പെരിന്തല്‍മണ്ണ പോളി ടെക്നിക്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കഴിഞ്ഞ് ചുറ്റിക്കറങ്ങുന്ന കാലം. അതിനിടയില്‍ ഫൈനല്‍ ഇയര്‍ കഴിഞ്ഞവര്‍ക്ക് ഒരു ജോബ് കൌണ്‍സിലിങ് നടത്തി. അതില്‍ ഒരു കമ്പ്യൂട്ടര്‍ അക്കാദമിയുടെ സ്റ്റാളിനോട് ഒരു പ്രത്യേക ആകര്‍ഷണീയത തോന്നി. കൌണ്‍സിലിങ് നടത്തിയിരുന്നത് രണ്ട് സുന്ദരിമാര്‍. അങ്ങനെ അവരുടെ മനം മയക്കുന്ന സംസാരത്തില്‍, ഞാനും, ഒന്ന്-രണ്ട് കൂട്ടുകാരും വീണു. ആറ് മാസത്തെ കോഴ്സിന് എന്നെ സംബന്ധിച്ച് നോക്കുമ്പോള്‍ എനിക്കൊരു വലിയ തുക തന്നെ അടക്കേണ്ടി വന്നു. വീട്ടുകാരുടെ സ്വപ്നങ്ങള്‍ പലതുമായിരുന്നു. പക്ഷേ, എനിക്കല്ലേ അറിയൂ, എന്റെ തലയില്‍ ഒന്നുമില്ല എന്നതും, പരീക്ഷകളില്‍ പലതും ജയിച്ചത് കോപ്പി അടിച്ചിട്ടായിരുന്നു എന്നതും.
അങ്ങനെ ഒരു വെല്ലുവിളിയാട്ട് തന്നെ (സുന്ദരിമാര്‍ ഇടക്കിടക്ക് കോഴിസിന്റെ അഡ്മിഷനെ പറ്റി ചോദിക്കാന്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഒരു വെല്ലുവിളി സ്വയം ഉണ്ടാകുകയായിരുന്നു) ഏറ്റെടുത്ത്, കോഴ്സിന് പോകാന്‍ തുടങ്ങി. വെല്ലുവിളി ആയത് കൊണ്ട് വീട്ടില്‍ നിന്നും പൈസയും തന്നില്ല. അങ്ങനെ ഒരു ഹോട്ടലില്‍ കാഷ്യറായി പണിയെടുത്ത് പഠനം തുടര്‍ന്നു.
ക്ലാസ്സിലെന്നും അദ്ധ്യാപകര്‍ക്ക് ഞാനൊരു തലവേദനായിരുന്നു. സിലബസിലില്ലാത്തോരോ ചോദ്യങ്ങളും, “ഞെളിയലും, പിരിയലുമൊക്കെ” എന്റെ ഒരു സ്വഭാവമായിരുന്നു. (ഈ ഞെളിയലും പിരിയലും കാരണം സ്ക്കൂളില്‍ എനിക്ക് സുനില്‍ മാഷ് ഐസോട്ടോപ്പ് എന്ന് ചെല്ലപ്പേര് ഇട്ടു തന്നു). പക്ഷേ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അറിയാത്ത സാറിന് (ഇയാള്‍ പ്ലയ്സ്മെന്റ് വഴി അവിടെ ജോലികുട്ടി പുതുതായി വാദ്യാര്‍ പണി തുടങ്ങിയതായിരുന്നു) എന്നും ഞാനൊരു കരടായിരുന്നു. എന്നാല്‍ റിസപ്ഷനിലെ ഒരു അച്ചായത്തി പെണ്‍കുട്ടി എന്നെ പ്രേമിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അവളുടെ വാക്കിലും പ്രവര്‍ത്തിയിലും എന്നെ കാണിച്ചു. ഇതിനിടയില്‍ അവളുടെ വീട്ടിലേക്ക് എന്നെ ക്ഷണിച്ച് മമ്മിയേയും, അച്ചാച്ചനേയുമൊക്കെ പരിചയപ്പെടുത്തി, സല്‍കരിച്ചു. അപ്പോള്‍ തന്നെ എനിക്ക് പന്തികേടല്ലാം തോന്നിയിരുന്നു. പക്ഷേ തിരിച്ച് എനിക്ക് പ്രേമം ഇല്ലെങ്കിലും അവളുടെ സ്നേഹത്തെ അറിയുന്നതിന് മുമ്പ് തന്നെ അക്കാദമിയില്‍ നിന്നും എന്നെ പുറത്താക്കി, കാരണം എന്റെ കോഴ്സ് അപ്പോഴേക്കും കഴിഞ്ഞിരുന്നു. അങ്ങനെ അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ടെന്ന് പറയാല്ലോ.