Saturday, August 15, 2009

ഇസ്ലാമോഫോബിയ

ഇസ്രായേലിന്റെ സഹായത്തോടെ അമേരിക്കയും, ഫാഷിസ്റ്റ് ചിന്താഗതിക്കാ‍രും ലോകത്താ‍കമാനം പ്രത്യേകിച്ച് ഇന്ത്യന്‍ ഉപഭൂഗണ്ഡത്തില്‍ വിതച്ച ഒരു ചിന്താഗതിയാണ് ഈസ്ലാമോഫോബിയ. 1980-ല്‍ വ്യാപകമായ ഈ ചിന്താഗതിക്ക് 9/11- ശേഷം കൂടുതല്‍ വേരോട്ടമുണ്ടായി, അല്ലെങ്കില്‍ ഉണ്ടാക്കിത്തീര്‍ത്തു എന്ന് വേണം പറയാന്‍. ലോകത്ത് ഏറ്റവ്വും കൂടുതല്‍ പരിവര്‍ത്തനം നടക്കുന്ന മതമായിട്ടാണോ അല്ലെങ്കില്‍ മാറി മാറി വരുന്ന പാശ്ചാത്യ സംസ്കാരത്തോടുള്ള വിമുഖത അല്ലെങ്കില്‍ ദാര്‍ശനികമായിട്ടുള്ള അടിയുറച്ചുള്ള എതിര്‍പ്പ് കൊണ്ടാണോ അതല്ലെങ്കില്‍ ദൈവീകമായ കാര്യങ്ങളില്‍ മറ്റു മതങ്ങള്‍ അനുവദിക്കുന്ന കാലങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് വഴങ്ങാത്തതാണോ എന്നൊന്നും അറിയില്ല, മതാവിശ്വാസികള്‍ക്കിടയില്‍ പോലും ഈയൊരു ഭയം വളര്‍ന്ന് കൊണ്ടേയിരിക്കുന്നു.

ഇസ്ലാമിനോടുള്ള അന്ധമായ എതിര്‍പ്പ് കാരണം മൂസ്ലികളോട് പുലര്‍ത്തുന്ന എതിര്‍പ്പോ അല്ലെങ്കില്‍ വിദ്വേഷമോ ആണ് ഇസ്ലാമോഫോബിയ. ഇത്തരം ചിന്താഗതി വന്നു കഴിഞ്ഞാല്‍ ആ എതിര്‍പ്പുകള്‍ക്ക് പാത്രമാകുന്നവര്‍ ലോകത്തില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പ്രശസ്ത ബോളിവുഡ് നടന്‍ ഷാ‍രൂഖ് ഖാനെന്നോ, കമലഹാസനെന്നോ, അമീ‍ര്‍ഖാനെന്നോ, മുന്‍ ഇന്ത്യന്‍ പ്രസിഡന്റും പ്രശസ്ത ശാസ്ത്രഞ്ജനുമായാ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമെന്നൊ, ഇനി മുഹമ്മദ് കുട്ടി ഇസ്മായില്‍ എന്ന യഥാര്‍ത്ഥ പേരുള്ള മമ്മൂക്കയെന്നോ ഒന്നും വിഷയമല്ല. പാസ്പോര്‍ട്ടില്‍ മുഹമ്മദ് എന്നോ, ഖാനെന്നോ, ശൈഖ് എന്നോ അല്ലെങ്കില്‍ മുസ്ലിം നാമങ്ങളോട് സാദൃശ്യമുള്ള മറ്റു പേരുകളോ ഉണ്ടായാല്‍ അത് അമേരിക്കക്കും, യൂറോപ്പിനും, മറ്റു ചില രാജ്യങ്ങള്‍ക്കൊക്കെ തീവ്രവാദികള്‍ തന്നെയാണ്.

9/11 -
ഉം, ബ്രിട്ടണിലെ സ്ഫോടനവും, മറ്റുമൊക്കെ നടന്ന ഓര്‍മ്മകള്‍ ഒരു വശത്തും, അഫ്ഗാനിസ്ഥാനേയും, ഇറാഖിനേയും, പാകിസ്ഥാനേയും, ഇറാനേയും മറ്റു നിരവധി രാജ്യങ്ങളേയും എല്ലാ അര്‍ഥത്ഥിലും നഷിപ്പിച്ചു അല്ലെങ്കില്‍ ഭീഷണിയായി എന്നിരിക്കേ പ്രതികാരവുമായി നടക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്ന ഫോ‍ബിയ മറ്റൊരു വശത്തും, ഉള്ളത് കാ‍രണം ഇത്തരം രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഉള്ള ഉത്കണ്ട വര്‍ദ്ധിപ്പിക്കുന്നു. തന്‍ നിമിത്തം അത്തരം രാജ്യക്കാര്‍ അവരുടെ എമിഗ്രേഷനടക്കമുള്ള എല്ലാ വിധ പരിശോധനകളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു എന്നത് വാസ്തവം. അല്ലെങ്കില്‍ അതാണ് അതിന്റെ ശരി. എന്നാല്‍ അടുത്തിടെ ന്യൂ‍സ് വീക്കില്‍ ലോകത്ത് വ്യക്തിമൂദ്ര പതിപ്പിച്ച 50 പേരുടെ ലിസ്റ്റില്‍ ഇടം കണ്ട, ഒരു പക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധാകരുള്ള ലോകത്ത് തന്നെ വളരെയധികം ശ്രദ്ദേയനായ ബോളിവുഡ് നടന്‍ ഷാരൂ‍ഖിനും ന്യൂജേഴ്സി വിമാനത്താവളത്തില്‍ അനുഭവിക്കേണ്ടി വന്നത് ഈയൊരു ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ ഒരു ഡിപ്ലോമാ‍റ്റ് പൌരന് നല്‍കേണ്ട മര്യാദ നല്‍കാതെ ഇടക്കിടെ സന്ദര്‍ശനം നടത്തുന്ന വ്യക്തിയെ ഒരു തെറ്റിദ്ധാരണയുടെ പേരില്‍ രണ്ട് മണിക്കൂ‍റോളം ഒരു ഫോണ്‍ പോലും ചെയ്യാന്‍ അയക്കാതെ പീഢിപ്പിച്ചതില്‍ സാധാരണ ഒരു പൌരന് ചിലപ്പോള്‍ നിസാരമായി കണ്ടേക്കാം. എന്നാല്‍ അതിനപ്പുറത്ത് കിടക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്, ഷാരൂഖ് എന്ന വ്യക്തിയെ ഒഴിച്ച് നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ നാമത്തിനു ഖാന്‍ എന്ന പേര്‍ വന്നത് ഭീകരവാദിയായി കാണാന്‍ സാധ്യത നല്‍കാം എന്നതാണ്. രണ്ട്, ഷാരൂഖ് ഖാന്‍ എന്ന വ്യക്തി ഒരു തികഞ്ഞ രാജ്യസ്നേഹിയാണെന്ന് അദ്ദേഹം തന്നെ പല വേദികളിലും സിനിമകളിലും ജീവിതത്തിലുട നീളവും തെളിയിച്ചതാണ്. അതിനു പുറമേ ഇന്ത്യന്‍ റെസിഡന്റായ ഒരാളെ അനാവശ്യമായി ചോ‍ദ്യം ചെയ്യുന്നത് രാജ്യത്തോട് കാണിക്കുന്ന ഒരു അപമാനവും കൂടിയാണ്. സമാന വിഷയങ്ങള്‍ തന്നെയാ‍ണ് മുന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനും, ആമിര്‍ ഖാനും, കമലഹാസനും, മമ്മൂട്ടിക്കും ഇതേ അമേരിക്കയില്‍ നിന്നും, കാനഡയില്‍ നിന്നും, ബ്രിട്ടണില്‍ നിന്നൂമൊക്കെയായി നേരിടേണ്ടി വന്നത്. ഭരണകൂടത്തിന്റെ മൌനവും ഈ രാജ്യങ്ങളോടുള്ളവിധേയത്വവും ഇവിടെ ഓരോ പൌരനും ചോദ്യം ചെയ്യുന്നതില്‍ തെറ്റ് കാണില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പാര്‍ലിമെന്റില്‍ നിന്നുണ്ടാകുന്ന ഒരു പൊട്ടിത്തെറിക്ക് മറുപടിയായി അന്വേഷണത്തിനുള്ള ഒരു ഓര്‍ഡര്‍ പുറപ്പെടുവിക്കലോ മന്ത്രിസഭയിലുള്ള ആരെങ്കിലും അമേരിക്കക്ക് വേണ്ടി മാപ്പ് ചോദിക്കലോ അല്ലാതെ മറ്റെന്തുണ്ട് കോടിക്കണക്കിനു വരുന്ന ജനതയേയും അവരുടെ ഭരണകൂടങ്ങളേയും വിഡ്ഢികളാക്കാന്‍. ഇത്തരം ഒരു അവഹേളനം മൂലമാണ് ബി. ജെ. പി. ഭരിച്ചപ്പോഴും അന്നത്തെ മന്ത്രിക്ക് അടിവസ്ത്രം വരെ പരിശോധനക്ക് വിധേയമാക്കേണ്ടി വന്നത്.

മറ്റൊരു വശത്ത് ഇസ്ലാമോഫോ‍ബിയ. ഇത് കാരണം നമ്മുടെ സ്വന്തം രാജ്യത്തിനകത്ത് ഷബാന ആസ്മിയെ പോലുള്ളവര്‍ മുംബൈയില്‍ പീഢനം കാരണം, തല ചായ്ക്കാന്‍ കൂരയില്ലാതെ അലഞ്ഞ് തിരിയുന്നത് മറ്റൊരു ഉദാഹരണം. മേല്പറഞ്ഞ രാജ്യങ്ങള്‍ നടത്തുന്ന അവഹേളനം ഇനിയും തുടരട്ടെ... അതില്‍ ബോളിവുഡിലെ ബാക്കി വരുന്ന ഖാന്‍മാര്‍ക്കടക്കമം എല്ലാവര്‍ക്കും കാത്തിരിക്കാം. പാര്‍ലമെന്റുകള്‍ സ്തംഭിപ്പിക്കാം, നമുക്കത് ആഘോഷിക്കുകയും ചെയ്യാം. കൂടെ മാധ്യമങ്ങള്‍ക്ക് ചാകരയും ആകട്ടെ....

Friday, August 14, 2009

സ്വാതന്ത്ര്യ ദിനാശംസകള്‍

ഏന്റെ സ്നേഹം നിറഞ്ഞ കൂട്ടുകാര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു
ദേശത്തിനു വേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് സല്യൂട്ട്

Sunday, August 2, 2009

ശിഹാബ് തങ്ങള്‍ ഓര്‍മ്മയായി



മലപ്പുറം, ആഗസ്റ്റ് 1: മുസ്ലിം ലീ‍ഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇനി കേരളത്തിന് ഓര്‍മ്മ മാത്രം. ഇന്നലെ രാത്രി 8.40-ഓടെ മലപ്പുറം കെ. പി. എം ആശുപത്രിയിലായിരുന്നു അന്ത്യം.

കൊടപ്പനക്കല്‍ തറവാടിലെ ഈ ആത്മീയ നേതാവിന്റെ ജീവിതത്തില്‍ എടുത്ത ഓരോനിലപാടുകളും ജാതി മത ഭേദമന്യേ സ്വീകാര്യമായിരുന്നു എന്ന പ്രത്യേകത കേരള സമൂഹത്തിനു തന്നെ ഒരു മാതൃകയാവുകയായിരുന്നു. പ്രവാചക പരമ്പരയിലെ നാല്‍പതാമത്തെ കണ്ണിയായ തങ്ങള്‍ മുസ്ലിം സമൂഹത്തിനും, കേരളത്തിനും ഒരു തീരാനഷ്ടം തന്നെയാണ്.

ഖബറിലും, പരലോകജീവിതത്തിലും അദ്ദേഹത്തിനു മഅ്ഫിറത്തും, സ്വര്‍ഗ്ഗപ്രവേശനവും നല്‍കി അള്ളാഹു അദ്ദേഹത്തെ ഇഷ്ടദാസന്മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ എന്ന് ഇതോടൊപ്പം പ്രാര്‍ത്ഥിക്കുന്നു.

Wednesday, May 20, 2009

പ്രഭാകരന്റെ അന്ത്യം... ശ്രീലങ്കന്‍ തമിഴന്റേയും...

ഇന്നലെ, അഥവാ മെയ് 18, ശ്രീലങ്കന്‍ പ്രസിഡന്റ് മഹേന്ദ്ര രാജ്പക്സെയുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ അസുലഭ ദിനം. LTTE ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിള്‍ ഈഴം എന്ന തമിഴ് പുലികളുടെ അന്ത്യം, അഥവാ, പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ അന്ത്യം രാജ്പക്സെ ഒരര്‍ത്ഥത്തില്‍ ആഘോഷിക്കുകയായിരുന്നു. തന്‍നിമിത്തം ആഭ്യന്തര കലഹങ്ങള്‍ മുഴുവനായും അവസാനിച്ചു എന്ന ശ്രീലങ്കന്‍ സര്‍ക്കാറിന്റെ വാദത്തിനു പ്രാധാന്യം ഏറെയാണ്. പ്രഭാകരനെ കൂടാതെ തന്റെ മകന്‍ ചാള്‍സ് ആന്റണി ഉള്‍പ്പെടെ തമിഴ് പുലികളുടെ നേതൃ നിരയടക്കം തമിഴ് പുലി എന്ന സംഘടന ശ്രീലങ്കയില്‍ നാമാവശേഷമായി. പ്രഭാകരന്റെ മരണത്തില്‍ പലരും ആഹ്ലാദിക്കുന്നതിനോടൊപ്പം, മറ്റു പലര്‍, ദുഃഖിതരായി പ്രതിഷേധ പരിപാടികളില്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് കാണുന്നതും ഒരു യാഥാര്‍ത്ഥ്യം.

നൂറ്റാണ്ട് മുമ്പ് തോട്ടകൃഷിക്കും, മറ്റും വേണ്ടി തമിഴ് വംശജര്‍ പഴയ സിലോണിലേക്ക് എത്തുകയായിരുന്നു. ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന അന്നത്തെ സിലോണ്‍ ഭരണാധികാരികളുടെ കൊടും ക്രൂരതയും, വേതനമില്ലാ തൊഴിലും ഇന്ത്യയില്‍ നിന്നും കുടിയേറിയ തമിഴ് മക്കള്‍ അനുഭവിക്കേണ്ടി വന്നു. കുടിയേറ്റത്തിനു മുമ്പ് ഉണ്ടായിരുന്ന രാജതലമുറയുടെ പിന്‍തലമുറക്കാരായ തമിഴര്‍ക്കും, അഹിംസയുടെ പര്യായമെന്ന് അറിയപ്പെടുന്ന ബുദ്ധ മത വിശ്വാസികളായ സിഹളക്കാര്‍ക്കും ഇടയില്‍ സിലോണിന്റെ അവകാശത്തിന്‍ മേല്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇത്തരം ഒരു പ്രശ്നം നടക്കുന്ന സമയത്തായിരുന്നു തെക്കേന്ത്യയില്‍ നിന്നുമുള്ള തമിഴരുടെ കുടിയേറ്റം. പക്ഷേ, സ്വാതന്ത്ര്യ സമയത്ത് സിഹളക്കാര്‍ ഭരണം ഏറ്റെടുക്കുകയായിരുന്നു. 1948-ല്‍ ശ്രീലങ്കക്ക് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫന്‍ സെനനായകെ, ലക്ഷക്കണക്കിനു വരുന്ന തമിഴ് വംശജര്‍ക്ക് പൌരാവകാശം നിശേധിച്ചും, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടാവകശം നിശേധിച്ചും തമിഴ് ജനതയോട് അനീതി കാണിച്ചു. പ്രക്ഷോഭങ്ങളെ സൈനിക ബലം പ്രയോഗിച്ച് അടിച്ചൊതുക്കകയും ചെയ്തു. വിവാദങ്ങള്‍ ഒഴിവാക്കാനായിരിക്കണം, തമിഴ് വംശജര്‍ക്ക് രണ്ട് സീറ്റുകളും പാര്‍ലമെന്റില്‍ അദ്ദേഹം നീക്കിവെച്ചു. വീണ്ടും തുടര്‍ന്ന അവഹേളനത്തിന്റെ പ്രതിഷേധത്തില്‍ പങ്കു കൊള്ളാന്‍ ചില സിഹളക്കാരും തമിഴരോടൊപ്പം കൂട്ടു നിന്നു.

1954-ല്‍ ജനിച്ച പ്രഭാകരന്റെ ബാല്യം ഭയത്തിന്റെയും അതിരുകളുടേതുമായിരുന്നു, കൂടെ അച്ചടക്കത്തിന്റേയും. അച്ചന്‍ വേലുപ്പിള്ള ജോലി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സമയൊത്തൊക്കെ സംസാരത്തിലും, കടലാസ് തുണ്ടുകളിലും, കൂട്ടുകാര്‍ക്കിടയിലും തമിഴരോടുള്ള ക്രൂരത പങ്കു വെക്കുമായിരുന്നു. ചെറുപ്പം മുതലേ സ്വന്തം ജനതയുടെ ബുദ്ധിമുട്ടുകള്‍ അച്ചനില്‍ നിന്നു തന്നെ കേട്ട് വളര്‍ന്ന, പ്രഭാകരന്‍ വളര്‍ന്നതോടെ സുഭാഷ് ചന്ദ്ര ബോസിന്റേയും, ഭഗത് സിങിന്റേയുമൊക്കെ ആദര്‍ശങ്ങളില്‍ തല്പരനായി ആയുധം ഏന്തുകയായിരുന്നു. 1976-ല്‍ രൂപം കൊണ്ട തമിഴ് പുലി സംഘടന അഥവാ LTTE ക്ക് പല പട്ടാളക്കാരേയും, രാഷ്ട്രീയ നേതാക്കളേയും കൊന്നൊടുക്കുകയും, കുഴി ബോമ്പുകളേയും, ചാവേറുകളേയും സംഭാവന ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍ 1991 മെയ് 21-നു ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്കന്‍ പ്രസിഡന്റ് പ്രേമദാസ എന്നിവരെ വധിച്ചതോടെ തമിഴ് പുലികള്‍ക്ക് ലോക ശ്രദ്ധ നേടുകയും, അതോടൊപ്പം തന്നെ ലോകത്തിന്റെ വെറുപ്പും സമ്പാതിക്കാനായി. അതില്‍ മറ്റൊരു മുഖ്യകാരണം, സിംഹളരെ കൂടാതെ, തങ്ങളോട് വിയോജിപ്പുള്ള തമിഴരേയും അവര്‍ കൊന്നൊടുക്കുകയും ചെയ്തു. എന്നാണോ രാജീവ് ഗാന്ധിയെ പുലികള്‍ വധിച്ചത്, അന്ന് മുതല്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലുണ്ടായിരുന്ന നായക സ്ഥാനം പുലികള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ലോകത്തിലെ പല രാജ്യങ്ങളിലെ വ്യക്തികളോടുള്ള ബന്ധവും, വിദേശത്ത് നിന്ന് വരുന്ന പണവും കാരണം പുലികളുടെ വളര്‍ച്ച അതിവേഗമായിരുന്നു.

ഇത്തരം ഒരു ഭീകരത അനിയന്ത്രിതമായപ്പോഴാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രഭാകരനും, പുലികള്‍ക്കുമെതിരേ അതിരൂക്ഷമായ യുദ്ധം തുടങ്ങിയത്. രണ്ട്-മൂന്ന് വര്‍ഷം മുമ്പ് തന്നെ വളരെ ആസൂത്രിതമായും, അതി ശക്തമായും തുടങ്ങിയ സൈനിക നടപടി പുലികളുടെ ശക്തി കേന്ദ്രമായ കിളിനോച്ചി ജനുവരിയില്‍ ശ്രീലങ്കന്‍ സൈന്യം പിടിച്ചെടുത്തു. തുടര്‍ന്ന് മുല്ലത്തേവും മറ്റു പുലിത്താവളങ്ങളും, മറ്റു ശക്തി കേന്ദ്രങ്ങളും സൈനിക നടപടിയില്‍ പുലികള്‍ക്ക് ക്രമേണ നഷ്ടപ്പെട്ടു, കൂടെ നിരപരാധികളായ ഒരുപാട് സിവിലിയന്മാരുടെ രക്തവും ചിന്തി. എന്നിട്ടും, പോരാട്ട വീര്യം നഷ്ടപ്പെടാത്ത പുലികളെ സൈന്യം നാല് ദിക്കില്‍ നിന്നും വളയുകയായിരുന്നു. അവസാനം മുഖ്യധാരയിലുണ്ടായിരുന്ന പല പുലി നേതാക്കളുടെയും, സേനകളുടേയും മൃതദേഹങ്ങള്‍ഉടെ കൂടെ പ്രഭാകരന്റെ മൃതദേഹം പൊട്ടിത്തെറിച്ച തലയും, ബുള്ളറ്റുകള്‍ പതിഞ്ഞ, യൂണിഫോം ധരിച്ച ശരീരത്തോടെയും ലഭിക്കുകയായിരുന്നു.

ഈ യുദ്ധം തമിഴര്‍ക്കെതിരല്ല എന്നും പുലികള്‍ക്കെതിരെ മാത്രമാണെന്നും, തമിഴരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും, ആവര്‍ത്തിച്ചു പ്രസ്താവിക്കുന്ന രാജ്പക്ഷെയുടെ വാക്കുകള്‍ക്ക് നമുക്ക് വില കല്പിക്കാം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തമിഴരുടെ അവകാശങ്ങള്‍ക്കും, അവര്‍ നേരിടുന്ന അനീതികള്‍ക്കും മുറവിളിക്കാന്‍ ചിലപ്പോള്‍ ആയിരം പ്രഭാകരന്മാര്‍ നാളെ വന്നേക്കാം... കാരണം, തമിഴരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അതൊരു സ്വാതന്ത്ര്യ പ്രക്ഷോഭമായിരിക്കാം. എങ്കില്‍ അത് തീവ്രവാദി എന്ന പേരിനു കീഴ്പ്പെടാതെ ധീരമായ കാല്‍ വെപ്പായിരിക്കട്ടെ....

Sunday, May 17, 2009

കേരള സമൂഹം വിഡ്ഢികളല്ല

 പതിനഞ്ചാമത് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ പലര്‍ക്കും ആശകളും, മറ്റു പലര്‍ക്ക് നിരാശകളും നല്‍കി. കൂടാതെ എക്സിറ്റ് പോളുകളും, മറ്റു പ്രവചനങ്ങളുമൊക്കെ കാറ്റില്‍ പറത്തി ഇന്ത്യന്‍ സമൂഹം കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.പി.എ. വീണ്ടും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആഗ്രഹമായിരിക്കണം യാഥാര്‍ത്ഥ്യമായത്. മന്‍മോഹന്‍ സിങിന്റേയും, സോണിയാ ഗാന്ധിയുടേയും, രാഹുല്‍ ഗാന്ധിയുടേയും വിജയമാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ബി.ജെ.പി. ഉള്‍പെടുന്ന എന്‍.ഡി.എക്കും, ഇടത് നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിക്കും, നാലാം മുന്നണിക്കും, ഫലപ്രഖ്യാപനം വന്നതിന് ശേഷം ഏത് മുന്നണിയില്‍ തുടരണമെന്ന് ധാര്‍ഷ്ഠ്യം കാണിച്ച ലാലു, പവാര്‍, മായാവതി പോലുള്ള നേതാക്കന്മാര്‍ക്കൊക്കെ വലിയ തിരിച്ചടി തന്നെയാണ് ഈ ഫല പ്രഖ്യാപനത്തിലൂടെ നല്‍കിയത്.

 

പ്രാദേശിക ആവശ്യങ്ങളും, ജാതീയ ആവശ്യങ്ങളും ഈയിടെ അത്ര കണ്ട് വിജയം കണ്ടില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കപ്പെട്ടത്. അത് കൊണ്ടായിരിക്കണം, ഒരു ദേശീയ പാര്‍ട്ടിക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനു, ചരിത്രത്തില്‍ അപൂര്‍വമായി ഇത്രയധികം സീറ്റുകള്‍ നേടാനായത്. കൂടാതെ, വര്‍ഗ്ഗീയ ദ്രുവീകരണത്തില്‍ നിന്നും ഇന്ത്യ മുക്തി നേടുന്നു എന്ന ചില റിപ്പോര്‍ട്ടുകള്‍ക്ക് സാധ്യത കൂടുതലുള്ളതായും കാണന്നു. അടല്‍ ബിഹാരി വാജ്പേയ് നേതൃത്വം നല്‍കിയ കഴിഞ്ഞ കാലത്തെ ഭരണത്തെ നേട്ടങ്ങളും ഭാവി സ്വപ്നങ്ങളുമൊക്കെ പറഞ്ഞ് എങ്ങനെയെങ്കിലും, ഒരു തവണയെങ്കിലും പ്രധാനമന്ത്രി ആകണമെന്ന അദ്വാനിയുടെ വ്യാമോഹം ഇവിടെ കുഴിച്ച്മൂടപ്പെട്ടു. അദ്ദേഹത്തെ കൂടാതെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത ഉണ്ടെന്ന് ആശങ്കപ്പെട്ടിരുന്ന ശരത് പവാര്‍, ലാലു, മായാവതി എന്നിവരൊക്കെ വീണ്ടും സ്വന്തം കൂടുകള്‍ തിരയുകയാണ്. ദേശീയ പാര്‍ട്ടിയെന്ന ഖ്യാതി നശിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാവിയും വളരെ പരിതാപകരം തന്നെ.

 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ പല മണ്ഡലങ്ങളും, സംസ്ഥാനങ്ങളും ഈയിടെ ഉണ്ടായിരുന്നു. അതില്‍ നമ്മുടെ കൊച്ചു കേരളവും ഒരു തോതു വരെ ശ്രദ്ധ പിടിച്ചു പറ്റി. ഡല്‍ഹി, പശ്ചിമ ബംഗാള്‍, ബീഹാര്‍, ജമ്മു കാശ്മീര്‍, ഉത്തര്‍ പ്രദേശ് പോലുള്ള നിരവധി സംസ്ഥാനങ്ങളും, പ്രജാ രാജ്യം അധ്യക്ഷനും സിനിമാ നടനുമായ ചിരഞ്ജീവി, ആഭ്യന്തര മന്ത്രി ചിതംബരം, ജയലളിത പോലുള്ള നേതാക്കളുടെയോ പാര്‍ട്ടിയുടെയോ വിജയ പരാജയങ്ങള്‍ ഇന്ത്യ ഉറ്റുനോക്കി. അതിനിടെ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി പീറ്റര്‍ ബെര്‍ളി അദ്വാനിയുമായും, ചിരഞ്ജീവിയുമായും, ചന്ദ്രബാബു നായിഡുമായും നടത്തിയ കൂടിക്കാഴ്ച ഏറെ വിവാദമുണ്ടാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇപ്രാവശ്യം അടിതെറ്റി. പല പാര്‍ട്ടി നേതാക്കന്മാരുമായും നടത്തിയ ചര്‍ച്ച ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലും, ജനാധിപത്യത്തിലും അമേരിക്കന്‍ കൈകടത്തലുകള്‍ നടത്തുന്നതിനു വേണ്ടിയായിരുന്നെങ്കില്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറഞ്ഞത് പോലെ ഗുരുതരമായ തെറ്റു തന്നെ.

 

കമ്മ്യൂണിസ്റ്റ് ഉരുക്ക് കോട്ടയെന്ന് അറിയപ്പെടുന്ന ബംഗാളില്‍ വളരെയധികം അടിയൊഴുക്കാണ് പാര്‍ട്ടിക്ക് പറ്റിയത്. പാര്‍ട്ടി അണികള്‍ പോലീസിന്റെ സഹായത്തോട് കൂടി നടത്തിയ കലാപങ്ങള്‍ക്കും, ന്യൂനപക്ഷ അവകാശങ്ങള്‍ മൂടിവെച്ചതിനും കിട്ടിയ തിരിച്ചടിയാണ് ബുദ്ധദേവിനും പ്രകാശ് കാരാട്ടിനും അലോസരമുണ്ടാക്കിയിട്ടുള്ളത്.

 

കേരളത്തെ സംബന്ധിച്ചിടത്തോളം ഇടതിനു വലിയൊരു വീഴ്ചയാണ് സംഭവിച്ചത്. രണ്ട് രൂപക്ക് പാവപ്പെട്ടവര്‍ക്ക് അരി വിതരണം നടത്തിയിട്ടും, കര്‍ഷക ആത്മഹത്യാ നിരക്ക് കുറച്ചിട്ടും, സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം ടെര്‍മിനല്‍ പദ്ധതി പോലുള്ള ദേശീയ പ്രാധാന്യമുള്ളതും തൊഴിലധിഷ്ഠിതവും, സാമ്പത്തിക വളര്‍ച്ചയുള്ളതുമായ പല നേട്ടങ്ങളും ഇടത് പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാണിച്ചു. തൊഴിലാളികള്‍ക്ക് കൂടുതല്‍ സൌകര്യപ്രദമായ ബത്തകള്‍ പ്രഖ്യാപിച്ചിട്ടും, തൊഴിലാളി സമൂഹം കൂടുതലുള്ള കേരളവും ബംഗാളും കമ്മ്യൂണിസത്തെ കൈവിട്ടത് അതിശയം എന്ന് പറയുന്നതിലേറെ നല്ലത് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വിഡ്ഢികളായ ജനത്തെ വീണ്ടും വിഡ്ഢികളാക്കാന്‍ കഴിയില്ല എന്നത് തന്നെയാണ്. (സ്വാമി വിവേകാനന്ദന്റെ ഭ്രാന്താലയം ഉയര്‍ത്തെഴുന്നേല്‍ക്കുകയാണോ? ഒരു കമ്മ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) സന്തത സഹചാരിക്ക് ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരമാണ് പോളിറ്റ് ബ്യൂറോ അംഗത്വം എന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം വിവാദമുണ്ടാക്കിയ രണ്ട് മഹാന്മാക്കളും അതില്‍ അംഗത്വമുള്ളവരാണ്. അതായത് പാര്‍ട്ടി സെക്രട്ടറി സഖാവ് പിണറായി വിജയനും, ബഹുമാനപ്പെട്ട മുഖ്യന്‍ സഖാവ് വി.എസും. ഇത്രയും കാലം ഇവര്‍ കാട്ടിക്കൂട്ടിയ കോപ്രായത്തരങ്ങള്‍ക്കുള്ള മറുപടി തന്നെയാണ് ഈ തോല്‍വി. അത് ഈ രണ്ട് നേതാക്കന്മാരും അംഗീകരിച്ചാലും, ഇല്ലെങ്കിലും, കേരള സമൂഹത്തിന് അങ്ങനെയേ വിധിയെഴുതാന്‍ കഴിയൂ. ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ, എല്ലാം സ്വന്തം കാല്‍കീഴിലാക്കണം എന്ന ധാര്‍ഷ്ഠ്യം ഉള്ളത് കൊണ്ടായിരുന്നു പല രാഷ്ട്രീയ സംഘടനകളും ഇടത് പക്ഷത്തില്‍ നിന്നും പിന്‍മാറിയത്. അതിനു പകരം ഏറെ വിവാദമുണ്ടാക്കിയവരെ കൂടെ കൊണ്ട് നടന്നു. അത്കൂടാതെ ലാവലിന്‍ എന്ന വിഷയം, കിളിരൂര്‍, പിഡിപി ബന്ധം എന്നിവക്കൊന്നും ഉചിതമായ മറുപടി പറയാതെ കേരള സമൂഹത്തെ കൊഞ്ഞനം കുത്തി കാണിച്ചു. 

പെണ്‍ വിവാദത്തില്‍ കുറ്റാരോപിതനായ പി.ജെ. ജോസഫും, മണ്‍ വിവാദത്തില്‍ കുടുങ്ങിയ ടി.യു. കുരുവിളയും കഴിഞ്ഞ നാലുകളില്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കുറ്റാരോപണം നടത്തിയ കുരുവിളയെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുകയും, വളരെ പെട്ടന്ന് തന്നെ അന്വേഷണ നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്ത വി. എസ്. സര്‍ക്കാര്‍ പി. ജെ ജോസഫിന്റെ കാര്യത്തിലും സമാനമായ നടപടി തന്നെ എടുത്തു എന്നു വേണം പറയാന്‍. അത്കൊണ്ട് തന്നെയായിരുന്നു കുരുവിളയുടെ ഇരിപ്പിടത്തിലേക്ക് മോന്‍സ് ജോസഫിനെ നിര്‍ദ്ദേശിച്ചതും. എന്നാല്‍ അതേ വി.എസിനു പിണറായിയുടെ കാര്യത്തില്‍ ഒറ്റപ്പെടലുകളാണ് ഉണ്ടായത്. പഴഞ്ചെനെന്ന് വരെ കൂടെയുള്ള സഖാക്കന്മാര്‍ വിളിച്ചു കളിയാക്കി. പിണറായി വിജയനാണെങ്കില്‍ എല്ലാം വെട്ടി ക്കിഴ്പ്പെടുത്തുന്ന തത്രപാടിലാണു താനും. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മേല്‍ ആരോപിക്കപ്പെട്ട പെണ്‍ വിഷയത്തില്‍ ഘോരഘോരം പ്രസംഗിച്ചും പ്രതിഷേധം അറിയിക്കുകയും ചെയ്ത വി.എസിന്, ഭരണം കിട്ടിയപ്പോള്‍ കിളിരൂര്‍ കേസില്‍ ഏറെ വിവാദമുണ്ടാക്കിയ, മൂക്കിന്‍ താഴെ ഇരിക്കുന്ന വി.ഐ.പി.യുടെ പേര് പറയാന്‍ ഭയക്കുന്നു.

 

ഇങ്ങനെ തുടങ്ങുന്ന കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചെയ്തികള്‍ കണ്ട് നില്‍ക്കുന്ന മലയാളി സമൂഹം ഒരു സ്വരത്തോടെ ചോദിക്കുന്ന ചോദ്യമാണ് ജനതാദള്‍ നേതാവ് ശ്രീ എം. പി. വീരേന്ദ്രകുമാര്‍ ചോദിച്ചത്: മടിയില്‍ കനമില്ലെങ്കില്‍ എന്തിനു എണീക്കാന്‍ ഭയക്കണം?

Monday, March 30, 2009

അപരന്മാരുടെ ചാകര

പതിനഞ്ചാമത് ലോകസഭാ ഇലക്ഷന്‍ പ്രഖ്യാപിച്ച്, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന്‍ തിയ്യതി ഇന്ന് തീരുമ്പോള്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ സ്ഥാനം പിടിച്ചത് അപരന്മാര്‍. കേരളത്തിലെ പ്രമുഖരായ മിക്ക നേതാക്കള്‍ക്കെല്ലാം ഈ അപരന്മാരുണ്ടെന്നത് ഇവരെ ആവലാതിപ്പെടുത്തുന്നു. സ്വന്തം പേരുകളുമായി സാദൃശ്യമുള്ളതായത് കൊണ്ട് തങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകളെല്ലാം അപരന്മാര്‍ക്ക് കിട്ടിപ്പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 2004-ല്‍ നടന്ന ലോകസഭയിലേക്കും വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലേക്കും നടന്ന തെരഞ്ഞെടുപ്പിലും ഈയൊരു പ്രവണത കണ്ടിരുന്നു. അന്നത്തെ ജനസമ്മതനായ വി.എം. സുധീരന്‍ ആലപ്പുഴയില്‍ നിന്നും ആയിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ തന്റെ അപരനായി മത്സരിച്ച വി.എസ് സുധീരന്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. അത് പോലെ തന്നെ മുന്‍ വൈദ്യുത മന്ത്രിയും, മുന്‍ കെ.പി.സി.സി. പ്രസിഡന്റും, ഇന്നത്തെ എന്‍.സി.പി. നേതാവും, കരുണാകരന്റെ ഒരേയൊരു മകനുമായ കെ. മുരളീധരനും അപരനുണ്ടായിരുന്നത്ത് ചിലപ്പോള്‍ അത്ര കണ്ട് ഫലം ചെയ്തോ എന്ന് സംശയമുണ്ടെങ്കില്‍ കൂടിയും അത് അദ്ദേഹത്തേയും പാര്‍ട്ടിയേയും തളര്‍ത്തിയിരുന്നു.

എന്നാല്‍ അവസാന പട്ടിക ഇന്ന് പുറത്ത് വിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാളേറെ അപരന്മാരെയാണ് എതിര്‍പാര്‍ട്ടികളുടെ സഹായത്തോട് കൂടിയോ അല്ലാതെയോ വന്നിട്ടുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന കോട്ടയം ജില്ലയിലെ 24 പേരില്‍ 8 പേരും അപരന്മാരാണ്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ശ്രീ പി. സുരേഷ് കുറിപ്പിനു അഞ്ച് അപരന്മാരാണ് മത്സര രംഗത്തുള്ളത്. ഇതേ മണ്ഡലത്തിലെ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിയാ‍യ മുന്‍ റവന്യു മന്ത്രിയായ കെ. മാണിയുടെ പുത്രനും യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുമായ ജോസ് കെ. മാണിക്ക് മൂന്ന് അപരന്മാരാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരു അപരന്റെ പേരും ജോസ് കെ. മാണി എന്ന് തന്നെയാണ്. അദ്ദേഹത്തിന്റെ അച്ഛന്റെ പേരും കെ. മാണി എന്നു തന്നെയാണെന്നതാണ് പ്രത്യേകത.

ഇസ്രായേലിന്റെ നരനായാട്ടിനെ അനുകൂലിച്ചും, നെഹ്റു-ഗാന്ധി കുടുംബത്തെ ഒന്നടങ്കം തന്റെ പുസ്തകത്തിലൂടെ ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആള്‍ എന്ന ഖ്യാതിയുള്ളതും, മുന്‍ യു.എന്‍. അണ്ടര്‍ സെക്രട്ടറിയും, രാജ്യാന്തര നയതന്ത്രഞ്ജനും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായ ശശി തരൂരിന് രണ്ട് അപരന്മാരാണുള്ളത്. അതേ പേരുള്ള ശശി തരൂരും, ശശി അരൂരും മത്സരിക്കുന്നു. വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. സീതാദേവിയെ കൂടാതെ രണ്ട് പി. സീതാദേവിമാരാണുള്ളത്. അത് പോലെ തന്നെ കോഴിക്കോട്ടെ ഇടത് സ്ഥാനാര്‍ത്ഥിയായ അഡ്വ. മുഹമ്മദ് റിയാസിന് രണ്ട് അപരന്മാരാണുള്ളത്. കോഴിക്കോട്ടെ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.കെ. രാഘവനുള്ളതും രണ്ട് അപരന്മാര് തന്നെ. പല ഞാഞ്ഞൂലുകളുടെ മേധാവിത്വം കൊണ്ടും, വിധേയത്വം കൊണ്ടും ഭയം കൊണ്ടും വളരെ പ്രശസ്തമായ പൊന്നാനിയില്‍ ഇടതിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ. ഹുസൈന്‍ രണ്ടത്താണിക്കും ഈ അപരന്മാരുടെ ബാധയും പിടിപെട്ടത് വളരെ ശ്രദ്ധേയമാണ്. ഹുസൈന്‍ രണ്ടത്താണിയും ഡോ. ഹുസ്സൈനും, ഹുസ്സൈന്‍ എടയത്തും ആണ് അദ്ദേഹത്തിന്റെ ആത്മാവിനെ പിടികൂടിയിരിക്കുന്നത്. കൂടാതെ മലപ്പുറത്തെ ഇടത് സ്ഥാനാര്‍ത്ഥിയായ ടി.കെ ഹംസക്കും അപരന്മാരുടെ ഭീഷണിയുണ്ട്. മൂന്ന് അപരന്മാരാണ് അദ്ദേഹത്തിന്റെ വോട്ടുകള്‍ മറിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

എന്തായാലും എതിരാളിയെ തോല്‍പ്പിക്കാന്‍ എന്തു നെറികെട്ട കരു നീക്കങ്ങളും ശത്രുപക്ഷം നടത്തുന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ്. ആരെല്ലാം തോല്ല്ക്കും, ആരെല്ലാം ജയിക്കുമെന്ന് നിരോധിക്കപ്പെട്ട എക്സിറ്റ് പോളിനും നിര്‍വചിക്കാന്‍ പറ്റാത്ത വിധം ചതിക്കുഴികള്‍ നിറച്ച് വെച്ചിരിക്കുകയാണ്. ഏവരും വിജയം ഉറപ്പാക്കിയ വി.എം. സുധീരന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം നമ്മെ ഇത്തരം ഒരു ചിന്ത ഉണര്‍ത്തുന്നു. നമ്മെ മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളേയും നിരീക്ഷകരേയും.............

എന്തായാലും എല്ലാം കാത്തിരുന്നു കാണാം...

Monday, March 16, 2009

പ്രവാസികളും വോട്ടവകാശവും

ഏപ്രില്‍-മെയ് മാസത്തെ വേനല്‍ ചൂടിന് മാറ്റേകാന്‍ പതിനഞ്ചാമത് ലോകസഭാ തെരഞ്ഞെടുപ്പും കൂടെയുണ്ടായിട്ടും, ഇടതന്മാരുടെ പൊന്നാനിയും കോഴിക്കോടും, കൊല്ലവും വയനാടും, മറ്റു പല സീറ്റുകള്‍ക്കും വേണ്ടി കടിപിടികൂടുന്ന സമയത്ത് തന്നെ യുവ കോണ്‍ഗ്രസിലുണ്ടായ വെട്ടിപ്പിടുത്തങ്ങളും തകൃതിയായി നടക്കുമ്പോള്‍ ജനങ്ങളുടെ പരാതികളും പരിഭവങ്ങളും ശ്രദ്ധിക്കാതെ പോകുന്നു. കൂടാതെ, അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും അതിനു പരിഹാര മാര്‍ഗ്ഗമെന്നോണം പ്രകടനപത്രികകളിലെങ്കിലും ജനങ്ങളുടെ മാന്യമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും, അതില്‍ ഉറപ്പ് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാനും ഒരു കക്ഷികളും തയ്യാറാവുന്നില്ല എന്ന സത്യം ഏവരും തെരഞ്ഞെടുപ്പ് വേളയില്‍ ഓര്‍ക്കാറുണ്ടെങ്കിലും, അതിനു ശേഷം മറന്നുപോകുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒരുകാര്യമാ‍ണ് പ്രവാസികള്‍ക്കുള്ള വോട്ടാവകാശം. ഇന്നേവരെ ഒരു കക്ഷികളും പ്രവാസ വോട്ടാവകാശത്തെ പറ്റി സംസാരിച്ചിട്ടില്ല എന്ന സത്യം ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. അല്പസ്വല്പമായി രാഷ്ട്രീയ സംഘടനകളോട് ആഭിമുഖ്യമുള്ളതും അല്ലാത്തതുമായ ചില പ്രവാസ സംഘടനകള്‍ വല്ലപ്പോഴുമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്നേ വരെ എങ്ങും എത്തിയിട്ടില്ല.
ഗള്‍ഫ്-യൂറോപ്യന്‍-മറ്റു രാജ്യങ്ങളില്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-സംസ്ഥാനങ്ങള്‍ക്കതീതമായി ഒന്നിച്ച് വസിക്കുന്ന ഇന്ത്യന്‍ പ്രവാസ സമൂഹത്തോട് ചെയാവുന്ന ഏറ്റവും വലിയ വഞ്ചനയാണ് രാഷ്ട്രീയ നായകന്മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 20 ലക്ഷത്തോളം വരുന്ന മലയാളികള്‍ മാത്രമല്ല പ്രവാസികളായുള്ളത് എന്നത് നാം സ്മരിക്കേണ്ടതുണ്ട്. കൂടാതെ ഇന്ത്യന്‍ സമ്പത്ഘടനയുടെ അവിഭാജ്യഘടകമായ പ്രവാസി സമൂഹത്തിനോടുള്ള മാറി മാറി വരുന്ന ഭരണവര്‍ഗ്ഗങ്ങള്‍ പല രീതിയിലും പ്രവാസ സമൂഹത്തെ അവഹേളിച്ചിട്ടുണ്ട്.

അവസാനമായി ആഗോള സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴും നമ്മുടെ മഹാനായ വയലാര്‍ജി പറഞ്ഞത് “100 കോടിയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭ രണ്ട് മാസത്തേക്ക് പരിഗണയില്‍ വച്ചിട്ടുണ്ട്” എന്നാണ്. ഇത്തരം ഒരു പ്രഖ്യാപനം കൊണ്ട് വന്നത് ഫെബ്രുവരിയിലായിരുന്നു. ഏപ്രില്‍-മെയ് മാസങ്ങളിലായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് രണ്ട് മാസത്തേക്ക് പരിഗണനയില്‍ വെച്ചിട്ടുണ്ടെന്ന് പറയാന്‍ മഹാനായ “ജി”ക്ക് എന്ത് അവകാശം? അല്ലെങ്കില്‍ ഇത്തരം ഒരു പ്രഖ്യാപനത്തെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്ന് അദ്ദേഹത്തിനെന്തുറപ്പുണ്ട്? എന്നിട്ടും നമ്മുടെ പ്രവാസ സമൂഹം അത് കാള പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുത്തത് പോലെ ഒരുപാട് കൊട്ടിഘോഷിച്ചു. പ്രവാസ മേഖലകളിലെ റേഡിയോകളിലും പത്രങ്ങളിലും, ടി.വി.കളിലും വാ തോരാതെ ഇതിനെ കുറിച്ച് സംസാരിച്ചു. ഇത് പോലെ തന്നെയാണ് പ്രവാസികള്‍ക്ക് നഷ്ടപ്പെട്ട സമ്മതിദാനാവകാശവും. അതായത് പ്രവാസികള്‍ ഒരു ഇന്ത്യക്കാരല്ല എന്നതിന്റെ അര്‍ത്ഥം എന്ന് വേണമെങ്കില്‍ പറയാം. ഇവിടെ വോട്ടാവകാശം ഇന്ത്യന്‍ സ്ഥിരനിവാസികള്‍ക്കേ ഉള്ളൂ എന്ന ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. അതായത് ഇന്നേ വരെ നമ്മുടെ ഭരണഘടനയില്‍ NRI ആരാണെന്ന് വിവക്ഷിക്കപ്പെട്ടിട്ടില്ല. സ്ഥിരതാമസക്കാരന്‍ എന്നത് വിവക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ പെടാത്ത ഒരു വര്‍ഗ്ഗമായി പ്രവാസി മാറുന്നു. വോട്ടവാകാശം വേണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പ്രവാസിയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇത് ഒരു കേട്ടുകേള്‍വി മാത്രമാണ് ഇത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെ വിദേശവാസികള്‍ക്ക് അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്ന ഈ കാലഘട്ടത്ത് ലോകത്തിലെ ഏറ്റവ്വും വലിയ ജനാധിപത്യ രാജ്യമായി അറിയപ്പെടുന്ന ഇന്ത്യയില്‍ ഇത്തരം ഒരു സംവിധാനമില്ല എന്നത് ലജ്ജാകരം തന്നെയാണ്. ഇന്ത്യന്‍ രാഷ്ട്രീയ കൊത്തളമായ പാര്‍ലിമെന്റ് ഭേദഗതി ചെയ്യാത്തിടത്തോളം കാലം സുപ്രീം കോടതിക്ക് വരെ ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതല്ലെങ്കില്‍ ഒരു വന്‍വികാരം ഇന്ത്യക്കകത്ത് ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ ചിലപ്പോള്‍ ജനവികാരത്തെ മാനിച്ച് സുപ്രീംകോടതി ഇടപെടാനുള്ള സാധ്യത ഏറെയാണ്. അതിന് ഇന്ത്യക്കകത്തായാലും പുറത്തായാലും തടസ്സങ്ങളൊന്നുമില്ല എന്നിരിക്കെ ഏവര്‍ക്കും ഈയൊരു (പുറമേ നിന്നു കാണുമ്പോള്‍) സമ്പത് സ്രോതസ്സായതും എന്നാല്‍ ഇത്തരം അവകാശങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടതുമായ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഏവരും പ്രയത്നിക്കുമെന്ന് ആശിക്കുന്നു.