Thursday, October 30, 2008

യെമന്‍ വിശേഷങ്ങള്‍

എന്റെ ബ്ലോഗായ പ്രവാസിയില്‍ പറഞ്ഞതിന്റെ ഒരു തുടര്‍ച്ച തന്നെയാണ് ഈ യെമന്‍ വിശേഷങ്ങളും. അതല്ലെങ്കില്‍ ആ രാജ്യവുമായുള്ള എന്റെ ബന്ധം. ഒരുപാ‍ട് ഗള്‍ഫ് സ്വപ്നങ്ങള്‍... അല്ലെങ്കില്‍ ഒരു തെറ്റിദ്ധാരണ എന്നു തന്നെ വേണമെങ്കില്‍ പറയാം. ഇതു തിരുത്താന്‍ വേണ്ടി ഞാനും ഒരു പ്രവാസിയാവാന്‍ തീരുമാനിച്ച ആദ്യത്തെ അനുഭവം.

തലേദിവസം രാത്രി ജ്യേഷ്ടനോട് യെമന്‍ വിശേഷങ്ങള്‍ ചോദിച്ചു. നാട്ടില്‍ നിന്നും ഒരാളും ഈയൊരു രാജ്യത്തെപറ്റി കേട്ടിട്ടേയില്ല. എന്നിട്ടും കൂസലില്ലാതെ പ്രിയ സഹോദരന്‍ പറഞ്ഞു: നീ ചന്ദ്രനില്‍ പോയാലും മലയാളികളെ കാണാന്‍ കഴിയും, ഒട്ടും പേടിക്കേണ്ട. എന്നിട്ടും എന്തോ എന്റെ മനസ് ചോദിക്കുന്നുണ്ടായിരുന്നു. വല്ലവനേയും കാണുമോ? അങ്ങനെ തനിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുംബൈയിലേക്ക് യാത്രയായി. പിറ്റേദിവസം എത്തിയ അന്നു തന്നെ രാത്രി “യെമനിയ”യിലും കേറി.

വരവേല്‍ക്കാന്‍ പ്ലേകാര്‍ഡുമായി കമ്പനിയുടെ മാനേജര്‍ മുഹമ്മദ് ബാറഷീദ് നില്പുണ്ടായിരുന്നു. തലസ്ഥാനമായ സനായിലെ കൊടുംതണുപ്പിനെ പ്രധിരോധിക്കാനുള്ള കഴിവ് എന്റെ മനസ്സിനും ശരീരത്തിനും ഇല്ലായിരുന്നു. മരം കോച്ചുന്ന വൃശ്ചിക തണുപ്പിനേപോലും വെല്ലുന്ന ഈയൊരു തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ആകെ ഒരു ഷര്‍ട്ടും പാന്റ്സും ധരിച്ച എനിക്ക് കഴിവില്ലാ എന്നത് മുന്‍കൂട്ടി അറിഞ്ഞത് കൊണ്ടായിരിക്കണം, മാനേജര്‍ ഒരു‍ ജാക്കറ്റ് കയ്യില്‍ കരുതിയത്. അതും ധരിച്ച് കാറിന് നേരെ നടന്നു. അരയില്‍ ഒരു കത്തിയും ധരിച്ച ഡ്രൈവര്‍ അതിരാവിലെ തന്നെ വായ നിറച്ച് പുല്ല് ചവക്കുന്നുണ്ടായിരുന്നു. എനിക്കും, മനേജര്‍ക്കും അല്പാല്പം ഇംഗ്ലീഷ് അറിയുന്നതിനാല്‍ ഞാന്‍ ചോദിച്ചു: വാട്ട് ഈസ് ഹി ച്യൂയിങ്? ഉടന്‍ മറുപടി പറഞ്ഞു: ദി ഈസ് ഗാത്ത്. മോസ്റ്റ് ഓഫ് ദി യെമനീസ് ച്യൂവ് ഡയലി. പിന്നെ ഈ ഗാത്ത് എന്ന സംഭവത്തെ പറ്റി ഞാന്‍ പഠിക്കാന്‍ തീരുമാനിച്ചു. കത്തി കണ്ട ഞാനൊന്ന് വിരണ്ടു. ഒരുപക്ഷേ എന്നെ കൊല്ലാനാകുമോ ഇവനേയും കൂട്ടി മാനേജര്‍ വന്നത്. അപ്പോഴേക്കും എന്റെ മനസ്സ് പെട്ടന്ന് വേര്‍പ്പാടിന്റെ നൊമ്പരവുമായി ധമനിയിലേക്ക് കടന്ന് വന്നു. കണ്ണ് നിറഞ്ഞൊഴുകി. ആദ്യമായി അന്യദേശത്ത്, ആരോരുമില്ലാതെ, തനിച്ച് എത്ര നാളെന്നറിയില്ല അതും ഈ 20-ആം വയസ്സില്‍....

നേരെ കമ്പനിയിലേക്ക് കൊണ്ട്പോയി അവിടെയുണ്ടായിരുന്ന വൃത്തിയാക്കിയിട്ട റൂമിലേക്ക് ആനയിച്ചു. ഉറക്കവും-യാത്രാക്ഷീണവും കാരണം കണ്ണിന് ശ്ക്തിയും പോയിരുന്നു. നേരെ ബെഡിലേക്ക് വീണു. അതിനിടയില്‍ കമ്പനിയിലെ ആരൊക്കെയോ കൂട്ടിലിട്ട മൃഗത്തെ കാണാന്‍ വരുന്നത് പോലെ ആദ്യമായി വന്ന എന്നെയും കാണാന്‍ വന്നിരുന്നു. വാതില്‍ തുറക്കുന്നതും അടക്കുന്നതും മാത്രം കേള്‍ക്കാം. പിന്നെ പരിചയമില്ലാത്ത അറബിഭാഷയില്‍ എന്തൊക്കെയോ പറയുന്നതും. ഉറങ്ങുമ്പോള്‍ തന്നെ ഒരു പുഞ്ചിരി മുഖത്ത് ഉറപ്പിച്ചാണ് കിടന്നത്. അത്കൊണ്ട് അവരും അതേറ്റുവാങ്ങി പോയിരിക്കണം.

രണ്ട് മാസക്കാലം മലയാളമോ, ഹിന്ദിയോ അതുമല്ലങ്കില്‍ ഇംഗ്ലീഷോ സംസാരിക്കുന്ന ഒരു ഇന്ത്യക്കാരനേയും കാണാന്‍ കഴിഞ്ഞില്ല. കൂട്ടിനു അറബികള്‍ മാത്രം. അതുകാരണം 2മാസം കൊണ്ട് ഏകദേശം അറബിയൊക്കെ ഞാന്‍ വശത്താക്കി. പിന്നെ ഒരു ഹിന്ദിക്കാരനെ പരിചയപ്പെട്ട ഉടന്‍ ഞാന്‍ താമസ സൌകര്യത്തിനു അപേക്ഷിച്ചു. മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു. അങ്ങനെ പിന്നെ മലയാളികലേയും പരിചയപ്പെട്ടു, അവരോടും അഭ്യര്‍ത്ഥന നടത്തി. അങ്ങനെ അവരുടെ തലയിലും ഞാനെന്ന മാറാപ്പ് വെച്ചു കെട്ടി. ഒരുപാടു മണിക്കൂറുകള്‍ കടന്ന് പോയി, പിന്നെ എണ്ണിയത് ദിവസങ്ങളായിരുന്നു. അതും കഴിഞ്ഞപ്പോള്‍ മാസങ്ങള്‍... പിന്നെ പലരും ചോദിക്കാന്‍ തുടങ്ങി, എന്നാ നാട്ടീല്‍ പോണേ...?

മലയാളികളേക്കാള്‍ കൂടുതല്‍ ഞാന്‍ ഇടപഴകിയത് യെമനികളുമായിട്ടായിരുന്നു. അത്കൊണ്ട് അവരുടെ ഏകദേശ സ്വഭാവഗുണങ്ങളൊക്കെ പഠിക്കാന്‍ പറ്റി. “അടുത്താല്‍ സ്നേഹിച്ച് കൊല്ലും, ഇടഞ്ഞാല്‍ കുത്തികൊല്ലും” എന്ന പ്രകൃതം. കമ്പനിയുടെ തൊട്ടപ്പുറത്ത് അല്‍ മുസ് വരി എന്ന ശൈഖിന്റെ സെക്യൂരിറ്റി ജീവനക്കാര്‍. എ.കെ. 47-ഉം, പിസ്റ്റളുകളും ധാരാളം കിടപ്പുണ്ട്. ഇത്രയും നാള്‍ ഞാന്‍ കണ്ടിരുന്നത് കളിത്തോക്കുകളായിരുന്നു. അത്ഭുതത്തോടെ, ഇരു കണ്ണും ക്യാമറയില്‍ പകര്‍ത്തും വിധം തുറിച്ചുനോക്കി. ഒന്ന് തൊടാന്‍ വല്ലാത്ത മോഹം. തൊട്ടു... കയ്യിലേക്ക് വെച്ചപ്പോള്‍ ഭയങ്കര ഭാരം. അതിന്റെ ഭാരം ഇരട്ടിപ്പിക്കാനായി ബുള്ളറ്റുകളുടെ ഒരു വലിയ മാല. ബിന്‍ ലാദന്റെ ചിത്രത്തില്‍ ഉള്ളത് പോലെ തന്നെ. ഞാന്‍ അറബിയില്‍ ചോദിച്ചു: ഇത് ബിന്‍ ലാദന്‍ തന്നതാണോ...? തമാശ തോന്നിയ അവര്‍ ചിരി നിര്‍ത്തുന്നില്ല. ഞാന്‍ തോളിനോട് ചേര്‍ത്ത് വെച്ചപ്പോള്‍ മുഹമ്മദ് പെട്ടെന്നെണീറ്റു വന്നു. എന്നിട്ട് ബുള്ളറ്റുകളൊക്കെ മാറ്റിയെടുത്തു. ഇനി വേണ്ടപോലെ നീ ഉന്നം വെച്ചോ എന്നും പറഞ്ഞു. അല്പം ഭാരം കുറഞ്ഞ ഞാന്‍ പുറത്തേക്ക് ചൂണ്ടി കാഞ്ചി വലിച്ചു. പണ്ട് ബാലരമയില്‍ എവിടെയോ വായിച്ച ഒരോര്‍മ്മപോലെ, “ടക്-ടക്” എന്ന ശബ്ദം മാത്രമേ ഉള്ളൂ. ഞാന്‍ ബുള്ളറ്റ് സഹിതം ഉപയോഗിക്കാന്‍ തരണമെന്ന് ആവശ്യപ്പെട്ടു. ഗാത്ത് കഴിച്ച് കൊണ്ടിരിക്കുകയായിരുന്ന അവര്‍ നല്ല ഇതളുകളെടുത്ത് എനിക്ക് വേണ്ടി വെച്ചിട്ടുണ്ടായിരുന്നു. ഞാനത് നിരസിച്ചു.

ഒട്ടുമിക്ക യെമനികളും ഉപയോഗിക്കുന്ന ഒരു ലഹരിയാണ് ഈ ഗാത്ത്. ഏകദേശം തേയില പോലെ, കുറ്റിച്ചെടിയില്‍ നിന്നും പറിച്ചെടുക്കുന്ന ഇളം കതിരുകള്‍. മാര്‍ക്കറ്റില്‍ വിവിധയിനം ലഭിക്കും. 100 യെമന്‍ രിയാല്‍ മുതല്‍ (100 യെ.രിയാല്‍=2 ദിര്‍ഹം/ 20 ഇന്ത്യന്‍ രൂപ) 200 ഡോളര്‍ വരെ വിലയില്‍ കിട്ടും. ഗാത്ത്പ്രേമികളായ ഇവര്‍ പറയുന്നത് ചിരി, കരയല്‍, രതി, തുടങ്ങിയ മിക്ക വികാരങ്ങള്‍ക്കുള്ള ഗാത്തുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും എന്നാണ്. മിക്കവരും ഉച്ചഭക്ഷണത്തിനു ശേഷമായിരുക്കും, ഇത് ചവക്കാന്‍ തുടങ്ങുക. ഗാത്തിനു ഹരമേകാന്‍ ഒരു പാക്ക് സിഗരറ്റ്, 500 മില്ലിയുടെ ഒരു ബോട്ടില്‍ പെപ്സി അല്ലെങ്കില്‍ കോള. അതുമല്ലെങ്കില്‍ മധുരമുള്ള മറ്റേതെങ്കിലും ലഘുപാനീയം. മിക്കവരും കറുപ്പ് നിറം കലര്‍ന്ന പാനീയം തന്നെ കുടിക്കുന്നത്. കൂടാതെ ചാരി ഇരുക്കുന്നതിനു വേണ്ടി ഒരു സിറ്റിങ് കുഷ്യന്‍... കഴുകിയ ഗാത്തിലെ ഇളം കതിരുകള്‍ ആദ്യമാദ്യം ചവക്കും. ഇതെല്ലാം വായയുടെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് മാറ്റി വെക്കും. അങ്ങിനെ ആ ഭാഗം മുഴച്ചിരിക്കുന്നത് പോലെയാകും. ഒഴിഞ്ഞ് കിടക്കുന്ന മറ്റേ ഭാഗത്തുകൂടി ലഘുപാനീയം അല്പാല്പം കുടിക്കും. ഇവരുടെ ഭാഷ്യമനുസരിച്ച് ശരീരത്തിലെ പഞ്ചസാരയെ ഗാത്ത് മുഴുവനായും വലിച്ചെടുക്കും എന്നാണ്. അതുകൊണ്ടാണ് മധുരമുള്ള പാനീയങ്ങള്‍ കൂടെ കുടിക്കുന്നത്. ഇത് പ്രമേഹരോഗികള്‍ക്ക് നല്ലതത്രേ. അത് രാത്രി വരെ തുടരും. പിറ്റേന്ന് ഒഴിവുദിവസമാണെങ്കില്‍ പുലര്‍ച്ചെ 4-5 മണിവരെ ഇരിക്കും. പിന്നെ ഒരു കടുപ്പത്തിലൊരു ചായ. അതിനു ശേഷം സുബഹി നമസ്കാരത്തിനു ശേഷം ഒറ്റയുറക്കം. ഇതു കഴിച്ചു കഴിഞ്ഞാല്‍ രക്ത സമ്മര്‍ദ്ദം കൂടുന്നത് കൊണ്ട് ഉറക്കം വരാന്‍ ബുദ്ധിമുട്ടായിരിക്കും. വല്ലവനും കഴിക്കാതെ അടുത്ത് നില്‍ക്കുകയാണെങ്കില്‍ അവര്‍ നിര്‍ബന്ധിക്കും.

പൊതുവേ അറബികള്‍ അങ്ങിനെയാണ്. ഭക്ഷണം കഴിക്കുമ്പോഴോ മറ്റോ നിര്‍ബന്ധിക്കും. അതും ഭക്ഷണം കഴിക്കുകയാണെങ്കില്‍ ഒരു തളികയില്‍ നിന്നു തന്നെ കഴിച്ചിരിക്കണം. പോതുവേ വൃത്തി കാത്തു സൂക്ഷിക്കുന്നവരില്‍ മുന്‍പന്തിയിലായ മലയാളികള്‍ക്ക് പെട്ടന്ന് ഉള്‍കൊള്ളാന്‍ കഴിയില്ല. ആദ്യമൊക്കെ എനിക്കും എന്തോ ഒരു അറപ്പ് തോന്നിയിരുന്നു. പിന്നെ അത് ശീലമായി. ഇപ്പോള്‍ അതില്ലാതെയും വയ്യ.

പാരമ്പര്യമായി അരയില്‍ പ്രത്യേകതരം അറയുള്ള ബെല്‍റ്റില്‍ കത്തി കൊണ്ട് നടക്കുന്നവരാണ് ഇവര്‍. ഗാത്ത് കഴിച്ച ഇവരോട് ദേഷ്യപ്പെട്ട് സംസാരിച്ചാല്‍ അവരത് ഉറയില്‍ നിന്നെടുക്കും. പിന്നെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടും. ഡിജിറ്റല്‍ റിസീവര്‍ ഡീലറായ ഞങ്ങളുടെ കമ്പനിയില്‍ നിന്ന് ഒരിക്കല്‍ മാരിബ് എന്ന സംസ്ഥാനത്ത് നിന്നും (പെട്ടന്ന് ദേഷ്യം വരുന്ന ഇവര്‍ക്ക് വിദ്യാഭ്യാസം ഒട്ടും ഇല്ലാത്തതിനാല്‍ എന്തിനും എടുത്ത്ചാടുന്നവരാണിവര്‍. ഗോത്രയുദ്ധം എപ്പോഴും നടക്കുന്ന ഇവിടെയുള്ളവര്‍ക്ക് കത്തിയും തോക്കുമൊക്കെ ആവാസവ്യവസ്ഥയുടെ ഭാഗാമാക്കിയിരിക്കുന്നു. കൊച്ചു കുട്ടികള്‍ പോലും എ.കെ 47 പോലുള്ള തോക്കുകളൊക്കെ സര്‍വീസ് ചെയ്യുമെന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ ഇവര്‍ക്ക് വലിയൊരു സ്ഥാനം കൊടുത്തിരുന്നു-അതായത് കണ്ടാല്‍ ഒളിച്ചോടണമെന്നത്) ഒരു ശൈഖിനു വേണ്ടി റിസീവര്‍ വാങ്ങുന്നതിനു വേണ്ടി വന്നിരുന്നു. വിലയുടെ പ്രശനത്തിലോ മറ്റോ ഉണ്ടായ ഒരു വാക്ക്തര്‍ക്കം. രണ്ട് പിസ്റ്റളും അരയില്‍നിന്നെടുത്ത് ലോഡ് ചെയത് മാനേജറുടെ അനിയനും, സെയില്‍ മാനേജറായിരുന്ന അഹമ്മദിനു നേരെ ചൂണ്ടി. അക്കൌണ്ടന്റായിരുന്ന വഫ ആര്‍ത്ത് വിളിച്ച് മുകളിലേക്ക് ഓടിക്കയറി സെര്‍വീസിങ് സെക്ഷനിലേക്ക് ഓടിവന്നു എന്നോട് താഴെ നടക്കുന്ന സംഭവത്തെകുറിച്ച് പറഞ്ഞു. പിന്നാലെ അഹമ്മദും. സ്റ്റോര്‍ റൂമില്‍ നിന്നും തോക്കെടുത്ത് താഴോട്ട് ഓടുന്ന രംഗം... ഞാന്‍ എന്റെ ഉമ്മയേയും, ദൈവത്തേയും ഇത്രയും ഉച്ചത്തില്‍ വിളിച്ച ഒരു ദിനം ഉണ്ടായിട്ടില്ല എന്ന് ഉറപ്പ്... ഈ തോക്കിന് ഇത്രയും വലിയ ഒരു കഴുവുണ്ടെന്നറിഞ്ഞ ദിവസം... പുറത്ത് നിന്ന് ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. പോലീസ് സൈറന്‍ അപ്പോഴേക്കും കേട്ടു. അന്തിക്കാട് സ്വദേശിയായ അടുത്ത സുഹൃത്ത് സൈനേഷിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അപ്പോഴേക്കും അവന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ ട്രൈ ചെയ്തപ്പോള്‍ “അല്‍ ഹാതിഫ് അല്‍ മുതഹര്‍ക്ക് അല്ലദീ ത്വലബ്തഹു മുഗ് ലക്” എന്നു തുടങ്ങുന്ന കമ്പ്യൂട്ടര്‍ സംസാരം... അരമണിക്കൂറായപ്പോഴേക്കും, താഴെയുള്ള ബഹളങ്ങളൊക്കെ നിലച്ചു. വണ്ടികള്‍ പോകുന്ന ശബ്ദം... പ്രശ്നങ്ങളൊക്കെ തീര്‍ന്നെന്ന് മനസ്സിലായി. പക്ഷേ എന്റെ മനസ്സിന്റെ ധൈര്യം എവിടെയോ വീണുപോയിരുന്നു. റ്റേബിളില്‍ തലവെച്ച് കരയുന്ന വഫയെ കാണുമ്പോള്‍ അതിലേറെ ഭയം. ഉള്ള ധൈര്യവും പോയ പോലെ. ഇടക്കൊക്കെ ഉന്മേഷത്തിനു വേണ്ടി താഴെയിറങ്ങുന്ന ഞാന്‍ അന്ന് കമ്പനി അടച്ച് പോകുമ്പോഴാണ് താഴെയിറങ്ങുന്നത്.

അതിനു ശേഷം ഇവരോട് എങ്ങനെ പെരുമാറണമെന്ന് പലരും പറഞ്ഞു തന്നു. എനിക്ക് ഏറ്റവും തമാശ അല്ലെങ്കില്‍ യെമനികളോട് കൂടുതല്‍ ആദരവ് തോന്നിയ കാര്യം പോലീസുകാരുടെ പെരുമാറ്റമായിരുന്നു. പ്രത്യേക വാത്സല്യവും, പരിഗണനയും തരുന്ന ആ പ്രദേശത്തുകാര്‍ എന്നെയും അവരിലൊരംഗമാക്കി. കഫറ്റേരിയയില്‍ വരുന്ന പോലീസുകാരായ ഉമര്‍ ബാമെഹദിയും, അഹമ്മദ് അല്‍സുമൈനിയും ഞാനും മിക്കദിവസങ്ങളിലൊന്നിച്ചായിരിക്കും പ്രാതല്‍ കഴിക്കുക. പിന്നെ ട്രാഫിക്കില്‍ നിന്ന് കണ്ടാല്‍ പോലും സല്യൂട്ട് തരുന്ന പോലീസിനെ ആദ്യമായി ഞാന്‍ കണ്ടു. പണ്ടൊരിക്കല്‍ ചെത്തുതൊഴിലാളി സമരത്തിനിടെ, തൃശ്ശൂരിലും, കോഴിക്കോടും പൊതുവാഹങ്ങള്‍ കത്തിച്ചെന്നും പറഞ്ഞ് പെരിന്തല്‍മണ്ണയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. അവിചാരിതമായി പെരിന്തല്‍മണ്ണയില്‍ പോയ സമയം ഏകദേശം 4 മണി. പൂവലനാണെന്നും പറഞ്ഞ് കുറച്ച് പോലീസുകാര്‍ ജീപ്പിലെ നായയെ സീറ്റില്‍ ഇരുത്തി എന്നെ താഴെയും ഇരുത്തിയ സംഭവം ഓര്‍ക്കുമ്പോള്‍ കേരളാ പോലീസിനോട് ലജ്ജ തോന്നുന്നു.
അങ്ങനെ നാല് വര്‍ഷത്തെ അതിമനോഹരമായ ജീവിതത്തിനു വിരാമമിട്ട് ഇപ്പോള്‍ ദുബൈയിലേക്ക് ചേക്കേറിയതാണ്. തിരക്കിനിടയിലും പല സംഭവങ്ങളൊക്കെ ഓര്‍മ്മിക്കാനും ഓര്‍മ്മിപ്പിക്കാനും പഴയ സുഹൃത്തുക്കളെയൊക്കെ ടെലിഫോണില്‍ ബന്ധപ്പെടുകയല്ലാതെ വേറെന്ത് മാര്‍ഗ്ഗം?

Monday, October 20, 2008

ഇന്ന് കേരളം ഹര്‍ത്താല്‍ ആഘോഷിക്കുന്നു

ഇന്ന്, ഒക്ടോബര്‍ 21. സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുന്നു. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ജ് സ്ഥാപിക്കുക എന്ന ആവശ്യവുമായി 240-ല്‍ കൂടുതല്‍ ദിവസങ്ങളോളം തുടര്‍ന്ന് വരുന്ന സമര മാര്‍ഗ്ഗങ്ങള്‍ വിജയിക്കാത്തതിനെ തുടര്‍ന്നാണ് ഈയൊരു തീരുമാനം. ഭരണപക്ഷത്തിനു മിക്ക രാഷ്ട്രീയ സംഘടനകളും പിന്തുണ ഉണ്ടെന്ന് അറിയുന്നു. ഈ ആവശ്യകതയുമായി നടത്തുന്ന സമരത്തിന്റെ ആവാശ്യകത പൊതു ജനങ്ങളില്‍ സ്വീകര്യത നേടിയിട്ടുണ്ടെങ്കിലും, പ്രബുദ്ധ മലയാളി സമൂഹം ഇടത്-വലത്-ബി.ജെ.പി-മറ്റു പാര്‍ട്ടികള്‍‍ക്കെതിരേ ഹര്‍ത്താലുകളും, ബന്ദുകളും എന്തിനെന്ന് ഒറ്റകെട്ടായി ചോദിക്കുന്നു.



പണ്ടെങ്ങോ ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കെതിരെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും, വേണ്ടി നടത്തിയ സമര മുറകള്‍ക്ക് ഗുജറാത്ത് ഭാഷയില്‍ നിന്നും കടമെടുത്ത “ഹര്‍”‍ അഥവാ എല്ലാം എന്നും, “ഥാല്‍” അല്ലെങ്കില്‍ “ഥാലാ” എന്നാല്‍ അടക്കുക എന്നും അര്‍ഥം വരുന്ന വാക്കാണ് ഇന്ന് കേരളത്തിന്റെ ഉറക്കം കെടുത്തുന്നത്. പക്ഷേ, ഗാന്ധിജിയുടെ കാലത്തെ ഹര്‍ത്താലുകള്‍ അണികളുമായി ചേര്‍ന്ന് ജോലികളും, കച്ചവടങ്ങളും എല്ലാം സമാധാനപരമായി ഉപരോധിക്കലായിരുന്നെങ്കില്‍, ഇന്ന് അതൊരു രക്ത രൂക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച്, ആഘോഷിക്കുകയാണ് ചെയ്യുന്നത്. അതിനു മാറ്റു കൂട്ടാനായി മദ്യവും, മറ്റു ലഹരികളും വിതരണം ചെയ്യുന്നത് നേതാക്കന്മാരുടെ അറിവോട് കൂടെയും. കൂടാതെ ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കാന്‍ പടക്കങ്ങള്‍ക്കും, അമിട്ടുകള്‍ക്കും പകരമായി നാടന്‍-സ്റ്റീല്‍ ബോംബുകളും.


ഇന്നേവരെയുള്ള ഹര്‍ത്താലുകളുടെ കണക്ക്
നോക്കിയാല്‍ ഇന്നത്തേതടക്കം 82 ഹര്‍ത്താലുകളോളം ആഘോഷിച്ചു. 2008ല്‍ ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ രേഖപ്പെടുത്തിയ മാസം കഴിഞ്ഞ ജൂലായ് മാസത്തിലും(21 എണ്ണം), ജില്ല പാര്‍ട്ടി ജില്ലയായ കണ്ണൂരിലും. ഏറ്റവും കുറവ് രേഖപ്പെടുത്തിയ മാസം ജനുവരിയില്‍ 4 എണ്ണവുമാണ്.


പാല്‍, പത്രം, അത്യാഹിതം എന്നിവയൊക്കെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെന്ന് പറയുന്നുണ്ടെങ്കിലും, ഇന്നേ വരെ നടന്ന ഹര്‍ത്താലുകള്‍ ഇത്തരം സര്‍വീസുകളെയും തടസ്സപ്പെടുത്തി എന്നതാണ്. മാത്രമല്ല, അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കുന്നന്തിനു പകരം കൂടുതല്‍ ആശുപത്രി ഉപഭോക്താക്കളെ സൃഷ്ടിച്ചിട്ടേ ഉള്ളൂ. പവര്‍ക്കട്ടിലും കഷ്ടപ്പെട്ട് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷ, ജോലി, ടൂറിസം തുടങ്ങി പൊതു ജനങ്ങളുടെ എല്ലാ മേഖലകളേയും ബാധിക്കുന്ന ഹര്‍ത്താലിനെ എങ്ങനെ പൊതു ജനങ്ങള്‍ പിന്തുണ നല്‍കും. കൂടാതെ, മരുഭൂമിയില്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് സ്വന്തം നാ‍ടിനേയും കുടുംബത്തേയും ഒരു നോക്കു കാണാന്‍ വരുന്ന പ്രവാസിയുടെ അവസ്ഥക്ക് അവന്‍ ആരെയാണ് പഴിക്കേണ്ടത്?
എന്തൊക്കെയാണെങ്കിലും, വായനക്കാര്‍ക്ക് എന്റെ ഹര്‍ത്താല്‍ ദിനാശംസകള്‍

Thursday, October 16, 2008

പാര്‍ലമെന്റില്‍ കേരളാ മന്ത്രിമാര്‍ സമരം ചെയ്യുന്നു

ചരിത്രത്തിലാദ്യമായി കേരളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി കോടിക്കണക്കിനു രൂപ മുടക്കി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സിരാകേന്ദ്രമായ ന്യൂഡല്‍ഹിയിലെ നമ്മുടെ സ്വന്തം പാര്‍ലമെന്റില്‍ നാളെ, ഒക്ടോബര്‍ 17-ന് മാര്‍ച്ച് നടത്തുന്നു. വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കരയണോ അതോ ചിരിക്കണോ എന്നാണ് സംശയം. കാരണം, ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി മുഴുവന്‍ മന്തിമാരും ന്യൂഡല്‍ഹിയില്‍ തമ്പടിക്കുകയാണ്. അതേസമയം, സര്‍ക്കാരിന്റെ ഗതികേട് ആലോചിച്ച് സങ്കടവും...

ബഹുമാനപ്പെട്ട മുഖ്യന്‍ ശ്രീ വി.എസ് നയിക്കുന്ന ഈ മാര്‍ച്ചിനെ കൂടാതെ മറ്റു ഭരണപക്ഷ എം.എല്‍.എ. മാരുടെ നേതൃത്വത്തില്‍ കേരളാ സംസ്ഥാനമാകെ കേന്ദ്രഗവണ്മെന്റിനെതിരെ രോഷം അലയടിക്കുമെന്നും വാര്‍ത്ത. സമരങ്ങള്‍ക്കും, സത്യാഗ്രങ്ങള്‍ക്കും കേളികേട്ട കേരളത്തിന് നല്‍കാവുന്ന മറ്റൊരു ഉത്സവംകൂടി. വൈദ്യുതി, ഭക്ഷണം പ്രകൃതിക്ഷോഭ സഹായം പോലുള്ള പ്രാഥമികാവശ്യങ്ങള്‍ പരിഹരിക്കുന്നില്ല എന്ന കാരണത്താല്‍ നടത്തുന്ന ഈ പ്രക്ഷോഭ സമയത്ത് യു.പി.എ. സഖ്യത്തില്‍ നിന്ന് ഇടത് പക്ഷം മാറി നിന്നത് ഇവിടെ ശ്രദ്ധേയമാണ്. അല്ലെങ്കില്‍ എങ്ങനെ പ്രക്ഷോഭം നടത്തും? മുന്‍ വര്‍ഷക്കാലങ്ങളില്‍ ലഭിച്ചിരുന്ന അരി വിഹിതം ഘട്ടം ഘട്ടമായി 1,13,420 ടണ്ണില്‍ നിന്നും, 2007 ഏപ്രില്‍ ആയപ്പോഴേക്കും 17,050 ടണ്ണായി കുറച്ചും, 2008-ല്‍ ഈ എ.പി.എല്‍ വിഹിതം പൂര്‍ണ്ണമായും നിര്‍ത്തലാക്കി എന്നതാണ് ഇടതുപക്ഷത്തിന്റെ ഭാഷ്യം. അതുപോലെ തന്നെ, ബി.പി.എല്‍ വിഹിതത്തില്‍ നിന്നും നാലായിരത്തോളം ടണ്‍ വെട്ടിക്കുറച്ചു എന്നതും അവരെ ചൊടിപ്പിച്ചു.

അതുപോലെ തന്നെ കാലവര്‍ഷക്കെടുതിയില്‍ വൈദ്യുതിക്ക് തിരിച്ചടി നേടിയ സമയത്താണ് കേന്ദത്തിന്റെ വൈദ്യുത വിഹിതം വെട്ടിക്കുറച്ചതും. വേനല്‍ മഴയില്‍ ആയിരത്തി അഞ്ഞൂറ് കോടിയോളം നഷ്ടമുണ്ടായെന്ന് കണക്ക്കൂട്ടി അതും പ്രതീക്ഷിച്ച് നിന്ന് സര്‍ക്കാറിന്‍ ലഭിച്ചത് ആകെ 45 കോടി രൂപ. അതും കിട്ടാപണമായി കിടക്കുന്നു. അങ്ങിനെ സംസ്ഥാനത്തിന്റെ പരാതികള്‍...

എന്നാല്‍, ഇക്കാര്യങ്ങളൊന്നും പറയാന്‍ ഇടുതുപക്ഷ സര്‍ക്കാറിനു യാതൊരു പ്രതിബദ്ധതയുമില്ലെന്ന വാദത്തിലാണ് ശ്രീ വയലാര്‍ രവി അടങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം. 20 പാര്‍ലെമന്റ് സീറ്റില്‍ 19 എണ്ണവും, സംസ്ഥാന ഭരണവും ലഭിച്ചിട്ടും ഭരണ ന്യൂനതയും, മന്ത്രിമാരുടെ ഏകോപനമില്ലായ്മയും മറച്ച് വെക്കാന്‍ വേണ്ടി മാത്രമാണ് ഈ സമരമെന്ന വാദത്തിലാണ് അവര്‍. കിട്ടിയ വിഹിതങ്ങളൊക്കെ തന്നെ തത്സമയത്ത് ഏറ്റെടുക്കാനാളില്ലാതെ ലാപ്സായി പോയതും പ്രതിപക്ഷമടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നു.
ഇന്ത്യയില്‍ ഒരു ഫെഡറല്‍ സംവിധാനം ഉണ്ടായിരിക്കേ, പ്രധാനമന്തിക്ക് നേരിട്ട് പരാതി നല്‍കി ആ‍വശ്യങ്ങള്‍ നേടിയെടുക്കാതെ സമരമുറയുമായി പോകുന്നത് തീര്‍ത്തും നിയമവിരുദ്ധമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുമല്ലെങ്കില്‍ സംസ്ഥാനത്തില്‍ നിന്നുമുള്ള മുഴുവന്‍ പാര്‍ലമെന്റ് സീറ്റും നിലനില്‍ക്കേ അവിടൊന്നും ശബ്ദമുയര്‍ത്താതെ വിത്യസ്തമായ ഇത്തരമൊരു സമരമുറയുടെ ലക്ഷ്യം എന്തെന്ന ചോദ്യം അവശേഷിക്കുന്നു. പാകമായ നെല്‍കൃഷി കൊയ്യാനിറങ്ങിയ നെല്‍കര്‍ഷകരെ ആട്ടിയോടിച്ച ഡി.വൈ.എഫ്. ഐ. പ്രവര്‍ത്തകരുടെ മാതൃ സംഘടന വേനല്‍ മഴയുടെ ചതിയെകുറിച്ച് പറയാ‍ന്‍ എന്ത് അവകാശം എന്നതും ഇടതുപക്ഷം കേരള സമൂഹത്തോട് ഉത്തരം പറയേണ്ടിയിരിക്കുന്നു.

Saturday, October 11, 2008

പ്രവാസി

പ്രവാസം- പുറമെ നിന്ന് കാണുന്നവര്‍ക്ക് എന്തോ ഒരു വല്ലാത്ത അനുഭൂതി തരുന്ന ഒരു ജീവിതം. കുഞ്ഞുനാളുകളില്‍ വീട്ടുകാരനോ ബന്ധക്കാരോ ഗല്‍ഫില്‍ നിന്നും വന്നാല്‍ ആ അത്തറിന്റെ സുഗന്ധം കാറ്റില്‍ എന്നിലേക്കും പകരുമെന്ന് വിശ്വസിച്ച് കുറേകാലം കൂടെനടക്കും. പിന്നെ വിവിധതരം പെന്‍, പെന്‍സില്‍, കളിക്കോപ്പുകള്‍, മറ്റു പലവകകളും കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. പിറ്റേ ദിവസം കൂട്ടുകാരെ ഇതെല്ലാം കാണിക്കാന്‍വേണ്ടി സിനിമയിലെ വില്ലന്റെ റോളില്‍ സ്ലോ മോഷനില്‍ ഒന്ന് നടക്കും. പിന്നില്‍ അനുകരിക്കാന്‍ കുറച്ച് പേരുമുണ്ടാകും. ഒരു ദിവസം, സ്കൂളിലെ ക്രീം കളര്‍ യൂണിഫോമിനു പകരം ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന മഞ്ഞ നിറമുള്ള ടീ-ഷര്‍ട്ട് ധരിച്ച് വന്നതിന് ക്ലാസ് ടീച്ചര്‍ രായീന്‍ മാഷ് എന്നെ പുറത്താക്കിയത് ആ അഹങ്കാരത്തിന്റെ ഒരു ഫലമായിരുന്നു.

ചെത്തിനടക്കുന്ന പ്രായത്തില്‍ വീട്ടില്‍ ഒരു ഗള്‍ഫ്കാരനുണ്ടല്ലോ എന്ന വിശ്വാസത്തി(ലോ അഹങ്കാരത്തിലോ)ല്‍ ബൈക്കിനോടായിരുന്നു പ്രിയം. പിന്നെ ഒരു റേയ്ബാന്‍ കൂളിങ് ഗ്ലാസ്, അങ്ങനെ പല മോഹങ്ങള്‍. ഇതേ മോഹങ്ങളുമായി ഗള്‍ഫിലേക്ക് വിളിച്ചു. അവിടെനിന്നും കിട്ടിയ മറുപടി കേട്ട് ആശ്ചര്യപ്പെട്ട് പോയി. ഇത്രയും വേഗം മറുപടി തരുമെന്ന് പ്രതീക്ഷിച്ചില്ല: “ഇതെല്ലാം വേണമെങ്കില്‍ സ്വന്തമായി അധ്വാനിച്ചോ”. ക്യാമ്പസില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ എന്റെ നാവിലൂടെ വീട്ടിനുള്ളില്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങി. “ഇന്‍ഗുലാബ് സിന്ദാബാദ്.... ഉമ്മയും ജ്യേഷഠനും നീതി പാലിക്കുക.... വീട്ടിനുള്ളില്‍ സമാധാനം നിലനിര്‍ത്തുക....” അങ്ങനെ തുടങ്ങുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഞാന്‍ തന്നെ ഏറ്റ്വിളിച്ചു. മുദ്രാവാക്യം വിളിക്കുന്ന സമയത്ത് ഉമ്മ മീന്‍ വൃത്തിയാക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അരിശം കൂടി. നിരാഹാരം കിടക്കുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി. അതിലും നീതി തരാതിരുന്ന ഉമ്മയെ ഘൊരാവോ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് വടി എടുത്ത് ഓടിച്ചത്. അപ്പോഴും എന്റെ മുദ്രാവാക്യങ്ങള്‍ക്ക് ശക്തി കൂടിക്കൊണ്ടേ ഇരുന്നു. ലാത്തി വീശി ഭയപ്പേടുത്താന്‍ നോക്കേണ്ട.... എന്നതും കൂട്ടിവിളിച്ചു.

കുരുത്തക്കേട് കൂടിയപ്പോള്‍ വീട്ടുകാര്‍ എന്നെ ഒരു പ്രവാസിയാക്കാന്‍ തീരുമാനിച്ചു. അതും യെമന്‍ എന്ന യമലോകത്തേക്ക്. കാരണം നാട്ടുകാര്‍ ആരും തന്നെ അവിടെ ഉള്ളതായി കേട്ടിട്ടില്ല. പിന്നെ കേട്ടത് അവിടെ ഖബീലികളും, ജബീലികളുമൊക്കെയാണെന്നാണ്, കൂടാതെ ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഉപയോഗിക്കുന്നവര്‍ ഈ നാട്ടുകാരാണ്, പട്ടിണി രാജ്യം... അങ്ങനെ ഒരു ഒറ്റപ്പെടലിന്റെ എന്തോ ഒരു വികാരം നെഞ്ജില്‍ ആളിക്കത്താന്‍ തുടങ്ങി. രണ്ട് മാസത്തോളം അറബികള്‍ മാത്രമായി കൂട്ട്. (അത്കൊണ്ട് അറബി ഭാഷ നന്നായി പഠിക്കാന്‍ പറ്റി.) അതിനു ശേഷമാണ് ഒരു ഹിന്ദിക്കാരനെ പരിചയപ്പെടുന്നതും അതിനു ശേഷം മല്ലു ലോകത്തേക്ക് വരുന്നതും. ഇവരെയൊക്കെ പരിചയപ്പെടുന്നത് വരെ എന്റെ കണ്ണുകളില്‍ കണ്ണുനീരുണ്ടായിരുന്നില്ല. ടെലിഫോണ്‍ കാര്‍ഡുകളുടെ മാല തന്നെ ഉണ്ടാക്കി. എന്നിട്ടും തികയാതെ തൊട്ടടുത്തുള്ള ടെലിഫോണ്‍ ബൂത്തില്‍ പറ്റ് വരെ തുടങ്ങിയിരുന്നു. പഴയ ദുബായ്ക്കാരന്‍ (ജ്യേഷഠന്‍) ഇടക്കൊക്കെ വിളിക്കുമ്പോള്‍ പറയും, നിന്റെ ബുദ്ധിമുട്ടുകളൊന്നും തന്നെ വീട്ടുകാരറിയരുത്. നാം ഗള്‍ഫുകാരാണ്. അതിന്റെ ഗമയില്‍ തന്നെ വേണം വിളിക്കാന്‍. എപ്പോഴും ആവശ്യങ്ങള്‍ അങ്ങോട്ട് ചോദിക്കണം. നാം എല്ലാം ക്ഷമിക്കാനും സഹിക്കാനും വിധിക്കപ്പെട്ടവരാണ്...... എന്റെ കണ്ണുകള്‍ക്ക് ബലമേകാന്‍ ഇടക്കൊക്കെ മുഖം കഴുകും. പിന്നെയും ഒരു പ്രേതാത്മാവ് ചെവിയില്‍ മന്ത്രിക്കുന്നത് പോലെ ഈ വാക്കുകള്‍ കേള്‍ക്കും. പിന്നെയും കരയും....

പിന്നീട് ധൈര്യം സംഭരിച്ച് ചിരിച്ചും കളിച്ചും വീട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അവര്‍ക്ക്. കാപട്യത്തിന്റെ മുഖമാണ് സംസാരിക്കുന്നത് എന്ന് അവര്‍ക്കറിയില്ലായിരുന്നു. ഇതേപറ്റി കൂട്ടുകാരോട് പറയുമ്പോള്‍ അവരുടെ അനുഭവവും ഏകദേശം ഇതുതന്നെയെന്ന് അവരും വിശദീകരിച്ചു. അങ്ങനെ പ്രവാസം ഒരു കാപട്യലോകമാണെന്നും, അവിടെ മനുഷ്യരില്ല, എല്ലാവരും ജീവന്റെ തുടിപ്പ് കൊണ്ട് നാടകം കളിക്കുകയാണെന്നും പഠിച്ചു. കുട്ടിക്കാലത്തെ സംഭവങ്ങളുടെ താളിയോലകള്‍ മറിക്കുമ്പോള്‍ പുച്ചത്തോടെയുള്ള ചിരിയും സങ്കടവും, ദേഷ്യവൌം ഒക്കെ വരും. പിന്നെ അത് പ്രായത്തിന്റെ ചാപല്യം എന്നോണം ചിരിച്ച് തള്ളും.
പിന്നെ എന്റെ അവാസവ്യവസ്ഥ ദുബായിയാക്കി. കുറച്ച്കൂടി പ്രവാസ പാഠങ്ങള്‍ പഠിച്ചു. അതിവേഗത്തില്‍ ചലിച്ച്കൊണ്ടേ ഇരിക്കുന്നതും എന്നാല്‍ ട്രാഫിക്കില്‍ താളം തെറ്റുന്നതുമായ ജീവിതം. രാ-പകല്‍ ഭേദമന്യേ കഠിനാധ്വാനം ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളികള്‍- അതും നന്നൂറു മുതല്‍ തൊള്ളായിരം വരെ വേദനം ലഭിക്കുന്നവര്‍. എങ്ങനെയാണ് ഗള്‍ഫുകാര്‍ പണമുണ്ടാക്കുന്നതെന്ന് ശരിക്കും പഠിച്ചു. എന്റെ പഴയ താളിയോലകള്‍ ഒന്നുകൂടി തുറന്നു. ശപിക്കപ്പെട്ട മുദ്രാവാക്യങ്ങള്‍, ദുരാഗ്രങ്ങള്‍, അഹങ്കാരം, അതിമോഹം, ഫാഷന്‍ ജീവിതരീതികള്‍, മറ്റു തോന്നിവാസങ്ങള്‍.... ശപിച്ചുകൊണ്ടേ ഇരുന്നു. ഒന്നും വേണ്ടായിരുന്നു. തലചായ്ക്കാന്‍ ഒരിടവും, വല്ലപ്പോഴും അവധിക്ക് നാട്ടില്‍ ചെന്നാല്‍ വെച്ചുവിളമ്പാന്‍ സ്നേഹനിധിയായ ഉമ്മയും പെങ്ങന്മാരും.... അതു മതി എനിക്ക് , കണ്ണുകള്‍ ഈറനണയാന്‍ തുടങ്ങി.