Saturday, October 11, 2008

പ്രവാസി

പ്രവാസം- പുറമെ നിന്ന് കാണുന്നവര്‍ക്ക് എന്തോ ഒരു വല്ലാത്ത അനുഭൂതി തരുന്ന ഒരു ജീവിതം. കുഞ്ഞുനാളുകളില്‍ വീട്ടുകാരനോ ബന്ധക്കാരോ ഗല്‍ഫില്‍ നിന്നും വന്നാല്‍ ആ അത്തറിന്റെ സുഗന്ധം കാറ്റില്‍ എന്നിലേക്കും പകരുമെന്ന് വിശ്വസിച്ച് കുറേകാലം കൂടെനടക്കും. പിന്നെ വിവിധതരം പെന്‍, പെന്‍സില്‍, കളിക്കോപ്പുകള്‍, മറ്റു പലവകകളും കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. പിറ്റേ ദിവസം കൂട്ടുകാരെ ഇതെല്ലാം കാണിക്കാന്‍വേണ്ടി സിനിമയിലെ വില്ലന്റെ റോളില്‍ സ്ലോ മോഷനില്‍ ഒന്ന് നടക്കും. പിന്നില്‍ അനുകരിക്കാന്‍ കുറച്ച് പേരുമുണ്ടാകും. ഒരു ദിവസം, സ്കൂളിലെ ക്രീം കളര്‍ യൂണിഫോമിനു പകരം ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന മഞ്ഞ നിറമുള്ള ടീ-ഷര്‍ട്ട് ധരിച്ച് വന്നതിന് ക്ലാസ് ടീച്ചര്‍ രായീന്‍ മാഷ് എന്നെ പുറത്താക്കിയത് ആ അഹങ്കാരത്തിന്റെ ഒരു ഫലമായിരുന്നു.

ചെത്തിനടക്കുന്ന പ്രായത്തില്‍ വീട്ടില്‍ ഒരു ഗള്‍ഫ്കാരനുണ്ടല്ലോ എന്ന വിശ്വാസത്തി(ലോ അഹങ്കാരത്തിലോ)ല്‍ ബൈക്കിനോടായിരുന്നു പ്രിയം. പിന്നെ ഒരു റേയ്ബാന്‍ കൂളിങ് ഗ്ലാസ്, അങ്ങനെ പല മോഹങ്ങള്‍. ഇതേ മോഹങ്ങളുമായി ഗള്‍ഫിലേക്ക് വിളിച്ചു. അവിടെനിന്നും കിട്ടിയ മറുപടി കേട്ട് ആശ്ചര്യപ്പെട്ട് പോയി. ഇത്രയും വേഗം മറുപടി തരുമെന്ന് പ്രതീക്ഷിച്ചില്ല: “ഇതെല്ലാം വേണമെങ്കില്‍ സ്വന്തമായി അധ്വാനിച്ചോ”. ക്യാമ്പസില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ എന്റെ നാവിലൂടെ വീട്ടിനുള്ളില്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങി. “ഇന്‍ഗുലാബ് സിന്ദാബാദ്.... ഉമ്മയും ജ്യേഷഠനും നീതി പാലിക്കുക.... വീട്ടിനുള്ളില്‍ സമാധാനം നിലനിര്‍ത്തുക....” അങ്ങനെ തുടങ്ങുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഞാന്‍ തന്നെ ഏറ്റ്വിളിച്ചു. മുദ്രാവാക്യം വിളിക്കുന്ന സമയത്ത് ഉമ്മ മീന്‍ വൃത്തിയാക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അരിശം കൂടി. നിരാഹാരം കിടക്കുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി. അതിലും നീതി തരാതിരുന്ന ഉമ്മയെ ഘൊരാവോ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് വടി എടുത്ത് ഓടിച്ചത്. അപ്പോഴും എന്റെ മുദ്രാവാക്യങ്ങള്‍ക്ക് ശക്തി കൂടിക്കൊണ്ടേ ഇരുന്നു. ലാത്തി വീശി ഭയപ്പേടുത്താന്‍ നോക്കേണ്ട.... എന്നതും കൂട്ടിവിളിച്ചു.

കുരുത്തക്കേട് കൂടിയപ്പോള്‍ വീട്ടുകാര്‍ എന്നെ ഒരു പ്രവാസിയാക്കാന്‍ തീരുമാനിച്ചു. അതും യെമന്‍ എന്ന യമലോകത്തേക്ക്. കാരണം നാട്ടുകാര്‍ ആരും തന്നെ അവിടെ ഉള്ളതായി കേട്ടിട്ടില്ല. പിന്നെ കേട്ടത് അവിടെ ഖബീലികളും, ജബീലികളുമൊക്കെയാണെന്നാണ്, കൂടാതെ ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഉപയോഗിക്കുന്നവര്‍ ഈ നാട്ടുകാരാണ്, പട്ടിണി രാജ്യം... അങ്ങനെ ഒരു ഒറ്റപ്പെടലിന്റെ എന്തോ ഒരു വികാരം നെഞ്ജില്‍ ആളിക്കത്താന്‍ തുടങ്ങി. രണ്ട് മാസത്തോളം അറബികള്‍ മാത്രമായി കൂട്ട്. (അത്കൊണ്ട് അറബി ഭാഷ നന്നായി പഠിക്കാന്‍ പറ്റി.) അതിനു ശേഷമാണ് ഒരു ഹിന്ദിക്കാരനെ പരിചയപ്പെടുന്നതും അതിനു ശേഷം മല്ലു ലോകത്തേക്ക് വരുന്നതും. ഇവരെയൊക്കെ പരിചയപ്പെടുന്നത് വരെ എന്റെ കണ്ണുകളില്‍ കണ്ണുനീരുണ്ടായിരുന്നില്ല. ടെലിഫോണ്‍ കാര്‍ഡുകളുടെ മാല തന്നെ ഉണ്ടാക്കി. എന്നിട്ടും തികയാതെ തൊട്ടടുത്തുള്ള ടെലിഫോണ്‍ ബൂത്തില്‍ പറ്റ് വരെ തുടങ്ങിയിരുന്നു. പഴയ ദുബായ്ക്കാരന്‍ (ജ്യേഷഠന്‍) ഇടക്കൊക്കെ വിളിക്കുമ്പോള്‍ പറയും, നിന്റെ ബുദ്ധിമുട്ടുകളൊന്നും തന്നെ വീട്ടുകാരറിയരുത്. നാം ഗള്‍ഫുകാരാണ്. അതിന്റെ ഗമയില്‍ തന്നെ വേണം വിളിക്കാന്‍. എപ്പോഴും ആവശ്യങ്ങള്‍ അങ്ങോട്ട് ചോദിക്കണം. നാം എല്ലാം ക്ഷമിക്കാനും സഹിക്കാനും വിധിക്കപ്പെട്ടവരാണ്...... എന്റെ കണ്ണുകള്‍ക്ക് ബലമേകാന്‍ ഇടക്കൊക്കെ മുഖം കഴുകും. പിന്നെയും ഒരു പ്രേതാത്മാവ് ചെവിയില്‍ മന്ത്രിക്കുന്നത് പോലെ ഈ വാക്കുകള്‍ കേള്‍ക്കും. പിന്നെയും കരയും....

പിന്നീട് ധൈര്യം സംഭരിച്ച് ചിരിച്ചും കളിച്ചും വീട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അവര്‍ക്ക്. കാപട്യത്തിന്റെ മുഖമാണ് സംസാരിക്കുന്നത് എന്ന് അവര്‍ക്കറിയില്ലായിരുന്നു. ഇതേപറ്റി കൂട്ടുകാരോട് പറയുമ്പോള്‍ അവരുടെ അനുഭവവും ഏകദേശം ഇതുതന്നെയെന്ന് അവരും വിശദീകരിച്ചു. അങ്ങനെ പ്രവാസം ഒരു കാപട്യലോകമാണെന്നും, അവിടെ മനുഷ്യരില്ല, എല്ലാവരും ജീവന്റെ തുടിപ്പ് കൊണ്ട് നാടകം കളിക്കുകയാണെന്നും പഠിച്ചു. കുട്ടിക്കാലത്തെ സംഭവങ്ങളുടെ താളിയോലകള്‍ മറിക്കുമ്പോള്‍ പുച്ചത്തോടെയുള്ള ചിരിയും സങ്കടവും, ദേഷ്യവൌം ഒക്കെ വരും. പിന്നെ അത് പ്രായത്തിന്റെ ചാപല്യം എന്നോണം ചിരിച്ച് തള്ളും.
പിന്നെ എന്റെ അവാസവ്യവസ്ഥ ദുബായിയാക്കി. കുറച്ച്കൂടി പ്രവാസ പാഠങ്ങള്‍ പഠിച്ചു. അതിവേഗത്തില്‍ ചലിച്ച്കൊണ്ടേ ഇരിക്കുന്നതും എന്നാല്‍ ട്രാഫിക്കില്‍ താളം തെറ്റുന്നതുമായ ജീവിതം. രാ-പകല്‍ ഭേദമന്യേ കഠിനാധ്വാനം ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളികള്‍- അതും നന്നൂറു മുതല്‍ തൊള്ളായിരം വരെ വേദനം ലഭിക്കുന്നവര്‍. എങ്ങനെയാണ് ഗള്‍ഫുകാര്‍ പണമുണ്ടാക്കുന്നതെന്ന് ശരിക്കും പഠിച്ചു. എന്റെ പഴയ താളിയോലകള്‍ ഒന്നുകൂടി തുറന്നു. ശപിക്കപ്പെട്ട മുദ്രാവാക്യങ്ങള്‍, ദുരാഗ്രങ്ങള്‍, അഹങ്കാരം, അതിമോഹം, ഫാഷന്‍ ജീവിതരീതികള്‍, മറ്റു തോന്നിവാസങ്ങള്‍.... ശപിച്ചുകൊണ്ടേ ഇരുന്നു. ഒന്നും വേണ്ടായിരുന്നു. തലചായ്ക്കാന്‍ ഒരിടവും, വല്ലപ്പോഴും അവധിക്ക് നാട്ടില്‍ ചെന്നാല്‍ വെച്ചുവിളമ്പാന്‍ സ്നേഹനിധിയായ ഉമ്മയും പെങ്ങന്മാരും.... അതു മതി എനിക്ക് , കണ്ണുകള്‍ ഈറനണയാന്‍ തുടങ്ങി.

10 comments:

നരിക്കുന്നൻ said...

പഴയ താളിയോലകള്‍ ഒന്നുകൂടി തുറന്നു. ശപിക്കപ്പെട്ട മുദ്രാവാക്യങ്ങള്‍, ദുരാഗ്രങ്ങള്‍, അഹങ്കാരം, അതിമോഹം, ഫാഷന്‍ ജീവിതരീതികള്‍, മറ്റു തോന്നിവാസങ്ങള്‍.... ശപിച്ചുകൊണ്ടേ ഇരുന്നു. ഒന്നും വേണ്ടായിരുന്നു. തലചായ്ക്കാന്‍ ഒരിടവും, വല്ലപ്പോഴും അവധിക്ക് നാട്ടില്‍ ചെന്നാല്‍ വെച്ചുവിളമ്പാന്‍ സ്നേഹനിധിയായ ഉമ്മയും പെങ്ങന്മാരും....

പലപ്പോഴും നമുക്ക് പലതും മനസ്സിലാക്കാൻ ഒരുപാട് സമയം വേണ്ടി വരുന്നു. ഈ നല്ല പൊസ്റ്റിന് അഭിനന്ദനങ്ങൾ!!

ഫത്തു said...

നരിക്കുന്നന്‍, ആദ്യമായി നന്ദി രേഖപ്പെടുത്തുന്നു.
പലര്‍ക്കും വേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിക്കുമ്പോള്‍, താങ്കള്‍ പറഞ്ഞത് പോലെ, പലപ്പോഴും നമുക്ക് പലതും മനസ്സിലാക്കാൻ ഒരുപാട് സമയം വേണ്ടി വരുന്നു. അപ്പോഴേക്കും, നമ്മുടെ തിരുത്തപ്പെടേണ്ട പ്രായം കഴിഞ്ഞിട്ടുണ്ടായിരിക്കാം. ദൈവം എല്ലാവര്‍ക്കും നല്ലത് വരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

തറവാടി said...

യമനിലുണ്ടായ അനുഭവങ്ങള്‍ എഴുതൂ.

shijoy said...

കുഴപ്പമില്ല പയ്യനു ഭാവിയുന്റു

ഫത്തു said...

തീര്‍ച്ചയായും... യമന്‍ ജീവിതം ഉടന്‍ എഴുതാം

Jayasree Lakshmy Kumar said...

പുറമേ പകിട്ടിന്റെ കാഴ്ചകൾ നൽകുമ്പോഴും അകത്തെരിയുന്ന ഉലയുമായി...പ്രവാസം

മുസാഫിര്‍ said...

അനുഭവങ്ങള്‍ പാഠങ്ങളാക്കി മുന്നോട്ടുള്ള വഴിയില്‍ കരുത്ത് പകരാന്‍ ഉപയോഗിക്കൂ.തീര്‍ച്ചയായും വിജയമുണ്ടാകും.

ഫത്തു said...

ലക്ഷ്മി ചേച്ചിയും അകത്തെരിയുന്ന ഉലയുമായി ജീവിക്കുകയാണോ?

ഫത്തു said...

മുസാഫിര്‍, അതെ, അനുഭവങ്ങള്‍ തന്നെ ഏറ്റവും വലിയ ഗുരു. പക്ഷേ, പ്രവാസത്തില്‍ തിരുത്തേണ്ട, തെറ്റുകളുമെന്ന് പറയുന്ന പലതും, ഒരു പ്രവാസിയെ സംബന്ദിച്ചിടത്തോളം ചിലപ്പോഴൊക്കെ ശരിയാണെന്ന് ഭാവിക്കേണ്ട അവസ്ഥ വല്ലപ്പോഴും വന്നിട്ടില്ലേ?

THILAKAM THIRURKAD said...

no malayalam format only manglish format
assalamu alaikum


ninak onnum vere pani yille
manushyan jeevitham bahara enna narakathil jeevich theerkuka yanu
athinte idak pravasi sentimence kalum koodi akumbol ellam vitt natil pokum