദ്ധിമുട്ട് എന്തെന്നാല്‍ അന്ന്യ ഭാഷാ കൈകാര്യ ശേഷി ഇല്ലായ്മ തന്നെ. സ്വന്തം പരിചയക്കുറവിനേയും, കഴിവില്ലായ്മയേയും മനസ്സിലാക്കുന്നതിന് പകരം, മുമ്പ് പഠിച്ചിരുന്ന സ്കൂളിനേയും, പഠിപ്പിച്ചിരുന്ന അദ്ധ്യാപകരേയും കുറ്റം പറയുന്ന മലയാളി സഹോദരങ്ങളും നമുക്കിടയില്‍ ഉണ്ട് എന്നത് ഒരു ദുഃഖ സത്യമാണ്.

സ്നേഹവും ജീവിതവും

“സ്നേഹിക്കാതെ കടന്നു പോകുന്നതാണ് ജീവിതത്തിലെ യഥാര്‍ത്ഥ ദുഃഖം, എന്നാല്‍ സ്നേഹിക്കുന്നവരോട് അത് പ്രകടിപ്പിക്കാതെ കടന്ന് പോകുന്നത് അതിലേറെ ദുഃഖകരവും”