എന്റെ പോസ്റ്റായ “യെമന്‍ വിശേഷങ്ങള്‍” ഇവിടെ തുടരുന്നു. ഒറ്റപ്പെട്ടുപോയ ജീവിതത്തിനു ബലമേകാന്‍ പിന്നെ മുമ്പെങ്ങും പരിചയമില്ലാത്ത മലയാളികള്‍. പുതിയ സുഹൃത്ബന്ധങ്ങള്‍ വന്നു. പലരുടേയും പ്രവാസജീവിതകഥള്‍ക്കും, പരാധീനതകള്‍ക്കും മുന്നില്‍ എന്റെ അനുഭവങ്ങള്‍ വെറുമൊരു ശിശുവായിരുന്നു. വര്‍ഷങ്ങളായി ജീവിതം കരപറ്റാന്‍ നെട്ടോട്ടം ഓടുന്നവര്‍. ഞാനാണെങ്കില്‍ പ്രവാസിയില്‍ പറഞ്ഞത് പോലെ, അത്തറും, റേയ്ബാനും, ബൈക്കും കാറുമൊക്കെയായി നാട്ടില്‍ അടിച്ചുപൊളിക്കാന്‍ വേണ്ടി പ്രവാസം ആസ്വദിക്കാന്‍ വന്നവന്‍. ഫ്ലൈറ്റ് കയറുന്നത് വരെ വീട്ടിലെ ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല. അതിനേ പറ്റി ചോദിച്ചിട്ടുമില്ല. ഞാനൊരു ഗള്‍ഫ്കാരനായതില്‍ പിന്നെ, പണത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞു. പിന്നെ ജീവിതചക്രത്തില്‍ വെസ്റ്റേണ്‍ യൂണിയനും ഒരു ഭാഗമായി.
സന്തോഷം പങ്കുവെച്ചാല്‍ ഇരട്ടിക്കും, സങ്കടം പങ്കുവെച്ചാല്‍ പകുതിയാകും എന്ന പഴഞ്ചൊല്ലില്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം കഴമ്പില്ലെന്ന് മനസ്സിലായി. കാരണം ആര്‍ക്കും പങ്കുവെക്കാന്‍ സന്തോഷമില്ല, എല്ലാവരൂം തുല്യ ദുഃഖിതര്‍. പിന്നെ പങ്കുവെക്കാന്‍ സ്നേഹം മാത്രം. അതിനുവേണ്ടി കണ്ടെത്തിയത് പല കൂട്ടുകാരേയും, പിന്നെ, അവിടെ ആകെയുള്ള കേരളാ ക്ലബ്, പ്രവാസി ക്ലബ്, എന്നിവയുമൊക്കെയായുള്ള സഹകരണവും. അവിടെയും മലയാളികള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചേരിതിരിഞ്ഞുള്ള പലകളികളും ആരോപണങ്ങളും കാണാനിടയായി. ഇവിടെ നഷ്ടപ്പെട്ടുപോയ ബന്ധങ്ങള്‍ മറ്റു പലരുമായി സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് അത് കാര്‍ന്ന് തിന്നുന്നു. എങ്കിലും ഈ രണ്ട് ക്ലബുകളും നടത്തുന്ന സേവനം സ്തുത്യര്‍ഹം തന്നെ. അതില്‍ നിന്നൊക്കെ വിത്യസ്തമായി കള്‍ചറല്‍ പരിപാടികള്‍ക്ക് മുന്‍ഗണന കൊടുത്ത് മിസ്റ്റ് മീഡിയയും. യെമനിലെ മലയാളികള്‍ക്ക് ഒരു പുതുമയെന്നോണം ആദ്യമായി ഒരു
ആല്‍ബവും സംഭാവന ചെയ്തു.
പ്രദേശത്തെ ഏകദേശം യെമനികളെ കയ്യിലെടുത്തതിന്റെ അഹങ്കാരമെന്നോണം ഞാനും അവരുടെ കൂടെ ഗാത്ത് കഴിക്കാന്‍ നിര്‍ബന്ധിതമായി. അങ്ങിനെ അതിന്റെ രുചിയും അറിഞ്ഞു. പിന്നെ യെമനിന്റെ പരമ്പരാഗത ഭക്ഷണത്തോട് ഏറെ പ്രിയം തോന്നി. ചൂട് മണ്‍ചട്ടിയില്‍, അല്പം ചോറ്, കോഴിമുട്ട ഉടച്ചത്, ഇറച്ചി, പല തരത്തിലുള്ള ഇല, പിന്നെ മറ്റെന്തൊക്കെയോ ചേര്‍ത്ത് ചൂടാക്കി ഒരു കറിയുടെ രൂപത്തിലാക്കുന്ന ഇതിനെ ഞങ്ങള്‍ വിളിച്ചിരുന്നത് “സലത്ത” എന്നാണ്. ഇംഗ്ലീഷ് വാക്കായ സാലഡ്-നും സലത്ത എന്നു തന്നെ പറയും. മിക്കവാറും പച്ചക്കറികള്‍ക്ക് മുന്‍ഗണന കൊടുക്കുന്നത് കൊണ്ടായിരിക്കണം ഈ പ്രാചീന-പരമ്പരാഗത ഭക്ഷണത്തിനും, ഇതേ പേര് നല്‍കിയത്. തീന്മേശയില്‍ എത്തി, റൊട്ടിയുടെ കൂടീ കഴിച്ച് തീര്‍ന്നാല്‍ പോലും അതിന്റെ ചൂട് പോകില്ല എന്നത് ഒരു വിസ്മയം തന്നെ.
ഇന്ത്യന്‍ വംശചര്‍ യെമനികളിലുമുണ്ടെന്നത് ഞാന്‍ കേട്ടു. ഏദന്‍, ഹദറമൌത്ത് പോലുള്ള പഴയ സൌത്ത് യെമനികളുടെ സംസ്കാരങ്ങളോ അല്ലെങ്കില്‍ പെരുമാറ്റ രീതികളോ ഇന്ത്യക്കാരുടേത് പോലെയായിരുന്നു. ആദ്യമായി ഏദനില്‍ പോയ സമയത്ത് പെങ്ങളെ വിളിച്ച് ഒരു ആശ്ചര്യമെന്നോണം ഞാന്‍ ഏദനില്‍ എത്തി എന്നറിയിച്ചു. ആദം ജനിച്ച ഏദന്‍ തോട്ടമാണോ എന്നന്വേശിക്കും മുമ്പ് ഞാന്‍ അവളോട് സംശയം പ്രകടിപ്പിച്ചു. ചരിത്രം പഠിച്ച അവള്‍ ഉടന്‍ തന്നെ പറഞ്ഞു: അത് യെമനികളുടെ പൂന്തോട്ടമായിരിക്കാം. പക്ഷേ യഥാര്‍ത്ഥ പൂന്തോട്ടം ഗ്രീസിലേതാണെന്നും പറഞ്ഞു. പൊതുവേ വിദ്യാസമ്പന്നരായ ഇവര്‍ പൊതുവേ അരയില്‍ കത്തി(ജമ്പിയ)യോ, മറ്റ് ആയുധങ്ങളോ ഉപയോഗിക്കാറില്ല. അത്കൊണ്ട് തന്നെ ധൈര്യമായി അവരുമായി ഇടപെടാന്‍ സാധിച്ചു. ആരെ പരിചയപ്പെട്ടാലും, ഇന്ത്യയിലെ ഹൈദരാബാദിലുണ്ടെന്ന് പറയപ്പെടുന്ന യെമന്‍ സ്ട്രീറ്റിലെ വിശേഷങ്ങള്‍ അന്വേശിക്കും. നേരിട്ട് കണ്ട്ട്ടില്ലാത്ത ഞാന്‍ അവരോട് എല്ലാവര്‍ക്കും സുഖം തന്നെ എന്ന വാക്കല്ലാതെ എന്ത് പറയും?
ദഹബാഷികള്‍ എന്ന ചൊല്ലപ്പേരില്‍ അറിയപ്പെടുന്ന വടക്കന്‍ യെമനികളുടെ ചില പെരുമാറ്റങ്ങള്‍ ദേഷ്യമോ, ഭയമോ തോന്നും. കാരണം മുമ്പ് പറഞ്ഞത് പോലെ എപ്പോള്‍ സ്വഭാവം മാറുമെന്നറിയില്ല. ഒരിക്കല്‍, ഇന്ത്യക്കാരെ കണ്ടാല്‍ കൊഞ്ഞനം കുത്തുന്ന ഒരു വിദ്വാന്‍ കമ്പനിയിലേക്ക് വന്നു. (ടിയാന്‍ സ്വന്തമായി ഞങ്ങളുടെകമ്പനിക്ക് എതിര്‍വശം വീഡിയോ- ഓഡിയോ ലൈബ്രറി നടത്തുന്നു. ജ്യേഷ്ഠന്‍ യെമന്‍ ദേശീയ ഫുട്ബോള്‍ ടീമിലെ അംഗം. കഴിഞ്ഞ വേള്‍ഡ് കപ്പ് യോഗ്യതാ റൌണ്ടില്‍ സൌദി, ജപ്പാന്(ആണെന്ന് തോന്നുന്നു), യെമന്‍, ഇന്ത്യ എന്നീ രാജ്യങ്ങളടങ്ങുന്ന ഗ്രൂപ്പില്‍ യെമനില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇന്ത്യ യെമനിനോട് 6-1 എന്ന സ്കോറിന് അതിദയനീയമായി പരാചയപ്പെട്ടു. ആ അഹങ്കാരം കൊണ്ടായിരിക്കണം ടിയാന്റെ പെരുമാറ്റം ഇങ്ങനെയായത്.) എന്നെ സ്ഥിരമായി ശല്യം ചെയ്യുന്ന ടിയാന്‍ എന്റെ മുഖത്തൊരടി. അറിയാതെ എന്റെ കയ്യും ഉയര്‍ന്ന് അവനേയും ഇടിച്ചു. പക്ഷേ എന്തോ എന്റെ കണ്ണ് ഇരുട്ടില്‍ തന്നെയായിരുന്നു. ചിത്രകഥയിലേത് പോലെ, കാണുന്നത് കറുപ്പ് ബാക്ക്ഗ്രൌണ്ടില്‍ വെള്ള നിറത്തില്‍ വെറും *, #, &, @, എന്ന ചിന്നങ്ങള്‍ മാത്രം. (ചിത്രകഥ എഴുതുന്നവര്‍ക്കും ഇങ്ങനെ അടി കിട്ടിയിട്ടാണോ അവര്‍ അത് വളരെ ഭംഗിയായി അവതരിപ്പിക്കുന്നത് എന്ന് ഒരു വേള ചിന്തിച്ചു.) പിന്നെ ആകെ ബഹളമായി. എല്ലാം കണ്ട് നിന്ന് സഹപ്രവര്‍ത്തകരും അവനോട് പിരിഞ്ഞ് പോകാന്‍ വേണ്ടി പറഞ്ഞു. പിന്നെ ഇവന്റേയും, കൂട്ട്റ്റുകാരുടേയും ഭീഷണി മൂലം നാല്-അഞ്ച് ദിവസത്തോളം രണ്ട് നേരവും ഇടതും വലതുമായി സെക്യൂരിറ്റിയില്‍ ആയിരുന്നു എന്റെ യാത്ര. അങ്ങനെ ആദ്യമായി ഒരു വിദേശിയെ തല്ലിയ ദുശ്പേരും സ്വന്തമാക്കി.
അത് കഴിഞ്ഞ് യെമന്‍ ചരിത്രം പഠിക്കാന്‍ വളരെ താല്പര്യം വന്നു. പഴയ തെക്കന്‍ യെമന്‍, വടക്കന്‍ യെമന്‍, അവര്‍ തമ്മിലുള്ള യുദ്ധങ്ങള്‍, അധികാരം പിടിച്ചെടുക്കല്‍, ഗാത്തിന്റെ വരവ്, ലോകപ്രശസ്തമായ യെമന്‍ കോഫി, അതിന്റെ മരണം, ഇന്ത്യക്കാരുമായുള്ള ബന്ധം, അതില്‍ പ്രത്യേകിച്ച് മലയാളികള്‍ക്കുള്ള സ്ഥാനം, ഇന്നത്തെ ഒമാന്‍ ഭാഗമായ സലാലയും സ്ത്രീധനവും, അങ്ങനെ പോകുന്നു അവരുടെ ചരിത്രം...
2006-ലെ അവസാന മാസം. പുതുവര്‍ഷത്തിലെങ്കിലും അവിടെനിന്നും വിടാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ അതൊരു വേദനിപ്പിക്കുന്ന യാത്ര തന്നെയായിരുന്നു. യെമനില്‍ എനിക്ക് അവസാനമായി അഘോഷിക്കാനുള്ള ഈദ്. സുഹൃത്തുക്കളുമായി ഒരുപാട് പരിപാടികള്‍ പ്ലാന്‍ ചെയ്തു. ബിരിയാണിയൊക്കെ വെച്ച്, ഭക്ഷണത്തിനു ശേഷം ഒരു യാത്രയൊക്കെയായിരുന്നു പരിപാടി... പക്ഷേ... അതേ ഈദില്‍ സാമ്രാജ്യത്തശക്തികള്‍ ലോകമുസ്ലിംകള്‍ക്ക് ഒരു സമ്മാനമായി സദ്ദാം ഹുസ്സൈനിനെ തൂക്കിലേറ്റി. ഖുര്‍ആനും പിടിച്ച് ലാ ഇലാഹ ഇല്ലള്ളാ.. എന്ന് തുടങ്ങുന്ന വാക്യങ്ങള്‍ എല്ലാ ടിവികളിലും റേഡിയോകളിലും... ഉടനടി പോസ്റ്ററുകളും, ബാനറുകളും ഉയരാന്‍ തുടങ്ങി. എല്ലായിടത്തും ആര്‍പ്പ് വിളികള്‍ മാത്രം.. പിന്നെ പ്രധിശേധ പരിപാടികള്‍ മാത്രം... വാഹനങ്ങളുന്നും നിരത്തിലില്ല. എല്ലാ കടകളും അടച്ചിട്ടിരിക്കൂന്നു. സ്ഥിരമായി കാണുന്ന അല്‍ജസീറ ഈയൊരു രംഗം തന്നെ ആവര്‍ത്തിക്കുന്നു... ആരും ആര്‍ക്കും തന്നെ ഈദ് ആശംസകള്‍ അയക്കുന്നില്ല. ആരും തന്നെ പ്രതീക്ഷിക്കുന്നുമില്ല. ഒരു ലൈവ്ടെലികാസ്റ്റിങ് കണ്ട് കണ്ണ് നിറഞ്ഞിരിക്കുന്നു. ദുഃഖങ്ങള്‍ മാത്രം പേറുന്ന പ്രവാസിക്ക് ഇനിയൊരു പ്രവാസജീവതത്തില്‍ ഒരുവേര്‍പ്പാടിന്റേയും കഥ കേള്‍ക്കരുതേ എന്ന് പ്രാര്‍ത്ഥിച്ച് യാത്രയായി.