Monday, March 30, 2009

അപരന്മാരുടെ ചാകര

പതിനഞ്ചാമത് ലോകസഭാ ഇലക്ഷന്‍ പ്രഖ്യാപിച്ച്, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന്‍ തിയ്യതി ഇന്ന് തീരുമ്പോള്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ സ്ഥാനം പിടിച്ചത് അപരന്മാര്‍. കേരളത്തിലെ പ്രമുഖരായ മിക്ക നേതാക്കള്‍ക്കെല്ലാം ഈ അപരന്മാരുണ്ടെന്നത് ഇവരെ ആവലാതിപ്പെടുത്തുന്നു. സ്വന്തം പേരുകളുമായി സാദൃശ്യമുള്ളതായത് കൊണ്ട് തങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകളെല്ലാം അപരന്മാര്‍ക്ക് കിട്ടിപ്പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 2004-ല്‍ നടന്ന ലോകസഭയിലേക്കും വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലേക്കും നടന്ന തെരഞ്ഞെടുപ്പിലും ഈയൊരു പ്രവണത കണ്ടിരുന്നു. അന്നത്തെ ജനസമ്മതനായ വി.എം. സുധീരന്‍ ആലപ്പുഴയില്‍ നിന്നും ആയിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ തന്റെ അപരനായി മത്സരിച്ച വി.എസ് സുധീരന്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. അത് പോലെ തന്നെ മുന്‍ വൈദ്യുത മന്ത്രിയും, മുന്‍ കെ.പി.സി.സി. പ്രസിഡന്റും, ഇന്നത്തെ എന്‍.സി.പി. നേതാവും, കരുണാകരന്റെ ഒരേയൊരു മകനുമായ കെ. മുരളീധരനും അപരനുണ്ടായിരുന്നത്ത് ചിലപ്പോള്‍ അത്ര കണ്ട് ഫലം ചെയ്തോ എന്ന് സംശയമുണ്ടെങ്കില്‍ കൂടിയും അത് അദ്ദേഹത്തേയും പാര്‍ട്ടിയേയും തളര്‍ത്തിയിരുന്നു.

എന്നാല്‍ അവസാന പട്ടിക ഇന്ന് പുറത്ത് വിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാളേറെ അപരന്മാരെയാണ് എതിര്‍പാര്‍ട്ടികളുടെ സഹായത്തോട് കൂടിയോ അല്ലാതെയോ വന്നിട്ടുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന കോട്ടയം ജില്ലയിലെ 24 പേരില്‍ 8 പേരും അപരന്മാരാണ്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ശ്രീ പി. സുരേഷ് കുറിപ്പിനു അഞ്ച് അപരന്മാരാണ് മത്സര രംഗത്തുള്ളത്. ഇതേ മണ്ഡലത്തിലെ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിയാ‍യ മുന്‍ റവന്യു മന്ത്രിയായ കെ. മാണിയുടെ പുത്രനും യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുമായ ജോസ് കെ. മാണിക്ക് മൂന്ന് അപരന്മാരാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരു അപരന്റെ പേരും ജോസ് കെ. മാണി എന്ന് തന്നെയാണ്. അദ്ദേഹത്തിന്റെ അച്ഛന്റെ പേരും കെ. മാണി എന്നു തന്നെയാണെന്നതാണ് പ്രത്യേകത.

ഇസ്രായേലിന്റെ നരനായാട്ടിനെ അനുകൂലിച്ചും, നെഹ്റു-ഗാന്ധി കുടുംബത്തെ ഒന്നടങ്കം തന്റെ പുസ്തകത്തിലൂടെ ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആള്‍ എന്ന ഖ്യാതിയുള്ളതും, മുന്‍ യു.എന്‍. അണ്ടര്‍ സെക്രട്ടറിയും, രാജ്യാന്തര നയതന്ത്രഞ്ജനും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായ ശശി തരൂരിന് രണ്ട് അപരന്മാരാണുള്ളത്. അതേ പേരുള്ള ശശി തരൂരും, ശശി അരൂരും മത്സരിക്കുന്നു. വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. സീതാദേവിയെ കൂടാതെ രണ്ട് പി. സീതാദേവിമാരാണുള്ളത്. അത് പോലെ തന്നെ കോഴിക്കോട്ടെ ഇടത് സ്ഥാനാര്‍ത്ഥിയായ അഡ്വ. മുഹമ്മദ് റിയാസിന് രണ്ട് അപരന്മാരാണുള്ളത്. കോഴിക്കോട്ടെ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.കെ. രാഘവനുള്ളതും രണ്ട് അപരന്മാര് തന്നെ. പല ഞാഞ്ഞൂലുകളുടെ മേധാവിത്വം കൊണ്ടും, വിധേയത്വം കൊണ്ടും ഭയം കൊണ്ടും വളരെ പ്രശസ്തമായ പൊന്നാനിയില്‍ ഇടതിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ. ഹുസൈന്‍ രണ്ടത്താണിക്കും ഈ അപരന്മാരുടെ ബാധയും പിടിപെട്ടത് വളരെ ശ്രദ്ധേയമാണ്. ഹുസൈന്‍ രണ്ടത്താണിയും ഡോ. ഹുസ്സൈനും, ഹുസ്സൈന്‍ എടയത്തും ആണ് അദ്ദേഹത്തിന്റെ ആത്മാവിനെ പിടികൂടിയിരിക്കുന്നത്. കൂടാതെ മലപ്പുറത്തെ ഇടത് സ്ഥാനാര്‍ത്ഥിയായ ടി.കെ ഹംസക്കും അപരന്മാരുടെ ഭീഷണിയുണ്ട്. മൂന്ന് അപരന്മാരാണ് അദ്ദേഹത്തിന്റെ വോട്ടുകള്‍ മറിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

എന്തായാലും എതിരാളിയെ തോല്‍പ്പിക്കാന്‍ എന്തു നെറികെട്ട കരു നീക്കങ്ങളും ശത്രുപക്ഷം നടത്തുന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ്. ആരെല്ലാം തോല്ല്ക്കും, ആരെല്ലാം ജയിക്കുമെന്ന് നിരോധിക്കപ്പെട്ട എക്സിറ്റ് പോളിനും നിര്‍വചിക്കാന്‍ പറ്റാത്ത വിധം ചതിക്കുഴികള്‍ നിറച്ച് വെച്ചിരിക്കുകയാണ്. ഏവരും വിജയം ഉറപ്പാക്കിയ വി.എം. സുധീരന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം നമ്മെ ഇത്തരം ഒരു ചിന്ത ഉണര്‍ത്തുന്നു. നമ്മെ മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളേയും നിരീക്ഷകരേയും.............

എന്തായാലും എല്ലാം കാത്തിരുന്നു കാണാം...

2 comments:

ഫത്തു said...

തെരഞ്ഞെടുപ്പു അപരന്മാര്‍ ഇതാ ഇവിടെ....
അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു....

achaachan said...

Fatu..

Athe...
thaan ezhuthiyathu pole, election kazhinjittu kaanaam aarokke tholkkum.. aarokke jeyikkum ennokke...

Ethaayaalum aparanmaarum onnu velasatte....!!