നിസ്കാരം, സകാത്ത്, ഹജ്ജ് പോലുള്ള അനുഷ്ഠാനങ്ങള്‍ ബാഹ്യാവയവങ്ങള്‍ കൊണ്ടുള്ള അനുഷ്ഠാനമാണെങ്കില്‍, നോമ്പ് എന്നത് ആന്തരികമായി ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ്. അതായത്, വിശ്വാസം പോലെ, നോമ്പും, മാനസികമായുള്ള പ്രവര്‍ത്തി ആയതിനാല്‍, ഒരു പട്ടിണി കിടക്കുന്ന വ്യക്തിക്ക് നോമ്പ് ഉണ്ട് എന്ന് പറയാന്‍ കഴിയില്ല. അന്ന-പാനീയങ്ങള്‍ ഒഴിവാക്കിയുള്ള ഈ ഒരു കര്‍മ്മം നോമ്പായിട്ട് തന്നെ ദൈവം സ്വീകരിക്കണമെങ്കില്‍, തന്റെ മനസ്സും, കര്‍മ്മവും ശുദ്ധിയുള്ളതായിരിക്കണം. ഐഹീകമായ വികാര വിചാരങ്ങളെ പരിപൂര്‍ണ്ണമായും ഒഴിവാക്കി, തന്റെ മനസ്സിനേയും ശരീരത്തേയും, ദൈവം കല്പിച്ച പാഥയിലൂടെ മുന്നോട്ട് കൊണ്ട്പോകുന്നവര്‍ക്ക് മാത്രമേ പരിപൂര്‍ണ്ണ വിശ്വാസികളാകാന്‍ കഴിയുകയുള്ളൂ.
അത്കൊണ്ട് തന്നെയാണ്, ഖുര്‍ആനില്‍ അദ്ധ്യായം 2 (അല്‍-ബഖറ), വചനം 183 നമ്മോട് ഇങ്ങനെ പറഞ്ഞത്: “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെതന്നെ, നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത്”.
വര്‍ഷത്തിലെ മറ്റെല്ലാ മാസങ്ങളും രാചകീയ ഭക്ഷണത്തിനും, മറ്റു സുഖ-സൌകര്യങ്ങളിലും ഏര്‍പ്പെടുമ്പോള്‍, രക്തത്തിന് ചുവപ്പു നിറമുള്ള വേറൊരു വിഭാഗം ജനങ്ങള്‍ ഇന്ന് ഭക്ഷണപ്പൊതികള്‍ തലയില്‍ വീണ് മരിക്കുമ്പോള്‍ വിശപ്പിന്റേയും, സഹനത്തിന്റേയും വിലയറിയാത്ത നമുക്ക് ഒരു പാഠവും തന്നെയാണീ റംസാന്‍. “അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല” എന്ന മുഹമ്മദ് നബിയുടെ മാതൃകക്ക് വേണ്ടിയും ഈ റംസാനിനെ വിലയിരുത്താം. തന്നെയുമല്ല, പണക്കാരന്റെ ധന-ഭക്ഷണ സമ്പത്ത് ദരിദ്രര്‍ക്ക് ദാനം ചെയ്യുകയും അതുവഴി അവര്‍ക്ക് ഭക്ഷണം സ്വരൂപിക്കാനുള്ള മാസവും തന്നെയാണ് ഈ റംസാന്‍.
റംസാന്‍ മാസത്തെ വരവേല്‍ക്കാന്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി രണ്ട് മാസം മുമ്പ് മുതലേ തയ്യാറെടുത്തിരുന്നു എന്ന് നബിചര്യ പഠിപ്പിക്കുന്നു. ഖുര്‍ആന്‍ ഇറക്കപ്പെട്ട ഈ മാസത്തില്‍ മുഴുവന്‍ മുസ്ലീം സമൂഹം പള്ളികളില്‍ തന്നെ നമസ്കരിച്ചും, ഖുര്‍ആന്‍ പാരായണം ചെയ്തും, മറ്റു ദൈവീക മാര്‍ഗ്ഗങ്ങളില്‍ സമയം കണ്ടെത്തുകയും ചെയ്യുന്നു. ഓരോ പുണ്യകര്‍മ്മങ്ങള്‍ക്കും, അതിന്റെ ഒരു വലിയ മടങ്ങ് പ്രതിഫലം ലഭിക്കുന്ന ഈ മാസത്തില്‍ തന്നെയാണ് ആയിരം മാസങ്ങളേക്കാള്‍ ശ്രേഷഠമായ ഒരു രാത്രി. “ലൈലത്തുല്‍ ഖദര്‍” അഥവാ നിര്‍ണ്ണയത്തിന്റെ രാത്രി എന്ന് വിശേഷിപ്പിക്കുന്ന ഈ രാത്രി ഏത് രാത്രിയിലാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സമാധാനത്തിന്റെ മാലാഖമാരും, ആത്മാക്കളും ഇറങ്ങിവരുന്ന ഈ ദിനത്തില്‍ പങ്കു ചേരാന്‍ വേണ്ടി എല്ലാ മതവിശ്വാസികളും രാത്രികാലങ്ങളില്‍ ഉറക്കമൊഴിച്ച് പ്രാര്‍ത്ഥനകളില്‍ മുഴുകുന്നു. സ്വര്‍ഗ്ഗത്തിലെ റയ്യാന്‍ എന്ന ഏറ്റവും ശ്രേഷ്ഠമായ സ്വര്‍ഗ്ഗവാതില്‍ നോമ്പുകാര്‍ക്കുള്ളതാണെന്നിരിക്കേ, ഒരു മതവിശ്വാസിയും തന്നെ ആ മാസത്തില്‍ അനാവശ്യമായ കാര്യങ്ങളില്‍ ഇടപെട്ട് സമയം കളയാതെ അതിന്റെ പരിപൂര്‍ണ്ണഫലവും നേടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരുമായിരിക്കും.