30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഥവാ 1980 –ല്‍ പുറത്തിറങ്ങിയ പാക് മാന്‍ എന്ന ഫ്ലാഷ് ഗെയിമിന് പ്രായ – ലിംഗ ഭേദമന്യേ കളിക്കുന്നു എന്ന് മാത്രമല്ല, ഈ വട്ടം തിരിക്കുന്ന കളി നമ്മെ വട്ട് പിടിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ലാഭമൊന്നുമില്ലാത്ത ഈ കളിക്ക് സമയം കളയുക മാത്രമേ ചെയ്യുന്നുള്ളൂ. തന്റെ വഴിയിലുള്ള “ഭക്ഷണത്തെ” തിന്നുക എന്നതാണ് പാക് മാന്റെ ജോലി. പക്ഷേ നാല് ഭാഗത്ത് നിന്നും ഭൂതം വന്ന് പാക് മാനെയും വിഴുങ്ങും. അത്തരം അവസരം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലേ കളി ജയിക്കൂ.
ഇത്രയും പറഞ്ഞത് കളി. ഇനി കാര്യത്തിലേക്ക് കടക്കാം. പാക് മാന്‍ എന്ന ജപ്പാന് നിര്‍മ്മിത കളിയുടെ 30-ആം വാര്‍ഷികം കഴിഞ്ഞ മേയ് 21 –ന് സുലഭമായി ആഘോഷിച്ചു. പുള്ളിക്കാരന്റെ ബര്‍ത്ത് ഡേ പ്രമാണിച്ച് ഗൂഗിളിന്റെ ഹോംപേജിലും പാക് മാനിനും മിനുങ്ങാന്‍ ഒരു അവസരം കൊടുത്തു. ലോകത്തിന്റെ പല ഭാഗത്ത് നിന്നായി പല കമ്പനി തൊഴിലാളികള്‍ ഉള്‍പ്പെടെ കളിച്ച ഇവന് ഉണ്ടാക്കിയ നഷ്ടം വെറും 4.8 മില്യണിലധികം (48 ലക്ഷം) മണിക്കൂര്‍. അത് വെറും ഒറ്റ ദിവസം കൊണ്ട്. വാരാന്ത്യമായത് കൊണ്ട് കമ്പനികളുടെ തിരക്ക് പിടിച്ച ജോലികള്‍ ഒഴിവാക്കി പാക് മാന്‍ കളിക്കാന്‍ സമയം കണ്ടെത്തി. തൊഴിലാളികളുടെ ഇന്റര്‍നെറ്റ് ഉപയോഗങ്ങളും, എവിടെയെല്ലാം സഞ്ചരിക്കുന്നു, എന്തെല്ലാം സേര്‍ച്ച് ചെയ്യുന്നു എന്ന് പരിശോധിക്കുകയും അതിനു വേണ്ട സോഫ്റ്റ്വെയര് നിര്‍മ്മിക്കുകയും ചെയ്യുന്ന റെസ്ക്യൂ ടൈം എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടേതാണ് ഈ കണക്ക്. അവരുടെ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച മാത്രമായി 120,483,800 ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കിയത്. അതായത് ശരാശരി 25 ഡോളര്‍ നിരക്കില്‍ മണിക്കൂറില്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇത്രയും വരുമെന്നാണ് കണക്ക്.
ഒരാള്‍ ശരാശരി ഗൂഗിളില്‍ 22 സേര്‍ച്ചുകള്‍ നടത്തുന്നു. അതില്‍ ഓരോ സേര്‍ച്ചും 11 സെക്കന്റ് വരെയുണ്ടാകും. എന്നാല്‍ പാക് മാന്റെ വരവ് കാരണം അത് 36 സെക്കന്റായി ഉയര്‍ന്നു എന്നാണ് കണക്ക്. കൂടാതെ 298,803,988 ഡോളറിന്റെ നഷ്ടം ഗൂഗ്ഗിളിനും അവരുടെ തൊഴിലാളികള്‍ മൂലം സംഭവിച്ചു. അതായത് ഇത്രയും ഡോളറിന് ഏകദേശം 19,835 പുതിയ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയും എന്ന സത്യവും അവര്‍ പുറത്ത് വിട്ടു.
കമ്പനിക്ക് വലിയ നഷടമൊക്കെ സംഭവിച്ചെങ്കിലും ഇത്രയും വലിയ ജനപ്രീതി കാരണം ഗൂഗിള്‍ പാക് മാനു വേണ്ടി പുതിയ ഒരു പേജ് വരെ തുറന്നു. www.google.com/pacman. ഏവര്‍ക്കും ഈ കളിയിലേക്ക് സ്വാഗതം. നമുക്കും വരുത്താം നഷ്ടങ്ങള്‍, നമ്മുടെ കമ്പനിക്ക് വേണ്ടി, നമ്മുടെ ഭാവിക്ക് വേണ്ടി.
Sunday, June 6, 2010
Subscribe to:
Posts (Atom)