Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Monday, November 3, 2008

യെമനിലെ ഒരു തല്ല്


എന്റെ പോസ്റ്റായ “യെമന്‍ വിശേഷങ്ങള്‍” ഇവിടെ തുടരുന്നു. ഒറ്റപ്പെട്ടുപോയ ജീവിതത്തിനു ബലമേകാന്‍ പിന്നെ മുമ്പെങ്ങും പരിചയമില്ലാത്ത മലയാളികള്‍. പുതിയ സുഹൃത്ബന്ധങ്ങള്‍ വന്നു. പലരുടേയും പ്രവാസജീവിതകഥള്‍ക്കും, പരാധീനതകള്‍ക്കും മുന്നില്‍ എന്റെ അനുഭവങ്ങള്‍ വെറുമൊരു ശിശുവായിരുന്നു. വര്‍ഷങ്ങളായി ജീവിതം കരപറ്റാന്‍ നെട്ടോട്ടം ഓടുന്നവര്‍. ഞാനാണെങ്കില്‍ പ്രവാസിയില്‍ പറഞ്ഞത് പോലെ, അത്തറും, റേയ്ബാനും, ബൈക്കും കാറുമൊക്കെയായി നാട്ടില്‍ അടിച്ചുപൊളിക്കാന്‍ വേണ്ടി പ്രവാസം ആസ്വദിക്കാന്‍ വന്നവന്‍. ഫ്ലൈറ്റ് കയറുന്നത് വരെ വീട്ടിലെ ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല. അതിനേ പറ്റി ചോദിച്ചിട്ടുമില്ല. ഞാനൊരു ഗള്‍ഫ്കാരനായതില്‍ പിന്നെ, പണത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞു. പിന്നെ ജീവിതചക്രത്തില്‍ വെസ്റ്റേണ്‍ യൂണിയനും ഒരു ഭാഗമായി.

സന്തോഷം പങ്കുവെച്ചാല്‍ ഇരട്ടിക്കും, സങ്കടം പങ്കുവെച്ചാല്‍ പകുതിയാകും എന്ന പഴഞ്ചൊല്ലില്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം കഴമ്പില്ലെന്ന് മനസ്സിലായി. കാരണം ആര്‍ക്കും പങ്കുവെക്കാന്‍ സന്തോഷമില്ല, എല്ലാവരൂം തുല്യ ദുഃഖിതര്‍. പിന്നെ പങ്കുവെക്കാന്‍ സ്നേഹം മാത്രം. അതിനുവേണ്ടി കണ്ടെത്തിയത് പല കൂട്ടുകാരേയും‍, പിന്നെ, അവിടെ ആകെയുള്ള കേരളാ ക്ലബ്, പ്രവാസി ക്ലബ്, എന്നിവയുമൊക്കെയായുള്ള സഹകരണവും. അവിടെയും മലയാളികള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചേരിതിരിഞ്ഞുള്ള പലകളികളും ആരോപണങ്ങളും കാണാനിടയായി. ഇവിടെ നഷ്ടപ്പെട്ടുപോയ ബന്ധങ്ങള്‍ മറ്റു പലരുമായി സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് അത് കാര്‍ന്ന് തിന്നുന്നു. എങ്കിലും ഈ രണ്ട് ക്ലബുകളും നടത്തുന്ന സേവനം സ്തുത്യര്‍ഹം തന്നെ. അതില്‍ നിന്നൊക്കെ വിത്യസ്തമായി കള്‍ചറല്‍ പരിപാടികള്‍ക്ക് മുന്‍ഗണന കൊടുത്ത് മിസ്റ്റ് മീഡിയയും. യെമനിലെ മലയാളികള്‍ക്ക് ഒരു പുതുമയെന്നോണം ആദ്യമായി ഒരു ആല്‍ബവും സംഭാവന ചെയ്തു.

പ്രദേശത്തെ ഏകദേശം യെമനികളെ കയ്യിലെടുത്തതിന്റെ അഹങ്കാരമെന്നോണം ഞാനും അവരുടെ കൂടെ ഗാ‍ത്ത് കഴിക്കാന്‍ നിര്‍ബന്ധിതമായി. അങ്ങിനെ അതിന്റെ രുചിയും അറിഞ്ഞു. പിന്നെ യെമനിന്റെ പരമ്പരാഗത ഭക്ഷണത്തോട് ഏറെ പ്രിയം തോന്നി. ചൂട് മണ്‍ചട്ടിയില്‍, അല്പം ചോറ്, കോഴിമുട്ട ഉടച്ചത്, ഇറച്ചി, പല തരത്തിലുള്ള ഇല, പിന്നെ മറ്റെന്തൊക്കെയോ ചേര്‍ത്ത് ചൂടാക്കി ഒരു കറിയുടെ രൂപത്തിലാക്കുന്ന ഇതിനെ ഞങ്ങള്‍ വിളിച്ചിരുന്നത് “സലത്ത” എന്നാണ്. ഇംഗ്ലീഷ് വാക്കായ സാലഡ്-നും സലത്ത എന്നു തന്നെ പറയും. മിക്കവാറും പച്ചക്കറികള്‍ക്ക് മുന്‍ഗണന കൊടുക്കുന്നത് കൊണ്ടായിരിക്കണം ഈ പ്രാചീന-പരമ്പരാഗത ഭക്ഷണത്തിനും, ഇതേ പേര് നല്‍കിയത്. തീന്മേശയില്‍ എത്തി, റൊട്ടിയുടെ കൂടീ കഴിച്ച് തീര്‍ന്നാല്‍ പോലും അതിന്റെ ചൂട് പോകില്ല എന്നത് ഒരു വിസ്മയം തന്നെ.


ഇന്ത്യന്‍ വംശചര്‍ യെമനികളിലുമുണ്ടെന്നത് ഞാന്‍ കേട്ടു. ഏദന്‍, ഹദറമൌത്ത് പോലുള്ള പഴയ സൌത്ത് യെമനികളുടെ സംസ്കാരങ്ങളോ അല്ലെങ്കില്‍ പെരുമാറ്റ രീതികളോ ഇന്ത്യക്കാരുടേത് പോലെയായിരുന്നു. ആദ്യമായി ഏദനില്‍ പോയ സമയത്ത് പെങ്ങളെ വിളിച്ച് ഒരു ആശ്ചര്യമെന്നോണം ഞാന്‍ ഏദനില്‍ എത്തി എന്നറിയിച്ചു. ആദം ജനിച്ച ഏദന്‍ തോട്ടമാണോ എന്നന്വേശിക്കും മുമ്പ് ഞാന്‍ അവളോട് സംശയം പ്രകടിപ്പിച്ചു. ചരിത്രം പഠിച്ച അവള്‍ ഉടന്‍ തന്നെ പറഞ്ഞു: അത് യെമനികളുടെ പൂന്തോട്ടമായിരിക്കാം. പക്ഷേ യഥാര്‍ത്ഥ പൂന്തോട്ടം ഗ്രീസിലേതാണെന്നും പറഞ്ഞു. പൊതുവേ വിദ്യാസമ്പന്നരായ ഇവര്‍ പൊതുവേ അരയില്‍ കത്തി(ജമ്പിയ)യോ, മറ്റ് ആയുധങ്ങളോ ഉപയോഗിക്കാറില്ല. അത്കൊണ്ട് തന്നെ ധൈര്യമായി അവരുമായി ഇടപെടാന്‍ സാധിച്ചു. ആരെ പരിചയപ്പെട്ടാലും, ഇന്ത്യയിലെ ഹൈദരാബാദിലുണ്ടെന്ന് പറയപ്പെടുന്ന യെമന്‍ സ്ട്രീറ്റിലെ വിശേഷങ്ങള്‍ അന്വേശിക്കും. നേരിട്ട് കണ്ട്ട്ടില്ലാത്ത ഞാന്‍ അവരോട് എല്ലാവര്‍ക്കും സുഖം തന്നെ എന്ന വാക്കല്ലാതെ എന്ത് പറയും?

ദഹബാഷികള്‍ എന്ന ചൊല്ലപ്പേരില്‍ അറിയപ്പെടുന്ന വടക്കന്‍ യെമനികളുടെ ചില പെരുമാറ്റങ്ങള്‍ ദേഷ്യമോ, ഭയമോ തോന്നും. കാരണം മുമ്പ് പറഞ്ഞത് പോലെ എപ്പോള്‍ സ്വഭാവം മാറുമെന്നറിയില്ല. ഒരിക്കല്‍, ഇന്ത്യക്കാരെ കണ്ടാല്‍ കൊഞ്ഞനം കുത്തുന്ന ഒരു വിദ്വാന്‍ കമ്പനിയിലേക്ക് വന്നു. (ടിയാന്‍ സ്വന്തമായി ഞങ്ങളുടെകമ്പനിക്ക് എതിര്‍വശം വീഡിയോ- ഓഡിയോ ലൈബ്രറി നടത്തുന്നു. ജ്യേഷ്ഠന്‍ യെമന്‍ ദേശീയ ഫുട്ബോള്‍ ടീമിലെ അംഗം. കഴിഞ്ഞ വേള്‍ഡ് കപ്പ് യോഗ്യതാ റൌണ്ടില്‍ സൌദി, ജപ്പാന്(ആണെന്ന് തോന്നുന്നു)‍, യെമന്‍, ഇന്ത്യ എന്നീ രാജ്യങ്ങളടങ്ങുന്ന ഗ്രൂപ്പില്‍ യെമനില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇന്ത്യ യെമനിനോട് 6-1 എന്ന സ്കോറിന് അതിദയനീയമായി പരാചയപ്പെട്ടു. ആ അഹങ്കാരം കൊണ്ടായിരിക്കണം ടിയാന്റെ പെരുമാറ്റം ഇങ്ങനെയായത്.) എന്നെ സ്ഥിരമായി ശല്യം ചെയ്യുന്ന ടിയാന്‍ എന്റെ മുഖത്തൊരടി. അറിയാതെ എന്റെ കയ്യും ഉയര്‍ന്ന് അവനേയും ഇടിച്ചു. പക്ഷേ എന്തോ എന്റെ കണ്ണ് ഇരുട്ടില്‍ തന്നെയായിരുന്നു. ചിത്രകഥയിലേത് പോലെ, കാണുന്നത് കറുപ്പ് ബാക്ക്ഗ്രൌണ്ടില്‍ വെള്ള നിറത്തില്‍ വെറും *, #, &, @, എന്ന ചിന്നങ്ങള്‍ മാത്രം. (ചിത്രകഥ എഴുതുന്നവര്‍ക്കും ഇങ്ങനെ അടി കിട്ടിയിട്ടാണോ അവര്‍ അത് വളരെ ഭംഗിയായി അവതരിപ്പിക്കുന്നത് എന്ന് ഒരു വേള ചിന്തിച്ചു.) പിന്നെ ആകെ ബഹളമായി. എല്ലാം കണ്ട് നിന്ന് സഹപ്രവര്‍ത്തകരും അവനോട് പിരിഞ്ഞ് പോകാന്‍ വേണ്ടി പറഞ്ഞു. പിന്നെ ഇവന്റേയും, കൂട്ട്റ്റുകാരുടേയും ഭീഷണി മൂലം നാല്-അഞ്ച് ദിവസത്തോളം രണ്ട് നേരവും ഇടതും വലതുമായി സെക്യൂരിറ്റിയില്‍ ആയിരുന്നു എന്റെ യാത്ര. അങ്ങനെ ആദ്യമായി ഒരു വിദേശിയെ തല്ലിയ ദുശ്പേരും സ്വന്തമാക്കി.


അത് കഴിഞ്ഞ് യെമന്‍ ചരിത്രം പഠിക്കാന്‍ വളരെ താല്പര്യം വന്നു. പഴയ തെക്കന്‍ യെമന്‍, വടക്കന്‍ യെമന്‍, അവര്‍ തമ്മിലുള്ള യുദ്ധങ്ങള്‍, അധികാരം പിടിച്ചെടുക്കല്‍, ഗാത്തിന്റെ വരവ്, ലോകപ്രശസ്തമായ യെമന്‍ കോഫി, അതിന്റെ മരണം, ഇന്ത്യക്കാരുമായുള്ള ബന്ധം, അതില്‍ പ്രത്യേകിച്ച് മലയാളികള്‍ക്കുള്ള സ്ഥാനം, ഇന്നത്തെ ഒമാന്‍ ഭാഗമായ സലാലയും സ്ത്രീധനവും, അങ്ങനെ പോകുന്നു അവരുടെ ചരിത്രം...


2006-ലെ അവസാന മാസം. പുതുവര്‍ഷത്തിലെങ്കിലും അവിടെനിന്നും വിടാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ അതൊരു വേദനിപ്പിക്കുന്ന യാത്ര തന്നെയായിരുന്നു. യെമനില്‍ എനിക്ക് അവസാനമായി അഘോഷിക്കാനുള്ള ഈദ്. സുഹൃത്തുക്കളുമായി ഒരുപാട് പരിപാടികള്‍ പ്ലാന്‍ ചെയ്തു. ബിരിയാണിയൊക്കെ വെച്ച്, ഭക്ഷണത്തിനു ശേഷം ഒരു യാത്രയൊക്കെയായിരുന്നു പരിപാടി... പക്ഷേ... അതേ ഈദില്‍ സാമ്രാജ്യത്തശക്തികള്‍ ലോകമുസ്ലിംകള്‍ക്ക് ഒരു സമ്മാനമായി സദ്ദാം ഹുസ്സൈനിനെ തൂക്കിലേറ്റി. ഖുര്‍ആനും പിടിച്ച് ലാ ഇലാഹ ഇല്ലള്ളാ.. എന്ന് തുടങ്ങുന്ന വാക്യങ്ങള്‍ എല്ലാ ടിവികളിലും റേഡിയോകളിലും... ഉടനടി പോസ്റ്ററുകളും, ബാനറുകളും ഉയരാന്‍ തുടങ്ങി. എല്ലായിടത്തും ആര്‍പ്പ് വിളികള്‍ മാത്രം.. പിന്നെ പ്രധിശേധ പരിപാടികള്‍ മാത്രം... വാഹനങ്ങളുന്നും നിരത്തിലില്ല. എല്ലാ കടകളും അടച്ചിട്ടിരിക്കൂന്നു. സ്ഥിരമായി കാണുന്ന അല്‍ജസീറ ഈയൊരു രംഗം തന്നെ ആവര്‍ത്തിക്കുന്നു... ആരും ആര്‍ക്കും തന്നെ ഈദ് ആശംസകള്‍ അയക്കുന്നില്ല. ആരും തന്നെ പ്രതീക്ഷിക്കുന്നുമില്ല. ഒരു ലൈവ്ടെലികാസ്റ്റിങ് കണ്ട് കണ്ണ് നിറഞ്ഞിരിക്കുന്നു. ദുഃഖങ്ങള്‍ മാത്രം പേറുന്ന പ്രവാസിക്ക് ഇനിയൊരു പ്രവാസജീവതത്തില്‍ ഒരുവേര്‍പ്പാടിന്റേയും കഥ കേള്‍ക്കരുതേ എന്ന് പ്രാര്‍ത്ഥിച്ച് യാത്രയായി.

Thursday, October 30, 2008

യെമന്‍ വിശേഷങ്ങള്‍

എന്റെ ബ്ലോഗായ പ്രവാസിയില്‍ പറഞ്ഞതിന്റെ ഒരു തുടര്‍ച്ച തന്നെയാണ് ഈ യെമന്‍ വിശേഷങ്ങളും. അതല്ലെങ്കില്‍ ആ രാജ്യവുമായുള്ള എന്റെ ബന്ധം. ഒരുപാ‍ട് ഗള്‍ഫ് സ്വപ്നങ്ങള്‍... അല്ലെങ്കില്‍ ഒരു തെറ്റിദ്ധാരണ എന്നു തന്നെ വേണമെങ്കില്‍ പറയാം. ഇതു തിരുത്താന്‍ വേണ്ടി ഞാനും ഒരു പ്രവാസിയാവാന്‍ തീരുമാനിച്ച ആദ്യത്തെ അനുഭവം.

തലേദിവസം രാത്രി ജ്യേഷ്ടനോട് യെമന്‍ വിശേഷങ്ങള്‍ ചോദിച്ചു. നാട്ടില്‍ നിന്നും ഒരാളും ഈയൊരു രാജ്യത്തെപറ്റി കേട്ടിട്ടേയില്ല. എന്നിട്ടും കൂസലില്ലാതെ പ്രിയ സഹോദരന്‍ പറഞ്ഞു: നീ ചന്ദ്രനില്‍ പോയാലും മലയാളികളെ കാണാന്‍ കഴിയും, ഒട്ടും പേടിക്കേണ്ട. എന്നിട്ടും എന്തോ എന്റെ മനസ് ചോദിക്കുന്നുണ്ടായിരുന്നു. വല്ലവനേയും കാണുമോ? അങ്ങനെ തനിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുംബൈയിലേക്ക് യാത്രയായി. പിറ്റേദിവസം എത്തിയ അന്നു തന്നെ രാത്രി “യെമനിയ”യിലും കേറി.

വരവേല്‍ക്കാന്‍ പ്ലേകാര്‍ഡുമായി കമ്പനിയുടെ മാനേജര്‍ മുഹമ്മദ് ബാറഷീദ് നില്പുണ്ടായിരുന്നു. തലസ്ഥാനമായ സനായിലെ കൊടുംതണുപ്പിനെ പ്രധിരോധിക്കാനുള്ള കഴിവ് എന്റെ മനസ്സിനും ശരീരത്തിനും ഇല്ലായിരുന്നു. മരം കോച്ചുന്ന വൃശ്ചിക തണുപ്പിനേപോലും വെല്ലുന്ന ഈയൊരു തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ആകെ ഒരു ഷര്‍ട്ടും പാന്റ്സും ധരിച്ച എനിക്ക് കഴിവില്ലാ എന്നത് മുന്‍കൂട്ടി അറിഞ്ഞത് കൊണ്ടായിരിക്കണം, മാനേജര്‍ ഒരു‍ ജാക്കറ്റ് കയ്യില്‍ കരുതിയത്. അതും ധരിച്ച് കാറിന് നേരെ നടന്നു. അരയില്‍ ഒരു കത്തിയും ധരിച്ച ഡ്രൈവര്‍ അതിരാവിലെ തന്നെ വായ നിറച്ച് പുല്ല് ചവക്കുന്നുണ്ടായിരുന്നു. എനിക്കും, മനേജര്‍ക്കും അല്പാല്പം ഇംഗ്ലീഷ് അറിയുന്നതിനാല്‍ ഞാന്‍ ചോദിച്ചു: വാട്ട് ഈസ് ഹി ച്യൂയിങ്? ഉടന്‍ മറുപടി പറഞ്ഞു: ദി ഈസ് ഗാത്ത്. മോസ്റ്റ് ഓഫ് ദി യെമനീസ് ച്യൂവ് ഡയലി. പിന്നെ ഈ ഗാത്ത് എന്ന സംഭവത്തെ പറ്റി ഞാന്‍ പഠിക്കാന്‍ തീരുമാനിച്ചു. കത്തി കണ്ട ഞാനൊന്ന് വിരണ്ടു. ഒരുപക്ഷേ എന്നെ കൊല്ലാനാകുമോ ഇവനേയും കൂട്ടി മാനേജര്‍ വന്നത്. അപ്പോഴേക്കും എന്റെ മനസ്സ് പെട്ടന്ന് വേര്‍പ്പാടിന്റെ നൊമ്പരവുമായി ധമനിയിലേക്ക് കടന്ന് വന്നു. കണ്ണ് നിറഞ്ഞൊഴുകി. ആദ്യമായി അന്യദേശത്ത്, ആരോരുമില്ലാതെ, തനിച്ച് എത്ര നാളെന്നറിയില്ല അതും ഈ 20-ആം വയസ്സില്‍....

നേരെ കമ്പനിയിലേക്ക് കൊണ്ട്പോയി അവിടെയുണ്ടായിരുന്ന വൃത്തിയാക്കിയിട്ട റൂമിലേക്ക് ആനയിച്ചു. ഉറക്കവും-യാത്രാക്ഷീണവും കാരണം കണ്ണിന് ശ്ക്തിയും പോയിരുന്നു. നേരെ ബെഡിലേക്ക് വീണു. അതിനിടയില്‍ കമ്പനിയിലെ ആരൊക്കെയോ കൂട്ടിലിട്ട മൃഗത്തെ കാണാന്‍ വരുന്നത് പോലെ ആദ്യമായി വന്ന എന്നെയും കാണാന്‍ വന്നിരുന്നു. വാതില്‍ തുറക്കുന്നതും അടക്കുന്നതും മാത്രം കേള്‍ക്കാം. പിന്നെ പരിചയമില്ലാത്ത അറബിഭാഷയില്‍ എന്തൊക്കെയോ പറയുന്നതും. ഉറങ്ങുമ്പോള്‍ തന്നെ ഒരു പുഞ്ചിരി മുഖത്ത് ഉറപ്പിച്ചാണ് കിടന്നത്. അത്കൊണ്ട് അവരും അതേറ്റുവാങ്ങി പോയിരിക്കണം.

രണ്ട് മാസക്കാലം മലയാളമോ, ഹിന്ദിയോ അതുമല്ലങ്കില്‍ ഇംഗ്ലീഷോ സംസാരിക്കുന്ന ഒരു ഇന്ത്യക്കാരനേയും കാണാന്‍ കഴിഞ്ഞില്ല. കൂട്ടിനു അറബികള്‍ മാത്രം. അതുകാരണം 2മാസം കൊണ്ട് ഏകദേശം അറബിയൊക്കെ ഞാന്‍ വശത്താക്കി. പിന്നെ ഒരു ഹിന്ദിക്കാരനെ പരിചയപ്പെട്ട ഉടന്‍ ഞാന്‍ താമസ സൌകര്യത്തിനു അപേക്ഷിച്ചു. മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു. അങ്ങനെ പിന്നെ മലയാളികലേയും പരിചയപ്പെട്ടു, അവരോടും അഭ്യര്‍ത്ഥന നടത്തി. അങ്ങനെ അവരുടെ തലയിലും ഞാനെന്ന മാറാപ്പ് വെച്ചു കെട്ടി. ഒരുപാടു മണിക്കൂറുകള്‍ കടന്ന് പോയി, പിന്നെ എണ്ണിയത് ദിവസങ്ങളായിരുന്നു. അതും കഴിഞ്ഞപ്പോള്‍ മാസങ്ങള്‍... പിന്നെ പലരും ചോദിക്കാന്‍ തുടങ്ങി, എന്നാ നാട്ടീല്‍ പോണേ...?

മലയാളികളേക്കാള്‍ കൂടുതല്‍ ഞാന്‍ ഇടപഴകിയത് യെമനികളുമായിട്ടായിരുന്നു. അത്കൊണ്ട് അവരുടെ ഏകദേശ സ്വഭാവഗുണങ്ങളൊക്കെ പഠിക്കാന്‍ പറ്റി. “അടുത്താല്‍ സ്നേഹിച്ച് കൊല്ലും, ഇടഞ്ഞാല്‍ കുത്തികൊല്ലും” എന്ന പ്രകൃതം. കമ്പനിയുടെ തൊട്ടപ്പുറത്ത് അല്‍ മുസ് വരി എന്ന ശൈഖിന്റെ സെക്യൂരിറ്റി ജീവനക്കാര്‍. എ.കെ. 47-ഉം, പിസ്റ്റളുകളും ധാരാളം കിടപ്പുണ്ട്. ഇത്രയും നാള്‍ ഞാന്‍ കണ്ടിരുന്നത് കളിത്തോക്കുകളായിരുന്നു. അത്ഭുതത്തോടെ, ഇരു കണ്ണും ക്യാമറയില്‍ പകര്‍ത്തും വിധം തുറിച്ചുനോക്കി. ഒന്ന് തൊടാന്‍ വല്ലാത്ത മോഹം. തൊട്ടു... കയ്യിലേക്ക് വെച്ചപ്പോള്‍ ഭയങ്കര ഭാരം. അതിന്റെ ഭാരം ഇരട്ടിപ്പിക്കാനായി ബുള്ളറ്റുകളുടെ ഒരു വലിയ മാല. ബിന്‍ ലാദന്റെ ചിത്രത്തില്‍ ഉള്ളത് പോലെ തന്നെ. ഞാന്‍ അറബിയില്‍ ചോദിച്ചു: ഇത് ബിന്‍ ലാദന്‍ തന്നതാണോ...? തമാശ തോന്നിയ അവര്‍ ചിരി നിര്‍ത്തുന്നില്ല. ഞാന്‍ തോളിനോട് ചേര്‍ത്ത് വെച്ചപ്പോള്‍ മുഹമ്മദ് പെട്ടെന്നെണീറ്റു വന്നു. എന്നിട്ട് ബുള്ളറ്റുകളൊക്കെ മാറ്റിയെടുത്തു. ഇനി വേണ്ടപോലെ നീ ഉന്നം വെച്ചോ എന്നും പറഞ്ഞു. അല്പം ഭാരം കുറഞ്ഞ ഞാന്‍ പുറത്തേക്ക് ചൂണ്ടി കാഞ്ചി വലിച്ചു. പണ്ട് ബാലരമയില്‍ എവിടെയോ വായിച്ച ഒരോര്‍മ്മപോലെ, “ടക്-ടക്” എന്ന ശബ്ദം മാത്രമേ ഉള്ളൂ. ഞാന്‍ ബുള്ളറ്റ് സഹിതം ഉപയോഗിക്കാന്‍ തരണമെന്ന് ആവശ്യപ്പെട്ടു. ഗാത്ത് കഴിച്ച് കൊണ്ടിരിക്കുകയായിരുന്ന അവര്‍ നല്ല ഇതളുകളെടുത്ത് എനിക്ക് വേണ്ടി വെച്ചിട്ടുണ്ടായിരുന്നു. ഞാനത് നിരസിച്ചു.

ഒട്ടുമിക്ക യെമനികളും ഉപയോഗിക്കുന്ന ഒരു ലഹരിയാണ് ഈ ഗാത്ത്. ഏകദേശം തേയില പോലെ, കുറ്റിച്ചെടിയില്‍ നിന്നും പറിച്ചെടുക്കുന്ന ഇളം കതിരുകള്‍. മാര്‍ക്കറ്റില്‍ വിവിധയിനം ലഭിക്കും. 100 യെമന്‍ രിയാല്‍ മുതല്‍ (100 യെ.രിയാല്‍=2 ദിര്‍ഹം/ 20 ഇന്ത്യന്‍ രൂപ) 200 ഡോളര്‍ വരെ വിലയില്‍ കിട്ടും. ഗാത്ത്പ്രേമികളായ ഇവര്‍ പറയുന്നത് ചിരി, കരയല്‍, രതി, തുടങ്ങിയ മിക്ക വികാരങ്ങള്‍ക്കുള്ള ഗാത്തുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും എന്നാണ്. മിക്കവരും ഉച്ചഭക്ഷണത്തിനു ശേഷമായിരുക്കും, ഇത് ചവക്കാന്‍ തുടങ്ങുക. ഗാത്തിനു ഹരമേകാന്‍ ഒരു പാക്ക് സിഗരറ്റ്, 500 മില്ലിയുടെ ഒരു ബോട്ടില്‍ പെപ്സി അല്ലെങ്കില്‍ കോള. അതുമല്ലെങ്കില്‍ മധുരമുള്ള മറ്റേതെങ്കിലും ലഘുപാനീയം. മിക്കവരും കറുപ്പ് നിറം കലര്‍ന്ന പാനീയം തന്നെ കുടിക്കുന്നത്. കൂടാതെ ചാരി ഇരുക്കുന്നതിനു വേണ്ടി ഒരു സിറ്റിങ് കുഷ്യന്‍... കഴുകിയ ഗാത്തിലെ ഇളം കതിരുകള്‍ ആദ്യമാദ്യം ചവക്കും. ഇതെല്ലാം വായയുടെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് മാറ്റി വെക്കും. അങ്ങിനെ ആ ഭാഗം മുഴച്ചിരിക്കുന്നത് പോലെയാകും. ഒഴിഞ്ഞ് കിടക്കുന്ന മറ്റേ ഭാഗത്തുകൂടി ലഘുപാനീയം അല്പാല്പം കുടിക്കും. ഇവരുടെ ഭാഷ്യമനുസരിച്ച് ശരീരത്തിലെ പഞ്ചസാരയെ ഗാത്ത് മുഴുവനായും വലിച്ചെടുക്കും എന്നാണ്. അതുകൊണ്ടാണ് മധുരമുള്ള പാനീയങ്ങള്‍ കൂടെ കുടിക്കുന്നത്. ഇത് പ്രമേഹരോഗികള്‍ക്ക് നല്ലതത്രേ. അത് രാത്രി വരെ തുടരും. പിറ്റേന്ന് ഒഴിവുദിവസമാണെങ്കില്‍ പുലര്‍ച്ചെ 4-5 മണിവരെ ഇരിക്കും. പിന്നെ ഒരു കടുപ്പത്തിലൊരു ചായ. അതിനു ശേഷം സുബഹി നമസ്കാരത്തിനു ശേഷം ഒറ്റയുറക്കം. ഇതു കഴിച്ചു കഴിഞ്ഞാല്‍ രക്ത സമ്മര്‍ദ്ദം കൂടുന്നത് കൊണ്ട് ഉറക്കം വരാന്‍ ബുദ്ധിമുട്ടായിരിക്കും. വല്ലവനും കഴിക്കാതെ അടുത്ത് നില്‍ക്കുകയാണെങ്കില്‍ അവര്‍ നിര്‍ബന്ധിക്കും.

പൊതുവേ അറബികള്‍ അങ്ങിനെയാണ്. ഭക്ഷണം കഴിക്കുമ്പോഴോ മറ്റോ നിര്‍ബന്ധിക്കും. അതും ഭക്ഷണം കഴിക്കുകയാണെങ്കില്‍ ഒരു തളികയില്‍ നിന്നു തന്നെ കഴിച്ചിരിക്കണം. പോതുവേ വൃത്തി കാത്തു സൂക്ഷിക്കുന്നവരില്‍ മുന്‍പന്തിയിലായ മലയാളികള്‍ക്ക് പെട്ടന്ന് ഉള്‍കൊള്ളാന്‍ കഴിയില്ല. ആദ്യമൊക്കെ എനിക്കും എന്തോ ഒരു അറപ്പ് തോന്നിയിരുന്നു. പിന്നെ അത് ശീലമായി. ഇപ്പോള്‍ അതില്ലാതെയും വയ്യ.

പാരമ്പര്യമായി അരയില്‍ പ്രത്യേകതരം അറയുള്ള ബെല്‍റ്റില്‍ കത്തി കൊണ്ട് നടക്കുന്നവരാണ് ഇവര്‍. ഗാത്ത് കഴിച്ച ഇവരോട് ദേഷ്യപ്പെട്ട് സംസാരിച്ചാല്‍ അവരത് ഉറയില്‍ നിന്നെടുക്കും. പിന്നെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടും. ഡിജിറ്റല്‍ റിസീവര്‍ ഡീലറായ ഞങ്ങളുടെ കമ്പനിയില്‍ നിന്ന് ഒരിക്കല്‍ മാരിബ് എന്ന സംസ്ഥാനത്ത് നിന്നും (പെട്ടന്ന് ദേഷ്യം വരുന്ന ഇവര്‍ക്ക് വിദ്യാഭ്യാസം ഒട്ടും ഇല്ലാത്തതിനാല്‍ എന്തിനും എടുത്ത്ചാടുന്നവരാണിവര്‍. ഗോത്രയുദ്ധം എപ്പോഴും നടക്കുന്ന ഇവിടെയുള്ളവര്‍ക്ക് കത്തിയും തോക്കുമൊക്കെ ആവാസവ്യവസ്ഥയുടെ ഭാഗാമാക്കിയിരിക്കുന്നു. കൊച്ചു കുട്ടികള്‍ പോലും എ.കെ 47 പോലുള്ള തോക്കുകളൊക്കെ സര്‍വീസ് ചെയ്യുമെന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ ഇവര്‍ക്ക് വലിയൊരു സ്ഥാനം കൊടുത്തിരുന്നു-അതായത് കണ്ടാല്‍ ഒളിച്ചോടണമെന്നത്) ഒരു ശൈഖിനു വേണ്ടി റിസീവര്‍ വാങ്ങുന്നതിനു വേണ്ടി വന്നിരുന്നു. വിലയുടെ പ്രശനത്തിലോ മറ്റോ ഉണ്ടായ ഒരു വാക്ക്തര്‍ക്കം. രണ്ട് പിസ്റ്റളും അരയില്‍നിന്നെടുത്ത് ലോഡ് ചെയത് മാനേജറുടെ അനിയനും, സെയില്‍ മാനേജറായിരുന്ന അഹമ്മദിനു നേരെ ചൂണ്ടി. അക്കൌണ്ടന്റായിരുന്ന വഫ ആര്‍ത്ത് വിളിച്ച് മുകളിലേക്ക് ഓടിക്കയറി സെര്‍വീസിങ് സെക്ഷനിലേക്ക് ഓടിവന്നു എന്നോട് താഴെ നടക്കുന്ന സംഭവത്തെകുറിച്ച് പറഞ്ഞു. പിന്നാലെ അഹമ്മദും. സ്റ്റോര്‍ റൂമില്‍ നിന്നും തോക്കെടുത്ത് താഴോട്ട് ഓടുന്ന രംഗം... ഞാന്‍ എന്റെ ഉമ്മയേയും, ദൈവത്തേയും ഇത്രയും ഉച്ചത്തില്‍ വിളിച്ച ഒരു ദിനം ഉണ്ടായിട്ടില്ല എന്ന് ഉറപ്പ്... ഈ തോക്കിന് ഇത്രയും വലിയ ഒരു കഴുവുണ്ടെന്നറിഞ്ഞ ദിവസം... പുറത്ത് നിന്ന് ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. പോലീസ് സൈറന്‍ അപ്പോഴേക്കും കേട്ടു. അന്തിക്കാട് സ്വദേശിയായ അടുത്ത സുഹൃത്ത് സൈനേഷിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അപ്പോഴേക്കും അവന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ ട്രൈ ചെയ്തപ്പോള്‍ “അല്‍ ഹാതിഫ് അല്‍ മുതഹര്‍ക്ക് അല്ലദീ ത്വലബ്തഹു മുഗ് ലക്” എന്നു തുടങ്ങുന്ന കമ്പ്യൂട്ടര്‍ സംസാരം... അരമണിക്കൂറായപ്പോഴേക്കും, താഴെയുള്ള ബഹളങ്ങളൊക്കെ നിലച്ചു. വണ്ടികള്‍ പോകുന്ന ശബ്ദം... പ്രശ്നങ്ങളൊക്കെ തീര്‍ന്നെന്ന് മനസ്സിലായി. പക്ഷേ എന്റെ മനസ്സിന്റെ ധൈര്യം എവിടെയോ വീണുപോയിരുന്നു. റ്റേബിളില്‍ തലവെച്ച് കരയുന്ന വഫയെ കാണുമ്പോള്‍ അതിലേറെ ഭയം. ഉള്ള ധൈര്യവും പോയ പോലെ. ഇടക്കൊക്കെ ഉന്മേഷത്തിനു വേണ്ടി താഴെയിറങ്ങുന്ന ഞാന്‍ അന്ന് കമ്പനി അടച്ച് പോകുമ്പോഴാണ് താഴെയിറങ്ങുന്നത്.

അതിനു ശേഷം ഇവരോട് എങ്ങനെ പെരുമാറണമെന്ന് പലരും പറഞ്ഞു തന്നു. എനിക്ക് ഏറ്റവും തമാശ അല്ലെങ്കില്‍ യെമനികളോട് കൂടുതല്‍ ആദരവ് തോന്നിയ കാര്യം പോലീസുകാരുടെ പെരുമാറ്റമായിരുന്നു. പ്രത്യേക വാത്സല്യവും, പരിഗണനയും തരുന്ന ആ പ്രദേശത്തുകാര്‍ എന്നെയും അവരിലൊരംഗമാക്കി. കഫറ്റേരിയയില്‍ വരുന്ന പോലീസുകാരായ ഉമര്‍ ബാമെഹദിയും, അഹമ്മദ് അല്‍സുമൈനിയും ഞാനും മിക്കദിവസങ്ങളിലൊന്നിച്ചായിരിക്കും പ്രാതല്‍ കഴിക്കുക. പിന്നെ ട്രാഫിക്കില്‍ നിന്ന് കണ്ടാല്‍ പോലും സല്യൂട്ട് തരുന്ന പോലീസിനെ ആദ്യമായി ഞാന്‍ കണ്ടു. പണ്ടൊരിക്കല്‍ ചെത്തുതൊഴിലാളി സമരത്തിനിടെ, തൃശ്ശൂരിലും, കോഴിക്കോടും പൊതുവാഹങ്ങള്‍ കത്തിച്ചെന്നും പറഞ്ഞ് പെരിന്തല്‍മണ്ണയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. അവിചാരിതമായി പെരിന്തല്‍മണ്ണയില്‍ പോയ സമയം ഏകദേശം 4 മണി. പൂവലനാണെന്നും പറഞ്ഞ് കുറച്ച് പോലീസുകാര്‍ ജീപ്പിലെ നായയെ സീറ്റില്‍ ഇരുത്തി എന്നെ താഴെയും ഇരുത്തിയ സംഭവം ഓര്‍ക്കുമ്പോള്‍ കേരളാ പോലീസിനോട് ലജ്ജ തോന്നുന്നു.
അങ്ങനെ നാല് വര്‍ഷത്തെ അതിമനോഹരമായ ജീവിതത്തിനു വിരാമമിട്ട് ഇപ്പോള്‍ ദുബൈയിലേക്ക് ചേക്കേറിയതാണ്. തിരക്കിനിടയിലും പല സംഭവങ്ങളൊക്കെ ഓര്‍മ്മിക്കാനും ഓര്‍മ്മിപ്പിക്കാനും പഴയ സുഹൃത്തുക്കളെയൊക്കെ ടെലിഫോണില്‍ ബന്ധപ്പെടുകയല്ലാതെ വേറെന്ത് മാര്‍ഗ്ഗം?

Saturday, October 11, 2008

പ്രവാസി

പ്രവാസം- പുറമെ നിന്ന് കാണുന്നവര്‍ക്ക് എന്തോ ഒരു വല്ലാത്ത അനുഭൂതി തരുന്ന ഒരു ജീവിതം. കുഞ്ഞുനാളുകളില്‍ വീട്ടുകാരനോ ബന്ധക്കാരോ ഗല്‍ഫില്‍ നിന്നും വന്നാല്‍ ആ അത്തറിന്റെ സുഗന്ധം കാറ്റില്‍ എന്നിലേക്കും പകരുമെന്ന് വിശ്വസിച്ച് കുറേകാലം കൂടെനടക്കും. പിന്നെ വിവിധതരം പെന്‍, പെന്‍സില്‍, കളിക്കോപ്പുകള്‍, മറ്റു പലവകകളും കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. പിറ്റേ ദിവസം കൂട്ടുകാരെ ഇതെല്ലാം കാണിക്കാന്‍വേണ്ടി സിനിമയിലെ വില്ലന്റെ റോളില്‍ സ്ലോ മോഷനില്‍ ഒന്ന് നടക്കും. പിന്നില്‍ അനുകരിക്കാന്‍ കുറച്ച് പേരുമുണ്ടാകും. ഒരു ദിവസം, സ്കൂളിലെ ക്രീം കളര്‍ യൂണിഫോമിനു പകരം ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന മഞ്ഞ നിറമുള്ള ടീ-ഷര്‍ട്ട് ധരിച്ച് വന്നതിന് ക്ലാസ് ടീച്ചര്‍ രായീന്‍ മാഷ് എന്നെ പുറത്താക്കിയത് ആ അഹങ്കാരത്തിന്റെ ഒരു ഫലമായിരുന്നു.

ചെത്തിനടക്കുന്ന പ്രായത്തില്‍ വീട്ടില്‍ ഒരു ഗള്‍ഫ്കാരനുണ്ടല്ലോ എന്ന വിശ്വാസത്തി(ലോ അഹങ്കാരത്തിലോ)ല്‍ ബൈക്കിനോടായിരുന്നു പ്രിയം. പിന്നെ ഒരു റേയ്ബാന്‍ കൂളിങ് ഗ്ലാസ്, അങ്ങനെ പല മോഹങ്ങള്‍. ഇതേ മോഹങ്ങളുമായി ഗള്‍ഫിലേക്ക് വിളിച്ചു. അവിടെനിന്നും കിട്ടിയ മറുപടി കേട്ട് ആശ്ചര്യപ്പെട്ട് പോയി. ഇത്രയും വേഗം മറുപടി തരുമെന്ന് പ്രതീക്ഷിച്ചില്ല: “ഇതെല്ലാം വേണമെങ്കില്‍ സ്വന്തമായി അധ്വാനിച്ചോ”. ക്യാമ്പസില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ എന്റെ നാവിലൂടെ വീട്ടിനുള്ളില്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങി. “ഇന്‍ഗുലാബ് സിന്ദാബാദ്.... ഉമ്മയും ജ്യേഷഠനും നീതി പാലിക്കുക.... വീട്ടിനുള്ളില്‍ സമാധാനം നിലനിര്‍ത്തുക....” അങ്ങനെ തുടങ്ങുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഞാന്‍ തന്നെ ഏറ്റ്വിളിച്ചു. മുദ്രാവാക്യം വിളിക്കുന്ന സമയത്ത് ഉമ്മ മീന്‍ വൃത്തിയാക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അരിശം കൂടി. നിരാഹാരം കിടക്കുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി. അതിലും നീതി തരാതിരുന്ന ഉമ്മയെ ഘൊരാവോ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് വടി എടുത്ത് ഓടിച്ചത്. അപ്പോഴും എന്റെ മുദ്രാവാക്യങ്ങള്‍ക്ക് ശക്തി കൂടിക്കൊണ്ടേ ഇരുന്നു. ലാത്തി വീശി ഭയപ്പേടുത്താന്‍ നോക്കേണ്ട.... എന്നതും കൂട്ടിവിളിച്ചു.

കുരുത്തക്കേട് കൂടിയപ്പോള്‍ വീട്ടുകാര്‍ എന്നെ ഒരു പ്രവാസിയാക്കാന്‍ തീരുമാനിച്ചു. അതും യെമന്‍ എന്ന യമലോകത്തേക്ക്. കാരണം നാട്ടുകാര്‍ ആരും തന്നെ അവിടെ ഉള്ളതായി കേട്ടിട്ടില്ല. പിന്നെ കേട്ടത് അവിടെ ഖബീലികളും, ജബീലികളുമൊക്കെയാണെന്നാണ്, കൂടാതെ ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഉപയോഗിക്കുന്നവര്‍ ഈ നാട്ടുകാരാണ്, പട്ടിണി രാജ്യം... അങ്ങനെ ഒരു ഒറ്റപ്പെടലിന്റെ എന്തോ ഒരു വികാരം നെഞ്ജില്‍ ആളിക്കത്താന്‍ തുടങ്ങി. രണ്ട് മാസത്തോളം അറബികള്‍ മാത്രമായി കൂട്ട്. (അത്കൊണ്ട് അറബി ഭാഷ നന്നായി പഠിക്കാന്‍ പറ്റി.) അതിനു ശേഷമാണ് ഒരു ഹിന്ദിക്കാരനെ പരിചയപ്പെടുന്നതും അതിനു ശേഷം മല്ലു ലോകത്തേക്ക് വരുന്നതും. ഇവരെയൊക്കെ പരിചയപ്പെടുന്നത് വരെ എന്റെ കണ്ണുകളില്‍ കണ്ണുനീരുണ്ടായിരുന്നില്ല. ടെലിഫോണ്‍ കാര്‍ഡുകളുടെ മാല തന്നെ ഉണ്ടാക്കി. എന്നിട്ടും തികയാതെ തൊട്ടടുത്തുള്ള ടെലിഫോണ്‍ ബൂത്തില്‍ പറ്റ് വരെ തുടങ്ങിയിരുന്നു. പഴയ ദുബായ്ക്കാരന്‍ (ജ്യേഷഠന്‍) ഇടക്കൊക്കെ വിളിക്കുമ്പോള്‍ പറയും, നിന്റെ ബുദ്ധിമുട്ടുകളൊന്നും തന്നെ വീട്ടുകാരറിയരുത്. നാം ഗള്‍ഫുകാരാണ്. അതിന്റെ ഗമയില്‍ തന്നെ വേണം വിളിക്കാന്‍. എപ്പോഴും ആവശ്യങ്ങള്‍ അങ്ങോട്ട് ചോദിക്കണം. നാം എല്ലാം ക്ഷമിക്കാനും സഹിക്കാനും വിധിക്കപ്പെട്ടവരാണ്...... എന്റെ കണ്ണുകള്‍ക്ക് ബലമേകാന്‍ ഇടക്കൊക്കെ മുഖം കഴുകും. പിന്നെയും ഒരു പ്രേതാത്മാവ് ചെവിയില്‍ മന്ത്രിക്കുന്നത് പോലെ ഈ വാക്കുകള്‍ കേള്‍ക്കും. പിന്നെയും കരയും....

പിന്നീട് ധൈര്യം സംഭരിച്ച് ചിരിച്ചും കളിച്ചും വീട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അവര്‍ക്ക്. കാപട്യത്തിന്റെ മുഖമാണ് സംസാരിക്കുന്നത് എന്ന് അവര്‍ക്കറിയില്ലായിരുന്നു. ഇതേപറ്റി കൂട്ടുകാരോട് പറയുമ്പോള്‍ അവരുടെ അനുഭവവും ഏകദേശം ഇതുതന്നെയെന്ന് അവരും വിശദീകരിച്ചു. അങ്ങനെ പ്രവാസം ഒരു കാപട്യലോകമാണെന്നും, അവിടെ മനുഷ്യരില്ല, എല്ലാവരും ജീവന്റെ തുടിപ്പ് കൊണ്ട് നാടകം കളിക്കുകയാണെന്നും പഠിച്ചു. കുട്ടിക്കാലത്തെ സംഭവങ്ങളുടെ താളിയോലകള്‍ മറിക്കുമ്പോള്‍ പുച്ചത്തോടെയുള്ള ചിരിയും സങ്കടവും, ദേഷ്യവൌം ഒക്കെ വരും. പിന്നെ അത് പ്രായത്തിന്റെ ചാപല്യം എന്നോണം ചിരിച്ച് തള്ളും.
പിന്നെ എന്റെ അവാസവ്യവസ്ഥ ദുബായിയാക്കി. കുറച്ച്കൂടി പ്രവാസ പാഠങ്ങള്‍ പഠിച്ചു. അതിവേഗത്തില്‍ ചലിച്ച്കൊണ്ടേ ഇരിക്കുന്നതും എന്നാല്‍ ട്രാഫിക്കില്‍ താളം തെറ്റുന്നതുമായ ജീവിതം. രാ-പകല്‍ ഭേദമന്യേ കഠിനാധ്വാനം ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളികള്‍- അതും നന്നൂറു മുതല്‍ തൊള്ളായിരം വരെ വേദനം ലഭിക്കുന്നവര്‍. എങ്ങനെയാണ് ഗള്‍ഫുകാര്‍ പണമുണ്ടാക്കുന്നതെന്ന് ശരിക്കും പഠിച്ചു. എന്റെ പഴയ താളിയോലകള്‍ ഒന്നുകൂടി തുറന്നു. ശപിക്കപ്പെട്ട മുദ്രാവാക്യങ്ങള്‍, ദുരാഗ്രങ്ങള്‍, അഹങ്കാരം, അതിമോഹം, ഫാഷന്‍ ജീവിതരീതികള്‍, മറ്റു തോന്നിവാസങ്ങള്‍.... ശപിച്ചുകൊണ്ടേ ഇരുന്നു. ഒന്നും വേണ്ടായിരുന്നു. തലചായ്ക്കാന്‍ ഒരിടവും, വല്ലപ്പോഴും അവധിക്ക് നാട്ടില്‍ ചെന്നാല്‍ വെച്ചുവിളമ്പാന്‍ സ്നേഹനിധിയായ ഉമ്മയും പെങ്ങന്മാരും.... അതു മതി എനിക്ക് , കണ്ണുകള്‍ ഈറനണയാന്‍ തുടങ്ങി.