ഏപ്രില്‍-മെയ് മാസത്തെ വേനല്‍ ചൂടിന് മാറ്റേകാന്‍ പതിനഞ്ചാമത് ലോകസഭാ തെരഞ്ഞെടുപ്പും കൂടെയുണ്ടായിട്ടും, ഇടതന്മാരുടെ പൊന്നാനിയും കോഴിക്കോടും, കൊല്ലവും വയനാടും, മറ്റു പല സീറ്റുകള്‍ക്കും വേണ്ടി കടിപിടികൂടുന്ന സമയത്ത് തന്നെ യുവ കോണ്‍ഗ്രസിലുണ്ടായ വെട്ടിപ്പിടുത്തങ്ങളും തകൃതിയായി നടക്കുമ്പോള്‍ ജനങ്ങളുടെ പരാതികളും പരിഭവങ്ങളും ശ്രദ്ധിക്കാതെ പോകുന്നു. കൂടാതെ, അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും അതിനു പരിഹാര മാര്‍ഗ്ഗമെന്നോണം പ്രകടനപത്രികകളിലെങ്കിലും ജനങ്ങളുടെ മാന്യമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും, അതില്‍ ഉറപ്പ് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാനും ഒരു കക്ഷികളും തയ്യാറാവുന്നില്ല എന്ന സത്യം ഏവരും തെരഞ്ഞെടുപ്പ് വേളയില്‍ ഓര്‍ക്കാറുണ്ടെങ്കിലും, അതിനു ശേഷം മറന്നുപോകുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒരുകാര്യമാണ് പ്രവാസികള്‍ക്കുള്ള വോട്ടാവകാശം. ഇന്നേവരെ ഒരു കക്ഷികളും പ്രവാസ വോട്ടാവകാശത്തെ പറ്റി സംസാരിച്ചിട്ടില്ല എന്ന സത്യം ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. അല്പസ്വല്പമായി രാഷ്ട്രീയ സംഘടനകളോട് ആഭിമുഖ്യമുള്ളതും അല്ലാത്തതുമായ ചില പ്രവാസ സംഘടനകള്‍ വല്ലപ്പോഴുമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്നേ വരെ എങ്ങും എത്തിയിട്ടില്ല.
ഗള്‍ഫ്-യൂറോപ്യന്‍-മറ്റു രാജ്യങ്ങളില്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-സംസ്ഥാനങ്ങള്‍ക്കതീതമായി ഒന്നിച്ച് വസിക്കുന്ന ഇന്ത്യന്‍ പ്രവാസ സമൂഹത്തോട് ചെയാവുന്ന ഏറ്റവും വലിയ വഞ്ചനയാണ് രാഷ്ട്രീയ നായകന്മാര് ചെയ്തുകൊണ്ടിരിക്കുന്നത്. 20 ലക്ഷത്തോളം വരുന്ന മലയാളികള്‍ മാത്രമല്ല പ്രവാസികളായുള്ളത് എന്നത് നാം സ്മരിക്കേണ്ടതുണ്ട്. കൂടാതെ ഇന്ത്യന്‍ സമ്പത്ഘടനയുടെ അവിഭാജ്യഘടകമായ പ്രവാസി സമൂഹത്തിനോടുള്ള മാറി മാറി വരുന്ന ഭരണവര്‍ഗ്ഗങ്ങള്‍ പല രീതിയിലും പ്രവാസ സമൂഹത്തെ അവഹേളിച്ചിട്ടുണ്ട്.
അവസാനമായി ആഗോള സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴും നമ്മുടെ മഹാനായ വയലാര്‍ജി പറഞ്ഞത് “100 കോടിയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭ രണ്ട് മാസത്തേക്ക് പരിഗണയില്‍ വച്ചിട്ടുണ്ട്” എന്നാണ്. ഇത്തരം ഒരു പ്രഖ്യാപനം കൊണ്ട് വന്നത് ഫെബ്രുവരിയിലായിരുന്നു. ഏപ്രില്‍-മെയ് മാസങ്ങളിലായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് രണ്ട് മാസത്തേക്ക് പരിഗണനയില്‍ വെച്ചിട്ടുണ്ടെന്ന് പറയാന്‍ മഹാനായ “ജി”ക്ക് എന്ത് അവകാശം? അല്ലെങ്കില്‍ ഇത്തരം ഒരു പ്രഖ്യാപനത്തെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്ന് അദ്ദേഹത്തിനെന്തുറപ്പുണ്ട്? എന്നിട്ടും നമ്മുടെ പ്രവാസ സമൂഹം അത് കാള പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുത്തത് പോലെ ഒരുപാട് കൊട്ടിഘോഷിച്ചു. പ്രവാസ മേഖലകളിലെ റേഡിയോകളിലും പത്രങ്ങളിലും, ടി.വി.കളിലും വാ തോരാതെ ഇതിനെ കുറിച്ച് സംസാരിച്ചു. ഇത് പോലെ തന്നെയാണ് പ്രവാസികള്‍ക്ക് നഷ്ടപ്പെട്ട സമ്മതിദാനാവകാശവും. അതായത് പ്രവാസികള്‍ ഒരു ഇന്ത്യക്കാരല്ല എന്നതിന്റെ അര്‍ത്ഥം എന്ന് വേണമെങ്കില്‍ പറയാം. ഇവിടെ വോട്ടാവകാശം ഇന്ത്യന്‍ സ്ഥിരനിവാസികള്‍ക്കേ ഉള്ളൂ എന്ന ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. അതായത് ഇന്നേ വരെ നമ്മുടെ ഭരണഘടനയില്‍ NRI ആരാണെന്ന് വിവക്ഷിക്കപ്പെട്ടിട്ടില്ല. സ്ഥിരതാമസക്കാരന് എന്നത് വിവക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ പെടാത്ത ഒരു വര്‍ഗ്ഗമായി പ്രവാസി മാറുന്നു. വോട്ടവാകാശം വേണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പ്രവാസിയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇത് ഒരു കേട്ടുകേള്‍വി മാത്രമാണ് ഇത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെ വിദേശവാസികള്‍ക്ക് അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്ന ഈ കാലഘട്ടത്ത് ലോകത്തിലെ ഏറ്റവ്വും വലിയ ജനാധിപത്യ രാജ്യമായി അറിയപ്പെടുന്ന ഇന്ത്യയില്‍ ഇത്തരം ഒരു സംവിധാനമില്ല എന്നത് ലജ്ജാകരം തന്നെയാണ്. ഇന്ത്യന്‍ രാഷ്ട്രീയ കൊത്തളമായ പാര്‍ലിമെന്റ് ഭേദഗതി ചെയ്യാത്തിടത്തോളം കാലം സുപ്രീം കോടതിക്ക് വരെ ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതല്ലെങ്കില്‍ ഒരു വന്‍വികാരം ഇന്ത്യക്കകത്ത് ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ ചിലപ്പോള്‍ ജനവികാരത്തെ മാനിച്ച് സുപ്രീംകോടതി ഇടപെടാനുള്ള സാധ്യത ഏറെയാണ്. അതിന് ഇന്ത്യക്കകത്തായാലും പുറത്തായാലും തടസ്സങ്ങളൊന്നുമില്ല എന്നിരിക്കെ ഏവര്‍ക്കും ഈയൊരു (പുറമേ നിന്നു കാണുമ്പോള്‍) സമ്പത് സ്രോതസ്സായതും എന്നാല്‍ ഇത്തരം അവകാശങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടതുമായ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഏവരും പ്രയത്നിക്കുമെന്ന് ആശിക്കുന്നു.
Monday, March 16, 2009
Subscribe to:
Post Comments (Atom)
2 comments:
"പ്രവാസികളും വോട്ടവകാശവും" ഇവിടെ പോസ്റ്റുന്നു. വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു
Nammal ivide ithinu vendi behalam vechathu kondu enthu kaaryam????
vote avakaasham poyittu..
manushyaavakasham polum kittum ennu enikku thonunnilla fathu..
Vilayeriya thante postings veendum pratheekshikkunnu..
Post a Comment