Thursday, August 7, 2008

ആദംസ് ആപ്പിള്‍ അഥവാ അനുസരണക്കേട്

“ആദം സ്വര്‍ഗ്ഗത്തില്‍ ഒറ്റക്ക് ഉലാത്തിയിരുന്ന കാലം, പാവം തോന്നിയ ദൈവം കൂട്ടിനു ഹവ്വയേയും പടച്ചു. അങ്ങനെ അവരിരുപേരും സന്തുഷ്ടമായി കഴിയുന്ന കാലം. അന്നു മുതലേ പിന്തിരിപ്പനായ സാത്താന് ഒരു ബുദ്ധി: ഇവരേയും ഒന്ന് കളിപ്പിച്ചാലോ എന്ന്. ഹവ്വയോട് ഒരു മരത്തിലെ കനി തിന്നാന്‍ മന്ത്രിച്ചു. ആദമിന്റെ അടുത്ത് വിഷയം അവതരിപ്പിച്ചു. കഴിക്കാന്‍ പോയ ആദമിനോട് ആ കനി വിലക്കപ്പെട്ടതാണെന്നും, അത് കഴിക്കരുതെന്നും കല്പിച്ചു. പക്ഷേ, സാത്താന്റെ പ്രേരണ മൂലം, ഹവ്വയുടെ ശാഠ്യം കൂടി. അങ്ങനെ കനി പറിച്ച് ആദം കഴിക്കുന്നതിനിടെ ദൈവം തൊണ്ടയില്‍ പിടിച്ച് വലിച്ചെടുത്തു. അങ്ങനെ ആദമിന്റെ തൊണ്ടയിലെ മുഴക്ക് ആദംസ് ആപ്പിള്‍ എന്ന പേരും വന്നു, തന്നെയുമല്ല, മനുഷ്യ കുലത്തെ നേരെ ഭൂമിയിലേക്ക് ആട്ടിയോടിക്കുകയും ചെയ്തു.” -ഇത്രയും അന്നത്തെ കഥ.

ഇനി ഇന്നത്തെ കഥ: പൊതുവെ ഞാനുള്‍കൊള്ളുന്ന സമൂഹത്തിന് പ്രത്യേകിച്ച് മലയാളികള്‍ക്ക് ഒരു ഗുണമുണ്ട്. താന്‍ എന്ത് ഉദ്ധേശിക്കുന്നുവോ അത് നേടിയിരിക്കണം എന്ന്. നല്ല കാര്യം തന്നെ; പക്ഷേ അത് നിയമങ്ങള്‍ കയ്യിലെടുത്തിട്ടാണെങ്കില്‍ അതിനെ അഹങ്കാരമെന്നോ താന്തോന്നിത്തരമെന്നോ അല്ലേ വിളിക്കേണ്ടത്. ഉദാഹരണമായി, നമ്മുടെ നാട്ടില്‍ കൊണ്ട് വരുന്ന പല നിയമങ്ങള്‍: പുകവലി നിരോധനം, ഇരു ചക്ര യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കല്‍, സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കല്‍, അങ്ങനെ തുടരുന്നു ചെറുതും വലുതുമായ നിയമങ്ങളും, നിയമ ലംഘനങ്ങളും. (നിയമ പാലകര്‍ തന്നെ നിയമം കയ്യിലെടുത്ത് കഴിഞ്ഞാല്‍ എങ്ങനെ നാട്ടുകാര്‍ ജീവിക്കും.) ഏത് സര്‍ക്കാറായിക്കൊള്ളട്ടെ, പൊതുജന സേവക്ക് കൊണ്ട് വരുന്ന നിയമങ്ങള്‍ നാം പാലിക്കപ്പെടേണ്ടതുണ്ട്. അതുമല്ലങ്കില്‍, ലംഘിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ, കയ്യൂക്കുള്ള വ്യക്തി(യോ)കളോ, അല്ലെങ്കില്‍ സംഘടനകളോ, തങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടില്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നു.

എന്നാല്‍ ഇത് പ്രവാസികളില്‍ നോക്കുക, ഇത് ഒരു വിചിത്രം തന്നെ. താനൊരു മലയാളി തന്നെയോ എന്ന് സ്വയം സശയിച്ച് പോകും. അതായത് ആ നാട്ടിലെ നിയമങ്ങള്‍ അക്ഷരം പ്രതി നാം അനുസരിക്കുന്നു. മേല്‍പറഞ്ഞ ഉദാഹരണങ്ങള്‍ തന്നെ ശ്രദ്ധിക്കുക, അത്തരം നിയമങ്ങളോ അല്ലെങ്കില്‍ സാമ്യത പുലര്‍ത്തുന്നതോ ആയ നിയമങ്ങള്‍ എന്തൊരു വിനയത്വത്തോട് കൂടി നാം പാലിക്കുന്നു. അതല്ലെങ്കില്‍, തനിക്ക് നന്നായിഅറിയാം, ജീവിതം പിഴയടച്ച് തീര്‍ക്കേണ്ടി വരുമെന്ന്. ഈ രണ്ട് മുഖങ്ങള്‍ നമുക്കെങ്ങിനെ സാധിക്കുന്നു? അല്ലെങ്കില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്ത് കൊണ്ട് നിയമങ്ങളെ ചോദ്യം ചെയ്യുകയോ കയ്യിലെടുക്കുകയോ ചെയ്യുന്നു? നിയമ ലംഘനത്തിന് ഗള്‍ഫ് രാജ്യങ്ങളിലെ പോലെ പിഴ ഈടാക്കാത്തതിനാലാണോ ഇത്?

ദൈവത്തിന്റെ കല്പന പോലും നിശേധിച്ച് അപ്പിള്‍ കഴിച്ച ആദമിന്റെ കഥ പോലെ, കല്‍പനകള്‍ കാറ്റില്‍ പറത്തി നമ്മുടെ തന്നിഷ്ടങ്ങള്‍ നടപ്പിലാക്കുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ ഭാവിയോ, ഭാവി തലമുറയോ അതുമല്ലെങ്കില്‍ മറ്റുള്ളവന്റെ മനുഷ്യാവകാശങ്ങളോ ആണ്.

No comments: