നിസ്കാരം, സകാത്ത്, ഹജ്ജ് പോലുള്ള അനുഷ്ഠാനങ്ങള്‍ ബാഹ്യാവയവങ്ങള്‍ കൊണ്ടുള്ള അനുഷ്ഠാനമാണെങ്കില്‍, നോമ്പ് എന്നത് ആന്തരികമായി ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ്. അതായത്, വിശ്വാസം പോലെ, നോമ്പും, മാനസികമായുള്ള പ്രവര്‍ത്തി ആയതിനാല്‍, ഒരു പട്ടിണി കിടക്കുന്ന വ്യക്തിക്ക് നോമ്പ് ഉണ്ട് എന്ന് പറയാന്‍ കഴിയില്ല. അന്ന-പാനീയങ്ങള്‍ ഒഴിവാക്കിയുള്ള ഈ ഒരു കര്‍മ്മം നോമ്പായിട്ട് തന്നെ ദൈവം സ്വീകരിക്കണമെങ്കില്‍, തന്റെ മനസ്സും, കര്‍മ്മവും ശുദ്ധിയുള്ളതായിരിക്കണം. ഐഹീകമായ വികാര വിചാരങ്ങളെ പരിപൂര്‍ണ്ണമായും ഒഴിവാക്കി, തന്റെ മനസ്സിനേയും ശരീരത്തേയും, ദൈവം കല്പിച്ച പാഥയിലൂടെ മുന്നോട്ട് കൊണ്ട്പോകുന്നവര്‍ക്ക് മാത്രമേ പരിപൂര്‍ണ്ണ വിശ്വാസികളാകാന്‍ കഴിയുകയുള്ളൂ.
അത്കൊണ്ട് തന്നെയാണ്, ഖുര്‍ആനില്‍ അദ്ധ്യായം 2 (അല്‍-ബഖറ), വചനം 183 നമ്മോട് ഇങ്ങനെ പറഞ്ഞത്: “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെതന്നെ, നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത്”.
വര്‍ഷത്തിലെ മറ്റെല്ലാ മാസങ്ങളും രാചകീയ ഭക്ഷണത്തിനും, മറ്റു സുഖ-സൌകര്യങ്ങളിലും ഏര്‍പ്പെടുമ്പോള്‍, രക്തത്തിന് ചുവപ്പു നിറമുള്ള വേറൊരു വിഭാഗം ജനങ്ങള്‍ ഇന്ന് ഭക്ഷണപ്പൊതികള്‍ തലയില്‍ വീണ് മരിക്കുമ്പോള്‍ വിശപ്പിന്റേയും, സഹനത്തിന്റേയും വിലയറിയാത്ത നമുക്ക് ഒരു പാഠവും തന്നെയാണീ റംസാന്. “അയല്ക്കാരന് പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നവന് നമ്മില്‍ പെട്ടവനല്ല” എന്ന മുഹമ്മദ് നബിയുടെ മാതൃകക്ക് വേണ്ടിയും ഈ റംസാനിനെ വിലയിരുത്താം. തന്നെയുമല്ല, പണക്കാരന്റെ ധന-ഭക്ഷണ സമ്പത്ത് ദരിദ്രര്‍ക്ക് ദാനം ചെയ്യുകയും അതുവഴി അവര്‍ക്ക് ഭക്ഷണം സ്വരൂപിക്കാനുള്ള മാസവും തന്നെയാണ് ഈ റംസാന്.
റംസാന് മാസത്തെ വരവേല്‍ക്കാന്‍ അന്ത്യപ്രവാചകന് മുഹമ്മദ് നബി രണ്ട് മാസം മുമ്പ് മുതലേ തയ്യാറെടുത്തിരുന്നു എന്ന് നബിചര്യ പഠിപ്പിക്കുന്നു. ഖുര്‍ആന്‍ ഇറക്കപ്പെട്ട ഈ മാസത്തില്‍ മുഴുവന്‍ മുസ്ലീം സമൂഹം പള്ളികളില്‍ തന്നെ നമസ്കരിച്ചും, ഖുര്‍ആന്‍ പാരായണം ചെയ്തും, മറ്റു ദൈവീക മാര്‍ഗ്ഗങ്ങളില്‍ സമയം കണ്ടെത്തുകയും ചെയ്യുന്നു. ഓരോ പുണ്യകര്‍മ്മങ്ങള്‍ക്കും, അതിന്റെ ഒരു വലിയ മടങ്ങ് പ്രതിഫലം ലഭിക്കുന്ന ഈ മാസത്തില്‍ തന്നെയാണ് ആയിരം മാസങ്ങളേക്കാള്‍ ശ്രേഷഠമായ ഒരു രാത്രി. “ലൈലത്തുല്‍ ഖദര്‍” അഥവാ നിര്‍ണ്ണയത്തിന്റെ രാത്രി എന്ന് വിശേഷിപ്പിക്കുന്ന ഈ രാത്രി ഏത് രാത്രിയിലാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സമാധാനത്തിന്റെ മാലാഖമാരും, ആത്മാക്കളും ഇറങ്ങിവരുന്ന ഈ ദിനത്തില്‍ പങ്കു ചേരാന്‍ വേണ്ടി എല്ലാ മതവിശ്വാസികളും രാത്രികാലങ്ങളില്‍ ഉറക്കമൊഴിച്ച് പ്രാര്‍ത്ഥനകളില്‍ മുഴുകുന്നു. സ്വര്‍ഗ്ഗത്തിലെ റയ്യാന്‍ എന്ന ഏറ്റവും ശ്രേഷ്ഠമായ സ്വര്‍ഗ്ഗവാതില്‍ നോമ്പുകാര്ക്കുള്ളതാണെന്നിരിക്കേ, ഒരു മതവിശ്വാസിയും തന്നെ ആ മാസത്തില്‍ അനാവശ്യമായ കാര്യങ്ങളില്‍ ഇടപെട്ട് സമയം കളയാതെ അതിന്റെ പരിപൂര്ണ്ണഫലവും നേടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരുമായിരിക്കും.
6 comments:
എല്ലാം സഹിക്കാനായി നമ്മെ പഠിപ്പിച്ചപ്പോഴും നമ്മളെന്തേ അതു വിശപ്പും ദാഹവും വികാരങ്ങളും മാത്രമായി ചുരുക്കി കളഞ്ഞത്? അന്യമതസ്ഥരെന്ന് മുദ്ര കുത്തിയും, ജിഹാദെന്നു വിളിച്ചും, മതത്തിനു വേണ്ടി എന്നും പറഞ്ഞു ചോരയുടെ ഒഴുക്കും മണവും ആർത്തിയും എന്തേ നമ്മൾ സഹിക്കാത്തത്?
പ്രിയപ്പെട്ട ഐസിബി,
താങ്കളുടെ പ്രതികരണത്തില്‍ തന്നെ റംസാനിന്റെ പ്രത്യേകത പറയുന്നു. അതായത്, വിശപ്പും, ദാഹവും, വികാരങ്ങളും... ചോരയോടുള്ള ആര്‍ത്തിയും മനുഷ്യന്റെ വികാരം തന്നെയാണ്. ഇതില്‍ നിന്നെല്ലാം മുക്തി നേടാന്‍ വേണ്ടിയുള്ള ഒരു പരിശീലനകളരിയാണ് ഈ റംസാന്. ഇത് മുഴുവന്‍ ജീവിതത്തിലുടനീളം നാം പ്രാവര്ത്തികമാക്കേണ്ടിയിരിക്കുന്നു. ചോര കൊതിക്കുന്ന ഒരു വിഭാഗം നമ്മളില്‍ നിന്നും ഒഴിവാകേണ്ടതുണ്ട്. അതിനെല്ലാം താങ്കളെ പോലുള്ള സന്മനസ്സുകള് മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
പിന്നെ, മത-ജാതി-വര്‍ഗ്ഗ-വര്‍ണ്ണ ഭേദമന്യെ ഇപ്പോള്‍ കാണിക്കുന്ന, താങ്കള്‍ പറഞ്ഞ ഈ സ്വഭാവം, ആദി മനുഷ്യന് ആദമിനെ സൃഷ്ടിക്കുന്ന സമയത്തു തന്നെ പറഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍, രണ്ടാം അദ്ധ്യായം, മുപ്പത്തി ഒന്നാം വചനം നോക്കുക: “ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ (പ്രതിനിധി എന്നും അര്‍ത്ഥം) നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെ നാഥന് മലക്കുകളോട് (മാലാഖമാരോട്)പറഞ്ഞ സന്ദര്‍ഭം. അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ, നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്റെ പരുശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അപ്പോള്‍ അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം”.
മനുഷ്യന്റെ സ്വഭാവം ഇങ്ങനെയൊക്കെ ആയതിനാല്‍, ജീവിതം മുഴുവന്‍ എല്ലാ മ്ലേഛമായ വികാര വിചാരങ്ങളെയും അടക്കിപ്പിടിച്ച് നമുക്ക് സമൂഹത്തിന് മാതൃകയാകാനേ പറ്റൂ...
മതം ഉപേക്ഷിക്കൂ; മനുഷ്യരാകൂ....!
മതങ്ങളും വിശ്വാസങ്ങളും മാനവപുരോഗതിയെ എത്രത്തോളം തടസ്സപ്പെടുത്തിയിട്ടുണ്ടെന്നു തിട്ടപ്പെടുത്താനാവില്ല. മതങ്ങളില്ലായിരുന്നെങ്കില്‍ ഒരായിരം കൊല്ലത്തെ നേട്ടങ്ങള്‍ കൂടി ഇതിനകം തന്നെ കൈവരിക്കന് മനുഷ്യനു കഴിഞ്ഞേനെ! മനുഷ്യന് കൈവരിച്ച എല്ലാ പുരോഗതിക്കും നിദാനമായത് സ്വതന്ത്രചിന്തയാണ്. എന്നാല്‍ ചിന്തിക്കാനുള്ള ശേഷി വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ മഹാഭൂരിപക്ഷം മനുഷ്യര്‍ക്കും സാധ്യമാകാതെ പോയി. അന്ധവിശ്വാസങ്ങളാല്‍ ശീതീകരിക്കപ്പെടുകയും സംഘടിതപീഡനങ്ങളാല്‍ നിഷ്ക്രിയമാക്കപ്പെടുകയും ചെയ്ത മനുഷ്യബുദ്ധിയത്രയും സമൂഹത്തിനു പ്രയോജനപ്പെടാതെ നിഷ്ഫലമാവുകയാണു ചെയ്തത്. ശാസ്ത്രാന്വേഷികളും തത്വചിന്തകരും കലാപ്രതിഭകളുമൊക്കെയായി സമൂഹത്തിനു മുതല്‍ക്കൂട്ടാകുമായിരുന്ന അനേകായിരം ധിഷണാശാലികളെ മതം മുളയിലേ നുള്ളിയെറിഞ്ഞു.
യൂറോപ്പിനെ ദീര്‍ഘകാലം അന്ധകാരത്തില്‍ തളച്ചിട്ട മതം, സ്വതന്ത്രചിന്തകരോടും സത്യാന്വേഷികളോടും അനുവര്‍ത്തിച്ച ക്രൂരതകള്‍ അളവറ്റതാണ്. അന്വേഷണത്തിന്റെ എല്ലാ ജാലകങ്ങളും കൊട്ടിയടച്ച് താഴിട്ടു പൂട്ടി. മൌലികചിന്തകളെല്ലാം മതനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടു. സത്യാന്വേഷണത്തിന്റെ ചോദനയായ സംശയങ്ങളും ചോദ്യങ്ങളും പൈശാചികതയായും ദൈവദൂഷണമായും ചിത്രീകരിക്കപ്പെട്ടു.
രോഗഹേതു ദൈവകോപമാണെന്ന വിശ്വാസം ചികിത്സാശാസ്ത്രത്തെ ദീര്‍ഘകാലത്തേക്കു മരവിപ്പിച്ചു. പ്രാര്‍ത്ഥനയും ബലിയും വഴിപാടുമായി ദൈവങ്ങളെ പ്രീണിപ്പിക്കുകയാണു വേണ്ടതെന്നും മരുന്നും ചികിത്സയും നിഷിദ്ധമാണെന്നും വിശ്വാസം ശഠിച്ചു. രക്തപര്യയനവ്യവസ്ഥയെക്കുറിച്ച് പഠനം നടത്തിയ സര്‍വീറ്റസിനെ വധിച്ചു.`ശരീരശാസ്ത്രത്തിന്റെ പിതാവ്` എന്നറിയപ്പെട്ട വസേലിയസ്സിനെ നാടു കടത്തി. സ്ത്രീകള്‍ക്ക് ഒരു വാരിയെല്ലു കുറവാണെന്ന വിശ്വാസത്തെ അദ്ദേഹം ചോദ്യം ചെയ്തു എന്നതായിരുന്നു കുറ്റം! വേദന ദൈവസ്ര്ഷ്ടിയായതിനാല് വേദനസംഹാരൌഷധങ്ങള് ദൈവ വിരുദ്ധമായി. “സ്ത്രീയേ നീ വേദനയോടെ പ്രസവിക്കും” എന്ന വെളിപാടു കല്പ്പനക്കു വിരുദ്ധമായതിനാല്‍ വേദനസംഹാരികളുപയോഗിച്ചുള്ള സുഖപ്രസവങ്ങള്‍ വിലക്കപ്പെട്ടു. ജനനനിയന്ത്രണം കൊടിയ പാപമാണെന്ന നിലപാടില്‍ മതം ഇന്നും ഉറച്ചു നില്ക്കുന്നു. പ്രക്ര്തിക്ഷോഭങ്ങള് ദൈവിക ശിക്ഷയായതിനാല്‍ മിന്നല്‍ രക്ഷാ ഉപകരണങ്ങള്‍ പോലും ദൈവ കോപത്തിനിടവരുത്തുമെന്ന് വ്യാകുലപ്പെട്ടു. എഡിസണ് വൈദ്യുതബള്‍ബു പ്രകാശിപ്പിച്ചപ്പോള്‍ ദൈവഹിതമായ ഇരുളിനെ ചോദ്യം ചെയ്തുകൂട എന്ന തടസ്സവാദം പോലും ഉയര്ന്നുവത്രേ!
നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ റോഗര്‍ബേക്കണ്‍ എന്ന ശാസ്ത്രജ്ഞനെ 14 വര്‍ഷം തടവിലിടുകയും അദ്ദേഹത്തിന്റെ ക്ര്തികള് നിരോധിക്കുകയും ചെയ്തു സഭ. ബ്രൂണോയെ ചുട്ടുകൊന്നു. ഗലീലിയോവിനെ തുറുങ്കിലിട്ടു. ഗണിതശാസ്ത്രജ്ഞനായ ഹെപ്പാറ്റിയായെ കൊല ചെയ്തു. ഫ്രാന്‍സിസ് ബേക്കണെ ജയിലിലടച്ചു. വൊള്ടയറെ പുറത്താക്കി.ജോന് ഓഫ് ആര്‍ക്കിനെ ജീവനോടെ ചുട്ടു. വൈക്ലിഫിന്റെ അസ്ഥികള്‍ 31 വര്‍ഷങ്ങള്‍ക്കുശേഷം മാന്തിയെടുത്ത് ചുട്ടുകരിച്ചു. ആര്‍നോള്‍ഡ് ഒബ്രസിയായെ തൂക്കിക്കൊന്ന് കത്തിച്ച് ഭസ്മം നദിയിലൊഴുക്കി. ഫ്രഞ്ച് റിപ്പബ്ലിക്കിന് ശസ്ത്രജ്ഞന്മാരെ ആവശ്യമില്ലെന്നാക്രോശിച്ചുകൊണ്ട് രസതന്ത്രജ്ഞനായിരുന്ന ലാവോഷ്യയുടെ തല വെട്ടി.
വിമാനം കണ്ടുപിടിച്ചയുടനെ, സ്വര്‍ഗ്ഗത്തില്‍ മുട്ടിക്കാന്‍ ബാബേല്‍ ഗോപുരം പണിതവര്‍ക്കുണ്ടായ ദുരനുഭവം ഓര്‍മ്മിപ്പിക്കാനും പുരോഹിതര്‍ മറന്നില്ല .പെട്രോളിയം കണ്ടെത്തി ഖനനത്തിനൊരുങ്ങവെ അതും ഈശ്വരേച്ഛക്കെതിരെന്ന വ്യാഖ്യാനമുണ്ടായി. ലോകാവസാനദിനത്തില്‍ ഭൂമിയെ തകര്‍ക്കാന്‍ ദൈവം കരുതി വെച്ച ഇന്ധ്നമാണതെന്ന വാദവുമായി അമേരിക്കയില്‍ ഒരു പുരോഹിതന് കോടതിയെ സമീപിച്ചുപോലും! ഡാര്വിന് ,സ്പെന്‍സര്‍ ,ഹക്സ്ലി തുടങ്ങിയവരുടെ പുസ്തകങ്ങള്‍ക്ക് ഇങ്ഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ്റ് സഭ വിലക്കേര്‍പ്പെടുത്തി.മാര്‍ക്സിന്റെയും ഡാര്‍വിന്റെയും ഫ്രോയിഡിന്റെയും ക്ര്തികള്ക്ക് മുസ്ലിം രാജ്യങ്ങളില്‍ ഇന്നും നിരോധനം നില നില്ക്കുന്നു. അലക്സാന്‍ഡ്രിയായിലെ അമൂല്യ വിജ്ഞാനശേഖരം അഗ്നിക്കിരയാക്കിയത് ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു.
മന്ത്രിച്ചൂതലും കൊമ്പുവെക്കലുമാണു മേത്തരം ചികിത്സ എന്നും, ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍ മരുന്നുമാണെന്നും വിശ്വസിച്ച ഇസ്ലാമികലോകത്തുനിന്നും വൈദ്യശാസ്ത്രത്തിനു കാര്യമായ സംഭാവനകളൊന്നുമുണ്ടായില്ല.
കുഷ്ഠം,അപസ്മാരം,മനോരോഗങ്ങള്‍ മുതലായവ ദുര്മന്ത്രവാദികളുടെ ലക്ഷണങ്ങളായി വ്യാഖ്യാനിക്കപ്പെടുകയും നിരപരാധികളായ അനേകായിരം രോഗികള്‍ അറുംകൊല ചെയ്യപ്പെടുകയും ചൈതു. അന്ധവിശ്വാസങ്ങള്‍ മനുഷ്യ പുരോഗതിക്കു വിലങ്ങുതടിയായതിന്റെ ഉദാഹരണങ്ങള്‍ അവസാനിക്കുന്നില്ല.
പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനല്ല;വിധിക്കു കീഴടങ്ങാനാണു മതം മനുഷ്യനെ പ്രേരിപ്പിച്ചത്. ഇത് മനുഷ്യന്റെ കര്‍മ്മശേഷിയെയും അന്വേഷണകൌതുകത്തെയും നിഷ്പ്രഭമാക്കി. സുഖവും സന്തോഷവും പാപമാണെന്ന തോന്നലാണു വിശ്വാസികളെ മനോരോഗികളും പരപീഡനപ്രേമികളുമാക്കുന്നത്. വിധേയത്വവും മാനസികാടിമത്വവും ശീലിച്ച മഹാഭൂരിപക്ഷത്തെ മോക്ഷപ്രതീക്ഷയില്‍ മയക്കിക്കിടത്തി ചൂഷണം ചെയ്യാന്‍ അധികാരവും സമ്പത്തുമുള്ളവര്‍ക്കു ക്ഷിപ്രസാധ്യമായി.
ജീവിതത്തിലെ എല്ലാ ഉല്‍ക്കര്‍ഷ ചിന്തകളെയും മതം എതിര്‍ത്തു. നൈസര്‍ഗ്ഗികമായ ചോദനകളെയും സഹജമായ നന്മകളെയും അതു കരിച്ചുകളഞ്ഞു. പ്രക്ര്തിവിരുദ്ധവും നിരര്‍ത്ഥകവുമായ ഒട്ടേറെ ആചാരങ്ങള്‍ അതു മനുഷ്യന്റെ മേല്‍ കെട്ടിയേല്‍പ്പിച്ചു. പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കായി സമ്പത്തും അധ്വാനവും ദുര്‍വ്യയം ചെയ്യാന്‍ അതു മനുഷ്യനെ നിര്‍ബന്ധിച്ചു.
ഇന്ത്യയില്‍ ജനങ്ങളുടെ ജീവിതപുരോഗതിക്കു തടസ്സം നില്ക്കുന്നതില് വിശ്വാസത്തോളം വലിയ പങ്ക് മറ്റൊന്നിനുമില്ല.നമ്മുടെ പൊതുസമ്പത്തിന്റെ ഗണ്യമായ ഭാഗവും ചെലവഴിക്കപ്പെടുന്നത് മതകാലുഷ്യങ്ങളെ നേരിടുന്നതിനാണ്. കാശ്മീരിലെ ഭീകരവാദത്തെ ചെറുക്കാന്‍ നാം ചെലവിടുന്ന കോടികള്‍ക്കു കണക്കുണ്ടോ? അമര്‍നാഥിലെ തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ മാത്രം ഖജനാവില്‍നിന്നും നല്ലൊരു പങ്ക് മാറ്റി വെക്കുന്നു. ദരിദ്രവാസികള്‍ക്കുള്ള റേഷന്‍ സ്ബ്സിഡി നിര്‍ത്തലാക്കുന്ന ഭരണകൂടം സമ്പന്നര്‍ക്കു മാത്രം നിര്‍ബന്ധമുള്ള ഹജ്ജിനു വന്‍ തുക സബ്സിഡി നല്കുന്നു. ജീവിതാഭിവ്ര്ദ്ധിക്കായി ചിലവഴിക്കേണ്ട ധനത്തിന്റെ സിംഹഭാഗവും മൂഡവിശ്വാസങ്ങള്ക്കും വ്യര്‍ത്ഥാനുഷ്ഠാനങ്ങള്‍ക്കുമായി വ്യയം ചെയ്യുന്ന ഒരു സമൂഹത്തിനു പുരോഗതി കൈവരിക്കാനാവുമോ?
കേരളത്തില്‍ അനാവശ്യമായി കെട്ടിയുയര്‍ത്തുന്ന പള്ളിമിനാരങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന കോണ്‍ക്രീറ്റിന്റെ പണം മാത്രം മതിയാകും ഇവിടെ വീടില്ലാത്തവര്‍ക്കെല്ലാം വീടു വെച്ചു കൊടുക്കാന്‍ . ഭക്തിയുടെ പേരില്‍ കത്തിച്ചു കളയുന്ന നെയ്യും നാളികേരവും മറ്റു ഭക്ഷണ വസ്തുക്കളും പോഷകാഹാരമില്ലാതെ കഷ്ടപ്പെടുന്ന ആദിവാസികള്‍ക്കു കൊടുത്താല്‍ അവരുടെ പട്ടിണി മാറിക്കിട്ടും. തീര്‍ത്ഥാടനങ്ങള്‍ ഒഴിവാക്കി പ്രാര്‍ത്ഥന വീട്ടിലാക്കിയാല്ത്തന്നെ അനേകം കോടി മിച്ചമുണ്ടാക്കാം.വാഹനാപകടങ്ങളുടെ 25%മെങ്കിലും കുറഞ്ഞു കിട്ടുകയും ചെയ്യും. സര്‍വ്വവ്യാപിയും സര്‍വ്വജ്ഞാനിയുമായ ഈശ്വരന് വീട്ടില്‍ നിന്നു വിളിച്ചാലും കേള്‍ക്കാതിരിക്കുകയില്ലല്ലോ!!
കൂടുതലറിയാന്‍ ഇവിടെ നോക്കുക
മുഹമ്മദ് സഗീര്‍ പണ്ഡാരത്തില്, തട്ടിവിട്ടിരിക്കുന്നത് കൊള്ളാം. ഇതൊരു മറിമരുന്നായി ചോദിക്കുന്നില്ല, എങ്കിലും... കേരളത്തേയോ അല്ലെങ്കില്‍ ഇന്ത്യയേയോ എന്നോ പുരോഗതിയിലെത്തിക്കേണ്ട സെസിന്റെ പേരില്‍ ഇന്നും കേരളത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തുന്ന കമ്മ്യൂണിസത്തിന്റെ വാദഗദിയാണോ ഇത്? അല്ലെങ്കില്‍, താങ്കള്‍ കര്‍ഷകര്‍ക്ക് വേണ്ടി വാ തോരാതെ എഴുതിയത് കണ്ടു. ആയിരക്കണക്കിനു ബംഗാളീ കര്‍ഷകരെ കുടിയൊഴിപ്പിച്ച്, നൂറുകണക്കിനു കര്‍ഷകരെ കാഞ്ജിക്ക് മുന്നില്‍ ജീവിതം തീര്‍ത്ത “പുരോഗതിയുടെ കമ്മ്യൂണിസമാണോ താങ്കള്‍ സംസാരിക്കുന്നത്? കേരളത്തില്‍ ഇന്നേവരെ പൂര്‍ണ്ണമായും മതത്തിലധിഷ്ഠിതമായ, അല്ലെങ്കില്‍ മതത്തിനു വേണ്ടി നില കൊണ്ട ഒരു ഭരണകൂടം വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. എന്നിട്ടും എന്ത്യേ നൊബേല്‍ ജേതാക്കളുടെ പട്ടികയില്‍ കേരളത്തിനു സ്ഥാനം ലഭിക്കാത്തത്. അതുമല്ലെങ്കില്‍ എന്തുകൊണ്ട് ശാസ്ത്രഞ്ജരുടെ പട്ടികയില്‍, ബംഗാളില്‍ നിന്നും ഒരാള്‍ക്കും സ്ഥാനം ലഭിക്കാത്തത്. എന്തിന്, നാഴികക്ക് നാല്പത് വട്ടം ചെഞ്ചോരയില്‍ കളിക്കുന്ന യുക്തിവാദികളുടെ മാതൃ-സംഘടനക്ക് ചോരയുടേയും, പൌരാവകാശതിന്റേയും പേരില്‍ സംസാരിക്കാന്‍ എന്ത് ന്യായം? ബംഗാളില്‍ ഓരോ താലൂക്കുകളിലും എത്ര വിദ്യാലയങ്ങള്‍ ഉണ്ടെന്ന് താങ്കള്‍ തിരക്കിയിട്ടുണ്ടോ? ഇനിയും സൂര്യനും, ചന്ദ്രനും അല്ലാതെ വെളിച്ചം തരുന്ന ഒരു വസ്തുവും പ്രപഞ്ജത്തിലില്ല എന്ന് വിശ്വസിക്കുന്ന എത്ര ബംഗാളികള്‍ ഇന്നും ജീവിക്കുന്നു എന്ന് സിഗൂര്‍ കല്ലപത്തിനു ശേഷം വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇനി ഓരോ ശാസ്ത്രഞ്ജരുടേയും ജീവിതചരിത്രം വായിച്ച് നോക്കുക. ബഹുഭൂരിഭാഗവും പൂര്‍ണ്ണമായല്ലെങ്കിലും, ഭാഗികമായെങ്കിലും മതവിശ്വാസികളായിരുന്നു. നോബേല്‍ സയ്ന്റിസ്റ്റ് ലിസ്റ്റില്‍ മിക്കവാറും ജൂതമതസ്തരാണ്. അല്ലെങ്കില്‍ അവര്‍ അങ്ങനെ അറിയാന്‍ താല്പര്യപ്പെട്ടിരുന്നു. ഇനി താങ്കള്‍ വിശ്വസിക്കുന്ന, അല്ലെങ്കില്‍ താങ്കളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്ന യുക്തിവാദി നേതാക്കളില്‍ മിക്കവരും, ആരാധനാലയങ്ങളില്‍ പോകുന്നതിന് ഇന്നും വ്യക്തമായ തെളിവുകള്‍ കേരളാ മാധ്യമങ്ങള്‍ക്ക് നല്കാന് സാധിക്കും.(അതൊക്കെയാണല്ലോ ഈയിടെയായി വിവാദങ്ങളുയര്ത്തിയതും). അല്ലെങ്കില്‍ നിരീശ്വരനില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസത്തിനു എന്തിനൊരു ദേവസ്വം മന്ത്രി. (അതില്‍ കയ്യിട്ട് വാരാനായിരിക്കും). ഇത്രയും താങ്കള്‍ വിശ്വസിക്കുന്ന യുക്തിവാദത്തിന്റെ പോരായ്മകള്‍.
ഇനി താങ്കള്‍ തെറ്റിദ്ധരിക്കപ്പെട്ട മതം, വല്ലപ്പോഴെങ്കിലും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് സ്വയം ചിന്തിച്ച് നോക്കുക.
17-ആം നൂറ്റാണ്ട് വരെ ഒരു കഞ്ഞ് അതേപടി ഗര്‍ഭാശയത്തില്‍ വളര്‍ന്ന് പിറവിയെടുക്കലാണെന്ന് വിശ്വസിച്ചിരുന്ന യുക്തിവാദികള്‍ക്ക് തിരിച്ചടിയായി 6-ആം നൂറ്റാണ്ടില്‍ തന്നെയിറങ്ങിയ ഖുര്‍ആന്‍ വ്യക്തമാക്കി. അത് X,Y ക്രോമോസോമിന്റേയും, വിശാലതകളെ പറഞ്ഞ് തന്നു. പില്കാലത്ത് വന്ന ശാസ്ത്രസമൂഹം റെഫറന്‍സിനു വേണ്ടി ഖുര്‍ആനെ വരെ സമീപിച്ചു. പ്രൊഫ. കീത്ത് മൂര്‍ പോലുള്ള ശാസ്ത്രഞ്ജര്‍ പിന്നീട് ഇസ്ലാം സ്വീകരിച്ചതും സ്വാഭാവികം.
ഒരുകാലത്ത് ഒരു ആറ്റമാണ് ഒരു വസ്തുവിന്റെ അവസാന ഭാജ്യം എന്ന് വിശ്വസിച്ചിരുന്നു. അന്നും ഖുര്‍ആന്‍ അതിലും ചെറിയവയെ (പ്രോട്ടോണ്‍, ന്യൂട്ട്രോണ്‍...) പരിചയപ്പെടുത്തി തന്നു. സൂര്യന്, ചന്ദ്രന്, മറ്റു നക്ഷത്രസമൂഹം ഉള്‍ക്കൊള്ളുന്ന ഗ്യാലക്സിയേയും, അതിന്റെ ദൈനംദിന വളര്‍ച്ചയേയും ഖുര്‍ആന്‍ പറഞ്ഞുതന്നു. കര, കടല്‍, മഴ, പര്‍വ്വതങ്ങള്‍, എന്ന് വേണ്ട, മനുഷ്യന് അറിയുന്നതും അറിയാത്തതുമായ കാര്യങ്ങള്‍ പറഞ്ഞുതന്ന ഖുര്‍ആന്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കപ്പെട്ടത് മനുഷ്യബുദ്ധുക്ക് മനസ്സിലാകുന്ന ഭാഷയില്‍ തന്നെയാണ്. അത് ഇന്നും, സംസാരിക്കുന്നത് സ്നേഹത്തിന്റെ ഭാഷയിലും, അതിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് ലോകത്ത് സമാധാനം സൃഷ്ടിക്കലും തന്നെയാകുന്നു. നമ്മുടെ മനസ്സും ശരീരവും വളരെ കുടുസ്സായതിനാല്, അത് മനസ്സിലാക്കാനുള്ള കഴിവ് നമുക്ക് ഇല്ലാതെ പോകുന്നു എന്നത് തന്നെയാണ് സത്യം.
അടുത്ത് തന്നെ ഖുര്‍ആനിന്റെ വിശാലതയെ കുറിച്ച് ഒരു പോസ്റ്റ് പ്രതീക്ഷിക്കാം. വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫത്തുവിനും,നിയാസിനും,ഞാന്‍ ഒരു അവിശ്വാസിയല്ല നിങ്ങളൊക്കെ ആറിഞ്ഞിട്ടും മിണ്ടാതെ പോവുന്ന ഒരു പോസ്റ്റിനു മറുപടി നല്കാന് വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് ലിങ്ക് സഹിതം നിങ്ങള്‍ക്ക് കമേന്റായി പോസ്റ്റിയത്.ഇനിയും വിശ്വാസമായില്ലയെങ്കില് ഇവിടെ നോക്കുക. ഇതെഴുതുന്നത് ഞാനാണ്.
സഗീര്‍ ക്ഷമിക്കുക. താങ്കള്‍ക്കെഴുതിയ മറുപടി ആ ലിങ്കിലേക്കാണ് കൊടുക്കേണ്ടിയിരുന്നത്. അത് അവിടെ പോസ്റ്റിയിട്ടുമുണ്ട്.
Post a Comment