Wednesday, May 20, 2009

പ്രഭാകരന്റെ അന്ത്യം... ശ്രീലങ്കന്‍ തമിഴന്റേയും...

ഇന്നലെ, അഥവാ മെയ് 18, ശ്രീലങ്കന്‍ പ്രസിഡന്റ് മഹേന്ദ്ര രാജ്പക്സെയുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ അസുലഭ ദിനം. LTTE ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിള്‍ ഈഴം എന്ന തമിഴ് പുലികളുടെ അന്ത്യം, അഥവാ, പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ അന്ത്യം രാജ്പക്സെ ഒരര്‍ത്ഥത്തില്‍ ആഘോഷിക്കുകയായിരുന്നു. തന്‍നിമിത്തം ആഭ്യന്തര കലഹങ്ങള്‍ മുഴുവനായും അവസാനിച്ചു എന്ന ശ്രീലങ്കന്‍ സര്‍ക്കാറിന്റെ വാദത്തിനു പ്രാധാന്യം ഏറെയാണ്. പ്രഭാകരനെ കൂടാതെ തന്റെ മകന്‍ ചാള്‍സ് ആന്റണി ഉള്‍പ്പെടെ തമിഴ് പുലികളുടെ നേതൃ നിരയടക്കം തമിഴ് പുലി എന്ന സംഘടന ശ്രീലങ്കയില്‍ നാമാവശേഷമായി. പ്രഭാകരന്റെ മരണത്തില്‍ പലരും ആഹ്ലാദിക്കുന്നതിനോടൊപ്പം, മറ്റു പലര്‍, ദുഃഖിതരായി പ്രതിഷേധ പരിപാടികളില്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് കാണുന്നതും ഒരു യാഥാര്‍ത്ഥ്യം.

നൂറ്റാണ്ട് മുമ്പ് തോട്ടകൃഷിക്കും, മറ്റും വേണ്ടി തമിഴ് വംശജര്‍ പഴയ സിലോണിലേക്ക് എത്തുകയായിരുന്നു. ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന അന്നത്തെ സിലോണ്‍ ഭരണാധികാരികളുടെ കൊടും ക്രൂരതയും, വേതനമില്ലാ തൊഴിലും ഇന്ത്യയില്‍ നിന്നും കുടിയേറിയ തമിഴ് മക്കള്‍ അനുഭവിക്കേണ്ടി വന്നു. കുടിയേറ്റത്തിനു മുമ്പ് ഉണ്ടായിരുന്ന രാജതലമുറയുടെ പിന്‍തലമുറക്കാരായ തമിഴര്‍ക്കും, അഹിംസയുടെ പര്യായമെന്ന് അറിയപ്പെടുന്ന ബുദ്ധ മത വിശ്വാസികളായ സിഹളക്കാര്‍ക്കും ഇടയില്‍ സിലോണിന്റെ അവകാശത്തിന്‍ മേല്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇത്തരം ഒരു പ്രശ്നം നടക്കുന്ന സമയത്തായിരുന്നു തെക്കേന്ത്യയില്‍ നിന്നുമുള്ള തമിഴരുടെ കുടിയേറ്റം. പക്ഷേ, സ്വാതന്ത്ര്യ സമയത്ത് സിഹളക്കാര്‍ ഭരണം ഏറ്റെടുക്കുകയായിരുന്നു. 1948-ല്‍ ശ്രീലങ്കക്ക് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫന്‍ സെനനായകെ, ലക്ഷക്കണക്കിനു വരുന്ന തമിഴ് വംശജര്‍ക്ക് പൌരാവകാശം നിശേധിച്ചും, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടാവകശം നിശേധിച്ചും തമിഴ് ജനതയോട് അനീതി കാണിച്ചു. പ്രക്ഷോഭങ്ങളെ സൈനിക ബലം പ്രയോഗിച്ച് അടിച്ചൊതുക്കകയും ചെയ്തു. വിവാദങ്ങള്‍ ഒഴിവാക്കാനായിരിക്കണം, തമിഴ് വംശജര്‍ക്ക് രണ്ട് സീറ്റുകളും പാര്‍ലമെന്റില്‍ അദ്ദേഹം നീക്കിവെച്ചു. വീണ്ടും തുടര്‍ന്ന അവഹേളനത്തിന്റെ പ്രതിഷേധത്തില്‍ പങ്കു കൊള്ളാന്‍ ചില സിഹളക്കാരും തമിഴരോടൊപ്പം കൂട്ടു നിന്നു.

1954-ല്‍ ജനിച്ച പ്രഭാകരന്റെ ബാല്യം ഭയത്തിന്റെയും അതിരുകളുടേതുമായിരുന്നു, കൂടെ അച്ചടക്കത്തിന്റേയും. അച്ചന്‍ വേലുപ്പിള്ള ജോലി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സമയൊത്തൊക്കെ സംസാരത്തിലും, കടലാസ് തുണ്ടുകളിലും, കൂട്ടുകാര്‍ക്കിടയിലും തമിഴരോടുള്ള ക്രൂരത പങ്കു വെക്കുമായിരുന്നു. ചെറുപ്പം മുതലേ സ്വന്തം ജനതയുടെ ബുദ്ധിമുട്ടുകള്‍ അച്ചനില്‍ നിന്നു തന്നെ കേട്ട് വളര്‍ന്ന, പ്രഭാകരന്‍ വളര്‍ന്നതോടെ സുഭാഷ് ചന്ദ്ര ബോസിന്റേയും, ഭഗത് സിങിന്റേയുമൊക്കെ ആദര്‍ശങ്ങളില്‍ തല്പരനായി ആയുധം ഏന്തുകയായിരുന്നു. 1976-ല്‍ രൂപം കൊണ്ട തമിഴ് പുലി സംഘടന അഥവാ LTTE ക്ക് പല പട്ടാളക്കാരേയും, രാഷ്ട്രീയ നേതാക്കളേയും കൊന്നൊടുക്കുകയും, കുഴി ബോമ്പുകളേയും, ചാവേറുകളേയും സംഭാവന ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍ 1991 മെയ് 21-നു ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്കന്‍ പ്രസിഡന്റ് പ്രേമദാസ എന്നിവരെ വധിച്ചതോടെ തമിഴ് പുലികള്‍ക്ക് ലോക ശ്രദ്ധ നേടുകയും, അതോടൊപ്പം തന്നെ ലോകത്തിന്റെ വെറുപ്പും സമ്പാതിക്കാനായി. അതില്‍ മറ്റൊരു മുഖ്യകാരണം, സിംഹളരെ കൂടാതെ, തങ്ങളോട് വിയോജിപ്പുള്ള തമിഴരേയും അവര്‍ കൊന്നൊടുക്കുകയും ചെയ്തു. എന്നാണോ രാജീവ് ഗാന്ധിയെ പുലികള്‍ വധിച്ചത്, അന്ന് മുതല്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലുണ്ടായിരുന്ന നായക സ്ഥാനം പുലികള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ലോകത്തിലെ പല രാജ്യങ്ങളിലെ വ്യക്തികളോടുള്ള ബന്ധവും, വിദേശത്ത് നിന്ന് വരുന്ന പണവും കാരണം പുലികളുടെ വളര്‍ച്ച അതിവേഗമായിരുന്നു.

ഇത്തരം ഒരു ഭീകരത അനിയന്ത്രിതമായപ്പോഴാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രഭാകരനും, പുലികള്‍ക്കുമെതിരേ അതിരൂക്ഷമായ യുദ്ധം തുടങ്ങിയത്. രണ്ട്-മൂന്ന് വര്‍ഷം മുമ്പ് തന്നെ വളരെ ആസൂത്രിതമായും, അതി ശക്തമായും തുടങ്ങിയ സൈനിക നടപടി പുലികളുടെ ശക്തി കേന്ദ്രമായ കിളിനോച്ചി ജനുവരിയില്‍ ശ്രീലങ്കന്‍ സൈന്യം പിടിച്ചെടുത്തു. തുടര്‍ന്ന് മുല്ലത്തേവും മറ്റു പുലിത്താവളങ്ങളും, മറ്റു ശക്തി കേന്ദ്രങ്ങളും സൈനിക നടപടിയില്‍ പുലികള്‍ക്ക് ക്രമേണ നഷ്ടപ്പെട്ടു, കൂടെ നിരപരാധികളായ ഒരുപാട് സിവിലിയന്മാരുടെ രക്തവും ചിന്തി. എന്നിട്ടും, പോരാട്ട വീര്യം നഷ്ടപ്പെടാത്ത പുലികളെ സൈന്യം നാല് ദിക്കില്‍ നിന്നും വളയുകയായിരുന്നു. അവസാനം മുഖ്യധാരയിലുണ്ടായിരുന്ന പല പുലി നേതാക്കളുടെയും, സേനകളുടേയും മൃതദേഹങ്ങള്‍ഉടെ കൂടെ പ്രഭാകരന്റെ മൃതദേഹം പൊട്ടിത്തെറിച്ച തലയും, ബുള്ളറ്റുകള്‍ പതിഞ്ഞ, യൂണിഫോം ധരിച്ച ശരീരത്തോടെയും ലഭിക്കുകയായിരുന്നു.

ഈ യുദ്ധം തമിഴര്‍ക്കെതിരല്ല എന്നും പുലികള്‍ക്കെതിരെ മാത്രമാണെന്നും, തമിഴരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും, ആവര്‍ത്തിച്ചു പ്രസ്താവിക്കുന്ന രാജ്പക്ഷെയുടെ വാക്കുകള്‍ക്ക് നമുക്ക് വില കല്പിക്കാം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തമിഴരുടെ അവകാശങ്ങള്‍ക്കും, അവര്‍ നേരിടുന്ന അനീതികള്‍ക്കും മുറവിളിക്കാന്‍ ചിലപ്പോള്‍ ആയിരം പ്രഭാകരന്മാര്‍ നാളെ വന്നേക്കാം... കാരണം, തമിഴരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അതൊരു സ്വാതന്ത്ര്യ പ്രക്ഷോഭമായിരിക്കാം. എങ്കില്‍ അത് തീവ്രവാദി എന്ന പേരിനു കീഴ്പ്പെടാതെ ധീരമായ കാല്‍ വെപ്പായിരിക്കട്ടെ....

3 comments:

ഫത്തു said...

പുലികളുടെ കഥ.... അഭിപ്രായ വിത്യാസമുണ്ടായിരിക്കാം...
അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

kochukayavil said...

Srilankan charithravum... pulikalude udbhavavum nannayi ezhuthiyittundu..

Premadasa may 21-nu alla vadhikkapettadu....
Rajiv gandhi maathram aanu anuu vadhikkapettadu...

Kollaam..
nannayuttundu......

ഫത്തു said...

sorry, njaan ezhuthiyath 21-nu rajeev gandiyum, premadasayum, ennaayi. kshamikkumallo, premadasa, may 1-nu kollappettu. vyaakaraNam piSaku kERikkuuTiyathaa...