Sunday, June 6, 2010
ഗൂഗിള്‍ വരുത്തിയ നഷ്ടം
ഇത്രയും പറഞ്ഞത് കളി. ഇനി കാര്യത്തിലേക്ക് കടക്കാം. പാക് മാന്‍ എന്ന ജപ്പാന്‍ നിര്‍മ്മിത കളിയുടെ 30-ആം വാര്‍ഷികം കഴിഞ്ഞ മേയ് 21 –ന് സുലഭമായി ആഘോഷിച്ചു. പുള്ളിക്കാരന്റെ ബര്‍ത്ത് ഡേ പ്രമാണിച്ച് ഗൂഗിളിന്റെ ഹോംപേജിലും പാക് മാനിനും മിനുങ്ങാന്‍ ഒരു അവസരം കൊടുത്തു. ലോകത്തിന്റെ പല ഭാഗത്ത് നിന്നായി പല കമ്പനി തൊഴിലാളികള്‍ ഉള്‍പ്പെടെ കളിച്ച ഇവന്‍ ഉണ്ടാക്കിയ നഷ്ടം വെറും 4.8 മില്യണിലധികം (48 ലക്ഷം) മണിക്കൂര്‍. അത് വെറും ഒറ്റ ദിവസം കൊണ്ട്. വാരാന്ത്യമായത് കൊണ്ട് കമ്പനികളുടെ തിരക്ക് പിടിച്ച ജോലികള്‍ ഒഴിവാക്കി പാക് മാന്‍ കളിക്കാന്‍ സമയം കണ്ടെത്തി. തൊഴിലാളികളുടെ ഇന്റര്‍നെറ്റ് ഉപയോഗങ്ങളും, എവിടെയെല്ലാം സഞ്ചരിക്കുന്നു, എന്തെല്ലാം സേര്‍ച്ച് ചെയ്യുന്നു എന്ന് പരിശോധിക്കുകയും അതിനു വേണ്ട സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന റെസ്ക്യൂ ടൈം എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടേതാണ് ഈ കണക്ക്. അവരുടെ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച മാത്രമായി 120,483,800 ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കിയത്. അതായത് ശരാശരി 25 ഡോളര്‍ നിരക്കില്‍ മണിക്കൂറില്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇത്രയും വരുമെന്നാണ് കണക്ക്.
ഒരാള്‍ ശരാശരി ഗൂഗിളില്‍ 22 സേര്‍ച്ചുകള്‍ നടത്തുന്നു. അതില്‍ ഓരോ സേര്‍ച്ചും 11 സെക്കന്റ് വരെയുണ്ടാകും. എന്നാല്‍ പാക് മാന്റെ വരവ് കാരണം അത് 36 സെക്കന്റായി ഉയര്‍ന്നു എന്നാണ് കണക്ക്. കൂടാതെ 298,803,988 ഡോളറിന്റെ നഷ്ടം ഗൂഗ്ഗിളിനും അവരുടെ തൊഴിലാളികള്‍ മൂലം സംഭവിച്ചു. അതായത് ഇത്രയും ഡോളറിന് ഏകദേശം 19,835 പുതിയ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയും എന്ന സത്യവും അവര്‍ പുറത്ത് വിട്ടു.
കമ്പനിക്ക് വലിയ നഷടമൊക്കെ സംഭവിച്ചെങ്കിലും ഇത്രയും വലിയ ജനപ്രീതി കാരണം ഗൂഗിള്‍ പാക് മാനു വേണ്ടി പുതിയ ഒരു പേജ് വരെ തുറന്നു. www.google.com/pacman. ഏവര്‍ക്കും ഈ കളിയിലേക്ക് സ്വാഗതം. നമുക്കും വരുത്താം നഷ്ടങ്ങള്‍, നമ്മുടെ കമ്പനിക്ക് വേണ്ടി, നമ്മുടെ ഭാവിക്ക് വേണ്ടി.
Saturday, August 15, 2009
ഇസ്ലാമോഫോബിയ
ഇസ്രായേലിന്റെ സഹായത്തോടെ അമേരിക്കയും, ഫാഷിസ്റ്റ് ചിന്താഗതിക്കാരും ലോകത്താകമാനം പ്രത്യേകിച്ച് ഇന്ത്യന്‍ ഉപഭൂഗണ്ഡത്തില്‍ വിതച്ച ഒരു ചിന്താഗതിയാണ് ഈസ്ലാമോഫോബിയ. 1980-ല്‍ വ്യാപകമായ ഈ ചിന്താഗതിക്ക് 9/11- ശേഷം കൂടുതല്‍ വേരോട്ടമുണ്ടായി, അല്ലെങ്കില്‍ ഉണ്ടാക്കിത്തീര്‍ത്തു എന്ന് വേണം പറയാന്‍. ലോകത്ത് ഏറ്റവ്വും കൂടുതല്‍ പരിവര്‍ത്തനം നടക്കുന്ന മതമായിട്ടാണോ അല്ലെങ്കില്‍ മാറി മാറി വരുന്ന പാശ്ചാത്യ സംസ്കാരത്തോടുള്ള വിമുഖത അല്ലെങ്കില്‍ ദാര്‍ശനികമായിട്ടുള്ള അടിയുറച്ചുള്ള എതിര്‍പ്പ് കൊണ്ടാണോ അതല്ലെങ്കില്‍ ദൈവീകമായ കാര്യങ്ങളില്‍ മറ്റു മതങ്ങള്‍ അനുവദിക്കുന്ന കാലങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് വഴങ്ങാത്തതാണോ എന്നൊന്നും അറിയില്ല, മതാവിശ്വാസികള്‍ക്കിടയില്‍ പോലും ഈയൊരു ഭയം വളര്‍ന്ന് കൊണ്ടേയിരിക്കുന്നു.
ഇസ്ലാമിനോടുള്ള അന്ധമായ എതിര്‍പ്പ് കാരണം മൂസ്ലികളോട് പുലര്‍ത്തുന്ന എതിര്‍പ്പോ അല്ലെങ്കില്‍ വിദ്വേഷമോ ആണ് ഇസ്ലാമോഫോബിയ. ഇത്തരം ചിന്താഗതി വന്നു കഴിഞ്ഞാല്‍ ആ എതിര്‍പ്പുകള്‍ക്ക് പാത്രമാകുന്നവര്‍ ലോകത്തില്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പ്രശസ്ത ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെന്നോ, കമലഹാസനെന്നോ, അമീര്‍ഖാനെന്നോ, മുന്‍ ഇന്ത്യന്‍ പ്രസിഡന്റും പ്രശസ്ത ശാസ്ത്രഞ്ജനുമായാ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമെന്നൊ, ഇനി മുഹമ്മദ് കുട്ടി ഇസ്മായില്‍ എന്ന യഥാര്‍ത്ഥ പേരുള്ള മമ്മൂക്കയെന്നോ ഒന്നും വിഷയമല്ല. പാസ്പോര്‍ട്ടില്‍ മുഹമ്മദ് എന്നോ, ഖാനെന്നോ, ശൈഖ് എന്നോ അല്ലെങ്കില്‍ മുസ്ലിം നാമങ്ങളോട് സാദൃശ്യമുള്ള മറ്റു പേരുകളോ ഉണ്ടായാല്‍ അത് അമേരിക്കക്കും, യൂറോപ്പിനും, മറ്റു ചില രാജ്യങ്ങള്‍ക്കൊക്കെ തീവ്രവാദികള്‍ തന്നെയാണ്.
9/11 -ഉം, ബ്രിട്ടണിലെ സ്ഫോടനവും, മറ്റുമൊക്കെ നടന്ന ഓര്‍മ്മകള്‍ ഒരു വശത്തും, അഫ്ഗാനിസ്ഥാനേയും, ഇറാഖിനേയും, പാകിസ്ഥാനേയും, ഇറാനേയും മറ്റു നിരവധി രാജ്യങ്ങളേയും എല്ലാ അര്‍ഥത്ഥിലും നഷിപ്പിച്ചു അല്ലെങ്കില്‍ ഭീഷണിയായി എന്നിരിക്കേ പ്രതികാരവുമായി നടക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്ന “ഫോബിയ” മറ്റൊരു വശത്തും, ഉള്ളത് കാരണം ഇത്തരം രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഉള്ള ഉത്കണ്ട വര്‍ദ്ധിപ്പിക്കുന്നു. തന്‍ നിമിത്തം അത്തരം രാജ്യക്കാര്‍ അവരുടെ എമിഗ്രേഷനടക്കമുള്ള എല്ലാ വിധ പരിശോധനകളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു എന്നത് വാസ്തവം. അല്ലെങ്കില്‍ അതാണ് അതിന്റെ ശരി. എന്നാല്‍ അടുത്തിടെ ന്യൂസ് വീക്കില്‍ ലോകത്ത് വ്യക്തിമൂദ്ര പതിപ്പിച്ച 50 പേരുടെ ലിസ്റ്റില്‍ ഇടം കണ്ട, ഒരു പക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധാകരുള്ള ലോകത്ത് തന്നെ വളരെയധികം ശ്രദ്ദേയനായ ബോളിവുഡ് നടന്‍ ഷാരൂഖിനും ന്യൂജേഴ്സി വിമാനത്താവളത്തില്‍ അനുഭവിക്കേണ്ടി വന്നത് ഈയൊരു ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ ഒരു ഡിപ്ലോമാറ്റ് പൌരന് നല്‍കേണ്ട മര്യാദ നല്‍കാതെ ഇടക്കിടെ സന്ദര്‍ശനം നടത്തുന്ന വ്യക്തിയെ ഒരു തെറ്റിദ്ധാരണയുടെ പേരില്‍ രണ്ട് മണിക്കൂറോളം ഒരു ഫോണ്‍ പോലും ചെയ്യാന്‍ അയക്കാതെ പീഢിപ്പിച്ചതില്‍ സാധാരണ ഒരു പൌരന് ചിലപ്പോള്‍ നിസാരമായി കണ്ടേക്കാം. എന്നാല്‍ അതിനപ്പുറത്ത് കിടക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്, ഷാരൂഖ് എന്ന വ്യക്തിയെ ഒഴിച്ച് നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ നാമത്തിനു ഖാന്‍ എന്ന പേര്‍ വന്നത് ഭീകരവാദിയായി കാണാന്‍ സാധ്യത നല്‍കാം എന്നതാണ്. രണ്ട്, ഷാരൂഖ് ഖാന്‍ എന്ന വ്യക്തി ഒരു തികഞ്ഞ രാജ്യസ്നേഹിയാണെന്ന് അദ്ദേഹം തന്നെ പല വേദികളിലും സിനിമകളിലും ജീവിതത്തിലുട നീളവും തെളിയിച്ചതാണ്. അതിനു പുറമേ ഇന്ത്യന്‍ റെസിഡന്റായ ഒരാളെ അനാവശ്യമായി ചോദ്യം ചെയ്യുന്നത് രാജ്യത്തോട് കാണിക്കുന്ന ഒരു അപമാനവും കൂടിയാണ്. സമാന വിഷയങ്ങള്‍ തന്നെയാണ് മുന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനും, ആമിര്‍ ഖാനും, കമലഹാസനും, മമ്മൂട്ടിക്കും ഇതേ അമേരിക്കയില്‍ നിന്നും, കാനഡയില്‍ നിന്നും, ബ്രിട്ടണില്‍ നിന്നൂമൊക്കെയായി നേരിടേണ്ടി വന്നത്. ഭരണകൂടത്തിന്റെ മൌനവും ഈ രാജ്യങ്ങളോടുള്ളവിധേയത്വവും ഇവിടെ ഓരോ പൌരനും ചോദ്യം ചെയ്യുന്നതില്‍ തെറ്റ് കാണില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പാര്‍ലിമെന്റില്‍ നിന്നുണ്ടാകുന്ന ഒരു പൊട്ടിത്തെറിക്ക് മറുപടിയായി അന്വേഷണത്തിനുള്ള ഒരു ഓര്‍ഡര്‍ പുറപ്പെടുവിക്കലോ മന്ത്രിസഭയിലുള്ള ആരെങ്കിലും അമേരിക്കക്ക് വേണ്ടി മാപ്പ് ചോദിക്കലോ അല്ലാതെ മറ്റെന്തുണ്ട് കോടിക്കണക്കിനു വരുന്ന ജനതയേയും അവരുടെ ഭരണകൂടങ്ങളേയും വിഡ്ഢികളാക്കാന്‍. ഇത്തരം ഒരു അവഹേളനം മൂലമാണ് ബി. ജെ. പി. ഭരിച്ചപ്പോഴും അന്നത്തെ മന്ത്രിക്ക് അടിവസ്ത്രം വരെ പരിശോധനക്ക് വിധേയമാക്കേണ്ടി വന്നത്.
മറ്റൊരു വശത്ത് ഇസ്ലാമോഫോബിയ. ഇത് കാരണം നമ്മുടെ സ്വന്തം രാജ്യത്തിനകത്ത് ഷബാന ആസ്മിയെ പോലുള്ളവര്‍ മുംബൈയില്‍ പീഢനം കാരണം, തല ചായ്ക്കാന്‍ കൂരയില്ലാതെ അലഞ്ഞ് തിരിയുന്നത് മറ്റൊരു ഉദാഹരണം. മേല്പറഞ്ഞ രാജ്യങ്ങള്‍ നടത്തുന്ന അവഹേളനം ഇനിയും തുടരട്ടെ... അതില്‍ ബോളിവുഡിലെ ബാക്കി വരുന്ന “ഖാന്‍”മാര്ക്കടക്കമം എല്ലാവര്‍ക്കും കാത്തിരിക്കാം. പാര്‍ലമെന്റുകള്‍ സ്തംഭിപ്പിക്കാം, നമുക്കത് ആഘോഷിക്കുകയും ചെയ്യാം. കൂടെ മാധ്യമങ്ങള്‍ക്ക് ചാകരയും ആകട്ടെ....
Friday, August 14, 2009
സ്വാതന്ത്ര്യ ദിനാശംസകള്‍
Sunday, August 2, 2009
ശിഹാബ് തങ്ങള്‍ ഓര്‍മ്മയായി
കൊടപ്പനക്കല്‍ തറവാടിലെ ഈ ആത്മീയ നേതാവിന്റെ ജീവിതത്തില്‍ എടുത്ത ഓരോനിലപാടുകളും ജാതി മത ഭേദമന്യേ സ്വീകാര്യമായിരുന്നു എന്ന പ്രത്യേകത കേരള സമൂഹത്തിനു തന്നെ ഒരു മാതൃകയാവുകയായിരുന്നു. പ്രവാചക പരമ്പരയിലെ നാല്‍പതാമത്തെ കണ്ണിയായ തങ്ങള്‍ മുസ്ലിം സമൂഹത്തിനും, കേരളത്തിനും ഒരു തീരാനഷ്ടം തന്നെയാണ്.
ഖബറിലും, പരലോകജീവിതത്തിലും അദ്ദേഹത്തിനു മഅ്ഫിറത്തും, സ്വര്‍ഗ്ഗപ്രവേശനവും നല്‍കി അള്ളാഹു അദ്ദേഹത്തെ ഇഷ്ടദാസന്മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ എന്ന് ഇതോടൊപ്പം പ്രാര്‍ത്ഥിക്കുന്നു.
Wednesday, May 20, 2009
പ്രഭാകരന്റെ അന്ത്യം... ശ്രീലങ്കന്‍ തമിഴന്റേയും...
നൂറ്റാണ്ട് മുമ്പ് തോട്ടകൃഷിക്കും, മറ്റും വേണ്ടി തമിഴ് വംശജര്‍ പഴയ സിലോണിലേക്ക് എത്തുകയായിരുന്നു. ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന അന്നത്തെ സിലോണ്‍ ഭരണാധികാരികളുടെ കൊടും ക്രൂരതയും, വേതനമില്ലാ തൊഴിലും ഇന്ത്യയില്‍ നിന്നും കുടിയേറിയ തമിഴ് മക്കള്‍ അനുഭവിക്കേണ്ടി വന്നു. കുടിയേറ്റത്തിനു മുമ്പ് ഉണ്ടായിരുന്ന രാജതലമുറയുടെ പിന്‍തലമുറക്കാരായ തമിഴര്‍ക്കും, അഹിംസയുടെ പര്യായമെന്ന് അറിയപ്പെടുന്ന ബുദ്ധ മത വിശ്വാസികളായ സിഹളക്കാര്‍ക്കും ഇടയില്‍ സിലോണിന്റെ അവകാശത്തിന്‍ മേല്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇത്തരം ഒരു പ്രശ്നം നടക്കുന്ന സമയത്തായിരുന്നു തെക്കേന്ത്യയില്‍ നിന്നുമുള്ള തമിഴരുടെ കുടിയേറ്റം. പക്ഷേ, സ്വാതന്ത്ര്യ സമയത്ത് സിഹളക്കാര്‍ ഭരണം ഏറ്റെടുക്കുകയായിരുന്നു. 1948-ല്‍ ശ്രീലങ്കക്ക് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫന്‍ സെനനായകെ, ലക്ഷക്കണക്കിനു വരുന്ന തമിഴ് വംശജര്‍ക്ക് പൌരാവകാശം നിശേധിച്ചും, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടാവകശം നിശേധിച്ചും തമിഴ് ജനതയോട് അനീതി കാണിച്ചു. പ്രക്ഷോഭങ്ങളെ സൈനിക ബലം പ്രയോഗിച്ച് അടിച്ചൊതുക്കകയും ചെയ്തു. വിവാദങ്ങള്‍ ഒഴിവാക്കാനായിരിക്കണം, തമിഴ് വംശജര്‍ക്ക് രണ്ട് സീറ്റുകളും പാര്‍ലമെന്റില്‍ അദ്ദേഹം നീക്കിവെച്ചു. വീണ്ടും തുടര്‍ന്ന അവഹേളനത്തിന്റെ പ്രതിഷേധത്തില്‍ പങ്കു കൊള്ളാന്‍ ചില സിഹളക്കാരും തമിഴരോടൊപ്പം കൂട്ടു നിന്നു.
1954-ല്‍ ജനിച്ച പ്രഭാകരന്റെ ബാല്യം ഭയത്തിന്റെയും അതിരുകളുടേതുമായിരുന്നു, കൂടെ അച്ചടക്കത്തിന്റേയും. അച്ചന്‍ വേലുപ്പിള്ള ജോലി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സമയൊത്തൊക്കെ സംസാരത്തിലും, കടലാസ് തുണ്ടുകളിലും, കൂട്ടുകാര്‍ക്കിടയിലും തമിഴരോടുള്ള ക്രൂരത പങ്കു വെക്കുമായിരുന്നു. ചെറുപ്പം മുതലേ സ്വന്തം ജനതയുടെ ബുദ്ധിമുട്ടുകള്‍ അച്ചനില്‍ നിന്നു തന്നെ കേട്ട് വളര്‍ന്ന, പ്രഭാകരന്‍ വളര്‍ന്നതോടെ സുഭാഷ് ചന്ദ്ര ബോസിന്റേയും, ഭഗത് സിങിന്റേയുമൊക്കെ ആദര്‍ശങ്ങളില്‍ തല്പരനായി ആയുധം ഏന്തുകയായിരുന്നു. 1976-ല്‍ രൂപം കൊണ്ട തമിഴ് പുലി സംഘടന അഥവാ LTTE ക്ക് പല പട്ടാളക്കാരേയും, രാഷ്ട്രീയ നേതാക്കളേയും കൊന്നൊടുക്കുകയും, കുഴി ബോമ്പുകളേയും, ചാവേറുകളേയും സംഭാവന ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍ 1991 മെയ് 21-നു ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്കന്‍ പ്രസിഡന്റ് പ്രേമദാസ എന്നിവരെ വധിച്ചതോടെ തമിഴ് പുലികള്‍ക്ക് ലോക ശ്രദ്ധ നേടുകയും, അതോടൊപ്പം തന്നെ ലോകത്തിന്റെ വെറുപ്പും സമ്പാതിക്കാനായി. അതില്‍ മറ്റൊരു മുഖ്യകാരണം, സിംഹളരെ കൂടാതെ, തങ്ങളോട് വിയോജിപ്പുള്ള തമിഴരേയും അവര്‍ കൊന്നൊടുക്കുകയും ചെയ്തു. എന്നാണോ രാജീവ് ഗാന്ധിയെ പുലികള്‍ വധിച്ചത്, അന്ന് മുതല്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലുണ്ടായിരുന്ന നായക സ്ഥാനം പുലികള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ലോകത്തിലെ പല രാജ്യങ്ങളിലെ വ്യക്തികളോടുള്ള ബന്ധവും, വിദേശത്ത് നിന്ന് വരുന്ന പണവും കാരണം പുലികളുടെ വളര്‍ച്ച അതിവേഗമായിരുന്നു.
ഇത്തരം ഒരു ഭീകരത അനിയന്ത്രിതമായപ്പോഴാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രഭാകരനും, പുലികള്‍ക്കുമെതിരേ അതിരൂക്ഷമായ യുദ്ധം തുടങ്ങിയത്. രണ്ട്-മൂന്ന് വര്‍ഷം മുമ്പ് തന്നെ വളരെ ആസൂത്രിതമായും, അതി ശക്തമായും തുടങ്ങിയ സൈനിക നടപടി പുലികളുടെ ശക്തി കേന്ദ്രമായ കിളിനോച്ചി ജനുവരിയില്‍ ശ്രീലങ്കന്‍ സൈന്യം പിടിച്ചെടുത്തു. തുടര്‍ന്ന് മുല്ലത്തേവും മറ്റു പുലിത്താവളങ്ങളും, മറ്റു ശക്തി കേന്ദ്രങ്ങളും സൈനിക നടപടിയില്‍ പുലികള്‍ക്ക് ക്രമേണ നഷ്ടപ്പെട്ടു, കൂടെ നിരപരാധികളായ ഒരുപാട് സിവിലിയന്മാരുടെ രക്തവും ചിന്തി. എന്നിട്ടും, പോരാട്ട വീര്യം നഷ്ടപ്പെടാത്ത പുലികളെ സൈന്യം നാല് ദിക്കില്‍ നിന്നും വളയുകയായിരുന്നു. അവസാനം മുഖ്യധാരയിലുണ്ടായിരുന്ന പല പുലി നേതാക്കളുടെയും, സേനകളുടേയും മൃതദേഹങ്ങള്‍ഉടെ കൂടെ പ്രഭാകരന്റെ മൃതദേഹം പൊട്ടിത്തെറിച്ച തലയും, ബുള്ളറ്റുകള്‍ പതിഞ്ഞ, യൂണിഫോം ധരിച്ച ശരീരത്തോടെയും ലഭിക്കുകയായിരുന്നു.
ഈ യുദ്ധം തമിഴര്‍ക്കെതിരല്ല എന്നും പുലികള്‍ക്കെതിരെ മാത്രമാണെന്നും, തമിഴരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും, ആവര്‍ത്തിച്ചു പ്രസ്താവിക്കുന്ന രാജ്പക്ഷെയുടെ വാക്കുകള്‍ക്ക് നമുക്ക് വില കല്പിക്കാം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തമിഴരുടെ അവകാശങ്ങള്‍ക്കും, അവര്‍ നേരിടുന്ന അനീതികള്‍ക്കും മുറവിളിക്കാന്‍ ചിലപ്പോള്‍ ആയിരം പ്രഭാകരന്മാര്‍ നാളെ വന്നേക്കാം... കാരണം, തമിഴരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അതൊരു സ്വാതന്ത്ര്യ പ്രക്ഷോഭമായിരിക്കാം. എങ്കില്‍ അത് തീവ്രവാദി എന്ന പേരിനു കീഴ്പ്പെടാതെ ധീരമായ കാല്‍ വെപ്പായിരിക്കട്ടെ....
Sunday, May 17, 2009
കേരള സമൂഹം വിഡ്ഢികളല്ല
പതിനഞ്ചാമത് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ പലര്‍ക്കും ആശകളും, മറ്റു പലര്‍ക്ക് നിരാശകളും നല്‍കി. കൂടാതെ എക്സിറ്റ് പോളുകളും, മറ്റു പ്രവചനങ്ങളുമൊക്കെ കാറ്റില്‍ പറത്തി ഇന്ത്യന്‍ സമൂഹം കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.പി.എ. വീണ്ടും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആഗ്രഹമായിരിക്കണം യാഥാര്‍ത്ഥ്യമായത്. മന്‍മോഹന്‍ സിങിന്റേയും, സോണിയാ ഗാന്ധിയുടേയും, രാഹുല്‍ ഗാന്ധിയുടേയും വിജയമാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, ബി.ജെ.പി. ഉള്‍പെടുന്ന എന്‍.ഡി.എക്കും, ഇടത് നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിക്കും, നാലാം മുന്നണിക്കും, ഫലപ്രഖ്യാപനം വന്നതിന് ശേഷം ഏത് മുന്നണിയില്‍ തുടരണമെന്ന് ധാര്‍ഷ്ഠ്യം കാണിച്ച ലാലു, പവാര്‍, മായാവതി പോലുള്ള നേതാക്കന്മാര്‍ക്കൊക്കെ വലിയ തിരിച്ചടി തന്നെയാണ് ഈ ഫല പ്രഖ്യാപനത്തിലൂടെ നല്‍കിയത്.
പ്രാദേശിക ആവശ്യങ്ങളും, ജാതീയ ആവശ്യങ്ങളും ഈയിടെ അത്ര കണ്ട് വിജയം കണ്ടില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കപ്പെട്ടത്. അത് കൊണ്ടായിരിക്കണം, ഒരു ദേശീയ പാര്‍ട്ടിക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനു, ചരിത്രത്തില്‍ അപൂര്‍വമായി ഇത്രയധികം സീറ്റുകള്‍ നേടാനായത്. കൂടാതെ, വര്‍ഗ്ഗീയ ദ്രുവീകരണത്തില്‍ നിന്നും ഇന്ത്യ മുക്തി നേടുന്നു എന്ന ചില റിപ്പോര്‍ട്ടുകള്‍ക്ക് സാധ്യത കൂടുതലുള്ളതായും കാണന്നു. അടല്‍ ബിഹാരി വാജ്പേയ് നേതൃത്വം നല്‍കിയ കഴിഞ്ഞ കാലത്തെ ഭരണത്തെ നേട്ടങ്ങളും ഭാവി സ്വപ്നങ്ങളുമൊക്കെ പറഞ്ഞ് എങ്ങനെയെങ്കിലും, ഒരു തവണയെങ്കിലും പ്രധാനമന്ത്രി ആകണമെന്ന അദ്വാനിയുടെ വ്യാമോഹം ഇവിടെ കുഴിച്ച്മൂടപ്പെട്ടു. അദ്ദേഹത്തെ കൂടാതെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത ഉണ്ടെന്ന് ആശങ്കപ്പെട്ടിരുന്ന ശരത് പവാര്‍, ലാലു, മായാവതി എന്നിവരൊക്കെ വീണ്ടും സ്വന്തം കൂടുകള്‍ തിരയുകയാണ്. ദേശീയ പാര്‍ട്ടിയെന്ന ഖ്യാതി നശിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാവിയും വളരെ പരിതാപകരം തന്നെ.
കമ്മ്യൂണിസ്റ്റ് ഉരുക്ക് കോട്ടയെന്ന് അറിയപ്പെടുന്ന ബംഗാളില്‍ വളരെയധികം അടിയൊഴുക്കാണ് പാര്‍ട്ടിക്ക് പറ്റിയത്. പാര്‍ട്ടി അണികള്‍ പോലീസിന്റെ സഹായത്തോട് കൂടി നടത്തിയ കലാപങ്ങള്‍ക്കും, ന്യൂനപക്ഷ അവകാശങ്ങള്‍ മൂടിവെച്ചതിനും കിട്ടിയ തിരിച്ചടിയാണ് ബുദ്ധദേവിനും പ്രകാശ് കാരാട്ടിനും അലോസരമുണ്ടാക്കിയിട്ടുള്ളത്.
പെണ്‍ വിവാദത്തില്‍ കുറ്റാരോപിതനായ പി.ജെ. ജോസഫും, മണ്‍ വിവാദത്തില്‍ കുടുങ്ങിയ ടി.യു. കുരുവിളയും കഴിഞ്ഞ നാലുകളില്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കുറ്റാരോപണം നടത്തിയ കുരുവിളയെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുകയും, വളരെ പെട്ടന്ന് തന്നെ അന്വേഷണ നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്ത വി. എസ്. സര്‍ക്കാര്‍ പി. ജെ ജോസഫിന്റെ കാര്യത്തിലും സമാനമായ നടപടി തന്നെ എടുത്തു എന്നു വേണം പറയാന്‍. അത്കൊണ്ട് തന്നെയായിരുന്നു കുരുവിളയുടെ ഇരിപ്പിടത്തിലേക്ക് മോന്‍സ് ജോസഫിനെ നിര്‍ദ്ദേശിച്ചതും. എന്നാല്‍ അതേ വി.എസിനു പിണറായിയുടെ കാര്യത്തില്‍ ഒറ്റപ്പെടലുകളാണ് ഉണ്ടായത്. പഴഞ്ചെനെന്ന് വരെ കൂടെയുള്ള സഖാക്കന്മാര്‍ വിളിച്ചു കളിയാക്കി. പിണറായി വിജയനാണെങ്കില്‍ എല്ലാം വെട്ടി ക്കിഴ്പ്പെടുത്തുന്ന തത്രപാടിലാണു താനും. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മേല്‍ ആരോപിക്കപ്പെട്ട പെണ്‍ വിഷയത്തില്‍ ഘോരഘോരം പ്രസംഗിച്ചും പ്രതിഷേധം അറിയിക്കുകയും ചെയ്ത വി.എസിന്, ഭരണം കിട്ടിയപ്പോള്‍ കിളിരൂര്‍ കേസില്‍ ഏറെ വിവാദമുണ്ടാക്കിയ, മൂക്കിന്‍ താഴെ ഇരിക്കുന്ന വി.ഐ.പി.യുടെ പേര് പറയാന്‍ ഭയക്കുന്നു.
Monday, March 30, 2009
അപരന്മാരുടെ ചാകര
എന്നാല്‍ അവസാന പട്ടിക ഇന്ന് പുറത്ത് വിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാളേറെ അപരന്മാരെയാണ് എതിര്‍പാര്‍ട്ടികളുടെ സഹായത്തോട് കൂടിയോ അല്ലാതെയോ വന്നിട്ടുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന കോട്ടയം ജില്ലയിലെ 24 പേരില്‍ 8 പേരും അപരന്മാരാണ്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ശ്രീ പി. സുരേഷ് കുറിപ്പിനു അഞ്ച് അപരന്മാരാണ് മത്സര രംഗത്തുള്ളത്. ഇതേ മണ്ഡലത്തിലെ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിയായ മുന്‍ റവന്യു മന്ത്രിയായ കെ. മാണിയുടെ പുത്രനും യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുമായ ജോസ് കെ. മാണിക്ക് മൂന്ന് അപരന്മാരാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരു അപരന്റെ പേരും ജോസ് കെ. മാണി എന്ന് തന്നെയാണ്. അദ്ദേഹത്തിന്റെ അച്ഛന്റെ പേരും കെ. മാണി എന്നു തന്നെയാണെന്നതാണ് പ്രത്യേകത.
ഇസ്രായേലിന്റെ നരനായാട്ടിനെ അനുകൂലിച്ചും, നെഹ്റു-ഗാന്ധി കുടുംബത്തെ ഒന്നടങ്കം തന്റെ പുസ്തകത്തിലൂടെ ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആള്‍ എന്ന ഖ്യാതിയുള്ളതും, മുന്‍ യു.എന്‍. അണ്ടര്‍ സെക്രട്ടറിയും, രാജ്യാന്തര നയതന്ത്രഞ്ജനും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായ ശശി തരൂരിന് രണ്ട് അപരന്മാരാണുള്ളത്. അതേ പേരുള്ള ശശി തരൂരും, ശശി അരൂരും മത്സരിക്കുന്നു. വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. സീതാദേവിയെ കൂടാതെ രണ്ട് പി. സീതാദേവിമാരാണുള്ളത്. അത് പോലെ തന്നെ കോഴിക്കോട്ടെ ഇടത് സ്ഥാനാര്‍ത്ഥിയായ അഡ്വ. മുഹമ്മദ് റിയാസിന് രണ്ട് അപരന്മാരാണുള്ളത്. കോഴിക്കോട്ടെ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.കെ. രാഘവനുള്ളതും രണ്ട് അപരന്മാര് തന്നെ. പല ഞാഞ്ഞൂലുകളുടെ മേധാവിത്വം കൊണ്ടും, വിധേയത്വം കൊണ്ടും ഭയം കൊണ്ടും വളരെ പ്രശസ്തമായ പൊന്നാനിയില്‍ ഇടതിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ. ഹുസൈന്‍ രണ്ടത്താണിക്കും ഈ അപരന്മാരുടെ ബാധയും പിടിപെട്ടത് വളരെ ശ്രദ്ധേയമാണ്. ഹുസൈന്‍ രണ്ടത്താണിയും ഡോ. ഹുസ്സൈനും, ഹുസ്സൈന്‍ എടയത്തും ആണ് അദ്ദേഹത്തിന്റെ ആത്മാവിനെ പിടികൂടിയിരിക്കുന്നത്. കൂടാതെ മലപ്പുറത്തെ ഇടത് സ്ഥാനാര്‍ത്ഥിയായ ടി.കെ ഹംസക്കും അപരന്മാരുടെ ഭീഷണിയുണ്ട്. മൂന്ന് അപരന്മാരാണ് അദ്ദേഹത്തിന്റെ വോട്ടുകള്‍ മറിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
എന്തായാലും എതിരാളിയെ തോല്‍പ്പിക്കാന്‍ എന്തു നെറികെട്ട കരു നീക്കങ്ങളും ശത്രുപക്ഷം നടത്തുന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ്. ആരെല്ലാം തോല്ല്ക്കും, ആരെല്ലാം ജയിക്കുമെന്ന് നിരോധിക്കപ്പെട്ട എക്സിറ്റ് പോളിനും നിര്‍വചിക്കാന്‍ പറ്റാത്ത വിധം ചതിക്കുഴികള്‍ നിറച്ച് വെച്ചിരിക്കുകയാണ്. ഏവരും വിജയം ഉറപ്പാക്കിയ വി.എം. സുധീരന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം നമ്മെ ഇത്തരം ഒരു ചിന്ത ഉണര്‍ത്തുന്നു. നമ്മെ മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളേയും നിരീക്ഷകരേയും.............
എന്തായാലും എല്ലാം കാത്തിരുന്നു കാണാം...